പ്രതീക്ഷകളുടെ വഴിത്താര

ദുഃഖാനുഭവങ്ങൾ നമ്മെ നിരാശപ്പെടുത്താതിരിക്കാൻ
ചെറുപ്രായത്തിൽത്തന്നെ ഭൗതിക സൗന്ദര്യവും ആന്തരികസൗന്ദര്യവുംകൊണ്ട് സീനയെ ദൈവം സമ്പന്നയാക്കിയിരുന്നു. ആന്തരികസൗന്ദര്യമെന്ന് എഴുതിയത് ഈശ്വരനിലുള്ള വിശ്വാസവും ഭക്തിയുമാണ്. അതിനാൽത്തന്നെ അവൾ എല്ലാവരുടെയും മനം കവർന്നു. എന്നാൽ പെട്ടെന്നാണ് ജീവിതത്തിന്റെ താളം തെറ്റിച്ച സംഭവം ഉണ്ടായത്.
ഒരു സുപ്രഭാതത്തിൽ എഴുന്നേറ്റ് നില്ക്കുമ്പോൾ കാൽമുട്ടുകൾക്ക് ശക്തി കിട്ടുന്നില്ല. നടക്കുവാൻ ശ്രമിച്ചപ്പോൾ തളർന്നുവീണു. എഴുന്നേൽപിച്ച് നടത്തുവാൻ നോക്കിയപ്പോൾ അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു: അമ്മേ, എനിക്ക് സാധിക്കുന്നില്ല. മാതാപിതാക്കളുടെ കണ്ണു നിറഞ്ഞു. ഇന്നലെവരെ ഓടിച്ചാടി നടന്ന മകളുടെ ഇപ്പോഴത്തെ അവസ്ഥയിൽ മാതാപിതാക്കളുടെ ഹൃദയം നീറിപ്പുകഞ്ഞു. അവർ ദൈവത്തോട് വാവിട്ട് കരഞ്ഞു. ദൈവമേ, എന്തൊരു പരീക്ഷണമാണിത്!
എങ്ങനെയും മകളെ നടത്തിക്കുവാൻവേണ്ടി എല്ലാ ചികിത്സാരീതികളും വലിയ സാമ്പത്തിക ഞെരുക്കത്തിന്റെ മധ്യത്തിലും അവർ നടത്തി. ചികിത്സകൾക്കൊടുവിൽ ഡോക്ടർമാർ പറഞ്ഞു: ‘കാലിന്റെ പേശികൾ മുഴുവനായും തളർന്നു. ബലം നല്കുവാനുള്ള ചികിത്സകൾ ഒന്നും വിജയിക്കുന്നില്ല. പരമാവധി പരിശ്രമിച്ചു. ഇനി വെറുതെ പണം ചെലവാക്കാം എന്നല്ലാതെ ഒരു ഗുണവും ഉണ്ടാകാൻ പോകുന്നില്ല.’ മാതാപിതാക്കൾ ഷോക്കേറ്റതുപോലെ ആയി.
അവർ സീനയെ നിസഹായാവസ്ഥയിൽ നോക്കി. അവരുടെ ഹൃദയത്തിൽ അഗ്നിപർവതം പൊട്ടുകയായിരുന്നു. അവൾ ചോദിച്ചു: അമ്മേ, ഇനി എനിക്ക് സ്വന്തമായി നടക്കുവാൻ സാധിക്കുകയില്ല എന്നാണോ ഡോക്ടർ പറയുന്നത്? മാതാപിതാക്കൾ പറഞ്ഞു, ഇനി നിനക്ക് കാലുകൾ ഞങ്ങളാണ്. മകൾ ഒന്നുകൊണ്ടും വിഷമിക്കണ്ട. വാക്കുകൾ പൂർത്തീകരിക്കുവാൻ സാധിക്കാതെ അവരുടെ തൊണ്ട ഇടറി. മകളുടെ മുന്നിൽ പൊട്ടിക്കരയാതിരിക്കാൻ അവർ പരമാവധി പരിശ്രമിക്കുന്നുണ്ടായിരുന്നു.
എന്നാൽ സീനയിലെ അസാധാരണത്വം അവരെ ഞെട്ടിച്ചു. അവൾ മന്ദഹസിച്ചു പറഞ്ഞു, കാൽ മാത്രമേ തളർന്നിട്ടുള്ളൂവല്ലോ. പിന്നെ എത്രയോ അവയവങ്ങൾ ഉണ്ട് ശരീരത്തിൽ. അവയെല്ലാം നടക്കാൻ പറ്റാത്തതിന്റെ ദുഃഖം ഏറ്റെടുത്ത് പ്രവർത്തിച്ചുകൊള്ളും. കർത്താവ് എന്നിലൂടെ കേട്ടാൽ ആരും വിശ്വസിക്കാത്ത അത്ഭുതപ്രവൃത്തികൾ ചെയ്യുവാൻ പോകുകയാണ്. അവിടുത്തെ നാമം എന്നിലൂടെ മഹത്വപ്പെടും. അവൾ പഠിച്ചുവച്ചിരുന്ന കൊച്ചുവചനം മാതാപിതാക്കളോട് പറഞ്ഞു: ”എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാൻ എനിക്ക് സാധിക്കും” (ഫിലിപ്പി 4:13).
അവരുടെ സമ്പാദ്യവും ഉണ്ടായിരുന്ന സ്വർണവുമെല്ലാം നഷ്ടപ്പെട്ടെങ്കിലും മകളുടെ വാക്കുകൾ അവർക്ക് ജീവൻ പകർന്നു. അവളുടെ അത്യുത്സാഹവും വിശ്വാസവും കണ്ട് അവർ ദൈവത്തെ സ്തുതിച്ചു.
പിന്നീട് സീന തന്റെ വിദ്യാഭ്യാസം വീണ്ടും ആരംഭിച്ചു. പരസഹായത്തോടെയാണ് സ്‌കൂളിൽ പോയിരുന്നത്. അത്യാവശ്യ കാര്യങ്ങൾ നടത്താനും മറ്റുള്ളവരുടെ കൈകൾ താങ്ങായി വേണമായിരുന്നു. ജീവിതത്തിൽ തോറ്റു പിന്മാറാതെ ജയിച്ച് മുന്നേറുവാൻ വേണ്ട ശക്തി തരണേ എന്ന് ഹൃദയംനൊന്ത് പ്രാർത്ഥിക്കും. കാരണം മനുഷ്യരുടെ വാക്കുകളും നോട്ടങ്ങളും ഏറെ തളർത്തുന്ന വിധമായിരുന്നു.
എന്തിന് പഠിപ്പിക്കണം? എന്താണ് പ്രയോജനം? മറ്റുള്ളവർക്ക് ഭാരമല്ലേ? ഇനി വീണ് എവിടെയെങ്കിലും ഒടിഞ്ഞാൽ ചികിത്സയ്ക്ക് നിങ്ങളുടെ കൈയിൽ ഒന്നുമില്ലല്ലോ. അതിനാൽ എവിടെയെങ്കിലും കിടത്തിയാൽ മതി. സ്‌കൂൾ വിദ്യാഭ്യാസം നിർത്തുന്നതാണ് നിങ്ങൾക്കും മകൾക്കും നല്ലത്… ഇങ്ങനെ പോകുന്ന മുള്ളു നിറഞ്ഞ വാക്കുകൾ. പലപ്പോഴും സഹപാഠികളിൽനിന്നും പുച്ഛവും പരിഹാസവും ഏറെ സഹിക്കേണ്ടിവന്നിട്ടുണ്ട്.

തിരുവചനം ശക്തിദായകം
മാതാപിതാക്കൾ എന്നെ നോക്കി. എന്റെ തീരുമാനം ശക്തമായിരുന്നു. ദൈവം എല്ലാം നന്മയ്ക്കായി പരിണമിപ്പിക്കും. ഈ സമയങ്ങളിൽ വിശുദ്ധ ഗ്രന്ഥം എന്റെ ശക്തിയായിരുന്നു. അവരോട് ചോദിച്ചു. കർത്താവിൽ വിശ്വാസം ഇല്ലേ? പിന്നെ എന്തിനാണ് സംശയിക്കുന്നത്? സകല മനുഷ്യരുടെയും ദൈവമായ കർത്താവിന് അസാധ്യമായി എന്തെങ്കിലും ഉണ്ടോ? കർത്താവിൽ ആശ്രയിക്കുന്നവർക്ക് ലജ്ജിക്കേണ്ടിവരികയില്ല. കഴുകനെപ്പോലെ ചിറകടിച്ചുയരും. എന്റെ ജീവനും ശക്തിയും നിലനിർത്തുന്ന വചനങ്ങളുടെ മുൻപിൽ മറ്റൊന്നും തന്നെ പ്രബലപ്പെടുവാൻ അനുവദിച്ചില്ല.
പഠനം തുടർന്നുപോയിക്കൊണ്ടിരുന്നു. അതോടൊപ്പം ദൈവകൃപയും കൂടെ ഉണ്ടായതിനാൽ നല്ല മാർക്കോടെ എല്ലാ ക്ലാസിലും വിജയിച്ചു. ഒരു അധ്യാപികയാവണമെന്ന മോഹം പ്രബലപ്പെടുകയും ചെയ്തു. പിന്നെ അതിനായി പഠിച്ചു. അവിടെയും ഉന്നതവിജയം. അധികം താമസിയാതെ സീനക്ക് ടീച്ചറായി ജോലിയും ലഭിച്ചു.
പിന്നീട് കുടുംബമഹിമയുള്ള തറവാട്ടിൽനിന്ന് നല്ല ഹൃദയമുള്ള വ്യക്തി വിവാഹാലോചനയുമായി വന്നു. സീനടീച്ചറിന് കൈത്താങ്ങായി ജീവിക്കുന്നതിന് ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ വിവാഹവും നടന്നു. ഒരു ദൈവദൂതനെപ്പോലെ സീനടീച്ചറിന്റെ എല്ലാ കാര്യങ്ങളിലും ശ്രദ്ധിക്കുന്നതിൽ അദ്ദേഹം ആനന്ദം കണ്ടെത്തി.
വർഷങ്ങളായി കാത്തിരുന്നിട്ടും ഒരു കുട്ടി ജനിക്കാതിരുന്നപ്പോൾ അവർ അനാഥമന്ദിരത്തിൽനിന്ന് ഒരു കൊച്ചുമകനെ ദത്തെടുത്തു. ആ കൊച്ചുമകൻ മിടുക്കനായി പഠിക്കുന്നു. അപ്പനെ കൃഷികാര്യങ്ങളിൽ സഹായിക്കുന്നു. അവരുടെ സ്വന്തം മകനായിത്തന്നെ അവിടെ അവൻ ജീവിക്കുന്നു. അവരുടെ വലിയ ആനന്ദമാണ് ഈ മകൻ.
വർഷങ്ങൾ കഴിഞ്ഞു. ഇന്ന് സീനടീച്ചർ ഹൈസ്‌കൂളിലെ പ്രധാനാധ്യാപികയാണ്. സ്‌കൂളിന്റെ അഭിമാനമാണ്. നേട്ടങ്ങളും പ്രശസ്തിയും ഈ സ്‌കൂളിന് സ്വന്തമാണ്. നൂറുശതമാനവും ദൈവം ഏല്പിച്ച ഉത്തരവാദിത്വം ആത്മാർത്ഥതയോടെയും അത്യുത്സാഹത്തോടെയും ചെയ്യുക. ഇതാണ് ടീച്ചറുടെ വിജയമന്ത്രം. അതെ, കർത്താവ് വിശ്വസ്തനാണ്. അവിടുത്തെ വചനങ്ങളിൽ ജീവൻ തുടിക്കുന്നു. മാറ്റമില്ലാത്തതാണ് ആ വചനം. എല്ലാം മാറ്റിമറിക്കുന്നതാണ് ആ വചനം.
കേട്ടാലാരും വിശ്വസിക്കാത്ത അത്ഭുതപ്രവൃത്തികൾ നമ്മുടെ ജീവിതത്തിൽ കൊണ്ടുവരുവാൻ ആ വചനങ്ങൾ വിശ്വസിച്ച്, ജീവിച്ചാൽ മതി. ദൈവം പ്രവർത്തിച്ചുകൊള്ളും. പുത്തൻ പ്രതീക്ഷകളുടെ വഴിത്താര കാണിച്ചുതരാൻ വചനത്തിന് സാധിക്കും. •

പി.ജെ. ജോസഫ്

Leave a Reply

Your email address will not be published. Required fields are marked *