സമ്പത്തു നേടാൻ ആത്മീയ കുറുക്കുവഴികൾ

ദൈവം അനുഗ്രഹിച്ചവനെ അനുഗ്രഹിക്കുക
കർത്താവ് അബ്രാഹത്തെ അനുഗ്രഹിക്കും എന്നു വാഗ്ദാനം ചെയ്തിട്ട് തുടർന്നു പറയുകയാണ്‌ ”നിന്നെ അനുഗ്രഹിക്കുന്നവനെ ഞാനും അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവനെ ഞാനും ശപിക്കും.” അതായത്, ദൈവം അനുഗ്രഹിച്ചവനെ നമ്മളും അനുഗ്രഹിക്കണം. അങ്ങനെ നമ്മുടെ മേലും ദൈവാനുഗ്രഹമുണ്ടാകും. പക്ഷേ, ദൈവത്താൽ അനുഗൃഹീതനായ ഒരാളെ നാം ശപിച്ചാ േലാ നമ്മളും ശാപഗ്രസ്തരായിത്തീരും. അപരനോട് അസൂയയും മാത്സര്യവും പുലർത്തുമ്പോൾ ദൈവത്തിന്റെ നീതിയെയും ജ്ഞാനത്തെയും പദ്ധതികളെയും നാം അംഗീകരിക്കുന്നില്ല. അങ്ങനെ ദൈവത്തെ തന്നെ എതിർക്കുന്ന നമുക്ക് എങ്ങനെ ദൈവാനുഗ്രഹം സ്വന്തമാക്കാൻ കഴിയും?

നമ്മുടെ അയൽപക്കത്തുള്ളയാൾ നമ്മുടേതിനെക്കാൾ നല്ലൊരു വീടു വച്ചാൽ ആ വീടിനെപ്രതിയും അദ്ദേഹത്തെപ്രതിയും നാം ദൈവത്തിനു നന്ദി പറയണം. നമ്മുടെ മകളുടെ വിവാഹം പ്രായം കഴിഞ്ഞിട്ടും നടത്താൻ കഴിയുന്നില്ല. അപ്പോഴിതാ ബന്ധുവിന്റെ, അയൽപക്കക്കാരന്റെ അല്ലെങ്കിൽ സുഹൃത്തിന്റെ മകളുടെ വിവാഹം നേരത്തേ ഉറപ്പിച്ചിരിക്കുന്നു.

ജഡികമനുഷ്യൻ ഇതറിയുമ്പോൾ അസ്വസ്ഥനാകും. ആത്മീയ മനുഷ്യൻ സന്തോഷിക്കും. ദൈവമേ, മകളുടെ വിവാഹം നടക്കാതെ വന്നാലുള്ള വേദന എനിക്കറിയാം. എന്റെ സുഹൃത്തിനെയും കുടുംബത്തെയും ആ വേദനയിൽ ഉൾപ്പെടുത്താത്തതിന് നന്ദി. ഈ വിവാഹം നന്നായി നടത്താനുള്ള കൃപ ആ കുടുംബത്തിനു നൽകണേ…അനുഗ്രഹത്തിന്റെ ഈ പ്രാർത്ഥന അനുഗ്രഹമായി നമ്മിലേക്കു കടന്നുവരും. വേറൊരു വിധത്തിൽ പറഞ്ഞാൽ, ഹൃദയത്തിൽ നന്മയുണ്ടായാലേ ദൈവത്തിൽ നിന്നും നന്മ സ്വീകരിക്കുവാൻ കഴിയൂ…

നന്ദിയുള്ളവരാകുക
ദൈവത്തിൽ നിന്നും മനുഷ്യരിൽ നിന്നും സ്വീകരിക്കുന്ന എണ്ണമറ്റ നന്മകളെക്കുറിച്ച് നാം പലപ്പോഴും ഓർക്കാറില്ല. ഈ നന്ദിയില്ലായ്മ കൂടുതൽ ദൈവകൃപ സ്വീകരിക്കുന്നതിന് ചിലപ്പോൾ തടസമാകാറുണ്ട്. ഒരുപക്ഷേ ദൈവം മനഷ്യമക്കളിൽ നിന്നേൽക്കുന്ന ഏറ്റവും വലിയ വേദനയും ഈ നന്ദികേട് തന്നെയായിരിക്കാം. നമുക്കില്ലാത്തതിനെക്കുറിച്ച് നാം ഏറെ ചിന്തിക്കുന്നു; ആകുലപ്പെടുകയും പരാതി പറയുകയും ചെയ്യുന്നു. ഈ മാനസിക പ്രകൃതിയുള്ളവർക്ക് ജീവിതത്തിൽ ഒരിക്കലും സന്തോഷമുള്ളവരും സംതൃപ്തിയുള്ളവരും ആകാൻ കഴിയില്ല. അതിനാൽ, എത്ര പണമുണ്ടായാലും ഇവർ സമ്പന്നരാകുകയുമില്ല. കാരണം, അവർക്ക് എപ്പോഴും ദരിദ്രന്റെ മനസായിരിക്കും.

ജീവിതത്തിൽ ആത്മവിശ്വാസവും ഉത്സാഹവും അദ്ധ്വാനശീലവും ഉണ്ടാകണമെങ്കിൽ നമുക്കുള്ളവയെന്താണെന്ന് അറിഞ്ഞിരിക്കണം. ആസ്തികളറിയാതെ ബാധ്യതകളെക്കുറിച്ച് മാത്രം ചിന്തിക്കുന്നവന്റെ മനസ് തളരും.

ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ടു എന്നു പറയുന്നവനും ബാക്കി എന്തെങ്കിലുമൊക്കെ ഉണ്ടാകും. അതു കണ്ടെത്തി അതിനെ മൂലധനമാക്കി ജീവിതം വീണ്ടും തുടങ്ങാൻ പറ്റും. ആ മൂലധനം ചിലപ്പോൾ ആരോഗ്യമാകാം, കുടുംബാംഗങ്ങളാകാം, അല്ലെങ്കിൽ, നന്നായി സംസാരിക്കാനും പെരുമാറാനുമുള്ള കഴിവോ, ചിന്താശക്തിയോ, സേവനപ്രകൃതിയോ, നഷ്ടപ്പെടുത്താത്ത സത്യസന്ധതയോ, നീതിബോധമോ, ദൈവവിശ്വാസമോ ആകാം.

ഇതിനൊക്കെ വിലയുണ്ട്, വിലയുള്ളതുകൊണ്ട് ജീവിതത്തെ വിലയുള്ളതാക്കി മാറ്റാനും കഴിയും. നിരാശപ്പെടാതെ, ”ദൈവമേ…..എനിക്കിപ്പോഴും ഈ കഴിവുകളൊക്കെ ഉണ്ടല്ലോ. അതിനു നന്ദി പറയുന്നു, ഇവ ഉപയോഗിച്ച് ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കൃപ തരണേ” എന്നു പ്രാർത്ഥിക്കുമ്പോൾ ജീവിതത്തിനു മുന്നിൽ പുതിയ വാതിലുകൾ തുറക്കും. അതിനാൽ ഇതു വായിക്കുന്ന ഈ നിമിഷങ്ങളിൽ തന്നെ നിങ്ങൾക്കുള്ള ആസ്തി (Asset) കൾ തിട്ടപ്പെടുത്തി അവയ്ക്കായി നന്ദി പറയുവാൻ ശ്രമിച്ചുനോക്കൂ… പെട്ടെന്ന് ജീവിതം സന്തോഷവും ഉന്മേഷവും കൊണ്ടു നിറയുന്നതു കാണാം.

ആസ്തികൾ കണ്ടെത്തുക
നിങ്ങളുടെ ചിന്തയെ ഉദ്ദീപിപ്പിക്കുവാനായി, ശ്രദ്ധിക്കാതെ പോകാവുന്ന ചില ആസ്തികൾ എഴുതട്ടെ:

* ആലോചിക്കുവാനുള്ള കഴിവ്
ഈ കഴിവിനെ വേണ്ടവിധത്തിൽ ഉപയോഗിച്ചാൽ ഒരു വ്യക്തിക്ക് ആത്മീയമായും ഭൗതികമായും ഉയരുവാനുള്ള മാർഗ്ഗങ്ങൾ ദൈവം തുറന്നു തരും.

* അദ്ധ്വാനശേഷി-ശാരീരികമോ മാനസികമോ
നാളുകൾക്ക് മുൻപ് ഒരു മാസികയിൽ വായിച്ചതാണ്. വിധവയായി തീർന്ന ഒരു വീട്ടമ്മ. ഭാവിയെക്കുറിച്ചോർത്ത് അവൾ ഒരുപാട് ആകുലപ്പെട്ടു. സ്വന്തമായി ഒരു തൊഴിലും ഇല്ല, വിദ്യാഭ്യാസവും കുറവ്. അവർ പലദിവസം മുട്ടിന്മേൽ നിന്ന് ദൈവത്തോട് പ്രാർത്ഥിച്ചു. ദൈവമേ……എന്തെങ്കിലും ഒരു തൊഴിൽ ചെയ്തു ജീവിക്കാൻ ആരിലൂടെയെങ്കിലും കുറച്ചു പണം തരിക……പക്ഷേ ദൈവം നിശബ്ദനായിരുന്നു. ആരും അവളെ പണം നൽകി സഹായിച്ചില്ല. ഒടുവിൽ ദൈവത്തിന്റെ ശബ്ദം ഒരു ചിന്തയായി അവളുടെ മനസിൽ തെളിഞ്ഞു. ”എനിക്ക് ആരോഗ്യമുണ്ട്, സമയമുണ്ട്. പണം മാത്രമേ കുറവുള്ളൂ.” അതിനാൽ പണം വേണ്ടാത്ത ഏതെങ്കിലും മേഖലയിൽ അദ്ധ്വാനിക്കുക.”

അങ്ങനെ അവൾ പുതിയൊരു തീരുമാനമെടുത്തു. ചുറ്റുമുള്ള സമ്പന്ന ഗൃഹങ്ങളിൽ ചെന്ന് അവൾ പറഞ്ഞു. ”നിങ്ങൾക്ക് ആവശ്യമുള്ള സാധനങ്ങളെല്ലാം ഷോപ്പിലെ വിലയ്ക്ക് ഞാൻ സപ്ലൈ ചെയ്യാം. എന്റെ അദ്ധ്വാനത്തിനായി ഒരു സർവ്വീസ് ചാർജ് തന്നാൽ മതി. അതിലൂടെ എനിക്കെന്റെ കുടുംബത്തെ പോറ്റാൻ കഴിയും.” അവളുടെ സാഹചര്യങ്ങൾ അറിയാവുന്ന അവർ ആവശ്യമായ സപ്പോർട്ട് നൽകി. അതോടൊപ്പം തന്നെ കടയുടമകളും അവൾക്ക് ഒരു കമ്മീഷൻ നൽകിയിരുന്നു. തുടക്കത്തിൽ പത്തു കുടുംബങ്ങളായിരുന്നു അവളുടെ സേവനം സ്വീകരിച്ചത്. പിന്നീടത് 20, 30 ഒക്കെ ആയി വളരാൻ ആ സ്ത്രീയുടെ നല്ല പെരുമാറ്റവും സംസാരവും കാരണമാക്കി. ക്രമേണ അവൾ സാധനങ്ങൾ ഭവനങ്ങളിൽ വിതരണം ചെയ്യാൻ രണ്ട് ജോലിക്കാരെ നിയോഗിച്ചു. മാത്രമല്ല, താൻ വിതരണം ചെയ്യുന്ന സാധനങ്ങൾ കമ്പനികളിൽ നിന്നും നേരിട്ട് ഓർഡർ ചെയ്തു വരുത്തി വീട്ടിൽ സ്റ്റോർ ചെയ്യുകയും കടയിൽ നിന്നും വാങ്ങുന്നതിനെക്കാൾ വിലക്കുറവിൽ വിതരണം ചെയ്യുകയും ചെയ്തു. ഒടുവിൽ, ആ സ്ത്രീ നഗരത്തിലെ വലിയൊരു സൂപ്പർമാർക്കറ്റിന്റെ ഉടമയായിത്തീർന്നു.

ഇവിടെ അവളുടെ മൂലധനം പണമായിരുന്നില്ല. ഏതു ജോലിയും ചെയ്യാനുള്ള മനസായിരുന്നു അവളുടെ ആസ്തി. ഏറ്റവും ചെറിയ ജോലിയിൽ ആരംഭിക്കാൻ മനസുണ്ടായതുകൊണ്ടാണ് ദൈവത്തിന് അവളെ ഉയർത്താൻ കഴിഞ്ഞത്. അതുകൊണ്ട് പണം മാത്രമല്ല നമുക്ക് മൂലധനം എന്ന സത്യം നാം തിരിച്ചറിയണം.

* പുഞ്ചിരിക്കുവാനും നന്നായി    സംസാരിക്കുവാനുമുള്ള കഴിവ്
ഇതുപയോഗിച്ച് നിങ്ങൾക്കൊരു വ്യാപാരസ്ഥാപനത്തെ സഹായിക്കാം. നല്ല വ്യക്തിബന്ധങ്ങളിലേക്ക് പെട്ടന്ന് കടന്നുചെല്ലാം. അതുവഴി പണത്തെക്കാളുപരിയായ നേട്ടങ്ങൾ നമുക്കു കൈവരിക്കാം. മനുഷ്യർക്ക്  നമ്മോടുള്ള സന്മനോഭാവം സമൂഹങ്ങളിലെ നമ്മുടെ പ്രവർത്തനങ്ങളുടെ വിജയത്തിന് സഹായകരമാണ്. അതിനാൽ നല്ല വ്യക്തിബന്ധങ്ങളെയും ആസ്തിയായി കണക്കാക്കാം.

* സ്‌നേഹിക്കുവാനും സഹിക്കുവാനുമുള്ള കഴിവ്.
* മറ്റുള്ളവരെ കർമ്മനിരതരാക്കാനും ഉത്തേജിപ്പിക്കുവാനുമുള്ള വൈഭവം.
* പാചകശേഷി
നന്നായി പാചകം ചെയ്യാനുള്ള കഴിവ്-ഒരു കലയും ശാസ്ത്രവും ആണത്. അതുപയോഗിച്ച് നല്ല ഹോട്ടലുകളിലേക്ക് ഭക്ഷണവും പലഹാരങ്ങളും കൃത്യമായി സപ്ലൈ ചെയ്തു ജീവിക്കുന്ന പല സ്ത്രീകളെയും ഞാൻ കണ്ടിട്ടുണ്ട്‌
* പാടുവാനും എഴുതുവാനും പ്രസംഗിക്കുവാനുമുള്ള കഴിവ്.
* നന്നായി തുന്നൽ നടത്താനും  ചിത്രത്തയ്യൽ ചെയ്യുവാനുമുള്ള കഴിവ്.
* സത്യസന്ധത, വിശ്വസ്തത.
ഇതു കൂടാതെ എത്രയോ മാനസികവും ഭൗതികവുമായ കഴിവുകൾ നമുക്കു മേൽ എഴുതിയവയൊക്കെ കേൾക്കുമ്പോൾ നിസാരമെന്നു തോന്നാം. പക്ഷേ ജീവിതത്തിൽ വിജയത്തിലേക്കും ഉയരത്തിലേക്കുമുള്ള ചവിട്ടുപടികളാക്കി ഇതിനെ മാറ്റാൻ നമുക്കു കഴിയും.

ദൈവത്തെ സമ്പത്തിന്റെ ഉടമയാക്കുക
സമ്പത്തുനേടാനുള്ള നാലാമത്തെ കുറുക്കുവഴി നമുക്കുള്ള സമ്പത്തിന്റെ യഥാർത്ഥ ഉടമസ്ഥത ദൈവത്തിന് ഏൽപിച്ചു കൊടുക്കുക എന്നതാണ്. നമ്മുടെ കൃഷി, വരുമാനം, ബിസിനസ്സ് ഇതെല്ലാം ദൈവത്തിനർപ്പിച്ചാൽ ദൈവം അത് വർദ്ധിപ്പിക്കും. അതിനായി നാം മനസുകൊണ്ടും അധരം കൊണ്ടും പ്രാർത്ഥിക്കുകയും ഏറ്റുപറയുകയും ചെയ്താൽ പോരാ പ്രവൃത്തിയിലും ദൈവത്തിന്റെ കർത്തൃത്വം നാം ഏറ്റുപറയണം. ഇതിനായി ബൈബിൾ നൽകുന്ന നല്ലൊരുപാധിയാണ് ദശാംശം കൊടുക്കുകയെന്നത്.
ദശാംശം എങ്ങനെ
ഉപയോഗിക്കണം?

ആർക്കാണ്, എങ്ങനെയാണ് ദശാംശം കൊടുക്കേണ്ടത്? ദൈവത്തിനായി മാറ്റിവച്ച പണമാണ്. അതായത് അതിന്റെ പൂർണ്ണ ഉടമസ്ഥത ദൈവത്തിനാണ്. അതിനാൽ ദൈവഹിതമനുസരിച്ച് വേണം ആ തുക ചെലവഴിക്കുവാൻ. ചിലപ്പോൾ ഉടനടി ആ പണം ചെലവഴിക്കേണ്ടതല്ലായിരിക്കാം. മാറ്റിവച്ചാൽ മതി. സമയമാകുമ്പോൾ പരിശുദ്ധാത്മാവ് തന്നെ ആ പണം ഉപയോഗിക്കേണ്ട ആളിനെ, മേഖലയെ നമ്മുടെ മുൻപിലേക്ക് കൊണ്ടുവരും. എങ്കിലും അടിസ്ഥാനപരമായി രണ്ടു മേഖലകളെ നമുക്ക് ഉറപ്പായും തിരഞ്ഞെടുക്കാം.
ഒന്ന്- പാവപ്പെട്ടവരെ സഹായിക്കുവാൻ. കർത്താവിന് ഏറ്റവും ഇഷ്ടമുള്ള കാര്യമാണത്. ചിലപ്പോൾ സഹായമർഹിക്കുന്ന പലരും നമ്മുടെ ചുറ്റുപാടുകളിൽ കാണും. ചോദിക്കാൻ മടിയുള്ളവർ, അല്ലെങ്കിൽ ഇല്ലായ്മ പുറത്തറിയിക്കാതെ എല്ലാ വേദനയും ഉള്ളിലൊതുക്കി ജീവിക്കുന്നവർ; അവർക്കു കൊടുക്കുന്നത് എത്രയോ ആശ്വാസമാകും. ലോകത്തിലുള്ള എല്ലാ ക്രിസ്തുവിശ്വാസികളും ദശാംശം കൊടുക്കുവാൻ തുടങ്ങിയാൽ മാത്രം മതി ലോകത്തിലെ ദാരിദ്ര്യം തുടച്ചുനീക്കാൻ. ”ദരിദ്രരോട് ദയ കാണിക്കുന്നവൻ കർത്താവിനാണ് കടം കൊടുക്കുന്നത്. അവിടുന്ന് ആ കടം വീട്ടും” (സുഭാഷിതങ്ങൾ 19:17).
രണ്ട്- ദശാംശം കൊടുക്കേണ്ട മറ്റൊരു മേഖല സുവിശേഷപ്രവർത്തനമണ്ഡലമാണ്. ഒരു വ്യക്തിയുടെ ആത്മാവിനെ പാപത്തിൽ നിന്നും നിത്യനാശത്തിൽ നിന്നും രക്ഷിക്കുവാൻ കഴിയുകയാണ് ഏറ്റവും വലിയ പുണ്യപ്രവൃത്തി. അതിനാൽ സുവിശേഷപ്രഘോഷണ ശുശ്രൂഷകളെ നാം സാമ്പത്തികമായി സഹായിക്കണം. ഇവിടെയും പ്രാർത്ഥന ആവശ്യമാണ്. ഇപ്പോൾ ഏതു ശുശ്രൂഷയ്ക്കാണ് യഥാർത്ഥമായും സഹായം ആവശ്യമുള്ളതെന്ന് കർത്താവിനോട് പ്രാർത്ഥിക്കണം. അപ്പോൾ ദൈവാത്മാവു തന്നെ നമുക്ക് പ്രചോദനം നൽകും, ആർക്കു കൊടുക്കണമെന്ന്.

യാത്രാമദ്ധ്യേ ഞാനൊരു ബസ്സ് സ്റ്റാൻഡിൽ നിൽക്കുകയായിരുന്നു. അപ്പോൾ, തന്റെ കൈയ്യിലെ കൊച്ചു മൈക്രോഫോണിലൂടെ സുവിശേഷം പ്രസംഗിച്ചുകൊണ്ട് ഒരു മനുഷ്യൻ നിൽക്കുന്നു. പ്രസംഗം കഴിഞ്ഞ് അദ്ദേഹം ലഘുലേഖകൾ വിതരണം ചെയ്ത് ജനങ്ങളുടെ ഇടയിലൂടെ എന്റെ അടുത്തേക്ക് വന്നു. പെട്ടന്ന് ദൈവത്തിന്റെ ആത്മാവ് എന്റെ മനസിൽ ശക്തമായ പ്രചോദനം തന്നു, ”ഒരു മാസത്തെ ദശാംശം ഈ മനുഷ്യനു കൊടുക്കുക.”
ലഘുലേഖയുമായി വന്ന അദ്ദേഹത്തിന്റെ നേരെ ഞാൻ 500 രൂപയുടെ ഒരു നോട്ടെടുത്ത് നീട്ടിക്കൊണ്ട് പറഞ്ഞു: ”സഹോദരാ, കർത്താവ് പറഞ്ഞു ഈ പണം താങ്കൾക്ക് നൽകുവാൻ.”

ആ ഉപദേശിയുടെ കണ്ണിൽനിന്നും കണ്ണുനീർ ധാരധാരയായി ഒഴുകി… അദ്ദേഹം നോട്ട് സ്വീകരിക്കാതെതന്നെ നോട്ടുപിടിച്ച എന്റെ കൈ അദ്ദേഹത്തിന്റെ നെഞ്ചോടു ചേർത്തുപിടിച്ച് ഹാലേലൂയ്യാ…പറഞ്ഞുകൊണ്ടിരുന്നു.

ജനമെല്ലാം ശ്രദ്ധിക്കാൻ തുടങ്ങിയപ്പോൾ എനിക്കും ഒരു ചമ്മൽ. ഒടുവിൽ നോട്ട് സ്വീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ഗർഭിണിയായ ഭാര്യയെ ഡോക്ടറെ കാണിക്കുവാൻ പണമില്ലാതെ മൂന്നു ദിവസമായി പ്രാർത്ഥിക്കുകയായിരുന്നു… മൂന്നുനേരം ഭക്ഷണം കഴിച്ചിട്ട് നാളുകളേറെയായി… അദ്ദേഹത്തെ സുവിശേഷവേലയ്ക്ക് നിയോഗിച്ചയച്ച ഒരു മിഷൻ സംഘടന സഹായം പിൻവലിച്ച സാഹചര്യത്തിൽ അവിടെ ഒറ്റയ്ക്ക് പ്രവർത്തിക്കുന്നു. ഒരു കടയുടെ പിന്നിലുള്ള ഓല കെട്ടിയ ഷെഡ്ഡിലാണ് താമസിക്കുന്നത്. അയൽപക്കംകാർ വല്ലപ്പോഴും കൊടുക്കുന്ന ഭക്ഷണമാണ് ഭാര്യയുടെ വിശപ്പകറ്റുന്നത്. ഇതു കേട്ടപ്പോൾ ഞാനും സന്തോഷം കൊണ്ട് കരഞ്ഞു. അതിനാൽ, ആർക്കു കൊടുക്കണം, എങ്ങനെ കൊടുക്കണം എന്ന മുൻവിധി വേണ്ട. കൊടുക്കുവാൻ മനസുണ്ടെങ്കിൽ കൊടുക്കേണ്ടതെവിടെയെന്ന് ദൈവം ചൂണ്ടിക്കാണിച്ചു തരും.

മേൽ വിവരിച്ചതൊന്നും യഥാർത്ഥത്തിൽ കുറുക്കുവഴികളല്ല. ദൈവിക നന്മകൾ സ്വീകരിക്കുവാനായി നമ്മുടെ ജീവിതത്തെ ഒരുക്കുന്ന ദിവ്യമായ മനോഭാവങ്ങളാണ് അവ. ജീവിതവിജയം നേടിയ വ്യക്തികളിലെല്ലാം ഈ ഘടകങ്ങൾ, അവർ അറിഞ്ഞോ അറിയാതെയോ ഉണ്ടായിരുന്നു എന്നതാണ് സത്യം. നമുക്കും എന്തുകൊണ്ട് ഈ സ്വഭാവങ്ങൾ സ്വന്തമാക്കാൻ ശ്രമിച്ചുകൂടാ?

സകല നന്മകളുടെയും ദാതാവായ കർത്താവേ, അങ്ങയുടെ കൃപകൾ സ്വീകരിക്കുന്നതിനു തടസമായിട്ടുള്ള അസൂയ, നന്ദികേട്, സ്വാർത്ഥത ഇവകളിൽ നിന്നും ഞങ്ങളെ വിമോചിപ്പിക്കണമെ. മറ്റുള്ളവരെ അവിടുന്ന് അനുഗ്രഹിക്കുന്നതുകാണുമ്പോൾ അസൂയപ്പെടാതെ, അവരോടൊപ്പം സന്തോഷിക്കാൻ എന്റെ ഹൃദയത്തെ വിശുദ്ധീകരിക്കണമെ. അങ്ങയോടും ലോകത്തോടും നന്ദിയുള്ളവരായിരിക്കാനും അവിടുന്ന് നല്കുന്ന സമ്പത്തിന്റെ ദശാംശം ദൈവരാജ്യത്തിനായി ചെലവഴിക്കാനും കൃപനല്കിയാലും, ആമ്മേൻ.

(‘സാമ്പത്തിക പുരോഗതിയുടെ സുവിശേഷം’)

ബെന്നി പുന്നത്തറ

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *