രോഗമെന്തെന്നറിയാതെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ – Shalom Times Shalom Times |
Welcome to Shalom Times

രോഗമെന്തെന്നറിയാതെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍

ഒരു രോഗിയുടെ വീണ്ടെടുപ്പിന് അനിവാര്യമായ ഏറ്റവും മര്‍മപ്രധാനമായ സംഗതിയാണ് ഡോക്ടര്‍ നടത്തുന്ന രോഗനിര്‍ണയം. ഡോക്ടര്‍മാര്‍ നടത്തുന്ന രോഗനിര്‍ണയം പാളിപ്പോയാല്‍ രോഗിയുടെ അവസ്ഥ വളരെ കഷ്ടത്തിലാകും. യഥാര്‍ത്ഥത്തില്‍ രോഗിക്കുള്ള രോഗത്തിന് തക്ക ചികിത്സ കിട്ടുകയില്ല എന്നുമാത്രമല്ല ഇല്ലാത്ത രോഗത്തിനുള്ള കാഠിന്യമേറിയ മരുന്നുകള്‍ കഴിച്ച് രോഗിയുടെ അവസ്ഥ മരണത്തോളം എത്തിച്ചേരുകയും ചെയ്യും. ഇങ്ങനെ മരണത്തിലെത്തിച്ചേര്‍ന്ന രോഗികള്‍ നമ്മുടെ നാട്ടില്‍ അനേകരുണ്ട്.

വേദപുസ്തകത്തിന്റെ താളുകളിലൂടെ കടന്നുപോകുമ്പോള്‍ ഇത്തരത്തില്‍ രോഗശാന്തിശുശ്രൂഷ നടത്തിയ മൂന്നു ഡോക്ടര്‍മാരെ നമുക്ക് ജോബിന്റെ പുസ്തകത്തില്‍ കാണാന്‍ കഴിയും. അത് മറ്റാരുമല്ല ജോബിന്റെ ഉറ്റസ്‌നേഹിതന്മാരായ തേമാന്യനായ എലിഫാസ്, ഷൂഹ്യനായ ബില്‍ദാദ്, നാമാത്യനായ സോഫാര്‍ എന്നിവരാണ്. ഇവര്‍ മൂന്നുപേരും ജോബിനെ ഹൃദയം തുറന്നു സ്‌നേഹിക്കുന്നവരും ജോബിനെ അവന്റെ കഷ്ടസ്ഥിതിയില്‍നിന്നും എങ്ങനെയെങ്കിലും രക്ഷിച്ചെടുക്കണമെന്ന് തീവ്രമായി ആഗ്രഹിച്ചവരും അതിനുവേണ്ടി തങ്ങളുടെ അറിവും കഴിവും വിലയേറിയ സമയവുമെല്ലാം യാതൊരു ലോഭവും കൂടാതെ ചെലവഴിച്ചവരും ആയിരുന്നു. തിരുവചനങ്ങള്‍ ഇപ്രകാരം അവരുടെ നന്മയെക്കുറിച്ച് സാക്ഷ്യപ്പെടുത്തുന്നു. ”ദൂരെവച്ചു കണ്ടുപ്പോള്‍ അവര്‍ അവനെ തിരിച്ചറിഞ്ഞില്ല. അവര്‍ ഉറക്കെ നിലവിളിച്ചു. വസ്ത്രം കീറി. അവരുടെ ശിരസില്‍ പൂഴി വാരി വിതറി… ഒരക്ഷരം സംസാരിക്കാനാവാതെ ഏഴുരാവും പകലും അവര്‍ അവനോടൊപ്പം നിലത്തിരുന്നു” (ജോബ് 2/12-13).

പക്ഷേ പിശകു പറ്റി
പക്ഷേ… ഒരു കാര്യത്തില്‍ അവര്‍ക്ക് പിശകു പറ്റി. അവര്‍ നടത്തിയ രോഗനിര്‍ണയം തെറ്റിപ്പോയി. അതുവരെ തങ്ങള്‍ക്കറിവുള്ളതും സമൂഹത്തില്‍ നിലനിന്നിരുന്നതുമായ പൊതുധാരണകളും പൊതുവായ ആത്മീയ സത്യങ്ങളും അനുസരിച്ചാണ് അവര്‍ ജോബിനെ ബോധവല്‍ക്കരിക്കുന്നതും തിരുത്തുന്നതും രക്ഷപെടുത്തുവാന്‍ ശ്രമിക്കുന്നതും. അവര്‍ മൂന്നുപേരും മാറിമാറി ജോബിനോടു പറയുന്ന ധ്യാനപ്രസംഗങ്ങളുടെ ആകെത്തുക ഇതാണ്. ജോബിന്റെയോ ജോബിന്റെ മക്കളുടെയോ പൂര്‍വികരുടെയോ ജീവിതത്തില്‍ സംഭവിച്ചുപോയ കഠിനമായ പാപങ്ങളുടെയും അതിന്‍ഫലമായ ശാപങ്ങളുടെയും ഫലമായാണ് ഈ കഠിനങ്ങളായ കഷ്ടതകള്‍ ജോബിനും കുടുംബത്തിനും ഉണ്ടായത്. അനുതപിച്ച് മനസു തിരിഞ്ഞ് പാപങ്ങള്‍ ഏറ്റുപറഞ്ഞ് ദൈവത്തോടു നിരപ്പായാല്‍ അവന്റെ കഷ്ടതകള്‍ നീക്കിക്കളഞ്ഞ് ദൈവമവനെ സമാധാനത്തിലേക്കും ഐശ്വര്യത്തിലേക്കും തിരികെ കൊണ്ടുവരും.

അവര്‍ ഒന്നുചേര്‍ന്ന് അവനെ ഉപദേശിച്ചു. ”ദൈവവുമായി രമ്യതയിലായി സമാധാനത്തില്‍ കഴിയുക. അപ്പോള്‍ നിനക്ക് നന്മ വരും. അവിടുത്തെ അധരങ്ങളില്‍നിന്ന് ഉപദേശം സ്വീകരിക്കുക; അവിടുത്തെ വാക്കുകള്‍ നിന്റെ ഹൃദയത്തില്‍ സൂക്ഷിക്കുക. സര്‍വശക്തന്റെ സന്നിധിയിലേക്ക് തിരിച്ചുവരികയും നിന്നെത്തന്നെ എളിമപ്പെടുത്തുകയും ചെയ്യുമെങ്കില്‍, നിന്റെ കൂടാരത്തില്‍നിന്ന് അനീതിയെ നീ അകറ്റിക്കളയുമെങ്കില്‍, സ്വര്‍ണത്തെ പൊടിയിലും ഓഫീര്‍പൊന്നിനെ നദീതടത്തിലെ കല്ലുകള്‍ക്കിടയിലും എറിയുമെങ്കില്‍, സര്‍വശക്തന്‍ നിനക്കു സ്വര്‍ണവും വിലപിടിച്ച വെള്ളിയും ആകുമെങ്കില്‍, നീ സര്‍വശക്തനില്‍ ആനന്ദിക്കുകയും ദൈവത്തിന്റെ നേരേ മുഖമുയര്‍ത്തുകയും ചെയ്യും. നീ അവിടുത്തോടു പ്രാര്‍ത്ഥിക്കുകയും അവിടുന്ന് ശ്രവിക്കുകയും ചെയ്യും. നിന്റെ നേര്‍ച്ചകള്‍ നീ നിറവേറ്റും. നീ തീരുമാനിക്കുന്ന കാര്യം നിനക്ക് സാധിച്ചുകിട്ടും. നിന്റെ പാതകള്‍ പ്രകാശിതമാകും. എന്തെന്നാല്‍ ദൈവം അഹങ്കാരിയെ താഴ്ത്തുകയും എളിയവനെ രക്ഷിക്കുകയും ചെയ്യും. നിരപരാധനെ അവിടുന്ന് രക്ഷിക്കുന്നു. നിന്റെ കരങ്ങളുടെ നൈര്‍മല്യംമൂലം നീ രക്ഷിക്കപെടും” (ജോബ് 22/21-30).
മൂന്നു സ്‌നേഹിതന്മാരും ജോബിനോട് ഇണങ്ങിയും പിണങ്ങിയും പരിഹസിച്ചും ആദ്യം സൗമ്യമായും പിന്നീട് രൗദ്രമായും പറയുന്ന ഏകകാര്യം ഇതാണ്.

എന്നാല്‍ നിഷ്‌കളങ്കനായ ജോബ് അവരുടെ വാക്കുകളെയും ന്യായവാദങ്ങളെയും അല്പംപോലും അംഗീകരിക്കുന്നില്ല. അദ്ദേഹമത് തുറന്നടിച്ചുതന്നെ തന്റെ സ്‌നേഹിതരോടു പറയുന്നു. ”ദൈവത്തിന്റെ ചൈതന്യം എന്റെ നാസികയില്‍ ഉള്ളിടത്തോളം കാലം എന്റെ അധരം വ്യാജം പറയുകയില്ല. എന്റെ നാവ് വഞ്ചന ഉച്ചരിക്കുകയില്ല. നിങ്ങള്‍ പറയുന്നത് ശരിയാണെന്ന് ഞാന്‍ ഒരിക്കലും പറയുകയില്ല. മരിക്കുവോളം ഞാന്‍ നിഷ്‌കളങ്കത കൈവെടിയുകയില്ല. നീതിനിഷ്ഠയെ ഞാന്‍ മുറുകെ പിടിക്കും. അതു കൈവിട്ടുപോകാന്‍ സമ്മതിക്കുകയില്ല. എന്റെ ഹൃദയം കഴിഞ്ഞുപോയ ഒരു ദിവസത്തെപ്രതിപോലും എന്നെ കുറ്റപ്പെടുത്തുന്നില്ല. എന്റെ ശത്രു ദുഷ്ടനെപ്പോലെയും എതിരാളി അധര്‍മിയെപ്പോലെയും ആയിരിക്കട്ടെ” (ജോബ് 27/3-7).

പക്ഷേ ഈ മൂന്നു സ്‌നേഹിതന്മാരും വീണ്ടും ജോബിനെ വെറുതെ വിടാന്‍ തയാറാകുന്നില്ല. അവര്‍ വാദിച്ചു വാദിച്ച് നിഷ്‌കളങ്കനായ ജോബിന്റെ ദൈവത്തിലുള്ള പ്രത്യാശതന്നെ തകര്‍ത്തുകളയാന്‍ ശ്രമിക്കുന്നു. അവന്റെ പാപംനിമിത്തം ദൈവം അവനെ ഉപേക്ഷിച്ചിരിക്കുന്നുവെന്നും ദൈവം നിന്റെ കൂടെയില്ലെന്നും പറഞ്ഞ് അവര്‍ അവന്റെ പ്രത്യാശയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു. പക്ഷേ ജോബ് അവരുടെ ആ ശ്രമങ്ങള്‍ക്ക് വിധേയപ്പെടാതെ തലയുയര്‍ത്തിത്തന്നെ നില്‍ക്കുന്നു. ജോബ് അവരോട് വാദിക്കുന്നു. ”എനിക്ക് ന്യായം നടത്തിത്തരുന്നവന്‍ ജീവിക്കുന്നുവെന്നും അവസാനം അവിടുന്ന് എനിക്കുവേണ്ടി നിലകൊള്ളുമെന്നും ഞാന്‍ അറിയുന്നു. എന്റെ ചര്‍മം അഴുകി ഇല്ലാതായാലും എന്റെ മാംസത്തില്‍നിന്ന് ഞാന്‍ ദൈവത്തെ കാണും. അവിടുത്തെ ഞാന്‍ എന്റെ പക്ഷത്തു കാണും. മറ്റാരെയുമല്ല, അവിടുത്തെത്തന്നെ എന്റെ കണ്ണുകള്‍ ദര്‍ശിക്കും” (ജോബ് 19/25-27). അവന്‍ തികഞ്ഞ പ്രത്യാശയോടെ തന്റെ സ്‌നേഹിതന്മാരോടു വാദിക്കുന്നു. ”അവിടുന്നെന്നെ പരീക്ഷിച്ചു കഴിയുമ്പോള്‍ ഞാന്‍ സ്വര്‍ണംപോലെ പ്രകാശിക്കും” (ജോബ് 23/10).

ഇത് ദൈവത്തിന്റെ ശോധന
വാസ്തവത്തില്‍ നിഷ്‌കളങ്കനായ ജോബിന്റെ ജീവിതത്തില്‍ അഗ്നിപരീക്ഷണങ്ങളുടെ ചുഴലിക്കാറ്റ് അയക്കുവാന്‍ സാത്താനെ പ്രേരിപ്പിക്കുന്നതും ജോബിന്റെ ജീവനൊഴികെ മറ്റെല്ലാ തകര്‍ച്ചകള്‍ക്കും വിധേയമാക്കാന്‍ സാത്താന് അധികാരം കൊടുക്കുന്നതും ദൈവംതന്നെയാണ്. ഇതേ സംബന്ധിച്ചുള്ള ജോബിന്റെ വാക്കുകള്‍ തികച്ചും സത്യമാണ്. അദ്ദേഹം പറയുന്നു ”എന്റെ ദൈന്യം എനിക്കെതിരെ തെളിവായി നിങ്ങള്‍ സ്വീകരിക്കുന്നുവെങ്കില്‍ ദൈവമാണ് എന്നോട് ഇതു ചെയ്തതെന്നും എന്നെ വലയിലകപ്പെടുത്തിയതെന്നും നിങ്ങള്‍ മനസിലാക്കണം” (ജോബ് 19/5,6).

വാസ്തവത്തില്‍ നൂറുശതമാനം നീതിമാനും ദൈവഭക്തനുമായ ജോബിന്റെനേരെ ഒന്നു മിഴിയുയര്‍ത്തി നോക്കാന്‍പോലും സാത്താന് ധൈര്യമില്ലായിരുന്നു. ദൈവംതന്നെയാണ് ജോബിനെ എടുത്ത് കളിക്കളത്തിലിട്ടതും സാത്താന് ജോബിനെതിരെ പരീക്ഷണങ്ങളുടെ തീക്കാറ്റ് അയക്കാന്‍ പ്രേരണ നല്‍കിയതും അതിന് അധികാരം കൊടുത്തതുമെല്ലാം. ദൈവംതന്നെയാണ് ജോബിനും അവന്റെ കുടുംബത്തിനും വസ്തുവകകള്‍ക്കും അവന്റെ സര്‍വഐശ്വര്യങ്ങള്‍ക്കും പുറമെയുള്ള സംരക്ഷണത്തിന്റെ വേലി അഴിച്ചുമാറ്റി അവനെ അനാഥനും പീഡിതനും ഒറ്റപ്പെട്ടവനും ജീവനൊഴികെ സര്‍വം നഷ്ടപ്പെട്ടവനും ആക്കിത്തീര്‍ത്തത്.

ഇത് അവനെ അഗ്നിപരീക്ഷണങ്ങളുടെ ചൂളയില്‍ ശോധന ചെയ്ത് ദൈവമഹത്വത്തിനും വിശ്വാസികള്‍ക്ക് മാതൃകയുമായി എടുത്തുയര്‍ത്താന്‍വേണ്ടിയായിരുന്നു. ഈ സത്യം തിരിച്ചറിയാന്‍ കഴിയാത്ത ജോബിന്റെ സ്‌നേഹിതന്മാര്‍ ആത്മീയ ലോകത്തെ സാമ്യതത്വങ്ങളും പൊതുനിയമങ്ങളും അനുസരിച്ച് ജോബിനെ വിധിക്കുന്നു. അവന്റെ നിഷ്‌കളങ്കതയിലും ദൈവത്തിലുമുള്ള പ്രത്യാശ, തെറ്റായ രോഗനിര്‍ണയത്തിലൂടെയും ചികിത്സയിലൂടെയും അവര്‍ തകര്‍ത്തുകളയുന്നു. സത്യം പറഞ്ഞാല്‍ ജോബിന്റെ ജീവിതത്തിലെ ഏറ്റവും മനംതകര്‍ക്കുന്ന പൈശാചിക ആക്രമണം ഈ സ്‌നേഹിതന്മാര്‍ നടത്തിയ ധ്യാനപ്രസംഗങ്ങളും സൗഖ്യ ശുശ്രൂഷയുമായിരുന്നു. അവര്‍ നല്ലവരായിരുന്നെങ്കിലും വേണ്ടത്ര വിവേചനമില്ലാത്ത അവരുടെ രോഗനിര്‍ണയങ്ങള്‍ ജോബിനെ ദയനീയസ്ഥിതിയിലേക്ക് തള്ളിയിടുന്നതായിരുന്നു.

ഒരു തിരിഞ്ഞുനോട്ടം അനിവാര്യം
നമ്മിലേക്കുതന്നെ നമുക്കൊന്നു തിരിഞ്ഞുനോക്കാം. ഒരു തിരിച്ചറിവും തിരുത്തിക്കുറിക്കലും അനിവാര്യമല്ലേ? വളരെ ഉദ്ദേശ്യശുദ്ധിയോടെ നമ്മള്‍ മറ്റുള്ളവരെ രക്ഷപെടുത്താന്‍ ചെയ്യുന്ന ചില ശുശ്രൂഷകള്‍ അവരുടെ നിലവിലുള്ള പ്രത്യാശയെപ്പോലും തകര്‍ത്ത് കൂടുതല്‍ ഭീകരമായ ഗര്‍ത്തത്തിലേക്ക് അവരെ തള്ളിയിടാന്‍ പര്യാപ്തമായവയായിത്തീര്‍ന്നിട്ടില്ലേ? ആത്മീയലോകത്ത് നിലവിലുള്ള പൊതുവായ നിയമങ്ങള്‍ വച്ചുകൊണ്ട് നാം എല്ലാവരുടെയും ജീവിതത്തെ വിലയിരുത്തുകയും അവര്‍ക്കുവേണ്ടി തീരെ ഉചിതമല്ലാത്ത മരുന്നുകുറിപ്പടികള്‍ കുറിക്കുകയും ചെയ്യുന്നു. അത് അവരുടെ ജീവിതത്തെ കൂടുതല്‍ ശോചനീയമായ അവസ്ഥയിലേക്ക് തള്ളിയിടും.
ഉദാഹരണമായി വേദപുസ്തകത്തിലെതന്നെ ഒരു സംഭവം നമുക്ക് കാണാം.

യേശുവിന്റെ പരസ്യജീവിതകാലത്ത് ജന്മനാ അന്ധനായ ഒരുവനെ ചൂണ്ടി ചുറ്റും നിന്നിരുന്ന ശിഷ്യന്മാര്‍ യേശുവിനോടു ചോദിച്ചു ”ഗുരോ ആരുടെ പാപം നിമിത്തമാണ് ഇവന്‍ ജന്മനാ അന്ധനായിത്തീര്‍ന്നത്? ഇവന്റെയോ അവന്റെ മാതാപിതാക്കന്‍മാരുടെയോ? യേശു അവരോടു പറഞ്ഞു. അവന്റെയോ അവന്റെ മാതാപിതാക്കന്‍മാരുടെയോ പാപംനിമിത്തമല്ല. പ്രത്യുത, ദൈവത്തിന്റെ പ്രവൃത്തികള്‍ ഇവനില്‍ പ്രകടമാകുന്നതിനു വേണ്ടിയാണ്” (യോഹന്നാന്‍ 9/2-3). പാപംമൂലം രോഗവും അനര്‍ത്ഥങ്ങളും ഉണ്ടാകാം. പക്ഷേ ഉണ്ടാകുന്നതും ഉണ്ടാകാനിടയുള്ളതുമായ എല്ലാ രോഗങ്ങളുടെയും കാരണം പാപവും ശാപവും ഒന്നുമല്ല എന്ന് യേശു ഈ സംഭവത്തിലൂടെ നമ്മെ ബോധവല്‍ക്കരിക്കുന്നു.

അതുപോലെ ജോബിന്റെ ജീവിതത്തിലെ കഠിന ശോധനകള്‍ അവനെ ഉയര്‍ത്തുവാന്‍വേണ്ടിയും ശോധനകളിലൂടെ കടന്നുപോകുന്ന ദൈവജനത്തിന് പ്രചോദനവും മാതൃകയും ആയിത്തീരുവാന്‍വേണ്ടിയും ആയിരുന്നു. ദൈവനിയോഗപ്രകാരം അവന്റെ ജീവിതത്തില്‍ അനുവദിക്കപ്പെട്ട പൈശാചിക ആക്രമണങ്ങളുടെയും പീഡകളുടെയും ഫലമായി ഉണ്ടായതായിരുന്നു അവന്റെ കഷ്ടതകള്‍. ഇതു മനസിലാക്കാന്‍ കഴിയാത്ത ജോബിന്റെ സ്‌നേഹിതന്മാര്‍, ഉപദേശിച്ചും കുറ്റം വിധിച്ചും പരിഹസിച്ചും നിന്ദിച്ചും അവനെ മാനസാന്തരപ്പെടുത്തുവാന്‍ ശ്രമിക്കുന്നു.

ജോബിനുവേണ്ടി നിലകൊണ്ട ദൈവം
അവസാനം ജോബ് വാദിച്ചതുപോലെതന്നെ ദൈവം ജോബിനുവേണ്ടി നിലകൊണ്ടു. ദൈവനിയോഗപ്രകാരം കടന്നുപോകേണ്ട എല്ലാ ശോധനകളും കടന്നുപോയിക്കഴിഞ്ഞപ്പോള്‍ ജോബിനുവേണ്ടിമാത്രം നിലകൊള്ളുന്ന; ജോബിന്റെ മാത്രം പക്ഷത്തുനിന്ന ദൈവത്തെ ജോബ് കണ്ടു. ജോബ് മാത്രമല്ല ജോബിന്റെ ചുറ്റുംകൂടിയവരും കണ്ടു. ശോധനകളെയെല്ലാം അതിജീവിച്ചുകഴിഞ്ഞപ്പോള്‍ ജോബിന് നഷ്ടമായതെല്ലാം ദൈവം അവന് ഇരട്ടിയായി തിരികെ കൊടുത്തു. അക്കൂട്ടത്തില്‍ ജോബിനെ കുറ്റം വിധിച്ച സ്‌നേഹിതന്മാര്‍ക്ക് ഉചിതമായ ഒരു ശിക്ഷയും കൊടുത്തു. ”കര്‍ത്താവ് തോമാന്യനായ എലിഫാസിനോട് അരുളിച്ചെയ്തു.

എന്റെ ക്രോധം നിനക്കും നിന്റെ രണ്ടു സ്‌നേഹിതന്മാര്‍ക്കും എതിരെ ജ്വലിക്കുന്നു. എന്തെന്നാല്‍ നിങ്ങള്‍ എന്നെപ്പറ്റി എന്റെ ദാസന്‍ ജോബിനെപ്പോലെ ശരിയായിട്ടല്ല സംസാരിച്ചത്. അതിനാല്‍ ഇപ്പോള്‍ത്തന്നെ ഏഴു കാളകളെയും ഏഴു മുട്ടാടുകളെയുംകൊണ്ട് ജോബിന്റെ അടുക്കല്‍ചെന്ന് നിങ്ങള്‍ക്കുവേണ്ടി ദഹനബലി അര്‍പ്പിക്കുവിന്‍. എന്റെ ദാസനായ ജോബ് നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കും. ഞാന്‍ നിങ്ങളുടെ പ്രാര്‍ത്ഥന സ്വീകരിച്ച് നിങ്ങളുടെ ഭോഷത്തത്തിന് നിങ്ങളെ ശിക്ഷിക്കുകയില്ല. നിങ്ങള്‍ എന്റെ ദാസനായ ജോബിനെപ്പോലെ എന്നെപ്പറ്റി ശരിയായതു സംസാരിച്ചില്ല” (ജോബ് 42/7-8).

”ജോബ് തന്റെ സ്‌നേഹിതന്മാര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചപ്പോള്‍ അവനുണ്ടായിരുന്ന ഐശ്വര്യം കര്‍ത്താവ് തിരികെ കൊടുത്തു. അവിടുന്ന് അതു ഇരട്ടിയായി കൊടുത്തു” (ജോബ് 42/10).
പ്രിയപ്പെട്ട ദൈവശുശ്രൂഷകരേ, നമുക്ക് ജോബിന്റെ സ്‌നേഹിതന്മാരെപ്പോലെ ആകാതിരിക്കാം. അതിനുവേണ്ട വിവേചനാശക്തി പരിശുദ്ധാത്മാവ് നമുക്ക് തരട്ടെ. പ്രയ്‌സ് ദ ലോര്‍ഡ്, ആവേ മരിയ.

സ്റ്റെല്ല ബെന്നി