ചെറിയ പ്രാർത്ഥനകൾ

മരിയ സിമ്മ ഓസ്ട്രിയ സ്വദേശിനിയായിരുന്നു. 2004-ൽ മരിച്ച അവർ ജീവിച്ചിരുന്നപ്പോൾ ശുദ്ധീകരണാവസ്ഥയിലായിരിക്കുന്ന അനേകം ആത്മാക്കളുടെ ദർശനം ലഭിച്ചിട്ടുണ്ട്. ഒരു രാത്രിയിൽ അപരിചിതനായ ഒരു വ്യക്തി മരിയയ്ക്ക് ദൃശ്യനായി ‘എന്നെ അറിയുമോ?’ എന്ന് ചോദിച്ചു. ഇല്ല എന്ന് മരിയ പറഞ്ഞു. അപ്പോൾ അദ്ദേഹം കുറെ വർഷങ്ങൾക്കുമുൻപ് 1932-ൽ മരിയയ്ക്ക് 17 വയസുള്ളപ്പോൾ നടത്തിയ ട്രെയിൻ യാത്രയെക്കുറിച്ച് ഓർമ്മിപ്പിച്ചു.
അന്ന് ഒരേ കംപാർട്ടുമെന്റിലാണ് അദ്ദേഹവും മരിയയും ഓസ്‌ട്രേലിയയിലെ ഹാൾ എന്ന സ്ഥലത്തേക്ക് യാത്ര ചെയ്തത് എന്നും അദ്ദേഹം കൂട്ടിച്ചേർന്നു. അപ്പോൾ മരിയക്ക് അദ്ദേഹത്തെ മനസ്സിലായി. ആ യാത്രയിൽ അദ്ദേഹം കത്തോലിക്ക സഭയെയും ക്രിസ്തുമതത്തെയും കുറിച്ച് വളരെ മോശമായി സംസാരിച്ചിരുന്നതായി മരിയ ഓർമിച്ചു. അന്ന് അത് അസ്വസ്ഥതയുണ്ടാക്കിയതിനാൽ സഭയെയും ക്രൈസ്തവികതയെയും താഴ്ത്തിക്കെട്ടുന്ന താങ്കൾ നല്ലൊരു മനുഷ്യനല്ലെന്ന് മരിയ തുറന്നു പറഞ്ഞു. എന്നാൽ അദ്ദേഹം അത് സ്വീകരിക്കാൻ കൂട്ടാക്കിയില്ല. സ്റ്റേഷനിൽ ഇറങ്ങിയപ്പോൾ മരിയ അയാൾക്കുവേണ്ടി ഹൃദയത്തിൽ ഒരു പ്രാർത്ഥന ഉയർത്തി: ‘ദൈവമേ, ഈ ആത്മാവിനെ നഷ്ടപ്പെടാൻ അനുവദിക്കരുതേ!’
നാളുകളേറെ കഴിഞ്ഞിരുന്നു. ശുദ്ധീകരണാത്മാവായിരിക്കുന്ന അവസ്ഥയിലാണ് ആ മനുഷ്യൻ മരിയക്ക് ദൃശ്യനായത്. അന്ന് മരിയ ഉയർത്തിയ ആ ചെറിയ പ്രാർത്ഥനയാണ് നിത്യനാശത്തിൽനിന്നും അയാളെ രക്ഷിച്ചതത്രേ.
ഹൃദയത്തിൽനിന്നുയരുന്ന തീരെ ചെറിയ പ്രാർത്ഥനകൾപോലും എത്രയോ ഫലദായകമാണ്!

Leave a Reply

Your email address will not be published. Required fields are marked *