അപൂർണ്ണമായ കുമ്പസാര രഹസ്യങ്ങൾ

 

തകർച്ചകൾക്കു പിന്നിലെ ചില ആത്മീയ കാരണങ്ങൾ തേടി…

യേശു പരസ്യജീവിതം ആരംഭിക്കുന്നതുതന്നെ വിജാതീയരുടെ ഗലീലി എന്നറിയപ്പെടുന്ന ‘സെബുലൂൺ-നഫ്ത്താലി’ പ്രദേശത്തുനിന്നാണ്. ഇതേക്കുറിച്ച് ഏശയ്യാ പ്രവാചകന്റെ പ്രവചനഗ്രന്ഥത്തിൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു. ”സമുദ്രത്തിലേക്കുള്ള വഴിയിൽ, ജോർദാന്റെ മറുകരയിൽ, സെബുലൂൺ-നഫ്ത്താലി പ്രദേശങ്ങൾ വിജാതീയരുടെ ഗലീലി! അന്ധകാരത്തിൽ സ്ഥിതി ചെയ്തിരുന്ന ജനങ്ങൾ വലിയ പ്രകാശം കണ്ടു. മരണത്തിന്റെ മേഖലയിലും നിഴലിലും വസിച്ചിരുന്നവർക്കായി ഒരു ദീപ്തി ഉദയം ചെയ്തു” (മത്തായി 4:15-16). അത്ഭുതങ്ങളോടും അടയാളങ്ങളോടും രോഗശാന്തികളോടും കൂടിയുള്ള യേശുവിന്റെ സുവിശേഷശുശ്രൂഷകൾ വിജാതീയർക്ക് ഏറെ സ്വീകാര്യമായിരുന്നു.

എന്നാൽ സ്വന്തജനമായ യഹൂദജനതയുടെ അടുത്തേക്ക് കടന്നുവന്ന് സുവിശേഷം പ്രഘോഷിക്കാൻ തുടങ്ങിയപ്പോൾ സ്ഥിതിഗതികൾ മാറാൻ തുടങ്ങി. യഹൂദപ്രമാണികളായ നിയമജ്ഞർക്കും ഫരിസേയർക്കും പുരോഹിതപ്രമുഖന്മാർക്കും യേശുവിനെ ഉൾക്കൊള്ളാനായില്ല. യോഹന്നാന്റെ സുവിശേഷത്തിൽ ഇതേക്കുറിച്ച് ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു. ”അവൻ സ്വജനത്തിന്റെ അടുത്തേക്കുവന്നു; എന്നാൽ, അവർ അവനെ സ്വീകരിച്ചില്ല” (യോഹന്നാൻ 1:11). തുടർന്നു വരുന്ന വാക്കുകളിൽ അവനെ സ്വീകരിച്ചവർക്ക് കിട്ടിയ മഹാഭാഗ്യത്തെക്കുറിച്ച് ഇപ്രകാരം പറയുന്നു. ”തന്നെ സ്വീകരിച്ചവർക്കെല്ലാം, തന്റെ നാമത്തിൽ വിശ്വസിക്കുന്നവർക്കെല്ലാം, ദൈവമക്കളാകാൻ അവൻ കഴിവു നല്കി” (യോഹന്നാൻ 1:12).
യേശു തന്റെ അടുത്തേക്ക് നിഷ്‌ക്കപടമായ മനസോടെ കടന്നുവരുന്ന ഒരുവനെപ്പോലും തള്ളിക്കളഞ്ഞില്ല. എത്ര വലിയ പാപിക്കും അവന്റെ പക്കൽ കടന്നുവരാം. ചുങ്കക്കാരോടും പാപികളോടുംകൂടെ ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുന്ന, പാപികളോടൊത്ത് സഹവസിക്കുന്ന, പാപികളുടെ സ്‌നേഹിതൻ എന്ന് അവൻ വിളിക്കപ്പെട്ടു. അവിടുന്ന് പാപികളുടെ സ്‌നേഹിതൻ മാത്രമല്ല, രോഗികളുടെ വൈദ്യനും ഹൃദയം തകർന്നവരുടെ ആശ്വാസകനും ദരിദ്രരുടെ പക്ഷം ചേരുന്നവനും ആയിരുന്നു.

എന്നാൽ കപടഭക്തരായ നിയമജ്ഞരെയും ഫരിസേയരെയും ഒരിക്കൽപോലും യേശു വെറുതെ വിട്ടില്ല. മുഖംനോട്ടമില്ലാതെ അവരുടെ നേരെ വിരൽചൂണ്ടി അവരെ തിരുത്തി. ഇത് അവരെ കോപാക്രാന്തരാക്കി. തങ്ങളുടെ അധികാരകസേരകൾ ഇളക്കുന്നതും ജനം തങ്ങളെ വിട്ട് യേശുവിന്റെ പിന്നാലെ പോകുന്നതും അവർ ഭയത്തോടെ നോക്കിക്കണ്ടു. യേശുവിനെ എങ്ങനെയെങ്കിലും വധിക്കുവാൻ അവർ ഗൂഢാലോചന നടത്തി. ആദ്യം അവനെ വാക്കിൽ കുടുക്കുവാൻ നോക്കി. അവന്റെ പഠനങ്ങളിൽ എന്തെങ്കിലും തെറ്റു കണ്ടുപിടിച്ച് അവനെ കുടുക്കി അധികാരികളുടെയും രാജാവിന്റെയും കൈയിൽ കൊടുത്തു കൊല്ലിക്കാൻ നോക്കി.

പക്ഷേ ജ്ഞാനനിറവുള്ള യേശുവിന്റെ വാക്കുകൾ അവരെ ഉത്തരം മുട്ടിച്ചു. അവന്റെ മറുപടികൾ കേട്ട് അവർ ലജ്ജിച്ചു തലതാഴ്ത്തി. ലോകം മുഴുവനിലുമുള്ള സകല ജനങ്ങളുടെയും രക്ഷയ്ക്കുവേണ്ടി സകല ജനങ്ങളുടെയും പാപപരിഹാരത്തിനായി യേശു മരിക്കണമെന്നുള്ള പിതാവായ ദൈവത്തിന്റെ ഹിതപ്രകാരം അവന്റെ മരണസമയമായപ്പോൾ മാത്രം അവന്റെമേൽ കൈവയ്ക്കാൻ പുരോഹിതപ്രമുഖന്മാരും ഫരിസേയരും നിയമജ്ഞരും അടങ്ങുന്ന സംഘത്തിന് കഴിഞ്ഞു.

അവർ അവനെ വധശിക്ഷയ്ക്ക് വിധിക്കുവാനായി പീലാത്തോസിന്റെ മുമ്പിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി. പീലാത്തോസ് അവനിൽ ഒരു കുറ്റവും കാണാൻ കഴിയായ്കയാൽ യഹൂദരുടെ പ്രീതിക്കുവേണ്ടി അവനെ ചമ്മട്ടികൊണ്ടടിച്ച് വിട്ടയയ്ക്കാൻ ശ്രമിച്ചു. പക്ഷേ ആ ക്രൂരത നിറഞ്ഞ സംഘം അതിനു സമ്മതിച്ചില്ല. അവർ നിർബന്ധപൂർവം പീലാത്തോസിനെ ഭീഷണിപ്പെടുത്തി. പീലാത്തോസ് ജനമധ്യത്തിൽവച്ച് കൈ കഴുകിക്കൊണ്ട് പറഞ്ഞു: ”ഈ നീതിമാന്റെ രക്തത്തിൽ എനിക്ക് പങ്കില്ല.” അപ്പോൾ നിയമജ്ഞരും ഫരിസേയരും യഹൂദപ്രമാണികളും പുരോഹിതന്മാരും അടങ്ങുന്ന യഹൂദജനം ആർത്തട്ടഹസിച്ചു പറഞ്ഞു, ”അവന്റെ രക്തം ഞങ്ങളുടെമേലും ഞങ്ങളുടെ സന്തതികളുടെമേലും ആയിക്കൊള്ളട്ടെ” (മത്തായി 27:25). യേശുവിനെ അവർ കൊണ്ടുപോയി മർദ്ദിച്ചവശനാക്കി അതിക്രൂരമാംവിധം ക്രൂശിച്ചുകൊന്നു.

നീതിമാന്റെ രക്തം വീണാൽ!!
അധികകാലം കഴിയുന്നതിനുമുമ്പുതന്നെ അവരുടെ ദൈവാലയം സ്ഥിതി ചെയ്തിരുന്ന അവരുടെ വാസസ്ഥലമായ ജറുസലേം നശിപ്പിക്കപ്പെട്ടു. ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കും യഹൂദർ ചിതറിക്കപ്പെട്ടു. ചിതറിപ്പിക്കപ്പെട്ട ഓരോ സ്ഥലങ്ങളിലും അവർ അടിമകൾക്ക് തുല്യമായി ജീവിച്ചു. എവിടെയും അവർ പീഡിപ്പിക്കപ്പെട്ടു. ചിതറിപ്പാർത്ത ഓരോ സ്ഥലങ്ങളിലും അവർക്ക് വേദനകളും യാതനകളും ദുരിതപൂർണമായ ജീവിതവുമാണ് നേരിടേണ്ടിവന്നത്. അപമാനവും നിന്ദനവും അവർക്ക് കൂടപ്പിറപ്പുകളായി. മറ്റൊരു ജനതയും ലോകത്തൊരിടത്തും അനുഭവിക്കാത്ത ദുരിതപൂർണമായ ജീവിതം യഹൂദജനതയ്ക്ക് അനുഭവിക്കേണ്ടി വന്നു.

അവരുടെ പൂർവികരുടെ പാപം ചെല്ലുന്നിടത്തെല്ലാം അവരെ വേട്ടയാടി. യേശുവെന്ന നീതിമാന്റെ രക്തം ഞങ്ങളുടെമേലും ഞങ്ങളുടെ സന്തതികളുടെമേലും ആയിരിക്കട്ടെ എന്നു പറഞ്ഞ പാപപൂർണമായ അവരുടെ ഏറ്റെടുക്കൽ അവരെയും അവരുടെ തലമുറകളെയും ചെന്നെത്തിയ സ്ഥലങ്ങളിലെല്ലാം കൊടിയ ദുരിതത്തിലാഴ്ത്തി.

ഒടുവിൽ 1944-ൽ ലോകത്തിലെ യഹൂദപണ്ഡിതന്മാരെല്ലാം ന്യൂയോർക്കിൽ ഒന്നിച്ചുകൂടി. അവർ ഇങ്ങനെ പ്രഖ്യാപിച്ചു. അല്ല ഏറ്റുപറഞ്ഞു. ”1900 വർഷങ്ങൾക്കുമുമ്പ് യേശുവിനെ വധിക്കുന്നതിനുവേണ്ടി അന്നത്തെ സെൻഹെദ്രീൻ സംഘം നടത്തിയ വിചാരണയും വിധിയും തികഞ്ഞ അനീതിയായിരുന്നു. യേശുവിനെ കുരിശിൽ തറച്ചു കൊന്നത് തെറ്റായിപ്പോയി. അതിനാൽ അന്ന് യേശുവിനെതിരെ പ്രഖ്യാപിച്ച വിധി ഞങ്ങൾ പിൻവലിക്കുന്നു.” പക്ഷേ ആ ഏറ്റുപറച്ചിലിന് 19 നൂറ്റാണ്ടു കാലത്തെ ദുരിതപൂർണമായ സഹനം അനിവാര്യമായി വന്നു.
തങ്ങളുടെ പൂർവികർ ചെയ്ത തെറ്റിനെ തിരിച്ചറിയുകയും ഏറ്റുപറയുകയും ചെയ്തപ്പോൾ ദൈവം അവരോട് കരുണ കാണിച്ചു. ഒന്നോ രണ്ടോ ദിവസമല്ല, മൂന്നോ നാലോ വർഷമല്ല, പത്തൊൻപതോളം നൂറ്റാണ്ടുകൾ ലോകത്തിലെങ്ങും ചിതറിക്കഴിഞ്ഞ അവർക്ക് ഈ ഏറ്റുപറച്ചിലിനുശേഷം നാലുവർഷങ്ങൾ കഴിഞ്ഞപ്പോൾ അതായത് 1948-ൽ വീണ്ടും ഇസ്രായേൽ എന്ന രാജ്യം രൂപീകരിക്കുവാൻ ദൈവം അനുവാദം കൊടുത്തു. മനുഷ്യചരിത്രത്തിൽ ഒരിക്കലും സംഭവിക്കാത്ത കാര്യം! തകർക്കപ്പെട്ട ഒരു രാജ്യം, ചിതറിക്കപ്പെട്ട ഒരു ജനത 1900 വർഷങ്ങൾക്കുശേഷം തങ്ങളുടെ രാജ്യം വീണ്ടെടുത്തു. തിരുവചനം ഇപ്രകാരം പറയുന്നു: ”നാം പാപങ്ങൾ ഏറ്റുപറയുന്നെങ്കിൽ, അവൻ വിശ്വസ്തനും നീതിമാനുമാകയാൽ പാപങ്ങൾ ക്ഷമിക്കുകയും എല്ലാ അനീതികളിലുംനിന്ന് നമ്മെ ശുദ്ധീകരിക്കുകയും ചെയ്യും” (1 യോഹന്നാൻ 1:9).

പശ്ചിമജർമനി മാപ്പു ചോദിക്കുന്നു
പിശാചിന്റെ ക്രൂരത മാംസം ധരിച്ച മനുഷ്യരൂപം എന്നു വേണമെങ്കിൽ ഹിറ്റ്‌ലറെന്ന ഭരണാധികാരിയെ വിശേഷിപ്പിക്കാം. രണ്ടാം ലോകമഹായുദ്ധകാലത്തും അതിനുമുമ്പും ആ ഭരണാധികാരി ചെയ്തുകൂട്ടിയ ക്രൂരതകൾക്ക് കൈയും കണക്കുമില്ല. പ്രത്യേകിച്ച് യഹൂദരോട്. എന്നാൽ രണ്ടാം ലോകമഹായുദ്ധകാലത്ത് ജർമനി പരാജയപ്പെട്ടപ്പോൾ ശത്രുകരങ്ങളാൽ വധിക്കപ്പെടാതിരിക്കുവാൻ ഹിറ്റ്‌ലർ ആത്മഹത്യ ചെയ്തു. രാജ്യം രണ്ടായി പിളർന്നു. ഹിറ്റ്‌ലറുടെ ക്രൂരതയുടെ നാനാമുഖമായ പാപാവസ്ഥകൾ പേറിയ പശ്ചിമ ജർമനി നിശേഷം തകർന്നുപോയി. പക്ഷേ ഈ തകർച്ച അതിൽത്തന്നെ അവസാനിച്ചില്ല. അത് വലിയൊരു ഉയർച്ചയ്ക്കുള്ള കാരണമായിത്തീർന്നു. അതിനൊരു ആത്മീയ കാരണമുണ്ട്. നിശേഷം തകർന്ന പശ്ചിമജർമനിയിലെ ഭരണാധികാരികളും ജനങ്ങളും അനുതപിക്കുവാനും തെറ്റ് ഏറ്റുപറയുവാനും തയാറായി എന്നതാണ് ആ ആത്മീയ കാരണം.

ഈ തകർച്ച എന്തുകൊണ്ട്?
ഈ കുടുംബമെന്തേ ഇങ്ങനെ ദുരിതത്തിൽ അകപ്പെട്ടു? ഈ സ്ഥാപനമെന്തേ ഈ രീതിയിൽ ക്ഷയിച്ച് അന്യാധീനപ്പെട്ടുപോയി? ഈ സന്യാസസമൂഹമെന്തേ അന്തഛിദ്രംകൊണ്ട് തകർന്നുകൊണ്ടിരിക്കുന്നു എന്നൊക്കെ നാം സംശയിക്കുന്നുവോ? ഏറ്റുപറഞ്ഞ് പൊറുതി ചോദിക്കാത്ത പാപങ്ങളും അനേകരുടെ രക്തക്കണ്ണുനീരും ഇവയ്‌ക്കെല്ലാം പിന്നിൽ ഉണ്ടായേക്കാം. രണ്ടോ മൂന്നോ ഉദാഹരണങ്ങൾ മാത്രമാണ് തിരിച്ചറിവിനായി ഞാൻ മുകളിൽ ചൂണ്ടിക്കാണിച്ചത്.
ഏറ്റുപറയപ്പെടാത്ത പാപങ്ങൾ നമ്മുടെ കുടുംബത്തിലും സമൂഹത്തിലും സഭയിലും സ്ഥാപനങ്ങളിലും സന്യാസ സമൂഹങ്ങളിലും രാഷ്ട്രത്തിലുമെല്ലാം വലിയ പ്രശ്‌നങ്ങളും തകർച്ചകളും ഉണ്ടാക്കും എന്ന് നാം ഈ ഉദാഹരണങ്ങളിലൂടെ കണ്ടു. ‘നിലവിളി കേൾക്കുന്ന ദൈവം’ എന്ന പുസ്തകത്തിലെ മൂന്നും നാലും അധ്യായങ്ങൾ മനസിരുത്തി വായിക്കുക. ആ അധ്യായങ്ങൾ മാത്രമല്ല ആ പുസ്തകത്തിലെ ഓരോ വരികളും പ്രശ്‌നങ്ങളിൽപെട്ട് ഉഴലുന്നവർക്കും യഥാർത്ഥ സത്യാന്വേഷികളായ ഓരോരുത്തർക്കും ഒരു വലിയ ദൈവിക വെളിപ്പെടുത്തലായിരിക്കുമെന്നതിന് ഒരു സംശയവുമില്ല.

ദൈവത്തോടും മനുഷ്യനോടും
ഏറ്റുപറച്ചിലിന് രണ്ടു തലങ്ങളുണ്ട്. ഒന്ന് ദൈവത്തോട്, രണ്ട് മനുഷ്യനോട്. ദൈവത്തോടും മനുഷ്യനോടുമുള്ള അനുരഞ്ജനവും ഏറ്റുപറച്ചിലുമാണ് കുമ്പസാരത്തിൽ നടക്കേണ്ടത്. ഒരു നാണയത്തിന്റെ രണ്ടുവശങ്ങൾപോലെ ഇതു രണ്ടും ഒരേ രീതിയിൽ പ്രധാനപ്പെട്ടതാണ്. പക്ഷേ ഇപ്പോഴുള്ള നമ്മുടെ കുമ്പസാരങ്ങൾ ഒട്ടുമിക്കവാറും ഒരു തലത്തിൽ മാത്രം ഒതുങ്ങിനില്ക്കുന്നതാണ്. അതായത്, ദൈവത്തോടു മാത്രമുള്ള ഏറ്റുപറച്ചിലും അനുരഞ്ജനവുമാണ്. മനുഷ്യനോടുള്ള ഏറ്റുപറച്ചിലും അനുരഞ്ജനവും നാം സൗകര്യപൂർവം വളരെ ശോച്യമായി അവഗണിക്കുന്നു.

രണ്ടാമത്തെ തലം, അതായത്, തെറ്റിന് ഇരയായവരോടുള്ള മാപ്പു ചോദിക്കലും അനുരഞ്ജനവും സൗകര്യപൂർവം നമ്മൾ ഒഴിവാക്കുന്നതിനാൽ നമ്മുടെ കുമ്പസാര സംബന്ധമായ ഏറ്റുപറച്ചിലുകൾ അപൂർണങ്ങളാണ് എന്നുതന്നെ വേണം പറയാൻ. ഒരു യഥാർത്ഥ അനുതാപിയുടെ ഏറ്റുപറച്ചിൽ ധൂർത്തപുത്രന്റെ ഉപമയിൽ (ലൂക്കാ 15:11-32) കാണാൻ സാധിക്കും. ധൂർത്തപുത്രന് താൻ ചെയ്ത തെറ്റിനെക്കുറിച്ചും തന്റെ പാപജീവിതത്തെക്കുറിച്ചും താൻ നഷ്ടമാക്കിയ ദൈവകൃപകളെക്കുറിച്ചും പാപംമൂലം തനിക്ക് കൈമോശം വന്നുപോയ ദൈവികജീവനെക്കുറിച്ചും തിരിച്ചറിവും പാപബോധവും അനുതാപവും ലഭിച്ചപ്പോൾ അവൻ പാപക്കുണ്ടിൽനിന്നും എഴുന്നേറ്റ് പിതാവിന്റെ അടുത്തേക്ക് തിടുക്കത്തിൽ ചെല്ലുന്നു.

അവനെ കണ്ട മാത്രയിൽ ഓടിച്ചെന്ന് അവന്റെ പഴകി ദ്രവിച്ച അല്പവസ്ത്രത്തോടും പന്നിക്കൂട്ടിലെ നാറ്റം പിടിച്ച ശരീരത്തോടുംകൂടെ അവനെ കെട്ടിപ്പിടിച്ച് ചുംബിച്ച് സ്വീകരിക്കുന്ന അവന്റെ പിതാവിനോട് അവൻ ഏറ്റുപറയുന്ന രണ്ടു കാര്യമുണ്ട്. ”പിതാവേ, സ്വർഗത്തിനെതിരായും നിന്റെ മുമ്പിലും ഞാൻ പാപം ചെയ്തു. നിന്റെ പുത്രനെന്ന് വിളിക്കപ്പെടുവാൻ ഞാൻ ഇനി യോഗ്യനല്ല” (ലൂക്കാ 15:21). ഇവിടെ ധൂർത്തനായ ആ മകൻ ആദ്യം ദൈവത്തോട് തന്റെ തെറ്റ് ഏറ്റുപറയുന്നു. സ്വർഗത്തിനെതിരായി ഞാൻ തെറ്റു ചെയ്തുപോയി. ഇവിടെ സ്വർഗമെന്നുദ്ദേശിക്കുന്നത് ദൈവവും പിന്നെ മാലാഖമാരും മോക്ഷവാസികൾ എല്ലാവരുമാണ്. ആ ഏറ്റുപറച്ചിൽ അവൻ ചെയ്തു.

രണ്ടാമതായി അവൻ പറയുന്നത് നിന്റെ മുമ്പിൽ (പിതാവിന്റെ) ഞാൻ പാപം ചെയ്തു എന്നാണ്. ഇവിടെ ആ പിതാവ് നിലകൊള്ളുന്നത് മനുഷ്യരുടെ അല്ലെങ്കിൽ സഹജീവികളുടെ പ്രതിനിധിയായിട്ടാണ്. പിതാവിനോട് തെറ്റ് ഏറ്റുപറഞ്ഞ് മാപ്പു ചോദിക്കുന്നതിലൂടെ അവൻ മനുഷ്യനോടും മാപ്പു ചോദിച്ച് അനുരഞ്ജനപ്പെടുന്നു. മാത്രമല്ല അടുത്തപടി അവന്റെ തെറ്റിന് പരിഹാരം ചെയ്യുവാൻ അവൻ തയാറാകുന്നു. ഇനിമേൽ പുത്രനായിട്ടല്ല ആ നല്ല പിതാവിന്റെ ഭവനത്തിലെ ദാസന്മാരിൽ ഒരുവനായി താൻ ജീവിച്ചുകൊള്ളാമെന്ന് താഴ്മയോടെ പിതാവിനോട് ഏറ്റുപറയുന്നു. ഇവിടെ അവന്റെ നല്ല കുമ്പസാരം പൂർണമാകുന്നു.

ഇത്രയും പടികൾ ഒരു നല്ല കുമ്പസാരത്തിൽ നിർബന്ധമായും നടക്കേണ്ടതുണ്ട്. ഒന്ന്, തെറ്റ് തിരിച്ചറിയുന്നു. രണ്ട്, തെറ്റിനെക്കുറിച്ച് പശ്ചാത്തപിക്കുന്നു. മൂന്ന്, തെറ്റിന്റെ മാർഗം ഉപേക്ഷിക്കുവാൻ തയാറാകുന്നു. നാല്, അതിനുവേണ്ടി തിടുക്കത്തിൽത്തന്നെ ചെയ്യേണ്ട പ്രായോഗികമായ കാര്യങ്ങൾ അവ ചെയ്യുന്നു. അതായത് തിടുക്കത്തിൽ പിതാവിന്റെ അടുത്തുചെന്ന് തന്റെ തെറ്റ് ദൈവത്തോടും മനുഷ്യനോടും ഏറ്റുപറഞ്ഞ് ദൈവത്തോടും മനുഷ്യനോടും അനുരഞ്ജനപ്പെടുന്നു. അഞ്ച്, ചെയ്തുപോയ തെറ്റിന് പരിഹാരം (പ്രായശ്ചിത്തം) ചെയ്യാൻ തയാറാകുന്നു, അത് ചെയ്യുന്നു. ഇവിടെയാണ് കുമ്പസാരമെന്ന കൂദാശ പൂർണമാകുന്നത്.

സത്യത്തിൽ വളരെ ഫലം പുറപ്പെടുവിക്കുവാൻ അതിൽത്തന്നെ ശക്തിയുള്ള ഒരു കൂദാശയാണ് കുമ്പസാരം. ഇന്നുവരെയുള്ള ജീവിതത്തിൽ എത്രയോ വട്ടം നമ്മൾ കുമ്പസാരക്കൂടിനെ സമീപിച്ചിരിക്കുന്നു. എത്രയോ വട്ടം നമ്മൾ കുമ്പസാരിച്ചിരിക്കുന്നു. എന്നാൽ ധൂർത്തപുത്രൻ നടത്തിയതുപോലുള്ള മുൻപറഞ്ഞ അഞ്ചു തലങ്ങളുൾക്കൊണ്ട പൂർണതയുള്ളൊരു കുമ്പസാരം നടത്തുവാൻ ഒരിക്കലെങ്കിലും നമുക്ക് കഴിഞ്ഞിട്ടുണ്ടോ? അതു കഴിയാത്തതുകൊണ്ടല്ലേ നൂറുവട്ടം കുമ്പസാരിച്ചിട്ടും തീർത്താൽ തീരാത്ത അകൽച്ചകളും തകർച്ചകളും പ്രശ്‌നങ്ങളും പ്രതിസന്ധികളും നമ്മുടെ കുടുംബങ്ങളിൽ നിലനില്ക്കുന്നത്?
അതുകൊണ്ടല്ലേ തീർത്താൽ തീരാത്ത പൊട്ടിയൊലിച്ച് ദുർഗന്ധം വമിക്കുന്ന വ്രണങ്ങളും പുഴുക്കുത്തുകളും അവയുടെ ബഹിർസ്ഫുരണങ്ങളും സഭാതലങ്ങളിലും സ്ഥാപനങ്ങളിലും സന്യാസ സമൂഹങ്ങളിലും എന്തിനു പറയുന്നു ആതുരശുശ്രൂഷാ രംഗത്തുപോലും അല്പംകൂടി കടന്ന് ജീവകാരുണ്യ പ്രവർത്തനരംഗത്തുപോലും ഇന്നും നിലനില്ക്കുന്നത്.

സഭാമക്കൾക്കിന്നാവശ്യം പശ്ചാത്താപത്തിന്റെ കണ്ണുനീരാണ്. അതു തരാൻ ആർക്കുപറ്റും? പരിശുദ്ധാത്മാവിനുമാത്രമേ ആ കണ്ണുനീര് തരാൻ പറ്റൂ. ആഗോള സുവിശേഷവൽക്കരണത്തിനുവേണ്ടിയുള്ള തീവ്രപരിപാടികളുമായി വെടിച്ചില്ലിന്റെ വേഗതയിൽ പാഞ്ഞുനടക്കുന്ന അനേകം സുവിശേഷകരെ നമുക്ക് കാണാൻ കഴിയും. അതു യാഥാർത്ഥ്യമാകട്ടെ എന്നുതന്നെയാണ് ഇതെഴുതുന്ന എന്റെയും ആഗ്രഹവും പ്രാർത്ഥനയും. പക്ഷേ, അതു യാഥാർത്ഥ്യമാകണമെങ്കിൽ ഒരു പൂർണമായ നല്ല കുമ്പസാരത്തിന് ഈ ഓട്ടക്കാരും തയാറാകേണ്ടിയിരിക്കുന്നു. അതിന്റെ അനിവാര്യമായ ഭാഗമായി പരസ്പരം തെറ്റ് ഏറ്റുപറഞ്ഞ് പൊറുതി ചോദിക്കാൻ തയാറാകണം.

ഒരു കുടുംബത്തിൽ ഭാര്യ ഭർത്താവിനോടും ഭർത്താവ് ഭാര്യയോടും മാപ്പു ചോദിക്കാൻ തയാറാകണം. മക്കൾ മാതാപിതാക്കളോടും മാതാപിതാക്കൾ മക്കളോടും മാപ്പു ചോദിക്കണം. കുമ്പസാരം കഴിഞ്ഞ് ഇറങ്ങിവന്ന് നമ്മുടെ തെറ്റിന് ഇരയായവനെ നോക്കി അനുരഞ്ജനമെന്നവണ്ണം നാം പാസാക്കാറുള്ള പ്ലാസ്റ്റിക് ചിരിയല്ല ഞാൻ ഉദ്ദേശിക്കുന്നത്. നമ്മുടെ അനുരഞ്ജനത്തിന്റെ പ്രവൃത്തികൾ മിക്കപ്പോഴും അത്രത്തോളം മാത്രമേ എത്തിനില്ക്കാറുള്ളൂ. ഹൃദയപൂർവം മാപ്പു ചോദിക്കാൻ തയാറാകണം. ഞാൻ നിന്നോട് തെറ്റു ചെയ്തുപോയി ക്ഷമിക്കണമെന്ന് ഭർത്താവ് ഭാര്യയോടും ഞാൻ നിങ്ങളോട് ചെയ്തത് തെറ്റായിപ്പോയി, ക്ഷമിക്കണമേ എന്ന് ഭാര്യ ഭർത്താവിനോടും പച്ചയായ ഭാഷയിൽത്തന്നെ പൊറുതി ചോദിക്കണം.
കുടുംബാംഗങ്ങൾ പരസ്പരവും ഇതു ചെയ്യണം. അധികാരികൾ തങ്ങളുടെ കീഴിലുള്ളവരോടും കീഴിലുള്ളവർ അധികാരികളോടും ചെയ്തുപോയ തെറ്റുകൾക്ക് മാപ്പു ചോദിക്കാൻ തയാറാകണം. മാത്രമല്ല, ധൂർത്തപുത്രനെപ്പോലെ പ്രായശ്ചിത്തവും പരിഹാരവും ചെയ്യാൻ തയാറാകണം. പുത്രനായ അവൻ പിതാവിന്റെ ഭവനത്തിൽ തെറ്റിന് പ്രായശ്ചിത്തമായി ദാസനെപ്പോലെ വിനീതനായി പരിഹാരമനോഭാവത്തോടെ ജീവിക്കുവാൻ തയാറായല്ലോ. അതാണ് യഥാർത്ഥമായ പരിഹാരപ്രവൃത്തി.

അപ്പോൾ നമ്മുടെ കുടുംബങ്ങളിൽ ശാന്തി നിറയും. കുടുംബങ്ങൾ അനുഗ്രഹിക്കപ്പെടും. അതിലൂടെ സഭ അനുഗ്രഹിക്കപ്പെടും. സഭാസമൂഹങ്ങളിൽ, റീത്തുകളിൽ, സമാധാനം നിറയും. വിവിധ റീത്തുകൾക്ക് പരസ്പരം ആദരിക്കാനും പ്രശംസിക്കാനും പരസ്പര പൂരകങ്ങളായി നിലകൊള്ളാനും കഴിയും. പരസ്പരമുള്ള ഏറ്റുപറച്ചിലും പരിഹാരം ചെയ്യലും സന്യാസ സമൂഹങ്ങളുടെ മുഖഛായതന്നെ മാറ്റിക്കളയും. അവിടെ യേശുവിന്റെ യഥാർത്ഥ മുഖം വിളങ്ങാൻ തുടങ്ങും. സഭയുടെ മക്കൾ പരസ്പരം പണിത പാരക്കോലുകൾ, പരസ്പരം വച്ച കെണികൾ – കുടുംബത്തിനുള്ളിലാകട്ടെ, സമൂഹത്തിലാകട്ടെ പരിശുദ്ധാത്മാവിന്റെ അഗ്നിയിൽ നിർവീര്യമാക്കപ്പെടും.

ഇത്രയും ശരിയായാൽ പിന്നെ അധികം കാത്തിരിക്കേണ്ട ആവശ്യമില്ല രണ്ടാം പന്തക്കുസ്തയായി. കർത്താവിന്റെ രണ്ടാമത്തെ വരവിനെ നമുക്ക് ആത്മധൈര്യത്തോടെ കാത്തിരിക്കാം. അതിന് തക്കവിധത്തിൽ നമ്മുടെ ജീവിതങ്ങൾ യോഗ്യമായിത്തീരാൻ പൂർണതയുള്ള ഒരു നല്ല കുമ്പസാരം നടത്താൻ ആവശ്യമായ പാപത്തെക്കുറിച്ചുള്ള തിരിച്ചറിവും പശ്ചാത്താപവും ദൈവത്തോടും മനുഷ്യനോടും തെറ്റ് ഏറ്റുപറഞ്ഞ് മാപ്പുചോദിച്ച് പ്രായശ്ചിത്തവും പരിഹാരവും അനുഷ്ഠിക്കുവാനുള്ള സന്നദ്ധതയും നമുക്ക് ലഭിക്കുവാൻ പരിശുദ്ധാത്മാവിനോട് പ്രാർത്ഥിക്കാം.
ഇനിമേൽ നമ്മുടെ കുമ്പസാരക്കൂടുകൾ അപൂർണമാകാതിരിക്കട്ടെ. അല്ലെങ്കിൽ കിഴക്കുനിന്നും പടിഞ്ഞാറുനിന്നും വടക്കുനിന്നും തെക്കുനിന്നും അനേക ജനതകൾ സ്വർഗരാജ്യത്തിൽ ഭക്ഷണത്തിനിരിക്കുന്നതും ദൈവരാജ്യത്തിന്റെ മക്കളായ നമ്മൾ പുറത്തുള്ള അന്ധകാരത്തിലേക്ക് എറിയപ്പെടുന്നതുമായ അതിവേദനാജനകമായ ശിക്ഷാവിധിക്ക് നമ്മൾ അർഹരായിത്തീർന്നുവെന്നിരിക്കാം (മത്തായി 8:11-12). അതു സംഭവിക്കാതിരിക്കുവാൻവേണ്ടി ഏറ്റുപറച്ചിലിന്റെയും മാപ്പുചോദിക്കലിന്റെയും പരിഹാരം ചെയ്യലിന്റെയും വഴികളിലൂടെ അതിവേഗം നമുക്ക് നടക്കാം.•

സ്റ്റെല്ല ബെന്നി

Leave a Reply

Your email address will not be published. Required fields are marked *