ഹൃദ്യമായ മാറ്റങ്ങളിലേക്ക്…

 

”ഒരു നെടുവീർപ്പോടെ ഞാൻ എന്റെ കൈവിലങ്ങുകളെ നോക്കി. അതിന്റെ വളയങ്ങൾ എണ്ണി. അതിശയമെന്ന് പറയട്ടെ, അതിന് പത്ത് വളയങ്ങളാണ് ഉണ്ടായിരുന്നത്. എനിക്ക് വളരെ ഹൃദ്യമായ ഒരു ആശയം ഉള്ളിൽ തോന്നി. ഈ വളയങ്ങൾ ഉപയോഗിച്ച് കൊന്ത ചൊല്ലിയാലോ? അങ്ങനെ ആ തടവറയുടെ ഏകാന്തതയിൽ ഞാൻ കൊന്ത ചൊല്ലുവാൻ ആരംഭിച്ചു. ഞാൻ പറയട്ടെ, എന്റെ ജീവിതത്തിലെ ഏറ്റവും ഹൃദയസ്പർശിയായ ജപമാലസമർപ്പണമായിരുന്നു അത്. ആ പ്രാർത്ഥന തീരരുതേ എന്ന് ഞാൻ ആശിച്ചുപോയി. അവിടെ ദൈവം പരിശുദ്ധ അമ്മവഴി എനിക്ക് സജീവ സാന്നിധ്യമായി. തടവറയിലെ വളരെ കഠിനമായ പരീക്ഷണങ്ങൾ അതിജീവിക്കുവാൻ ആ പ്രാർത്ഥനയാണ് എന്നെ ശക്തനാക്കിയത്.”

അർദ്ധരാത്രിയിൽ തടവറയിൽ കീർത്തനം പാടി ദൈവത്തെ സ്തുതിച്ച പൗലോസും സീലാസും മരിച്ചിട്ടില്ല എന്ന് ഈ വാക്കുകൾ നമ്മെ ഓർമിപ്പിക്കുന്നു. തങ്ങൾ ജീവിതം സമർപ്പിച്ച യേശുക്രിസ്തുവിനെപ്രതി ധീരരക്തസാക്ഷികളിലൂടെ അവർ ഇന്നും ജീവിക്കുന്നു. ഡഗ്ലസ് അൽ ബാസി എന്ന വൈദികന്റെ വാക്കുകളാണ് മുകളിൽ ഉദ്ധരിച്ചത്. അതിക്രൂരമായ പീഡനങ്ങൾക്ക് വിധേയനാക്കപ്പെട്ടിട്ടും തന്നെ അകാരണമായി മർദിച്ചവരോട് മനസിൽ അല്പംപോലും കാലുഷ്യമില്ലാതെ, തികച്ചും ശാന്തനായി അവയെ നേരിട്ട അദ്ദേഹത്തിന്റെ ജീവിതം നമുക്കേറെ പ്രചോദനം നല്കുന്നതുതന്നെ. മെയ് 2016-ലെ കാത്തലിക് ഹെരാൾഡ് എന്ന മാസികയിലാണ് അദ്ദേഹത്തിന്റെ ധീരസാക്ഷ്യം വായിക്കുവാൻ ഇടയായത്.

കീഴ്‌മേൽ മറിഞ്ഞ സ്വപ്നങ്ങൾ
1998-ൽ ഇറാക്കിലെ ജനതയ്ക്കുവേണ്ടി ഒരു വൈദികനായി അഭിഷേകം ചെയ്യപ്പെടുമ്പോൾ ഫാ. ഡഗ്ലസിന്റെ മനസിൽ ഒത്തിരി സുന്ദരസ്വപ്നങ്ങൾ ഉണ്ടായിരുന്നു. താൻ അനുഭവിച്ചറിഞ്ഞ തന്റെ കർത്താവിന്റെ സ്‌നേഹം കഴിയുന്നത്രയും ആളുകളിൽ എത്തിക്കണം. ജാതി മത ഭേദമെന്യേ അദ്ദേഹം എല്ലാവരിലേക്കും കടന്നുചെന്നു ഈ സ്‌നേഹനാളവുമായി. മുസ്ലീം സഹോദരന്മാർ അദ്ദേഹത്തെ വളരെ ആദരവോടെയും സ്‌നേഹത്തോടെയുമാണ് സ്വീകരിച്ചിരുന്നത്.
എന്നാൽ എല്ലാം കീഴ്‌മേൽ മറിഞ്ഞത് പെട്ടെന്നായിരുന്നു. 2007 നവംബർ 17-ാം തിയതി. ഫാ. ഡഗ്ലസ് തന്റെ സുഹൃത്തുക്കളെ സന്ദർശിക്കുവാൻ പുറത്തുപോയതായിരുന്നു. അദ്ദേഹത്തെ രണ്ട് കാറുകളിൽ വന്ന ഭീകരസംഘം തടഞ്ഞുനിർത്തി. എടുത്തുപൊക്കി ആ കാറുകളിലൊന്നിന്റെ ഡിക്കിയിൽ ഇട്ടു. കണ്ണുകൾ മൂടിക്കെട്ടി ഒരു അജ്ഞാതകേന്ദ്രത്തിലേക്ക് കൊണ്ടുപോയി. കഠിനമായ മർദനങ്ങളുടെ ആരംഭമായിരുന്നു അത്.
തീവ്രവാദികളിൽ ഒരുവൻ അദ്ദേഹത്തിന്റെ മുഖത്ത് ആഞ്ഞ് ചവിട്ടി. മൂക്ക് പൊട്ടി രക്തം ധാരയായി ഒഴുകുവാൻ തുടങ്ങി. ദയ തോന്നിയ മറ്റൊരുവൻ ആ രക്തം തുടച്ചു. അതിനുശേഷം ഒരു ഇരുണ്ട മുറിയിലേക്ക് അവർ കൊണ്ടുപോയി. അതൊരു വീടിന്റെ ചായ്പ്പായിരുന്നു. ചോദ്യം ചെയ്യലിനൊപ്പം മർദനവും തുടർന്നു. അവർ അദ്ദേഹത്തിന്റെ വിശ്വാസത്തെ വല്ലാതെ പരിഹസിച്ചിരുന്നു. പക്ഷേ, അതെല്ലാം അദ്ദേഹത്തിന്റെ ഉള്ളിൽ ജ്വലിച്ചിരുന്ന വിശ്വാസനാളം ആളിക്കത്തിക്കുവാനേ ഉപകരിച്ചുള്ളൂ. പലപ്പോഴും തോക്ക് തലയോട് ചേർത്തുവച്ച് വെടിവച്ച് കൊല്ലുമെന്ന് അവർ ഭീഷണിപ്പെടുത്തിയിരുന്നു. ചിലപ്പോൾ അവർ പറയും ”നിന്റെ തല ഞങ്ങൾ വെട്ടും.”

പക്ഷേ, ഈ വധഭീഷണികൾക്കൊ ന്നും അദ്ദേഹത്തിന്റെ ശാന്തതയെ നശിപ്പിക്കുവാൻ സാധിച്ചില്ല. യാതൊരു തരത്തിലുള്ള മരണഭയവും അദ്ദേഹത്തിനില്ലായിരുന്നു. ഇത് അവരെ വളരെ അത്ഭുതപ്പെടുത്തി. അതിന്റെ കാരണം അവർ അന്വേഷിച്ചപ്പോൾ അദ്ദേഹം തന്റെ ക്രിസ്തീയവിശ്വാസത്തെ സാക്ഷ്യപ്പെടുത്തിക്കൊണ്ട് ഇപ്രകാരം പറഞ്ഞു: ”നിങ്ങളെ സംബന്ധിച്ചിടത്തോളം മരണം ഒരു അവസാനമാണ്. പക്ഷേ എനിക്ക് അങ്ങനെയല്ല. മരണം എനിക്കൊരു ആരംഭം മാത്രമാണ്.” അദ്ദേഹത്തിന്റെ ശാന്തമായ വാക്കുകൾ അവരെ പലപ്പോഴും വിറളി പിടിപ്പിച്ചിരുന്നു. അവർ പീഡനമുറകൾ വർധിപ്പിച്ചു. അതിൽ ഏറ്റവും ഭീകരമായ ഒന്ന് ഒരു തുള്ളി വെള്ളംപോലും നല്കാതെ അദ്ദേഹത്തെ അനേക ദിവസങ്ങൾ ഇട്ടു എന്നതാണ്. നാമൊക്കെ വളരെ സുഭിക്ഷമായി തിന്നുകയും കുടിക്കുകയും ചെയ്യുമ്പോൾ ഇവരെയൊക്കെ ഓർക്കണം.

ഇങ്ങനെ അനേക ദിവസങ്ങൾ പിന്നിട്ടപ്പോൾ അദ്ദേഹത്തിന് ഒരു മതിഭ്രമം പിടിപെട്ടതുപോലെ തോന്നി. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട അമ്മയും സഹോദരിമാരും വെള്ളം നല്കുവാൻ അടുത്തു വരുന്നതായി അദ്ദേഹം കണ്ടു. ‘അച്ചാ, ഞങ്ങൾ വെള്ളം തരട്ടെ’ എന്ന് അവർ സ്‌നേഹത്തോടെ ചോദിക്കുന്നതായും അദ്ദേഹത്തിന് തോന്നി. ഏതായാലും ദൈവം ഇടപെട്ടു. അടുത്ത ദിവസം രാവിലെ ഭീകരർക്ക് അദ്ദേഹത്തിന് വെള്ളം നല്കുവാനുള്ള പ്രേരണ അവിടുന്ന് നല്കി.
വലിയൊരു തുകയാണ് – ഒരു മില്ല്യൺ (പത്തു ലക്ഷം) ഡോളർ – അവർ മോചനദ്രവ്യമായി ആവശ്യപ്പെട്ടത്. അത് ലഭിക്കുകയില്ല എന്ന് അറിഞ്ഞതോടെ അവർ കൂടുതൽ ക്രുദ്ധരായി. ‘നിന്റെ പല്ലുകളെയും ഞങ്ങൾ അടിച്ച് കൊഴിക്കും’ എന്ന് പറഞ്ഞുകൊണ്ട് അവർ ഒരു ചുറ്റിക എടുത്ത് അദ്ദേഹത്തിന്റെ മുഖത്ത് ആഞ്ഞടിക്കുവാൻ തുടങ്ങി. അദ്ദേഹത്തിന്റെ മുൻനിരയിലെ പല്ല് താഴെ വീണു. വായിൽനിന്ന് രക്തം പ്രവഹിക്കുവാൻ തുടങ്ങി.
നമ്മൾ അത്ഭുതപ്പെടും എങ്ങനെയാണ് അദ്ദേഹം ഈ കൊടിയ പീഡനങ്ങളെ അതിജീവിച്ചതെന്ന്. ഒരു മനുഷ്യനും തന്റെ സ്വന്ത ശക്തികൊണ്ട് ഇത് സാധിക്കുകയില്ല. എന്നാൽ ഈശോ വാഗ്ദാനം ചെയ്ത സഹായകനായ ദൈവത്തിന്റെ പരിശുദ്ധാത്മാവാണ് അതിന് ശക്തി നല്കുന്നത്. നമ്മുടെ ജീവിതത്തിലുണ്ടാകുന്ന വലുതും ചെറുതുമായ സഹനങ്ങളെയും പരീക്ഷണങ്ങളെയും നേരിടുവാനുള്ള കരുത്ത് നല്കണമേയെന്ന് പരിശുദ്ധാത്മാവിനോട് നാം നിരന്തരം പ്രാർത്ഥിക്കേണ്ടതായിട്ടുണ്ട്. അവിടുന്ന് സഹനത്തിന്റെ തീച്ചൂളയിലൂടെ നമ്മെ കൈപിടിച്ച് നടത്തും, തീർച്ച.

അത്ഭുതം
അദ്ദേഹത്തിന്റെ മോചനത്തിനുവേണ്ടിയുള്ള ചർച്ചകൾ നടക്കുന്നുണ്ടായിരുന്നു. അങ്ങനെ ഒമ്പതാം ദിവസം ഫാ. ഡഗ്ലസ് മോചിതനായി. അന്ന് വളരെ ഹൃദയസ്പർശിയും ചിന്തോദ്ദീപകവുമായ ഒരു സംഭവം നടന്നു. മർദകനോട് വെറുപ്പ് വച്ചുപുലർത്താതെ അവനുവേണ്ടി പ്രാർത്ഥിക്കുന്നതും ശാന്തമായി അതിനെ നേരിടുന്നതും അവനെ മാനസാന്തരത്തിലേക്ക് നയിക്കും എന്നതിന്റെ ഉത്തമോദാഹരണമാണിത്. മർദകരിൽ ഒരാൾ അച്ചന്റെ അടുത്തുവന്ന് വളരെ മൃദുവായി ഇപ്രകാരം പറയുവാൻ തുടങ്ങി. ‘ഞാനാണ് താങ്കളുടെ മൂക്ക് അടിച്ച് തകർത്തത്. താങ്കൾ എന്നോട് ക്ഷമിക്കുമോ?’ അവന്റെ ശബ്ദത്തിലെ മൃദുത്വം അച്ചനെ അത്ഭുതപ്പെടുത്തി. അച്ചൻ പറഞ്ഞു: ”ഞാൻ നിന്നോട് പൂർണമായും ക്ഷമിക്കുന്നു.” എന്നാൽ അവനത് വിശ്വസിക്കുവാൻ സാധിച്ചില്ല. അതിനാൽ ഒരിക്കൽകൂടി അവൻ ചോദിച്ചു ”അച്ചൻ ഹൃദയത്തിന്റെ ആഴത്തിൽനിന്ന് ക്ഷമിച്ചോ?” അച്ചൻ അവനെ സ്‌നേഹപൂർവം തലോടിക്കൊണ്ട് പറഞ്ഞു: ”തീർച്ചയായും. ഒരു ദിവസം നിന്നോടുകൂടെ എനിക്ക് ഭക്ഷണം കഴിക്കുവാൻ ആഗ്രഹമുണ്ട്. അത്രമാത്രം ഞാൻ നിന്നെ സ്‌നേഹിക്കുന്നു.”
ഫാ. ഡഗ്ലസിനെപ്പോലെയുള്ള ധീരന്മാർ നമുക്കൊരു വഴി കാണിച്ചുതരുന്നുണ്ട്. അത് നമ്മുടെ നാഥനായ ക്രിസ്തുയേശു നടന്നുകാണിച്ച വഴിതന്നെയാണ്. സഹനത്തെ ഭയപ്പെടരുത്. ശാന്തതയോടും സ്‌നേഹത്തോടും അതിനെ പുൽകണം. അതിന്റെ സദ്ഫലങ്ങളാണ് നിലനില്ക്കുന്നത്. ശക്തിപ്പെടുത്തുന്നവനും കൂടെ നില്ക്കുന്നവനുമായ ദൈവത്തോട് നമുക്ക് പ്രാർത്ഥിക്കാം:

ഓ, സർവ്വശക്തനായ ദൈവമേ, അങ്ങയെ ഞാൻ ആരാധിക്കുന്നു. സത്യവിശ്വാസത്തിനുവേണ്ടി പീഡനമേല്ക്കുന്ന ലക്ഷക്കണക്കിന് വിശ്വാസികളെ ഓർത്ത് പ്രാർത്ഥിക്കുന്നു. അവരെ അവിടുന്ന് ഇപ്പോൾ സന്ദർശിക്കണമേ, അവരെ അങ്ങയുടെ പരിശുദ്ധാത്മാവിനെ അയച്ച് ധൈര്യപ്പെടുത്തിയാലും. അവരെപ്പോലെ ശാന്തമായും മനസിൽ വെറുപ്പില്ലാതെയും സഹനങ്ങളെ സ്വീകരിക്കുവാൻ എന്നെയും ഒരുക്കണമേ. എന്റെ മനസിനെ പ്രകാശിപ്പിക്കണമേയെന്ന് ഞാൻ തീവ്രമായി പ്രാർത്ഥിക്കുന്നു. അങ്ങയോടുള്ള സ്‌നേഹത്തെപ്രതി ചൊരിയുന്ന ഓരോ തുള്ളി കണ്ണീരും വളരെ വിലപ്പെട്ടതാണെന്ന് എന്നെ ഓർമിപ്പിക്കണമേ. പരിശുദ്ധ അമ്മേ, ദൈവമാതാവേ എനിക്ക് ശക്തി നല്കുവാൻ പരിശുദ്ധാത്മാവിനോട് പ്രാർത്ഥിച്ചാലും. വിശുദ്ധ യൗസേപ്പിതാവേ, വിശുദ്ധരേ, നിങ്ങളുടെ പ്രാർത്ഥനയാൽ എന്നെ ബലപ്പെടുത്തണമേ – ആമ്മേൻ.

കെ.ജെ. മാത്യു

1 Comment

  1. Annie says:

    Very good thoughts, really heart touching

Leave a Reply

Your email address will not be published. Required fields are marked *