ദൈവവുമായി താദാത്മ്യപ്പെടുന്നതെങ്ങനെ?

അമേരിക്കയിലെ ചില സ്ഥലങ്ങളിൽ നടക്കുന്ന ശ്വാനപ്രദർശനത്തെക്കുറിച്ച് വായിച്ചതോർക്കുന്നു. ഏതൊരു നായയ്ക്കാണോ തന്റെ യജമാനന്റെ മുഖഭാവവുമായി ഏറെ സാദൃശ്യമുള്ളത് ആ നായയുടെ ഉടമസ്ഥന് പ്രത്യേകമായ അവാർഡ് നല്കി ആദരിക്കുന്നു. നായയുടെയും ഉടമസ്ഥന്റെയും മുഖങ്ങൾ ചേർത്തുവച്ചുള്ള ഫോട്ടോ ലോക്കൽ ന്യൂസ് പേപ്പറുകൾ പ്രസിദ്ധീകരിക്കുകയും ചെയ്യും. യജമാനനും നാ യയും തമ്മിലുള്ള ആഴമായ സ്‌നേഹവും നിരന്തരമായ ഇടപഴകലും വഴി നായയ്ക്കും ഉടമസ്ഥന്റെ സ്വഭാവവും ഭാവങ്ങളും കൈവരും എന്ന ചിന്തയാണ് ഇതിന്റെ പിന്നിലുള്ളത്. ഒരിക്കൽ അവാർഡ് കിട്ടിയ വ്യക്തിയുടെ ഭാര്യ പത്രക്കാരുടെ ചോദ്യത്തിനുത്തരമായി ഇങ്ങനെ പറഞ്ഞു. അദ്ദേഹം എന്നെ സ്‌നേഹിക്കുന്നതിനെക്കാൾ കൂടുതലായി ആ നാ യയെയാണ് സ്‌നേഹിക്കുന്നത്. അതുകൊണ്ടായിരിക്കാം നായയുടെ മുഖത്തോട് കൂടുതൽ സാധർമ്മ്യം തോന്നുന്നത്.

ക്ലെയർവോക്‌സിലെ വിശുദ്ധ ബർണാഡ് പറഞ്ഞു: ”നാം എന്തിനെ സ്‌നേഹിക്കുന്നുവോ അതിനോട് ഐകരൂപപ്പെട്ടായിരിക്കും ജീവിതം വളരുക.”
ക്രിസ്തീയ വളർച്ചയുടെ രഹസ്യം ഈ വാക്കുകളിലുണ്ട്. ക്രിസ്തുവിന്റെ സ്വഭാവത്തിലേക്ക്, അവിടുന്നുമായുള്ള താദാത്മ്യത്തിലേക്ക് വളരുക എന്നതാണ് ക്രിസ്തീയ ആധ്യാത്മികതയുടെ കാതൽ. പക്ഷേ അനേകം വിശ്വാസികളും ‘വളർച്ച’ മറ്റു പലതിലും കാണുന്നതിനാൽ വളർച്ച മുരടിച്ചവരായിത്തീരുന്നു. മറ്റു വ്യക്തികളുമായുള്ള താരതമ്യപ്പെടുത്തൽ, മറ്റുള്ളവർക്ക് ദൈവം നല്കിയതുപോലുള്ള താലന്തുകളും കൃപാവരങ്ങളും സ്വന്തമാക്കാനുള്ള പരിശ്രമം, മറ്റുള്ളവരുടേതുപോലുള്ള ശുശ്രൂഷകൾ ചെയ്യുവാനുള്ള ഉത്ക്കടമായ ആഗ്രഹം – ഇതെല്ലാം യഥാർത്ഥമായ ആത്മീയ വളർച്ചയെ തടയാനിടയുണ്ട്. യേശുവിനെപ്പോലെയാകാൻ, യേശുവിനോട് ഒന്നായിത്തീരാൻ കഠിനമായ ഉപവാസം, പ്രാർത്ഥനാരീതികൾ, ധ്യാനം ഇവയൊക്കെ ചെയ്തിട്ടും ആഗ്രഹിച്ച സത്ഫലങ്ങൾ കാണാതെ വിഷമിക്കുന്നവരും ആത്മീയമണ്ഡലത്തിൽ ധാരാളമുണ്ട്. ഇതിനുള്ള പരിഹാരമാർഗമാണ് വിശുദ്ധ ബർണാഡ് ഉപദേശിക്കുന്നത്. ക്രിസ്തു നമ്മുടെ സ്‌നേഹവിഷയമായിത്തീരുക. ക്രിസ്തുവിനോടുള്ള സ്‌നേഹം വർധിക്കുന്നതിന് ആനുപാതികമായി നാം അവിടുത്തോട് അനുരൂപപ്പെട്ടുകൊണ്ടിരിക്കും.

പ്രാർത്ഥന
കർത്താവായ യേശുവേ, അങ്ങയോട് ഐക്യപ്പെടാനും സാദൃശ്യപ്പെടാനുമാണല്ലോ ഞങ്ങൾ വിളിക്കപ്പെട്ടിരിക്കുന്നത്. എങ്കിലും അങ്ങയുടെ സ്വഭാവത്തിൽനിന്നും ഞങ്ങളുടെ സ്വഭാവഗുണങ്ങൾ എത്രയോ അകലെയാണെന്ന് ഞങ്ങൾ തിരിച്ചറിയുന്നു. ഈശോയേ, അങ്ങയെ ഏറ്റവും അധികമായി സ്‌നേഹിച്ചുകൊണ്ട് അവിടുത്തോട് താദാത്മ്യപ്പെടാനുള്ള അനുഗ്രഹം ഞങ്ങൾക്ക് നല്കിയാലും – ആമ്മേൻ.

ബെന്നി പുന്നത്തറ
ചീഫ് എഡിറ്റർ

1 Comment

  1. Valsala Augustine says:

    Good

Leave a Reply

Your email address will not be published. Required fields are marked *