മധുരമുള്ള സമ്മാനം

ഒരു ഞായറാഴ്ച ദൈവാലയത്തിൽ പോകുവാനായി മിന്നു അണിഞ്ഞൊരുങ്ങി അമ്മയുടെ അടുത്തേക്ക് ചെന്നു. പുത്തനുടുപ്പിട്ട് പത്രാസിൽ നില്ക്കുന്ന മകളെ കണ്ട് സിനി ചിരിച്ചു. അവർ രണ്ടുപേരും ദൈവാലയത്തിലേക്ക് നടന്നു.

ദൈവാലയമുറ്റത്തെത്തിയപ്പോഴാണ് കൈയിൽ മനോഹര പുഷ്പങ്ങളുമായി മിന്നുവിന്റെ കൂട്ടുകാരി ടീനയും അമ്മയും വരുന്നത് അവർ കണ്ടത്.
”നീയെന്താടീ പൂക്കളുമായിട്ട്?” ടീനയുടെ അടുത്തെത്തി മിന്നു ചോദിച്ചു.

”മാതാവിന് കൊടുക്കാനാ. ഇന്നെന്റെ ബർത്ത്‌ഡേയാ” ടീന സന്തോഷത്തോടെ പറഞ്ഞു. മിന്നു ടീനയെ ആകെയൊന്നു നോക്കി. പിന്നെ പരിഹാസത്തോടെ ചോദിച്ചു:

”എന്നിട്ടാണോടീ നീ ഈ പഴയ ഉടുപ്പുമിട്ട് വന്നിരിക്കുന്നേ? ഒരു പുത്തനുടുപ്പുമിട്ട് വരാൻ മേലാരുന്നോ?”
മിന്നുവിന്റെ ചോദ്യം കേട്ടപ്പോൾ ടീന സങ്കടത്തോടെ അമ്മയുടെ മുഖത്തേക്ക് നോക്കി. ആ കുഞ്ഞിക്കണ്ണുകളിലെ നീർത്തിളക്കം രണ്ടമ്മമാരെയും വേദനിപ്പിച്ചു. എന്തു പറയണമെന്നറിയാതെ സിനി നിന്നു.

”പുതിയതല്ലെങ്കിലും മോളുടെ ഉടുപ്പിന് നല്ല ഭംഗിയുണ്ടല്ലോ. പിന്നെന്താ?” ടീനയുടെ അമ്മ അവളെ ആശ്വസിപ്പിച്ചു.

കുർബാന കഴിഞ്ഞ് മിന്നുവും അമ്മയും വീട്ടിലേക്ക് പോവുകയായിരുന്നു. പെട്ടെന്നാണ് മുന്നിൽ കിടന്ന ഒരു കല്ലിൽത്തട്ടി റോഡരികിലെ ചെളിവെള്ളത്തിലേക്ക് മിന്നു തെറിച്ച് വീണത്. സിനി മിന്നുവിനെ പിടിച്ചെഴുന്നേല്പിച്ചു. ഒന്നുരണ്ടിടത്ത് കീറിപ്പോയ, മനോഹരമായ ആ പുത്തനടുപ്പ്, നിറംപോലും മനസിലാക്കാനാവാതെ ചെളിവെള്ളത്തിൽ കുതിർന്നിരുന്നു. ആ കാഴ്ച കണ്ട് പലരും ചിരിച്ചു. അപമാനത്താൽ മിന്നു വലിയ വായിൽ കരയാൻ തുടങ്ങി. സിനി അവളെ ആശ്വസിപ്പിച്ച് വീട്ടിലേക്ക് കൊണ്ടുപോയി.

വീട്ടിലെത്തി കുളിച്ച് വേഷം മാറിയ മിന്നുവിനെ അടുത്ത് വിളിച്ച് സിനി പറഞ്ഞു: ”ഇന്ന് പള്ളിയിൽവച്ച് മോൾ ടീനയെ കളിയാക്കിയില്ലേ. അപ്പോൾ ടീനയ്ക്കുണ്ടായ സങ്കടം മോൾക്കിപ്പോൾ മനസ്സിലായില്ലേ? അത്രയേ ഉള്ളൂ. അതുകൊണ്ട് ഇനി എന്റെ മോൾ ആരെയും കളിയാക്കാതെ നല്ല കുട്ടിയായിരിക്കണം കേട്ടോ.” തന്റെ തെറ്റ് മനസിലായ മിന്നു അമ്മയെ നോക്കി തലയാട്ടി.

അന്നു മുഴുവൻ മിന്നു ആലോചനയിലായിരുന്നു. ഇടയ്ക്കവൾ തന്റെ സമ്പാദ്യപ്പെട്ടി തുറന്നുനോക്കി. പപ്പയോടെന്തൊക്കെയോ രഹസ്യം പറഞ്ഞു. ഉച്ചകഴിഞ്ഞപ്പോൾ മിന്നു പപ്പയെയും കൂട്ടി വേഷം മാറി പുറത്തേക്ക് പോയി.

കുറെ കഴിഞ്ഞ് കൈയിലൊരു കവറുമായി മിന്നുവും പപ്പയും തിരിച്ചുവന്നു. കവറഴിച്ചു നോക്കിയ സിനി അത്ഭുതപ്പെട്ടു. മനോഹരമായ ഒരു ഉടുപ്പ്. ”ഇത് ടീനയ്ക്കുള്ള എന്റെ ബർത്ത്‌ഡേ സമ്മാനമാ… എങ്ങനെയുണ്ടമ്മേ…?” നിറകണ്ണുകളോടെ ആ അമ്മ ചിരിച്ചു.

വൈകുന്നേരം സിനിയും മിന്നുവും കൂടി ടീനയുടെ വീട്ടിലെത്തി. മിന്നു പുത്തനുടുപ്പിന്റെ കവർ ടീനയ്ക്ക് നല്കി. ”ഇത് നിനക്കുള്ള എന്റെ ഒരു സമ്മാനമാ…” മിന്നു പറഞ്ഞു. കവറഴിച്ചുനോക്കിയ ടീന അത്ഭുതപ്പെട്ടു. പിന്നെ സന്തോഷത്തള്ളലോടെ ആ ഉടുപ്പ് തന്റെ നെഞ്ചോടു ചേർത്തു. വീടിനുള്ളിൽ പോയി ഒരു കൂട നിറയെ മധുരമുള്ള നാട്ടുമാമ്പഴം മിന്നുവിനും അമ്മയ്ക്കും നല്കി. ആ അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും മനസിൽ പങ്കുവയ്ക്കലിന്റെ നറുമണം പതിയെ വീശിക്കൊണ്ടിരുന്നു.

ദീപ ജോമി

 

Leave a Reply

Your email address will not be published. Required fields are marked *