വിശുദ്ധ കതേരി തെകാക്വിതാ
”ഒരു നിധിയാണ് നിങ്ങൾക്ക് തന്നിരിക്കുന്നത്. ദൈവമഹത്വത്തിനും ആത്മാക്കളുടെ രക്ഷയ്ക്കുമായി ആ നിധി നിങ്ങൾ നന്നായി ഉപയോഗിക്കുക.”- കതേരി തകാക്വിതായെ പരിചയപ്പെടുത്തിക്കൊണ്ട് കനേഡിയൻ മിഷന് ഫാ. ഡെ ലാംബർവില്ലെ കൊടുത്തയച്ച കത്തിലെ വാചകങ്ങളാണിത്. ആ നിധി ദൈവം ഏറ്റെടുത്തു.
മൊഹ്വാക്ക് പോരാളിയായ പിതാവിന്റെയും ക്രൈസ്തവവിശ്വാസിയായ മാതാവിന്റെയും മകളായി 1656-ൽ ഔറിസ്വെല്ലിയിലാണ് (ഇന്നത്തെ ന്യൂയോർക്കിന് സമീപം) കതേരിയുടെ ജനനം. ഫ്രഞ്ച് മിഷനറിമാരെ ശത്രുക്കളായി കണ്ടിരുന്ന പിതാവ്, കതേരിക്ക് മാമ്മോദീസ നൽകുവാൻ അനുവാദം നൽകിയില്ല. എങ്കിലും ഒരു ദിവസം ദൈവം ഇടപെടുമെന്നും കതേരി ക്രിസ്ത്യാനിയായി വളരുമെന്നും കതേരിയുടെ അമ്മ പ്രത്യാശ പുലർത്തി.
കതേരിക്ക് മൂന്ന് വയസ് മാത്രം പ്രായമുള്ളപ്പോൾ അടുത്തടുത്ത കാലഘട്ടത്തിൽ അവളുടെ പിതാവും മാതാവും വസൂരിരോഗബാധിതരായി മരണമടഞ്ഞു. കതേരിക്കും രോഗം ബാധിച്ചെങ്കിലും അവൾ സുഖപ്പെട്ടു. എന്നാൽ കാഴ്ചക്കുറവ് സംഭവിക്കുകയും മുഖം നിറയെ പാടുകൾ ഉണ്ടാവുകയും ചെയ്തു. മകൾക്ക് ക്രൈസ്തവ വിശ്വാസം പകർന്നു നൽകാനാകാത്തതിന്റെ വേദനയോടെയാണ് അമ്മ യാത്രയായത്. ”തന്റെ വിശുദ്ധരുടെ മരണം കർത്താവിന് അമൂല്യമാണ്.” എന്ന പ്രാർത്ഥനയായിരുന്ന മരണസമയത്ത് ആ അമ്മയുടെ ചുണ്ടുകളിലുണ്ടായിരുന്നത്. പ്രാർത്ഥനാനിർഭരമായ ആ സ്വപ്നം വൃഥാവിലായില്ല.
മാതാപിതാക്കളുടെ മരണത്തിന് ശേഷം അങ്കിളിനൊപ്പമാണ് കതേരി വളർന്നത്. പെൺകുട്ടികളെ വിലമതിച്ചിരുന്ന സമൂഹമായിരുന്നു ഇവർ ഉൾപ്പെട്ട ഇറോക്കി സമൂഹം. പെൺകുട്ടിയെ വിവാഹം കഴിച്ചു നൽകുന്ന ‘പോരാളി’ സമ്പാദിച്ചുകൊണ്ടുവരുന്നതെല്ലാം പെൺകുട്ടിയുടെ കുടുംബത്തിനുള്ളതാണ് എന്നതായിരുന്നു ഇതിന്റെ ഒരു കാരണം. അനുദിനവീട്ടുജോലികളിലും കലകളിലുമെല്ലാം ആന്റിമാരുടെ സഹായത്തോടെ കതേരി പ്രാവീണ്യം നേടി. മറ്റുള്ളവരുടെ മുമ്പിൽ പ്രത്യക്ഷപ്പെടുവാൻ വിമുഖത പ്രകടിപ്പിച്ച തെകാക്വിത വിനയവും സൗമ്യതയും അടക്കവുമുള്ള പെൺകുട്ടിയായാണ് വളർന്നു വന്നത്.
സ്വപ്നസാക്ഷാത്കാരത്തിലേക്ക്
ഒരിക്കൽ കതേരി താമസിച്ചിരുന്ന ഗ്രാമത്തിലൂടെ യാത്ര ചെയ്യുകയായിരുന്ന ജസ്യൂട്ട് വൈദികർക്ക് ഇവരുടെ ഭവനത്തിലാണ് രാത്രി താമസമൊരുക്കിയത്. തീക്ഷ്ണതയോടുള്ള അവരുടെ പ്രാർത്ഥനയിൽ കതേരി ആകൃഷ്ടയായി. അവരോടൊപ്പം പ്രാർത്ഥിക്കാൻ അനുവാദം ചോദിച്ച ഈ പെൺകുട്ടിക്ക് ക്രിസ്തുവിനെക്കുറിച്ചും മനുഷ്യകുലത്തെ രക്ഷിക്കാനായുള്ള അവിടുത്തെ മനുഷ്യാവതാരത്തെക്കുറിച്ചുമൊക്കെ ഈ വൈദികർ പറഞ്ഞുകൊടുത്തു.
ഈ കാലഘട്ടമൊക്കെയും അവളുടെ ആന്റിമാർ വിവാഹത്തിനായി കതേരിയെ നിർബന്ധിച്ചുകൊണ്ടിരുന്നു. മറ്റെല്ലാ കാര്യങ്ങളിലും ഇവരോട് വിധേയത്വവും അനുസരണയും പുലർത്തിയിരുന്ന കതേരി വിവാഹ കാര്യത്തിൽ മാത്രം എതിർപ്പ് പ്രകടിപ്പിച്ചു. ഇതിന്റെ പേരിൽ വളരെയധികം കളിയാക്കലുകളും കുത്തുവാക്കുകളും അധികജോലിഭാരവും സഹിക്കേണ്ടി വന്നുവെങ്കിലും സ്വതസിദ്ധമായ സന്തോഷത്തോടും ക്ഷമയോടുംകൂടി കതേരി അതെല്ലാം സഹിക്കുകയാണ് ചെയ്തത്.
പതിനെട്ടാം വയസിൽ
കതേരിക്ക് പതിനെട്ട് വയസ് തികഞ്ഞ സമയത്താണ് കാലിന് ഗുരുതരമായി പരിക്കേൽക്കുന്നത്. പരിക്കുപറ്റി വീട്ടിലായിരിക്കുന്ന സമയത്ത് രോഗികളെ സന്ദർശിക്കാനെത്തിയ ഫാ. ഡെ ലാംബർവില്ലായുടെ മുമ്പിൽ അവൾ തന്റെ മനസ് തുറന്നു. ക്രൈസ്തവ വിശ്വാസം സ്വീകരിക്കാനാഗ്രഹമുണ്ടെന്നും എന്തൊക്കെ പ്രതിബന്ധങ്ങളുണ്ടായാലും ഒന്നിനും ക്രിസ്തുവിനോടുള്ള സ്‌നേഹത്തിൽ നിന്ന് തന്നെ പിന്തിരിപ്പിക്കാനാവില്ലെന്നും ആ പെൺകുട്ടി ഫാ. ലാംബർവില്ലായോട് പങ്കുവച്ചു. ദൈവം പ്രത്യേകമായി തിരഞ്ഞെടുത്ത പെൺകുട്ടിയാണ് കതേരിയെന്ന് വിശുദ്ധനായ ആ വൈദികന് മനസിലായി. സാധാരണയായി വിശ്വാസത്തിന്റെ പ്രാരംഭദശയിലുള്ളവർക്ക് പറഞ്ഞുകൊടുക്കാത്ത പല കാര്യങ്ങളും ഫാ. ലാംബർവില്ല പെൺകുട്ടിക്ക് പറഞ്ഞുകൊടുത്തു. 1676 ഈസ്റ്റർ ദിനത്തിൽ കതേരി തെകാക്വിതാ കത്തോലിക്ക സഭയിലംഗമായി. കാതറിൻ എന്നായിരുന്നു തെകാക്വിതായുടെ പുതിയ പേര്.
പരീക്ഷണങ്ങൾ, പുണ്യങ്ങൾ
തെകാക്വിത മാമ്മോദീസാ സ്വീകരിക്കുന്നതിനെ ആന്റിമാരൊന്നും എതിർത്തില്ലെങ്കിലും ഔദ്യോഗികമായി ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതോടെ പുതിയ പല പരീക്ഷണങ്ങളും തെകാക്വിതയ്ക്ക് നേരിടേണ്ടതായി വന്നു. കൂടുതൽ സമയം പ്രാർത്ഥനയിൽ ചെലവഴിക്കുന്നതും ഞായറാഴ്ച ജോലി ചെയ്യാതിരിക്കുന്നതും അലസതകൊണ്ടാണെന്ന് ആരോപിച്ച് അവർ പലപ്പോഴും തെകാക്വിതയെ പട്ടിണിക്കിട്ടു. ചെയ്യാത്ത കുറ്റങ്ങൾ തെകാക്വിതയിൽ ആരോപിച്ചുകൊണ്ടും അവളുടെ ഭക്തി അഭിനയമാണെന്ന് പറഞ്ഞുകൊണ്ടും ഒരു ആന്റി അവളുടെ ജീവിതം കൂടുതൽ ദുഷ്‌കരമാക്കി. ഈ സാഹചര്യത്തിൽ ഏതെങ്കിലും ജസ്യൂട്ട് മിഷനിൽ അഭയം തേടാൻ ഫാ. ലാംബർവില്ല കതേരിയെ ഉപദേശിച്ചു. അങ്ങനെയാണ് കനേഡിയൻ മിഷനിൽ ഫാ. ലാംബർവില്ലയുടെ കത്തുമായി കതേരി എത്തിപ്പെടുന്നത്.
ഇന്ത്യൻ വംശത്തിൽപ്പെട്ട ക്രൈസ്തവ സ്ത്രീയായ അനസ്താസിയയുമായുള്ള സൗഹൃദം ക്രൈസ്തവ പുണ്യങ്ങളിൽ ആഴപ്പെടാൻ കതേരിയെ സഹായിച്ചു. ഉപവാസത്തിലൂടെയും പരിഹാര പ്രവൃത്തികളിലൂടെയും തന്റെയും ക്രിസ്തുവിനെ അറിയാത്ത ബന്ധുക്കളുടെയും പാപങ്ങൾക്ക് പരിഹാരം ചെയ്യുവാൻ ആരംഭിച്ചത് ഈ കാലഘട്ടത്തിലാണ്. ആന്റിമാരുടെ നിർദേശപ്രകാരം ഉപയോഗിച്ചിരുന്ന വിവധ ആഭരണങ്ങൾ ഉപേക്ഷിക്കാനും കതേരിക്ക് ബുദ്ധിമുട്ടുണ്ടായില്ല. ക്രിസ്മസ് ദിനത്തിൽ പ്രഥമദിവ്യകാരുണ്യം സ്വീകരിച്ച കതേരി ‘കോഫ്രട്ടേണിറ്റി ഓഫ് ദി ഹോളി ഫാമിലി’ എന്ന കൂട്ടായ്മയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. ദാരിദ്ര്യത്തിന്റെ ജീവിതശൈലിയാണ് അവൾ സ്വീകരിച്ചത്.
ആയിടയ്ക്ക് മറ്റൊരു സംഭവവികാസമുണ്ടായി. ഒരു സ്ത്രീ തന്റെ ഭർത്താവുമായി ബന്ധപ്പെടുത്തി കതേരിക്കുനേരെ അപവാദം തൊടുത്തുവിട്ടു. കതേരിയുടെ ഭാഗത്ത് തെറ്റൊന്നുമില്ലാതിരുന്നിട്ടുകൂടി അധികാരിയായ വൈദികനുൾപ്പെടെ ആരും അവളെ വിശ്വസിച്ചില്ല. നിശബ്ദസഹനത്തിലൂടെയും സഹിഷ്ണുതാപൂർവമായ പെരുമാറ്റത്തിലൂടെയുമാണ് കതേരി അത് നേരിട്ടത്. എന്നാൽ അപവാദം പ്രചരിപ്പിച്ച സ്ത്രീതന്നെ പിന്നീട് തന്റെ തെറ്റ് മനസിലാക്കി. കതേരിയുടെ മരണശേഷം കണ്ണീരോടുകൂടി മാത്രമേ അവളെക്കുറിച്ച് ഈ സ്ത്രീക്ക് പറയുവാൻ കഴിഞ്ഞിരുന്നുള്ളൂ.
മനോഹാരിതയിലേക്ക്
സന്യാസിനിമാരുടെ വിശുദ്ധിയും ജീവിതചര്യയും കതേരിയെ ഏറെ ആകർഷിച്ചു. അവരുടെ പാത പിന്തുടരാനുള്ള ആഗ്രഹം സഫലമായില്ലെങ്കിലും തന്റെ ജീവിതം ദൈവത്തിന് സമർപ്പിച്ചുകൊണ്ട് നിത്യകന്യകാവ്രതവാഗ്ദാനം കതേരി വൈദികന്റെ സാന്നിധ്യത്തിൽ നടത്തി. നിരന്തരമായ രോഗപീഡകൾ അലട്ടിയിരുന്ന കതേരിയുടെ ആരോഗ്യസ്ഥിതി 1680-ലെ നോമ്പുകാലത്ത് കൂടുതൽ വഷളായി.
വലിയ ആഴ്ചയിലെ ചൊവ്വാഴ്ച ദിവസം കതേരി തന്റെ ജ്ഞാനസ്‌നാനവ്രതങ്ങൾ നവീകരിച്ചു. രോഗബാധിതമായ ശരീരം ദൈവത്തിന് പൂർണമായി സമർപ്പിച്ചശേഷം ദിവ്യകാരുണ്യം സ്വീകരിച്ച് സ്വർഗീയ യാത്രയ്ക്കായി ഒരുങ്ങി. 1680 ഏപ്രിൽ 17-ാം തിയതി, 24-ാമത്തെ വയസിൽ ആ ആത്മാവ് നിത്യതയിലേക്ക് യാത്രയായി. മരണത്തിന് ശേഷം ഉടനെ തന്നെ കതേരിയുടെ മുഖത്തുണ്ടായിരുന്ന പാടുകൾ മാഞ്ഞതായും ആ മുഖം മനോഹരമായി കാണപ്പെട്ടതായും മരണസമയത്ത് കൂടെയുണ്ടായിരുന്ന മിഷൻ വൈദികർ സാക്ഷ്യപ്പെടുത്തി. 2012 ഒക്‌ടോബർ 21-ാം തിയതി മൊഹ്വാക്കിന്റെ ഈ ലില്ലിപുഷ്പത്തെ തിരുസഭ വിശുദ്ധയായി പ്രഖ്യാപിച്ചു.
രഞ്ജിത് ലോറൻസ്