എളുപ്പം ലക്ഷ്യത്തിലേക്ക്

എനിക്കൊരു സുഹൃത്തുണ്ട്. സ്പീഡ് ബ്രേക്കർ ഘടിപ്പിച്ചിരിക്കുന്ന ഒരു വാഹനവും അവന് സ്വന്തമായുണ്ട്. അവൻ ആ വാഹനവുമായി എവിടെയെല്ലാം പോയാലും, തിരിച്ചെത്തുമ്പോഴേക്ക് അവന്റെ വാഹനം മറ്റു പല വാഹനങ്ങളുമായും തട്ടലും മുട്ടലുമെല്ലാം പതിവാണ്. ശ്രദ്ധിച്ചപ്പോൾ മനസിലാക്കാൻ കഴിഞ്ഞ കാരണം വ്യത്യസ്തമായിരുന്നു.

വാഹനം ഓടിക്കുന്നതിനിടയിൽ പലപ്പോഴും അവന്റെ ശ്രദ്ധ മറ്റു ട്രാക്കിൽകൂടി ഓടുന്ന വാഹനങ്ങളിലാണ്. വളരെ വേഗത്തിൽ ഓടിപ്പോകുന്ന മറ്റു പല വാഹനങ്ങളും കാണുമ്പോൾ ഇതുപോലെ വേഗതയിൽ ഓടിച്ചുപോകുവാൻ സാധിക്കുന്നില്ലല്ലോയെന്ന് അവൻ പലപ്പോഴും ചിന്തിച്ചുപോകുന്നു. ഈ വിധത്തിലുള്ള ചിന്തയും ഓട്ടത്തിനിടയിൽ മറ്റു ട്രാക്കുകളിലേക്കുള്ള നോട്ടവും അവനെ പലപ്പോഴും അപകടത്തിലേക്ക് നയിക്കുന്നു. വേഗത നിയന്ത്രിക്കാനും അപകടം കുറയ്ക്കുവാനുമായി നിയമപ്രകാരം വച്ചിരിക്കുന്ന ഈ സ്പീഡ് ബ്രേക്കർ ഉള്ളപ്പോൾ മറ്റു ട്രാക്കുകളിലേക്കും മറ്റു വാഹനങ്ങളിലേക്കും ശ്രദ്ധിക്കാതിരുന്നെങ്കിൽ തീർച്ചയായും അവന് സംഭവിച്ചുകൊണ്ടിരുന്ന ഈ അപകടങ്ങളിൽനിന്ന് രക്ഷപ്പെടാമായിരുന്നു.

ആത്മീയ ജീവിതത്തിന്റെ ട്രാക്കിലൂടെ ഓടിക്കൊണ്ടിരിക്കുന്ന നമുക്കും സംഭവിച്ചുപോകുന്ന ഒരു വീഴ്ചയല്ലേ മറ്റു വ്യക്തികളും സാഹചര്യങ്ങളുമാകുന്ന ട്രാക്കിലേക്കുള്ള നോട്ടവും? ആത്മീയജീവിതം ലക്ഷ്യം വച്ചിരിക്കുന്ന ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം അവൻ മറ്റുള്ളവരിലേക്ക് നോക്കി സമയം പാഴാക്കി കളയേണ്ടവനല്ല. എന്റെ സുഹൃത്തിന്റെ വാഹനത്തിന് നിയമപ്രകാരം സ്പീഡ് ബ്രേക്കർ ഘടിപ്പിച്ചിരിക്കുന്നതുപോലെതന്നെ, നമ്മുടെ ആത്മീയ ജീവിതത്തിന്റെ തലങ്ങളിലും ദൈവം ചില സ്പീഡ് ബ്രേക്കറുകൾ ഘടിപ്പിച്ചിട്ടുണ്ട്. നമ്മുടെ ആത്മീയജീവിതപാതയ്ക്ക് അനുയോജ്യമാണെന്നുകണ്ട് ഒരുപക്ഷേ നമുക്കുമാത്രമായി ദൈവം നല്കിയിരിക്കുന്നതായിരിക്കും അത്.

ഭൗതികജീവിതത്തിലെന്നപോലെതന്നെ ആത്മീയജീവിതത്തിലും നിയമത്തിന് വലിയ സ്വാധീനമുണ്ട്. ”സൈനികസേവനത്തിൽ ഏർപ്പെട്ടിരിക്കുന്ന പടയാളി തന്നെ സൈന്യത്തിൽ ചേർത്ത ആളിന്റെ ഇഷ്ടം നിറവേറ്റാനുള്ളതിനാൽ മറ്റു കാര്യങ്ങളിൽ തലയിടാറില്ല. നിയമപ്രകാരം മത്സരിക്കാത്ത ഒരു കായികാഭ്യാസിക്കും കിരീടം ലഭിക്കുകയില്ല” (2 തിമോത്തിയോസ് 2:4-5). യഥാർത്ഥത്തിൽ, ഭൗതികനിയമങ്ങൾപോലെ ആത്മീയനിയമങ്ങൾ ആരും നമ്മെ അടിച്ചേല്പിക്കുന്നതല്ല. പ്രത്യുത, ആത്മീയദാഹമുള്ള വ്യക്തികളിലേക്ക് പരിശുദ്ധാത്മാവ് വാരിച്ചൊരിയുന്ന കൃപകളാണ്. ഇരുവശത്തും പരിധികളുള്ള ഒരു നല്ല പാത നമ്മെ ലക്ഷ്യത്തിലേക്ക് എളുപ്പം നയിക്കും.

സഭ വിശുദ്ധരായി പ്രഖ്യാപിച്ചിട്ടുള്ളവരുടെയെല്ലാം ജീവിതം പരിശോധിക്കുമ്പോൾ അവരാരും ജന്മനാ വിശുദ്ധരായി ഭൂമിയിലേക്ക് പിറന്നുവീണവരല്ല. മറിച്ച്, പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുവാനുള്ള അവരുടെ ആത്മീയദാഹമാണ് അവരെ വിശുദ്ധരാക്കിത്തീർത്തത്. എന്റെ സുഹൃത്തിനെപ്പോലെ ആകുലചിന്തകളുമായി വാഹനമോടിക്കുമ്പോൾ, നാം അറിയാതെതന്നെ വാഹനം നമ്മുടേതല്ലാത്ത ട്രാക്കുകളിലേക്ക് കയറിപ്പോകാനും പ്രതീക്ഷിക്കാത്ത അപകടങ്ങൾ സംഭവിക്കാനും സാധ്യതയുണ്ട്. അതിനാൽ ആത്മീയ ജീവിതം വളരെ ശ്രദ്ധയോടെതന്നെ നാം ഓടിത്തീർക്കണം.

അപ്പോൾ പൗലോസ് ശ്ലീഹായെപ്പോലെ നമുക്കും ഇപ്രകാരം പറയുവാൻ സാധിക്കും: ”ഞാൻ നന്നായി പൊരുതി; എന്റെ ഓട്ടം പൂർത്തിയാക്കി; വിശ്വാസം കാത്തു. എനിക്കായി നീതിയുടെ കിരീടം ഒരുക്കിയിരിക്കുന്നു. നീതിപൂർവം വിധിക്കുന്ന കർത്താവ് ആ ദിവസം അത് എനിക്ക് സമ്മാനിക്കും; എനിക്കു മാത്രമല്ല, അവന്റെ ആഗമനത്തെ സ്‌നേഹപൂർവം ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന എല്ലാവർക്കും” (2 തിമോത്തിയോസ് 4:7-8).

ജാക്‌സൺ ജോൺ

 

 

Leave a Reply

Your email address will not be published. Required fields are marked *