യേശുവിന്റെ പ്രിയനടൻ-യൂദാസ്

ഒരു ഗ്രാമത്തിലെ ഉത്സവത്തിന് മിശിഹായുടെ പീഡാനുഭവനാടകം അഭിനയിക്കുവാൻ ഗ്രാമത്തലവനും അവിടുത്തെ ആശ്രമസുപ്പീരിയറും കൂടി തീരുമാനിച്ചു. ആശ്രമത്തിലെ സന്യാസികൾ മനസുവച്ചഭിനയിച്ചാലേ പദ്ധതി വിജയിക്കൂ എന്നും അവർക്കു ബോധ്യമായി. സുപ്പീരിയർ ആശ്രമത്തിൽ വന്ന് അന്തേവാസികളെ വിളിച്ചുകൂട്ടി വിവരം അറിയിച്ചു. അവർക്ക് സന്തോഷമായി. നാടകപുസ്തകം തുറന്ന് ഓരോരുത്തരുടെയും ഭാഗം വീതിച്ചു.

യേശുവിന്റെ ഭാഗം കിട്ടുവാൻ ഓരോരുത്തർക്കും ആഗ്രഹവും നിർബന്ധവും. ഒടുവിൽ ഏറ്റവും യോജിച്ച ഒരാൾക്ക് അതു കൊടുത്തു. പിന്നീട് കന്യകാമറിയം ആകുവാനായിരുന്നു ഉത്സാഹം. അതും ഒരാൾക്ക് കൊടുത്തപ്പോൾ പിന്നെ ശ്ലീഹന്മാർ ഓരോരുത്തരുടെയും ഭാഗം വീതിച്ചു. സന്യാസികളുടെ ഉത്സാഹം കുറഞ്ഞു കുറഞ്ഞു വന്നു. ഹന്നാസ്, കയ്യാഫാസ്, പടയാളികൾ മുതലായവരുടെ ഭാഗം വന്നപ്പോൾ നിർബന്ധത്തിന്റെ പേരിൽ ഓരോരുത്തർ സമ്മതിച്ചു. ഒടുവിൽ യൂദാസിന്റെ ഭാഗം അഭിനയിക്കുവാൻ ചോദിച്ചിട്ട് ആർക്കും മനസില്ല. എല്ലാവരും ഒഴിഞ്ഞുമാറുന്നു. ആശ്രമത്തലവൻ വിഷമത്തോടെ ചാപ്പലിൽ കയറി പ്രാർത്ഥിക്കുവാനിരുന്നു. അപ്പോഴതാ അവിടെ മൂലയ്ക്ക് നിന്നുകൊണ്ട് ഒരു തുണസഹോദരൻ രഹസ്യമായി പ്രാർത്ഥിക്കുന്നു. അല്പസമയത്തിനുശേഷം അവരിരുവരും ഒരുമിച്ചാണ് പുറത്തിറങ്ങിയത്. പിതാവിന്റെ മുഖത്തെന്തേ വിഷമം എന്ന് തുണസഹോദരൻ ആരാഞ്ഞു. കാരണം പറഞ്ഞപ്പോൾ താൻ യൂദാസായിക്കൊള്ളാമെന്ന് സന്തോഷപൂർവം ഏറ്റതോടെ പ്രശ്‌നം തീർന്നു.

ഉത്സവദിവസം ആഗതമായി. വേഷം കെട്ടിവന്ന സന്യാസികൾ സകല കഴിവും കാട്ടി അഭിനയിച്ചു. യേശുവിനെ കണ്ടവർ അവിടുത്തെ പീഡാനുഭവത്തിൽ സഹതപിക്കുകയും കരയുകയും ചെയ്തു. യൂദാസ് ഒറ്റിക്കൊടുക്കുവാൻ വന്നപ്പോൾ ജനം ‘ദുഷ്ടൻ, വഞ്ചകൻ, കള്ളൻ’ എന്നിങ്ങനെ ആർത്തുവിളിച്ചു. നാടകം കഴിഞ്ഞ് അണിയറയിൽനിന്ന് ഗ്രീൻ റൂമിലേക്ക് പോകുന്ന അഭിനേതാക്കളെ കാണുവാൻ കുട്ടികളും യുവാക്കളും തടിച്ചുകൂടുകയും മറയ്ക്കിടയിലൂടെ ഒളിഞ്ഞുനോക്കുകയും ചെയ്തു. യേശുവിനെ കണ്ടിട്ട് ‘കർത്താവേ അനുഗ്രഹിക്കണമേ’ എന്നുപറഞ്ഞ് ഭവ്യതയോടെ നിന്നപ്പോൾ യൂദാസിന്റെ ദർശനത്തിൽ ‘ഈ വഞ്ചകനെ വിടരുത്, ദുഷ്ടൻ’ എന്നൊക്കെ വിളിച്ചു പറഞ്ഞു.

രാത്രി നിദ്രയിൽ, യൂദാസായി അഭിനയിച്ച തുണസഹോദരന്റെ അടുത്ത് യഥാർത്ഥ യേശുക്രിസ്തു പ്രത്യക്ഷപ്പെട്ടുകൊണ്ട് പറഞ്ഞു: ”മകനേ നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു.” എന്തുകൊണ്ട് എന്ന് അയാൾ തിരക്കിയപ്പോൾ മറുപടിയായി യേശുതമ്പുരാൻ മൊഴിഞ്ഞു:

”ഇന്ന് എന്റെ വേഷം കെട്ടി, ആ നാമത്തിൽ ലഭിക്കുന്ന പേരും പെരുമയും പിടിച്ചു പറിക്കുവാൻ ഏവർക്കും മോഹമാണ്. എന്നാൽ എന്റെ അരൂപി മനസിലാക്കി അതനുസരിച്ച് പ്രവർത്തിക്കുന്നവർ വിരളവും. അത് നിന്നെപ്പോലുള്ളവരാണ് ചെയ്യുന്നത്. എന്റെ കാലത്ത് കുരിശെന്നപോലെ ഇന്ന് പരിഹാസപാത്രമായ ഒരു ഭാഗം ആണ് യൂദാസിന്റേത്. എന്റെ മഹിമ വർധിപ്പിക്കുവാനായി മാത്രമാണ് നീ അത് ഏറ്റെടുത്തതും തുടർന്ന് നിന്ദിക്കപ്പെട്ടതും. ഇതാണ് യഥാർത്ഥമായ എന്റെ അരൂപി. ബാഹ്യമായ മോടിയല്ല, ആന്തരിക അരൂപിയാണ് ഞാൻ നോക്കുന്നത്.” യേശുക്രിസ്തു അപ്രത്യക്ഷനായി.

 

Leave a Reply

Your email address will not be published. Required fields are marked *