ദൈവിക സമ്മാനങ്ങൾക്കായ്…

പരിശുദ്ധാത്മാവേ, ഓ സകല പുണ്യങ്ങളുടെയും ഉറവിടമേ! ദൈവഭയം എന്ന പുണ്യം എനിക്ക് നല്കണമേ. പഴയ പാപങ്ങളിലേക്ക് തിരിച്ചുപോകാതെ അവയിൽനിന്നെല്ലാം മാറി നടക്കുവാൻ അതുവഴി സാധിക്കട്ടെ.

ഓ പരിശുദ്ധാത്മാവേ എനിക്ക് ദൈവഭക്തി നല്കണമേ. കൂടുതൽ താല്പര്യത്തോടെ അവിടുത്തെ ശുശ്രൂഷിക്കാനും അവിടുത്തെ പ്രചോദനങ്ങൾ പിന്തുടരാനും വിശ്വസ്തതയോടെ അവിടുത്തെ മാർഗത്തിൽ ചരിക്കാനും എന്നെ പ്രാപ്തനാക്കണമേ.

ഓ പരിശുദ്ധാത്മാവേ അറിവിന്റെ വരം എനിക്ക് നല്കണമേ! ദൈവികകാര്യങ്ങളെ മനസിലാക്കിയും ദിവ്യപ്രബോധനങ്ങളാൽ പ്രകാശിതനായും ആത്മാവിന്റെ നിത്യരക്ഷമാത്രം ലക്ഷ്യമാക്കി ജീവിക്കാൻ എന്നെ സഹായിക്കണമേ.

ഓ പരിശുദ്ധാത്മാവേ ആത്മശക്തിയാൽ എന്നെ നിറയ്ക്കണമേ! എന്റെ ആത്മാവിന്റെ രക്ഷയെ തടയുന്ന ലോകത്തിന്റെ ശക്തികളെയും തിന്മയുടെ സ്വാധീനങ്ങളെയും ധൈര്യപൂർവം അതിജീവിക്കാൻ അങ്ങനെ എനിക്ക് സാധിക്കട്ടെ.

ഓ പരിശുദ്ധാത്മാവേ ആലോചന എന്ന ദൈവികദാനം എനിക്ക് നല്കണമേ! എന്റെ ആത്മാവിന്റെ ഉത്കർഷത്തിനാവശ്യമായ കാര്യങ്ങൾമാത്രം തിരഞ്ഞെടുക്കാനും തിന്മയുടെ എല്ലാ പ്രലോഭനങ്ങളെയും അതിജീവിക്കുവാനും എന്നെ സഹായിക്കണമേ.

ഓ പരിശുദ്ധാത്മാവേ അവിടുത്തെ ദാനമായ അറിവ് നല്കി എന്നെ അനുഗ്രഹിക്കണമേ! സ്വർഗീയ രഹസ്യങ്ങളെ ശരിയായി മനസിലാക്കുവാനും അവയെ ധ്യാനിച്ച് ഈലോകത്തിലെ നിഷ്ഫലമായ കാര്യങ്ങളിൽനിന്നും വികാരവിചാരങ്ങളെ വേർപെടുത്തി ജീവിക്കുവാനും അതിലൂടെ സഹായിക്കണമേ.

ഓ പരിശുദ്ധാത്മാവേ എനിക്ക് വിജ്ഞാനം നല്കണമേ! എന്റെ എല്ലാ പ്രവൃത്തികളും ദൈവകേന്ദ്രീകൃതമായിരിക്കാനും ഈ ജീവിതത്തിൽ അവിടുത്തെ മാത്രം സ്‌നേഹിച്ച് ശുശ്രൂഷിച്ചതിനാൽ നിത്യജീവിതത്തിൽ അവിടുത്തെ സ്വന്തമാക്കുന്നതിന്റെ ആനന്ദം അനുഭവിക്കാനും അതുവഴി എനിക്ക് ഇടവരട്ടെ. ആമ്മേൻ
(വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ പ്രാർത്ഥന)

Leave a Reply

Your email address will not be published. Required fields are marked *