മീ ദേവുഡു!

പുതുവർഷത്തിന്റെ ആദ്യമണിക്കൂറുകളിൽ നമ്മിൽ പലരും ചെയ്യാറുള്ളതുപോലെ പാതിരാ കുർബാന കഴിഞ്ഞ് വന്നയുടനെ വിശുദ്ധ ഗ്രന്ഥം ഭക്തിപൂർവം പ്രതീക്ഷയോടെ തുറന്നു. വായിക്കാൻ ലഭിച്ച വചനഭാഗം ഇതായിരുന്നു, ”ഞാൻ നിന്നെ ശുദ്ധീകരിച്ചു. എന്നാൽ വെള്ളിപോലെയല്ല. കഷ്ടതയുടെ ചൂളയിൽ നിന്നെ ഞാൻ ശോധന ചെയ്തു. എനിക്കുവേണ്ടി, അതെ, എനിക്കുവേണ്ടി മാത്രമാണ് ഞാനിതു ചെയ്യുന്നത്. എന്റെ നാമം എങ്ങനെ കളങ്കിതമാകും? എന്റെ മഹത്വം ഞാൻ ആർക്കും നല്കുകയില്ല” (ഏശയ്യാ 48:10-11). എല്ലാ വർഷവും ലഭിക്കാറുള്ളതുപോലെ ശുഭപ്രതീക്ഷയുടെയും ആശ്വാസത്തിന്റെയും ഒരു വചനം പ്രതീക്ഷിച്ച ഞാൻ ഈ വചനം കണ്ടപ്പോൾ ഈശോയോട് സ്വാതന്ത്ര്യത്തോടെ അല്പം പരിഭവം പറഞ്ഞു: ”ഒരു നല്ല ദിവസമായിട്ട് ഇങ്ങനെയാണോ സംസാരിക്കുന്നത്?” എന്ന്.
മണിക്കൂറുകൾ കടന്നുപോയി. ഞാൻ വിവിധ ജോലികളിലായിരുന്നു. ഉച്ചയ്ക്ക് അടുത്തുള്ള ഒരു ഗ്രാമത്തിലെ ക്രിസ്മസ് ആഘോഷങ്ങൾക്കായി ഞങ്ങൾ സന്യാസിനികൾ എല്ലാവരും യാത്രയായി. ആന്ധ്രായിൽ മിഷനറിപ്രവർത്തനങ്ങളിലായിരിക്കുന്ന ഞങ്ങൾക്ക് ക്രിസ്മസും കരോളും ഒക്കെ ജനുവരി ആദ്യവാരംവരെയുണ്ടാകും. എല്ലാ വില്ലേജിലും ഉണ്ണീശോയെയുംകൊണ്ട് കയറി ഇറങ്ങാൻ ഏകദേശം ഒരു മാസം സമയം എടുക്കുമെന്നതാണ് കാരണം.
തിരിച്ചു വരുംവഴി ഞങ്ങളുടെ ഡ്രൈവർ പറഞ്ഞു, ”സിസ്റ്റർ വൈകിട്ട് കരോളിന് പോകുമ്പോൾ വാഹനമോടിച്ചാൽ എനിക്ക് പുതുവർഷം ആഘോഷിക്കാൻ ഭാര്യവീട്ടിൽ പോകാമായിരുന്നു” എന്ന്. പതിവായി ഇടവകദൈവാലയത്തിലേക്ക്‌വാഹനം ഓടിക്കാറുണ്ടായിരുന്ന ഞാൻ സമ്മതിക്കുകയും ചെയ്തു. വൈകിട്ട് അതുവഴി വരേണ്ടതായതിനാൽ, പറഞ്ഞയുടനെ വാഹനം നിർത്തി ഞാൻ ഡ്രൈവിംഗ് സീറ്റിലിരുന്നു.
ശോധനയുടെ ചൂള

അല്പസമയം കഴിഞ്ഞു. ഇടതുവശത്തുനിന്നുമുള്ള ഇടവഴിയിൽനിന്ന് 40 വയസ് പ്രായം തോന്നിക്കുന്ന ഒരാൾ പെട്ടെന്ന് സൈക്കിളിൽ വാഹനത്തിനു മുന്നിൽ വന്നുപെട്ടു. ‘സൂക്ഷിക്കണേ’ എന്ന് ഡ്രൈവർ പറഞ്ഞു തീരുംമുമ്പ് ഞാൻ ഓടിച്ച വാഹനം അയാളുടെ മുകളിലായി. മാത്രവുമല്ല, സൈക്കിളോടുകൂടി അയാളെ അല്പദൂരം മുന്നോട്ട് കൊണ്ടുപോവുകയും ചെയ്തു. അവിടെ കിടന്ന കുറച്ച് സിമന്റ് തൂണുകൾക്കുമുകളിൽ ഇടിച്ച് വാഹനം നിന്നു.

ഉടൻതന്നെ ധാരാളം ജനങ്ങൾ അവിടെ തടിച്ചുകൂടി. വാഹനം റിവേഴ്‌സ് എടുക്കാനും സാധിക്കുന്നില്ല. അവസാനം നാൽപതോളം പേർ ചേർന്ന് വാഹനം മുകളിലേക്ക് ഉയർത്തി, അടിയിൽ കിടന്ന ആ പാവം മനുഷ്യനെ പുറത്തെടുത്തു. സൈക്കിൾ നുറുങ്ങി കഷണങ്ങളായിട്ടുണ്ട്. ഒന്നുകിൽ അയാൾ മരിച്ചുകാണും അല്ലെങ്കിൽ കൈകളോ കാലുകളോ ഒടിഞ്ഞു നുറുങ്ങിക്കാണും എന്ന് ഞാൻ കരുതി. മാലയിലുള്ള കുരിശ് ചുണ്ടോട് ചേർത്ത് ആ കാഴ്ച കാണാൻ ശക്തിയില്ലാതെ കണ്ണടച്ച് പ്രാർത്ഥിച്ചു. ‘എന്റെ പൊന്നുകർത്താവേ, ഇതൊരു സ്വപ്നം മാത്രമായിരിക്കണേ, ആ പൊന്നുമകനെ രക്ഷിക്കണേ’ എന്ന്.

ഉടനെ അല്പം മനഃസാന്നിധ്യം കൈവന്നു. ഒടിവുകൾ ഉണ്ടായിക്കാണുമെങ്കിലും ആൾക്ക് ജീവനുണ്ടെന്ന് ഞാൻ മനസിലാക്കി. ഒരു ഓട്ടോയിൽ കയറ്റി പട്ടണത്തിലുള്ള ആശുപത്രിയിലേക്ക് പോകുംവഴി ഞാൻ അധികാരികൾക്ക് ഫോൺ ചെയ്തതിനുശേഷം എന്റെ പപ്പയ്ക്കും ഫോൺ ചെയ്തു. ഞായറാഴ്ച ആയതിനാൽ തീർച്ചയായും പപ്പ ദിവ്യകാരുണ്യ സന്നിധിയിൽ ആണെന്ന് അറിയാമായിരുന്നു. അന്ന് പപ്പ പ്രാർത്ഥിക്കാൻ പോയ തീർത്ഥാടനകേന്ദ്രത്തിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്ന അനേകർ, അവിടത്തെ വൈദികന്റെ നേതൃത്വത്തിൽ ആ മകനുവേണ്ടി കണ്ണീരോടെ പ്രാർത്ഥിച്ചു.

അത്ഭുതങ്ങളിൽ അത്ഭുതമെന്ന് പറയട്ടെ, വിദൂരത്തിൽ മിഷനറിയായി സേവനം ചെയ്യുന്ന മകൾക്കുവേണ്ടിയുള്ള പപ്പയുടെയും കൂടെ ദിവ്യകാരുണ്യത്തിനു മുമ്പിൽ പ്രാർത്ഥിച്ച അനേകം സഹോദരങ്ങളുടെയും പ്രാർത്ഥനയുടെ ഫലമായി ആ സഹോദരന്റെ ഒരു എല്ലുപോലും ഒടിയാൻ ദൈവം തന്റെ കൃപയാൽ അനുവദിച്ചില്ല! എല്ലാ ടെസ്റ്റുകളും നോർമൽ എന്ന റിപ്പോർട്ട് തന്നപ്പോൾ വേദനയുടെ കണ്ണീർ സന്തോഷത്തിന്റെയും നന്ദിയുടെയുമായി മാറി…. ഒരു തുന്നൽപോലും ആവശ്യമില്ലാത്ത ചില നിസാര മുറിവുകൾ മാത്രം.

ആ സംഭവത്തിനുശേഷം ഒ.പിയിൽ വന്ന രോഗികൾ പലരും സംഭവസ്ഥലത്ത് ഉണ്ടായിരുന്നവർ പറഞ്ഞതുകേട്ട് ആവർത്തിച്ച കാര്യമാണ് എന്നെ ഇതെഴുതുവാൻ പ്രേരിപ്പിച്ചത്. എല്ലാവരും ഹിന്ദുസമുദായത്തിലെ എന്റെ സഹോദരങ്ങൾ. ”സിസ്റ്ററുഗാരണ്ടി, മീ ദേവുഡേ ഗൊപ്പ ദേവുഡു ലേക്കുംണ്ടെ ആയന ബ്രതക്കുഡു” (സിസ്റ്റർ സത്യമായും നിങ്ങളുടെ ദൈവമാണ് വലിയ ദൈവം. അല്ലെങ്കിൽ ആ മനുഷ്യൻ ജീവിച്ചിരിക്കില്ലായിരുന്നു). മാലയിലെ കുരിശു മുത്തി ഞാൻ പ്രാർത്ഥിച്ചതൊക്കെ അവരുടെ മനസിൽ ആഴ്ന്നിറങ്ങി. ഏശയ്യാ 48:10-11-ന്റെ ശക്തി ഞാൻ അനുഭവിക്കുകയായിരുന്നു. ഇന്ന് അപകടം സംഭവിച്ച ആ വ്യക്തിയുടെ കുടുംബവും എന്റെ ദൈവത്തിന്റെ ശക്തിയും ദയയും അനുഭവിക്കുന്നു.

സിസ്റ്റർ ഡോ. മഞ്ജു റോസ് സി.എം.സി

 

Leave a Reply

Your email address will not be published. Required fields are marked *