മധ്യവയസ്‌കയായ രണ്ടു സ്ത്രീകൾ അവരിലൊരാളുടെ മകളുടെ വീട്ടിലേക്ക് യാത്രയായി. തങ്ങളെ കാണുമ്പോൾ മകളുടെ മുഖം സന്തോഷത്താൽ വിടരുമെന്ന പ്രതീക്ഷ അമ്മ കൂട്ടുകാരിയോട് പങ്കുവച്ചു. എന്നാൽ അവിടെയെത്തിയപ്പോൾ അവരെ സ്വീകരിച്ച മകളുടെ മുഖത്ത് പ്രതീക്ഷിച്ചതുപോലെ വലിയ സന്തോഷമൊന്നും കണ്ടില്ല. ലഭിച്ചതാകട്ടെ ഒരു തണുത്ത സല്ക്കാരവും.
അല്പനേരം കഴിഞ്ഞ് യാത്ര പറഞ്ഞ് പുറത്തിറങ്ങിയപ്പോൾ അമ്മയുടെ മുഖത്ത് നേർത്ത ദുഃഖം കാണാമായിരുന്നു. എന്നാൽ അപ്പോഴും പ്രസന്നയായിരുന്ന ചങ്ങാതിയെ നോക്കി അവർ ചോദിച്ചു. ”നമ്മെ സ്‌നേഹപൂർവം സ്വീകരിക്കാഞ്ഞതിൽ നിനക്ക് അവളോട് വിഷമമൊന്നും തോന്നുന്നില്ലേ? കൂട്ടുകാരി മറുപടി പറഞ്ഞു, ”ഇല്ല ചങ്ങാതീ, ഒരുപക്ഷേ തലവേദന നിമിത്തം വിഷമിക്കുകയാണെങ്കിലോ അല്ലെങ്കിൽ ഭർത്താവ് അകാരണമായി വഴക്കു പറഞ്ഞതിന്റെ സങ്കടത്തിലാണെങ്കിലോ? അതുകൊണ്ടായിരിക്കും സ്‌നേഹോഷ്മളമായി നമ്മെ സ്വീകരിക്കാഞ്ഞത്. അങ്ങനെ ഓർത്തപ്പോൾ എനിക്ക് വിഷമമൊന്നും തോന്നിയില്ല.”
സ്‌നേഹാർദ്രമായ ഒരു മനസ്സുണ്ടെങ്കിൽ ക്ഷമിക്കാനുള്ള കാരണങ്ങൾ കണ്ടെത്താനാവും.
”സ്‌നേഹം ദീർഘക്ഷമയും ദയയുമുള്ളതാണ്”
(1 കോറിന്തോസ് 13:4)