ഉച്ചനേരത്തെ സുവിശേഷം

ഏകദേശം 55 വർഷങ്ങൾക്കുമുമ്പ് ഞാൻ എട്ടാം ക്ലാസിൽ പഠിക്കുന്ന കാലം. ഞങ്ങളുടെ കുഗ്രാമത്തിൽനിന്ന് ഏകദേശം ഏഴു കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന സ്‌കൂളിലായിരുന്നു എന്റെ ഹൈസ്‌കൂൾ വിദ്യാഭ്യാസം തുടങ്ങിയത്. വിശപ്പിന്റെ വിളിയുമായി ദിവസവും ഏഴ് കിലോമീറ്ററോളം നടന്ന് സ്‌കൂളിൽ പഠിക്കാൻ പോകുന്ന എനിക്ക് ഉച്ചഭക്ഷണം വീട്ടിൽനിന്നും കൊണ്ടുപോകുവാൻ സാധിക്കാത്ത ചുറ്റുപാടായിരുന്നു. ഞാൻ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാതെ സ്‌കൂളിലിരിക്കുന്നത് അപ്പനെ വല്ലാതെ വിഷമിപ്പിച്ചു.

സ്ഥിരവരുമാനമില്ലാത്ത അപ്പന് ഒരു വലിയ കുടുംബഭാരമാണ് വഹിക്കേണ്ടിയിരുന്നത്. അപ്പൻ സ്‌കൂളിനടുത്തുള്ള ഹോട്ടലിൽ ഉച്ചഭക്ഷണം ഏർപ്പാടാക്കി. ആഴ്ച കൂടുമ്പോൾ ഹോട്ടലിലെ ഊണിന്റെ പണം അപ്പൻ കൊടുത്തു തീർക്കുകയാണ് പതിവ്. ഒരാഴ്ച പണം കൊടുക്കുവാൻ വൈകിയ വിവരം എനിക്കറിയില്ലായിരുന്നു. പതിവുപോലെ ഹോട്ടലിൽ ഊണു കഴിക്കാൻ ചെന്നു. ഏകദേശം ഇരുപതോളം പേർക്കിരുന്ന് ഊണ് കഴിക്കാനുള്ള സൗകര്യം ആ ഹോട്ടലിലുണ്ട്. അന്ന് ഒരു ഊണിന് ഒരു രൂപയാണ്. പത്ത് പേരോളമിരുന്ന് ഊണ് കഴിച്ചുകൊണ്ടിരിക്കുന്നു. പിന്നെ വരുന്നവർക്ക് ഊണു കഴിക്കാൻ പാകത്തിൽ മേശപ്പുറത്ത് ഇലകളും ഓരോ ഗ്ലാസ് വെള്ളവും വച്ചിട്ടുണ്ട്.

ഞാൻ നേരെ ചെന്ന് കൈ കഴുകിയശേഷം ഒരു ഇലയ്ക്കു മുന്നിൽ ഇരുന്നു. അപ്പോഴേക്കും മറ്റെല്ലാ ഇരിപ്പിടത്തിലും ആളുകൾ ഇരുന്നുകഴിഞ്ഞു. ഹോട്ടൽ ഉടമസ്ഥൻ തന്നെയാണ് ചോറ് വിളമ്പി കൊടുക്കുന്നത്. അപ്പോൾ സമയം 1.30. എനിക്ക് എങ്ങനെയും കുറച്ച് ചോറ് കിട്ടിയാൽ മതി, അത്രയ്ക്ക് വിശപ്പുണ്ട്. ഞാൻ ഒരു ബഞ്ചിന്റെ നടുക്കാണ് ഇരുന്നത്. അദ്ദേഹം ചോറ് വിളമ്പി വിളമ്പി എന്റെ അടുക്കൽ വന്നപ്പോൾ എന്റെ മുഖത്തേക്ക് തുറിച്ചു നോക്കിയിട്ട് മറ്റുള്ളവർ കേൾക്കത്തക്ക സ്വരത്തിൽ ‘ഇനി കാശ് തന്നിട്ട് ചോറ് തിന്നാൽ മതി, പോയി അപ്പനോട് കാശ് കൊണ്ടുവരാൻ പറ’ എന്നു പറഞ്ഞു.

എന്റെ ഇലയിൽ ചോറ് ഇടാതെ അടുത്ത ഇലകളിൽ ചോറിട്ട് പോയി. എനിക്ക് ചോറ് കിട്ടാത്തതിലുള്ള ദുഃഖത്തിലുപരി മറ്റുള്ളവരുടെ മുമ്പിൽ എന്നെ നാണം കെടുത്തിയല്ലോ എന്ന സങ്കടത്താൽ ഞാൻ എഴുന്നേറ്റ് ആ ഹോട്ടലിന്റെ വാതിൽക്കൽ വന്നുനിന്നു. എന്തെന്നില്ലാത്ത മാനസിക പിരിമുറുക്കത്താൽ ഞാനാകെ അസ്വസ്ഥനായി നിൽക്കുമ്പോൾ പെട്ടെന്ന് മുമ്പൊരിക്കലും പരിചയമില്ലാത്ത, കണ്ടിട്ടില്ലാത്ത, ഒരു വല്ല്യപ്പൻ! ഏകദേശം 65-70 വയസ് പ്രായം വരും, എന്റെയടുക്കൽ വന്നു. പെട്ടെന്ന് എന്റെ കൈ പിടിച്ച് നിവർത്തി ഒരു ഒറ്റരൂപ എന്റെ കൈയിൽ ബലമായി വച്ചു. എന്നിട്ട് ഉറച്ച സ്വരത്തിൽ ‘നീ വേഗം പോയി ഊണ് കഴിക്ക്’ എന്ന് പറഞ്ഞു.

ഞാനെന്തു ചെയ്യണമെന്നറിയാതെ പറഞ്ഞു: ‘അയ്യോ വല്ല്യപ്പാ എനിക്ക് കാശൊന്നും വേണ്ട. എനിക്കിപ്പോൾ ചോറ് തിന്നണമെന്നില്ല. വേണമെങ്കിൽ സ്‌കൂളിൽ ചെന്ന് കൂട്ടുകാരോട് ചോദിച്ചാൽ കാശ് കിട്ടും.’ ഇത്രയും പറഞ്ഞപ്പോഴേക്കും വല്ല്യപ്പൻ ദേഷ്യത്തിൽ ‘ഞാൻ പറഞ്ഞത് കേട്ടാൽ മതി, നീ പോയി ഊണ് കഴിക്ക്.’ ചമ്മലോടെ ഞാൻ വീണ്ടും പറഞ്ഞു: ‘വല്ല്യപ്പനെ ഞാൻ അറിയുകയില്ല. കണ്ടിട്ടുപോലുമില്ല. നാളെ ഞാനീ പൈസ കൊണ്ടുവന്നുതരാം. വല്ല്യപ്പന്റെ പേരെന്താ? എവിടെ കാണാൻ പറ്റും.’

പക്ഷേ എന്റെ പറച്ചിലിനൊന്നും ചെവി കൊടുക്കാതെ വല്ല്യപ്പൻ നേരെ നടന്നുപോയി. ഞാൻ വിളിച്ചു – ‘അതേയ്… വല്ല്യപ്പാ…’ അദ്ദേഹം തിരിഞ്ഞു നോക്കിയില്ല. എന്തെന്നില്ലാത്ത വികാരവായ്‌പോടെ ആ പോക്ക് ഞാൻ വീക്ഷിച്ചുകൊണ്ടിരുന്നു. നടന്ന് നടന്ന് ഏതോ ഒരു ഊടുവഴിയിലൂടെ ആ വല്ല്യപ്പൻ മറഞ്ഞുപോയി. ഇന്നും എന്റെ മനസിൽ ആ വല്ല്യപ്പന്റെ രൂപം പ്രകാശിച്ചുകൊണ്ടിരിക്കുന്നു. വചനപ്രഘോഷണങ്ങൾ പരിചിതമല്ലാത്ത, ഉപവിയെക്കുറിച്ചുള്ള പഠനങ്ങൾ സാധാരണക്കാർ കേട്ടിട്ടില്ലാത്ത, ആ കാലത്ത് സുവിശേഷവചനം സ്വജീവിതത്തിലൂടെ പ്രാവർത്തികമാക്കിയ ആ വല്ല്യപ്പൻ ആരായിരുന്നിരിക്കണം! ഒന്നുറപ്പ്, ക്രിസ്തുസ്‌നേഹം എന്താണെന്ന് അദ്ദേഹത്തിലൂടെ ഞാൻ അനുഭവിക്കുകയായിരുന്നു.

ജോർജ് ആലുക്ക

 

 

Leave a Reply

Your email address will not be published. Required fields are marked *