വർഷങ്ങൾക്കുമുമ്പ് അമേരിക്കയിലെ ഒരു ബാങ്കിൽ വലിയ കൊള്ള നടന്നു.
ലക്ഷക്കണക്കിന് ഡോളറുകൾ അപഹരിക്കപ്പെട്ടു. പക്ഷേ, പോലീസിന് കുറ്റവാളിയെ കണ്ടെത്താനായില്ല. ഈ സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞപ്പോൾ അവിടെയുണ്ടായ ഒരു വലിയ കാറപകടത്തിൽ കൊള്ളക്കാരുടെ പട്ടികയിലുണ്ടായിരുന്ന രണ്ടു ചെറുപ്പക്കാർ മരിച്ചു. ആ സംഭവത്തോടെ അവർ തന്നെയാണ് ബാങ്ക് കൊള്ളയടിച്ചത് എന്ന നിഗമനത്തിൽ പോലീസ് എത്തിച്ചേർന്നു. എന്നാൽ യഥാർത്ഥ കുറ്റവാളി ജോൺസൺ എന്ന മറ്റൊരു വ്യക്തിയായിരുന്നു. അയാളെ ആർക്കും മനസിലാക്കാനോ പിടിക്കാനോ സാധിച്ചില്ല.
വർഷങ്ങൾക്കുശേഷം അയാളൊരു പെൺകുട്ടിയെ പരിചയപ്പെട്ടു. അവളുമായി പ്രണയത്തിലായി. തുടർന്ന് അവർ വിവാഹിതരാകാൻ തീരുമാനിച്ചു. അയാൾ എല്ലാ സത്യങ്ങളും അവളിൽനിന്ന് മറച്ചുപിടിച്ചു. എന്നാൽ അവർ വിവാഹിതരായി കുറച്ചു കഴിഞ്ഞപ്പോൾ അവൾക്ക് മനസിലായി തന്റെ ഭർത്താവ് ദൈവത്തിൽനിന്നും അകന്നു കഴിയുന്ന വ്യക്തിയാണെന്ന്. പക്ഷേ പരാതി പറയാതെ തന്റെ ഭർത്താവിനുവേണ്ടി കണ്ണീരോടെ പ്രാർത്ഥിച്ചു. രണ്ടരവർഷം കടന്നുപോയി.
ഒരു ദിവസം അമേരിക്കയിലെ ഏതോ ഒരു സമ്പന്നൻ സ്വന്തമായി പണം മുടക്കി സുവിശേഷത്തിന്റെ ലഘുലേഖകൾ വിതരണം ചെയ്തു. ആയിരക്കണക്കിന് ഭവനങ്ങളിൽ ഇതെത്തി. അക്കൂട്ടത്തിൽ ഈ ഭവനത്തിലുമെത്തി. ജോൺസൺ അതു വായിച്ചു. അതിലൂടെ പരിശുദ്ധാത്മാവ് അയാളെ സ്പർശിച്ചു. അയാൾ ആഴമായി പശ്ചാത്തപിച്ചു. അന്ന് രാത്രിയിൽ ഭാര്യയുടെ മുമ്പിൽ തന്റെ പഴയ ജീവിതം മുഴുവൻ തുറന്നുവച്ചു. ഞാൻ ഒരു കൊള്ളക്കാരനായതുകൊണ്ട് നിനക്ക് വേണമെങ്കിൽ എന്നെ ഉപേക്ഷിക്കാമെന്ന് പറഞ്ഞു.
എന്നാൽ അവൾ പറഞ്ഞു, ”ഇല്ല. താങ്കൾ ഇന്നൊരു പുതിയ സൃഷ്ടിയാണ്. യേശുക്രിസ്തുവിലായിരിക്കുന്നവൻ പുതിയ സൃഷ്ടിയാണ്. പഴയതു കടന്നുപോയി.” അയാൾ പിന്നീട് പോലീസ് സ്റ്റേഷനിൽ ചെന്ന് പറഞ്ഞു: ”നിങ്ങൾ അന്വേഷിക്കുന്ന കുറ്റവാളി ഞാനാണ്. ഞാൻ കൊള്ളയടിച്ച ഡോളറുകൾ കുഴിച്ചു വച്ചിരിക്കുകയായിരുന്നു. അത് ഞാൻ പെട്ടികളിലാക്കി കൊണ്ടുവന്നിട്ടുണ്ട്. നിങ്ങൾക്കതെടുക്കാം. എന്നെ അറസ്റ്റു ചെയ്യാം.” പോലീസ് അയാളെ അറസ്റ്റു ചെയ്തു.
പക്ഷേ കോടതിയിൽ കേസ് വന്നപ്പോൾ അയാളുടെ മാനസാന്തരത്തിന്റെ ആഴം മനസിലാക്കിയ ജഡ്ജി അദ്ദേഹത്തെ ശിക്ഷിക്കാതെ വെറുതെ വിട്ടു. അനേകരുടെ ഹൃദയത്തെ പിടിച്ചു കുലുക്കിയ ഒരു മാനസാന്തര കഥയാണിത്. പാപത്തിൽ കഴിയുന്ന എല്ലാ വ്യക്തികളുടെയും ഹൃദയവാതിൽക്കൽ മുട്ടിവിളിച്ചുകൊണ്ട് യേശു പറയുന്നു: ഇതാ നിന്റെ ഹൃദയകവാടത്തിങ്കൽ ഞാൻ മുട്ടി വിളിക്കുന്നു.
എന്തിനായി?
ഒന്നിച്ചു വസിക്കാനുള്ള വിളിയാണത്. ഉത്തമഗീതം 5:2- ”ഞാനു റങ്ങി. പക്ഷേ എന്റെ ഹൃദയം ഉണർന്നിരുന്നു. അതാ, എന്റെ പ്രിയൻ വാതിലിൽ മുട്ടുന്നു.” യേശുവിൽ വിശ്വസിക്കുന്നവരാണ്. ഇനി വെറുതെയങ്ങ് ജീവിക്കാമെന്ന് ആരും കരുതരുത്. കാരണം യേശു ആവശ്യപ്പെടുന്ന ഒരു പ്രധാന കാര്യമാണ് കൂട്ടായ്മ അഥവാ ഫെലോഷിപ്പ്. 1 യോഹന്നാൻ 1: 3- ഞങ്ങളുടെ കൂട്ടായ്മയാകട്ടെ അവിടുത്തെ പുത്രനായ യേശുക്രിസ്തുവിനോടും അവിടുത്തെ പിതാവായ ദൈവത്തോടുമാണ്. ദൈവവുമായി എപ്പോഴും കൂട്ടായ്മയിലായിരിക്കാനാണ് നമ്മെ സൃഷ്ടിച്ച് ഈ ഭൂമിയിലാക്കിയിരിക്കുന്നത്. യേശു നമ്മുടെ ഹൃദയകവാടത്തിൽ മുട്ടി വിളിക്കുന്നത് അതിനായിട്ടാണ്.
ഒരിക്കലൊരു ദൈവാലയഗായകൻ പറഞ്ഞു: ഒമ്പതു വർഷമായിട്ട് അയാൾക്ക് വ്യക്തിപരമായ പ്രാർത്ഥനയില്ല. യേശുവുമായി കൂട്ടായ്മയില്ലാതെ എങ്ങനെ വിശുദ്ധ കുർബാനയിൽ അഭിഷേകത്തോടെ പാട്ടു പാടാൻ കഴിയും. നാം ഭൂമിയിലായിരിക്കുമ്പോൾ നാമുമായി കൂട്ടായ്മ ആചരിക്കാൻ കർത്താവ് ആഗ്രഹിക്കുന്നു. പഴയ നിയമത്തിലെ ഇസ്രായേൽജനം 40 വർഷം മരുഭൂമിയിലൂടെ നടന്നപ്പോൾ പകൽ മേഘസ്തംഭവും രാത്രിയിൽ ദീപസ്തംഭമായും അവിടുന്ന് അവരുടെ കൂടെ നടന്നു. ഒരിക്കൽപോലും ഒരാലയം പണിയണമെന്ന് ദൈവം അവരോട് ആവശ്യപ്പെട്ടില്ല. കാരണം ആലയം മരുഭൂമിയിൽ പണിതാൽ തന്റെ ജനം മുമ്പോട്ടു പോകുമ്പോൾ തനിക്കവരുമായി കൂട്ടായ്മ ആചരിക്കാൻ പറ്റുകയില്ലെന്ന് അവിടുത്തേക്ക് അറിയാമായിരുന്നു.
എന്നാൽ കാനാൻദേശത്ത് അവർ എത്തിക്കഴിഞ്ഞപ്പോൾ ദാവീദിനോട് അവിടുന്ന് തന്റെ ഹൃദയാഭിലാഷം പങ്കുവയ്ക്കുന്നു. ദൈവം പറയുന്നു: എനിക്ക് നിങ്ങളോടുകൂടെ ആയിരിക്കാനാണ് ആഗ്രഹം. അതിനാൽ എനിക്കായി നീ ആലയം പണിയണം. ദാവീദ് എല്ലാ സാമഗ്രികളും സംഭരിച്ചു. സോളമൻ ആലയം പണിയുകയും ചെയ്തു.
പുതിയ നിയമത്തിൽ ദൈവം പറഞ്ഞു, എന്നും ദൈവാലയത്തിൽ പോയി കൂട്ടായ്മ ആചരിച്ചാൽ പോര, 24 മണിക്കൂറും നിങ്ങളോടുകൂടെ ആയിരിക്കണം. അതിനായി ഞാൻ നിങ്ങളുടെ കൂടെ ആയിരിക്കുവാൻ, നിങ്ങളുടെ ഉള്ളിൽ വസിക്കും. നമുക്ക് 24 മണിക്കൂറും 365 ദിവസവും ഈശോയുടെ മാറോട് ചേർന്നിരിക്കാം. അതിനാണ് അവിടുന്ന് വിശുദ്ധ കുർബാനയായി നമ്മുടെ ഉള്ളിൽ വന്ന് വസിക്കുന്നത്. അവൻ ഇമ്മാനുവേലാണ്. സങ്കീർത്തനം 84:10- ആയിരം ദിവസങ്ങൾ അന്യഭവനത്തിൽ കഴിയുന്നതിനെക്കാൾ തന്റെ ദൈവത്തിന്റെ ആലയത്തിൽ ആയിരിക്കാൻ ദാവീദ് കൊതിക്കുന്നു. ദുഷ്ടതയുടെ കൂടാരങ്ങളിൽ വാഴുന്നതിനെക്കാൾ എന്റെ ദൈവത്തിന്റെ ആലയത്തിൽ വാതിൽകാവൽക്കാരനായിരിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്.
ഒരു സുവിശേഷകൻ തന്റെ അനുഭവം പങ്കുവച്ചതിപ്രകാരമാണ്. എല്ലാ ദിവസവും പ്രഭാതത്തിൽ നാലുമണി മുതൽ ആറുമണിവരെ യേശുവിന്റെ കൂടെ പ്രാർത്ഥനയിലായിരിക്കുന്ന ആ വ്യക്തി ഒരു ദിവസം ആറുമണിക്ക് പ്രാർത്ഥന നിർത്തി എഴുന്നേല്ക്കാൻ തുടങ്ങിയപ്പോൾ ഒരു സ്വരം കേട്ടു. എന്റെ കൂടെ പത്തു മിനിറ്റുകൂടി ഇരിക്കാമോ? ഇതാണ് നമ്മുടെ ദൈവം. കോടിക്കണക്കിന് മാലാഖമാരും സ്വർഗവാസികളും സ്തുതിഗീതങ്ങൾ ആലപിക്കുമ്പോഴും ഭൂമിയിലുള്ള മനുഷ്യരോടൊപ്പമായിരിക്കാനാഗ്രഹിക്കുന്ന ദൈവം. അവിടുന്ന് നമ്മോട് പറയുന്നു, നിങ്ങളെന്റെ മക്കളാണ്. ഞാൻ നിങ്ങളോടൊപ്പമായിരിക്കാൻ ആഗ്രഹിക്കുന്നു. 1 യോഹന്നാൻ 3:1 – കണ്ടാലും എത്ര വലിയ സ്‌നേഹമാണ് അവിടുന്ന് നമ്മോടു കാണിച്ചത്. നാം ദൈവമക്കളെന്ന് വിളിക്കപ്പെടുന്നു. നാം അങ്ങനെയാണുതാനും.
ഇതു മനസിലാക്കിയ വ്യക്തിയായിരുന്നു ഹെനോക്ക്, ആദവും ഹവ്വയും ജീവിച്ചിരുന്ന കാലത്ത്. ഹെനോക്ക് ദൈവത്തോടൊപ്പം നടന്നു. മരണം കാണാതെ ഹെനോക്ക് സ്വർഗത്തിലേക്ക് സംവഹിക്കപ്പെട്ടു. ഹെബ്രായർ 11:5- വിശ്വാസംമൂലം ഹെനോക്ക് ദൈവത്തെ പ്രസാദിപ്പിച്ചു. അവൻ മരണം കാണാതെ സംവഹിക്കപ്പെട്ടു. 1 സാമുവേൽ 2:30- എന്നെ മാനിക്കുന്നവനെ ഞാനും മാനിക്കും. ദൈവത്തിന്റെ വചനത്തിന് യാതൊരു മാറ്റവുമില്ല.
ഉൽപത്തി 6:9 നോഹ, ആ തലമുറയിലെ കറയറ്റ മനുഷ്യൻ. ദൈവം അവനോടുകൂടെ നടന്നു. പാപംകൊണ്ട് ദൈവം ലോകത്തെ മുഴുവൻ ജലപ്രളയത്താൽ നശിപ്പിക്കാൻ ശ്രമിച്ചപ്പോൾ തന്നോടുകൂടെ കൂട്ടായ്മ ആചരിക്കുന്ന മകനെ ദൈവം മറന്നില്ല. ഒരു പേടകം ഉണ്ടാക്കി തന്റെ മകനെയും കുടുംബത്തെയും ദൈവം അത്ഭുതകരമായി രക്ഷിച്ചു. കാലം മുന്നോട്ടുപോയി. ഏശയ്യാ, ജറെമിയ, ഏലീഷ, പത്രോസ്, പൗലോസ് – യേശുവിനോട് ചേർന്ന് നിന്നവർ. നമ്മെയും അവിടുന്ന് അതിനായി വിളിക്കുന്നു.
വരവിന് ഒരു ലക്ഷ്യം കൂടി
നമുക്ക് പ്രതിഫലം തരുന്നതിനായിക്കൂടിയാണ് നമ്മുടെ ഹൃദയവാതിൽക്കൽ യേശു മുട്ടുന്നത്. വെളിപാട് 22:12- ”ഇതാ ഞാൻ വേഗം വരുന്നു. എന്റെ സമ്മാനവും ഞാൻ കൊണ്ടുവരുന്നുണ്ട്. ഓരോരുത്തർക്കും സ്വന്തം പ്രവൃത്തികൾക്കനുസൃതം പ്രതിഫലം നല്കാനാണ് ഞാൻ വരുന്നത്.” ഒരിക്കൽ ഒരു രോഗിയെ സ്വകാര്യ ആശുപത്രിയിൽനിന്ന് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകാൻ പറഞ്ഞു. പോകുംമുൻപ് ആ ആശുപത്രിയിലെ ബില്ലടയ്ക്കണം. പണമില്ലാതെ വേദനിച്ച അവർക്കുവേണ്ടി അവിടെ ജോലി ചെയ്തിരുന്ന ദരിദ്രയായ ഒരു നഴ്‌സ് തന്റെ കൈവശം ആകെയുണ്ടായിരുന്ന സ്വർണവള ഊരി കൗണ്ടറിൽ പണയം വച്ചു. എന്നിട്ട് രോഗിയെ പറഞ്ഞുവിട്ടു.
അതു കണ്ട അതീവ സമ്പന്നനായ ഡോക്ടർ തന്റെ വീട്ടിൽചെന്ന് മാതാപിതാക്കളോട് പറഞ്ഞു, നമുക്കാവശ്യത്തിലധികം സമ്പത്തുണ്ട്. അതുകൊണ്ട് എനിക്ക് വേണ്ടത് സത്‌സ്വഭാവിയായ ഒരു ഭാര്യയെയാണ്. ആശുപത്രിയിൽ അന്ന് നടന്ന സംഭവവും അദ്ദേഹം പറഞ്ഞു. നിങ്ങൾക്ക് സമ്മതമാണെങ്കിൽ ആ നഴ്‌സിനെ വിവാഹം കഴിക്കാൻ എനിക്ക് താത്പര്യമാണെന്ന് അദ്ദേഹം പറഞ്ഞു. മാതാപിതാക്കൾ സമ്മതിച്ചു. ഇന്ന് ഭൂമിയിൽ ദൈവരാജ്യം പണിയുന്ന ഒരു കുടുംബമായി അവർ ജീവിക്കുന്നു. വിധവയുടെ കൊച്ചുകാശുപോലെ, ആരും കാണാതെ അവൾ ചെയ്ത ചെറിയ സമർപ്പണത്തിന് ദൈവം വലിയ പ്രതിഫലം നല്കി.
എന്റെ ആദ്യകാലം ഞാൻ ഓർക്കുന്നു. എനിക്കന്ന് പ്രസംഗിക്കാനറിയില്ല. ഞാൻ ആരും കാണാതെ സഭയിൽ ദൈവം ഉപയോഗിക്കുന്ന ദാസന്മാർക്കുവേണ്ടി പ്രാർത്ഥിച്ചുകൊണ്ടിരുന്നു. ഞാനൊരു കൂട്ടായ്മയിൽ പോകുന്നുണ്ടായിരുന്നു. എനിക്കവിടെ ഒരു ശുശ്രൂഷയുമില്ലായിരുന്നു. ഒരു ദിവസം കൂട്ടായ്മ നയിക്കുന്ന നാലു ലീഡർമാർക്കും ഒരുമിച്ച് തൊണ്ടവേദനയായി. സംസാരിക്കാൻ വയ്യ. ആദ്യമായി ഞാൻ മൈക്കെടുത്തു. ദൈവമന്ന് എനിക്ക് ആദ്യമായി പ്രസംഗവരം തന്നു. ഞാൻ വെറുമൊരു സാധാരണക്കാരനായിരുന്നു. അനേകവർഷം മധ്യസ്ഥപ്രാർത്ഥന നടത്തിയതിന് ദൈവം നല്കിയ പ്രതിഫലം. ദൈവം സകലതിനും പ്രതിഫലം നല്കും. ആരെയും കാണിക്കാനല്ലാതെ നാം ചെയ്ത നന്മകൾക്കെല്ലാം പ്രതിഫലം നല്കാനുംകൂടിയാണ് അവിടുന്ന് വരുന്നത്. നമുക്ക് അവിടുത്തോട് പറയാം. യേശുവേ ഹൃദയകവാടത്തിങ്കൽ അവിടുന്ന് മുട്ടിവിളിക്കുന്നുവല്ലോ. എന്റെ ജീവിതം മുഴുവൻ ഞാൻ നല്കുന്നു. ഒരിക്കലും അങ്ങയെ വേദനിപ്പിക്കാതെ ജീവിക്കാനുള്ള കൃപ നൽകണമേ.
(ശാലോം ടി.വിയിൽ സംപ്രേഷണം ചെയ്ത ‘വചനം തിരുവചന’ത്തിൽനിന്ന്)
ഡോ. ജോൺ ഡി.