തുന്നിച്ചേർത്ത കഴുത്തുമായൊരു ‘കുഞ്ഞ് അറബി’

മറിയത്തിന്റെ പതിമൂന്നാം പിറന്നാൾ അടുത്തു വരികയായിരുന്നു. പൗരസ്ത്യനാടുകളിലെ അന്നത്തെ രീതിയനുസരിച്ച് അവളുടെ സംരക്ഷകരായ ബന്ധുക്കൾ അവളോട് ഭാവി ജീവിതത്തെക്കുറിച്ച് ആലോചിക്കുകയോ അനുവാദം ചോദിക്കുകയോ ചെയ്തില്ല. വിവാഹപ്രായമായി എന്ന ചിന്തയിൽ അവളുടെ അമ്മായിയുടെ കെയ്‌റോയിലുള്ള സഹോദരനുമായി അവർ വിവാഹനിശ്ചയം നടത്തി. വിവാഹം അലക്‌സാൺഡ്രിയായിൽ വെച്ചു നടത്താൻ തീരുമാനിക്കുകയും ചെയ്തു.
എല്ലാ ബന്ധുക്കളെയും ഉറ്റവരെയും വിവാഹത്തിനു ക്ഷണിച്ചു. മറിയത്തിനു യാതൊന്നും മനസ്സിലായിരുന്നില്ല. വിവാഹത്തിനു കുറച്ചു ദിവസം മുൻപ് അവൾക്കു വിവാഹസമ്മതത്തിനായി അണിയിക്കുന്ന മോതിരവും ലഭിച്ചു. അവളുടെ ബന്ധുക്കൾ അവളെ വിലകൂടിയ വസ്ത്രങ്ങളും ആഭരണങ്ങളും അണിയിച്ചു.
എന്തിനാണ് ഈ ഒരുക്കമെല്ലാം എന്ന് മറിയം അത്ഭുതപ്പെട്ടു. അവളുടെ അമ്മായി വിവാഹത്തെക്കുറിച്ചും വധുവിന്റെ ചുമതലകളെക്കുറിച്ചും അവളോടു സംസാരിച്ചപ്പോൾ പെൺകുട്ടി ആകെ പരിഭ്രമിച്ചു പോയി. അന്നു രാത്രി അവൾ ഉറങ്ങിയില്ല. എയ്ബലിനിലെ പൂന്തോട്ടത്തിൽ വെച്ച് പണ്ട് അവളുടെ ഹൃദയത്തിന്റെ അഗാധതയിൽ മുഴങ്ങിയ ശബ്ദം അവൾ ഓർത്തു: ‘എല്ലാം കടന്നു പോകും. നിന്റെ ഹൃദയം എനിക്കു തരികയാണെങ്കിൽ ഞാൻ സദാ നിന്നോടൊത്തു വസിക്കും.’

അവൾ തീരുമാനിച്ചുറപ്പിച്ചു. അവൾക്കൊരു വരനേയുള്ളൂ; അവളുടെ ഹൃദയത്തോടു സംസാരിച്ച യേശു! വിവാഹത്തിന്റെ തലേദിവസം മറിയം പരിശുദ്ധ അമ്മയുടെ മുമ്പിൽ പ്രാർത്ഥനാനിരതയായി ഉറക്കം തൂങ്ങിക്കൊണ്ടിരിക്കുമ്പോൾ ആ പഴയ ശബ്ദം അവളോട് മന്ത്രിച്ചു, ‘മറിയം ഞാൻ നിന്നോടുകൂടെയുണ്ട്: നീ ഞാൻ നൽകുന്ന പ്രചോദനങ്ങൾ അനുസരിക്കുക. ഞാൻ നിന്നെ സഹായിക്കും.’

ഉണർന്നെണീറ്റപ്പോൾ അവൾ അനിർവചനീയമായ ആനന്ദത്താൽ നിറഞ്ഞു. അവൾ മടികൂടാതെ തന്റെ വരന്റെ ആൾക്കാർ നൽകിയ ആഭരണങ്ങൾ ഒന്നൊന്നായി അഴിച്ചു മാറ്റി, തന്റെ നീണ്ട മുടി മുറിച്ചു കളഞ്ഞു. കന്യകയായി ജീവിക്കുന്നതിനുള്ള അവളുടെ ഒരുക്കങ്ങൾ വലിയ ബഹളത്തിലേക്കും വഴക്കിലേക്കും നീങ്ങുന്ന പരിതാപകരമായ രംഗങ്ങളുണ്ടായി. എന്നാൽ, ആ ബാലിക ദൃഢമനസ്‌ക്കയായി തന്നെ നിലകൊണ്ടു. കോപം കൊണ്ട് അന്ധനായ അവളുടെ ബന്ധു അവളെ അടിമയാക്കാൻ തീരുമാനിച്ചു. ഏറ്റവും കഠിനമായ പണികൾ അവൾക്കു നൽകാൻ ജോലിക്കാർക്കു കൽപ്പനയും കൊടുത്തു. അങ്ങനെ, അവൾ അപമാനത്തിന്റെ ആദ്യപടിയിറങ്ങി.

മൂന്നു മാസങ്ങൾ പിന്നിട്ടു. സഹായിക്കാനാരും വന്നില്ല. സംഭവങ്ങളും ഹൃദയങ്ങളും ഒക്കെ കഠിനമായിക്കൊണ്ടിരുന്നു. അവൾ ഗലീലിയിലെ താർഷീഷിലുള്ള തന്റെ ഏക സഹോദരൻ പോളിനെക്കുറിച്ചു കഠിനവ്യഥയോടെ ഓർത്തു. അപ്പോഴവന് പതിനൊന്നു വയസ്സാണ്. ഒന്ന് അവനെക്കാണാൻ മറിയം അതിയായി ആഗ്രഹിച്ചു. താൻ വസിക്കുന്നിടത്തേക്ക് അവനെ ക്ഷണിച്ചുകൊണ്ട് ഒരു കത്ത് എഴുതിച്ചു. അവനെ കാണാനുള്ള വ്യഗ്രതയിൽ, ഭവനത്തിൽ ജോലി ചെയ്തിരുന്ന ഒരു മുസ്ലിം നസ്രത്തിലേക്കു പോകുന്നെന്നറിഞ്ഞ് ഒരു സന്ധ്യയിൽ അവൾ അയാളുടെ ഭവനം തേടിപ്പോയി.

അയാളും ഭാര്യയും അമ്മയും അവളെ സസന്തോഷം സ്വാഗതം ചെയ്തു: അവർ ഭക്ഷണം കഴിക്കുന്ന സമയമായിരുന്നതിനാൽ അവളെയും അവർ ഭക്ഷണത്തിനു ക്ഷണിച്ചു. ഭക്ഷണത്തിനിടയിൽ തന്റെ കഷ്ടതകളെപ്പറ്റി അവൾ പറഞ്ഞു. ഇതുകേട്ടപ്പോൾ അയാൾ കോപാവേശിതനായി. ഇത്രയും ക്രൂരത നിറഞ്ഞ അംഗങ്ങളുള്ള ഒരു മതത്തിൽ തുടരേണ്ടതില്ല എന്ന് ഉപദേശിച്ചു. ക്രമേണ അയാൾ മറിയത്തെ ഇസ്ലാമിലേക്കു മതപരിവർത്തനത്തിനായി നിർബന്ധിച്ചു.
മറിയത്തിന് ഈ വാഗ്ദാനത്തിൽ പതിയിരുന്ന അപകടം പെട്ടെന്നു മനസ്സിലായി. വീറോടെ അവൾ പറഞ്ഞു- ‘ഞാൻ മുസ്ലീമാകുകയോ, ഒരിക്കലുമില്ല, ഞാൻ അപ്പസ്‌തോലികവും കാതോലികവുമായ റോമാസഭാംഗമാണ്. ഏകസത്യവിശ്വാസത്തിൽ ഉറച്ചു നിന്നു മരണംവരെ ജീവിക്കാനുള്ള അനുഗ്രഹം ദൈവം എനിക്കു തരും.’

ഈ പ്രഖ്യാപനം ആ മുസ്ലീമിനെ വിറളി പിടിപ്പിച്ചു; അയാൾ അക്രമാസക്തനായി. ഒറ്റയടിക്ക് അവളെ താഴെ വീഴ്ത്തി; സ്വയം നിയന്ത്രിക്കാനാകാതെ തന്റെ കഠാരയെടുത്ത് ആ കുഞ്ഞിന്റെ കഴുത്തു മുറിച്ചു. രക്തത്തിൽ കുളിച്ചു കിടന്ന അവളെ വലിയൊരു പുതപ്പിൽ പൊതിഞ്ഞ് ഭാര്യയുടെയും അമ്മയുടെയും സഹായത്തോടെ ഒരു ഇരുണ്ട ഇടവഴിയിലുപേക്ഷിച്ചു. ഈ നാടകീയരംഗം സംഭവിച്ചത് 1858 സെപ്റ്റംബർ 7ന് വൈകിട്ടായിരുന്നു. സെപ്റ്റംബർ 8ന് പരിശുദ്ധ അമ്മയുടെ പിറവിത്തിരുനാളിന് ഒരുങ്ങിക്കൊണ്ടിരുന്ന അവൾ തന്റെ രക്തമണിഞ്ഞ വിവാഹവിരുന്ന് ആഘോഷിച്ചു.

ദൈവത്തിന്റെ പുത്രി
ദമാസ്‌കസിൽനിന്ന് ലബനനിലേക്ക് കുടിയേറി ഗലീലിയുടെ ഉയർന്ന പ്രദേശത്ത് താമസമാക്കിയ കുടുംബത്തിലെ ആദ്യസന്താനമായ പെൺതരി, മറിയം ബൊവാർഡി. ഗ്രീക്ക് മെൽക്കൈറ്റ് കത്തോലിക്കാസഭാംഗങ്ങളായ മാതാപിതാക്കൾക്ക് അവൾ പ്രാർത്ഥനയ്ക്ക് ഉത്തരമായി പിറന്ന കുഞ്ഞായിരുന്നു. രണ്ടു വർഷത്തിനുശേഷം അവർക്കൊരു മകനുമുണ്ടായി, പോൾ.

ഏതാണ്ട് ഒരു വർഷമായപ്പോൾ ദിവസങ്ങളുടെ വ്യത്യാസത്തിൽ ജിറിസ് ബൊവാർഡിയും മറിയം ചാഹിനും ഈ ഭൂമിയിൽനിന്ന് യാത്ര പറഞ്ഞു. മൂന്ന് വയസുള്ള മറിയത്തെ പിതാവിന്റെ അടുത്ത ഒരു ബന്ധുവും ഒരു വയസുകാരൻ പോളിനെ അമ്മയുടെ ബന്ധുവും ഏറ്റെടുത്തു. ആ രണ്ടു സഹോദരങ്ങളും വേർപിരിഞ്ഞു രണ്ട് സ്ഥലങ്ങളിലായി ജീവിച്ചുതുടങ്ങി. അവരുടെ സംരക്ഷകർ അവരെ സ്‌നേഹപൂർവം പരിപാലിച്ചു.

നാലു വയസുമുതൽ എട്ടു വയസ്സുവരെ മറിയം സ്വപ്‌നജീവിയായിരുന്നത്രേ. ഏകാന്തതയെ സ്‌നേഹിച്ചിരുന്ന, പ്രകൃതിഭംഗി ആസ്വദിക്കുമ്പോൾ അതിന്റെ സ്രഷ്ടാവിനെ ധ്യാനിച്ചിരുന്ന ഒരു പെൺകുരുന്ന്. ഇടയ്ക്ക് ചില അസാധാരണ അനുഭവങ്ങളും അവൾക്ക് ഉണ്ടാകും. അതിനാൽത്തന്നെ വ്യത്യസ്തജീവിതശൈലിയുള്ള ഒരു ബാലികയായിരുന്നു അവൾ. അന്നത്തെ ഏതൊരു പലസ്തീനിയൻ ബാലികയെയും പോലെ ഔപചാരികവിദ്യാഭ്യാസം നേടാതെ, വിവിധ കാര്യങ്ങൾ അഭ്യസിച്ച് പന്ത്രണ്ടു വയസാകുമ്പോൾ വിവാഹിതയാകാനുള്ളവളെന്ന മട്ടിൽ അവളും വളർന്നു.

വിവാഹം നിരസിച്ചതോടെ ആ ജീവിതം വീണ്ടും മാറിമറിയുകയായിരുന്നു. മരണത്തിനായി ഇടവഴിയിലുപേഷിക്കപ്പെട്ട അവളെ പിന്നീട് വ്യത്യസ്തമായ നീലയുടുപ്പിട്ട ഒരു കന്യാസ്ത്രീ ഏറ്റെടുക്കുകയാണ്. അവളുടെ കഴുത്ത് അവർ തുന്നിച്ചേർത്തു. ഒരു ഗുഹയിൽ ഏതാണ്ട് ഒരു മാസത്തോളം അവരുടെ പരിചരണത്തിൽ മറിയം കഴിയുന്നു. പിന്നെ കുമ്പസാരിക്കാനായി അവളെ അവർ സെന്റ് കാതറിൻ കത്തീഡ്രലിലെത്തിച്ചു. കുമ്പസാരം കഴിഞ്ഞപ്പോൾ അവരെ കണ്ടതുമില്ല.

പിന്നെ വീട്ടുജോലിക്കാരിയായി പലയിടങ്ങളിൽ ജീവിച്ച മറിയം തന്റെ അകന്ന ഒരു ബന്ധുവിന്റെ വീട്ടിലും എത്തുന്നുണ്ട്. എന്നാൽ അവൾ സ്വയം വെളിപ്പെടുത്തുന്നില്ല. ജീവിച്ചിരുന്നിടത്തെല്ലാം അവൾ ദൈവികപരിമളം പരത്തി. ആ നാടിന്റെ സവിശേഷതയനുസരിച്ച് ജീവിച്ചിരുന്ന വിവിധ മതാനുയായികളായിരുന്ന സാധാരണക്കാർ, ക്രൈസ്തവരും മുസ്ലിംകളുമെല്ലാം, അവളെ സ്‌നേഹിച്ചു.

പിന്നീട് ഒരു വീട്ടുജോലിക്കാരിയായിത്തന്നെ അവൾ ഫ്രാൻസിൽ എത്തിച്ചേരുന്നു. അവിടെവച്ച് ദൈവികപ്രചോദനങ്ങളാൽ പ്രേരിതയായി അവൾ കാപ്പലെറ്റിലുള്ള സെന്റ് ജോസഫ് മഠത്തിൽ ചേരുകയാണ്. പക്ഷേ അവിടെ രണ്ട് വർഷമേ അവൾക്ക് കഴിയാനായുള്ളൂ. പിന്നീട് കർമ്മലീത്ത മഠത്തിലേക്ക് അവൾ പരിശുദ്ധാത്മാവിനാൽ ആനയിക്കപ്പെടുകയാണ്.

ഈ സമയങ്ങളിലെല്ലാം ആത്മീയഹർഷോന്മാദം അവൾക്കുണ്ടായിക്കൊണ്ടിരുന്നു. അവളുടെ ജീവിതത്തെ മുഴുവൻ അടയാളപ്പെടുത്തുന്ന ഒരു പ്രത്യേക അനുഭൂതി. കൂടാതെ പഞ്ചക്ഷതങ്ങളും അവൾ വഹിച്ചു. രണ്ടും അവൾ മറച്ചുപിടിക്കാനാഗ്രഹിച്ച അപൂർവവും ആനന്ദദുഃഖസമ്മിശ്രവുമായ ആത്മീയാനുഭൂതികൾതന്നെ. എഴുതാനും വായിക്കാനും അറിഞ്ഞുകൂടെങ്കിലും തന്റെ അറബിയിൽ ചില ഫ്രഞ്ചുവാക്കുകൾ ചേർത്ത് തന്റെമാത്രം വ്യാകരണമുണ്ടാക്കി ആകർഷണീയമായി സംസാരിച്ച ആ പലസ്തീനാക്കാരിയെ ഫ്രാൻസിലെ വ്യത്യസ്ത മഠങ്ങളിലെ അംഗങ്ങൾ സ്‌നേഹപൂർവം കുഞ്ഞ് അറബി എന്നു വിളിക്കുകയായിരുന്നു.

സവിശേഷ കലാസൃഷ്ടി
ദൈവത്തിനു മുന്നിലും സ്വയം ഒരു കുഞ്ഞിനെപ്പോലെ സമർപ്പിച്ച മറിയം പരിശുദ്ധാത്മാവിന്റെ ഒരു സവിശേഷ കലാസൃഷ്ടി (മാസ്റ്റർപീസ്) ആയിരുന്നെന്ന് ഗ്രന്ഥകാരൻ പറയുമ്പോൾ നമുക്കും അത് അനുഭവിക്കാനാകും. ആത്മീയഹർഷോന്മാദങ്ങളും വ്യത്യസ്തമായ ഇടവേളകളിൽ പ്രത്യക്ഷമാവുന്ന പഞ്ചക്ഷതങ്ങളും ദൈവഹിതപ്രകാരം അനുവദിക്കപ്പെട്ട പൈശാചിക ആവാസങ്ങളുമൊക്കെയായി സംഭവബഹുലമായ ആ ജീവിതം ഈ പുസ്തകത്തിൽ അതിന്റെ വൈകാരികതീവ്രതയോടെയും ആത്മീയപ്രകാശത്തോടെയും നമുക്ക് വായിച്ചനുഭവിക്കാം. പതിമൂന്നാം വയസിലെ രക്തസാക്ഷിത്വം കഥമാത്രമാണോ എന്ന് പരിശോധിക്കാനുള്ള അവസരവും പിന്നീടുള്ള അവളുടെ ജീവിതം നല്കുന്നുണ്ട്.

ഇന്ന് കലുഷിതമായ മധ്യപൂർവദേശത്ത്, ബത്‌ലഹേമിലെ കർമലമഠത്തിൽവച്ച് പണ്ടേ വെളിപ്പെടുത്തപ്പെട്ടതുപോലെ അവൾ അവളുടെ വരന്റെയടുത്തേക്ക് യാത്രയാകുമ്പോൾ ക്രൈസ്തവർമാത്രമല്ല, മുസ്ലിംകളും തങ്ങളുടെ സഹോദരിയുടെ സ്‌നേഹം മനസ്സിലാക്കിയിരുന്നു. ദൈവസ്‌നേഹ പരിമളം പരത്തി അതിർവരമ്പുകളില്ലാതെ മനുഷ്യനെ സ്‌നേഹിക്കാനാകുമെന്നും അതിലൂടെ അവൾ പറയാതെ പറയുന്നു.

പൗരസ്ത്യസൗന്ദര്യം
നാടകീയത മുറ്റി നില്ക്കുന്ന വിശുദ്ധ മറിയം ബൊവാർഡിയുടെ ജീവിതത്തിന്റെ വ്യത്യസ്തമായ സൗന്ദര്യം ഈ പുസ്തകത്തിൽ നമ്മുടെ ആത്മനേത്രങ്ങൾക്ക് വിരുന്നേകുന്നു. എന്നാൽ ഇത് കേവലമൊരു ജീവിതചിത്രമല്ല, ആത്മീയതയുടെ പ്രകാശം നിറഞ്ഞ ഒരു വഴിയുടെ വിവരണമാണ്. ക്രൂശിതനായ ഈശോയുടെ മറിയം എന്ന് നാമകരണം ചെയ്യപ്പെട്ട ‘ആ കുഞ്ഞ് അറബി’യുടെ വരനിലേക്ക് എത്തുന്ന വഴിയാണത്. അനുദിനജീവിതത്തെ രൂപപ്പെടുത്താൻ സഹായകമായ അമൂല്യമായ ജീവിതദർശനങ്ങളും ഈ കൃതിയിലൂടെ നമുക്ക് വെളിപ്പെടുന്നു.

പൗരസ്ത്യമായ ചാരുതയുള്ള ഭാവനയോടെ ആത്മഹർഷോന്മാദവേളകളിൽ അവൾ പാടിയ കവിതകൾ ആഴമുള്ള ചിന്തകളും അഗാധമായ വൈകാരികതീവ്രതയുമൊക്കെ ചേർന്ന സാഹിത്യസൃഷ്ടികൾപോലെ നമ്മെ വേറൊരു ചിന്താലോകത്തേക്ക് നയിക്കും. തീർത്തും വ്യത്യസ്തമായിരുന്ന ആ ജീവിതത്തിന്റെ വിവരണങ്ങളും വിശകലനങ്ങളും ചാരുതയോടെ സമ്മേളിക്കുന്ന ഈ പുസ്തകം വാസ്തവമായും നിലനില്ക്കുന്ന ആത്മീയതലത്തെക്കുറിച്ച് നമ്മിൽ ബോധമുണർത്തുകയും ആകർഷണം ജനിപ്പിക്കുകയും ചെയ്യും. അലോസരപ്പെടുത്താത്ത രീതിയിലുള്ള മർഗരീറ്റയുടെ മലയാളം മൊഴിമാറ്റം ഒഴുക്കോടെ വായിക്കാൻ സഹായകവുമാണ്.

 

Leave a Reply

Your email address will not be published. Required fields are marked *