മിക്കും നേന്ത്രപ്പഴ രഹസ്യവും

ശോ… പാട്ടുകെളല്ലാം തെറ്റിതെറ്റിപ്പോകുവാണല്ലോ. എന്തുപറ്റിയെന്ന് മനസിലാകുന്നുമില്ല. മിക്ക് നിന്നുവിയർത്തു. കീബോർഡിലൂടെ നീങ്ങുന്ന വിരലുകൾ നിയന്ത്രിക്കാനാകാതെ വിറയ്ക്കുന്നു. ഇറങ്ങിയോടിയാലോ? ആഘോഷമായ കുർബാനയല്ലേ, പൂർത്തിയാകാതെ തരമില്ല. വികാരിയച്ചൻ രണ്ടുമൂന്നു തവണ പാളിനോക്കുന്നതും കണ്ടതോടെ വിറയലിന്റെ ഡിഗ്രി കൂടി.

‘ബലി’ ഒരുവിധം പൂർത്തിയാക്കി അച്ചന്റെ അടുത്തേക്ക് ഓടി. ‘സാരമില്ല മിക്ക്..’ അച്ചൻ ആശ്വസിപ്പിച്ചു. ശ്വാസംവിടാതെ നിന്ന അവൻ അല്പമൊന്ന് അയഞ്ഞു. ‘ശരിയാ, വലിയ നാണക്കേടായി, നിനക്കും എനിക്കും. എന്നാൽ എന്തുസംഭവിച്ചുവെന്ന് നിനക്കുതന്നെ അറിയില്ലെന്ന് എനിക്കറിയാം. പക്ഷേ ദൈവത്തിനറിയാമല്ലോ. നീ അവിടുത്തോടു ചോദിക്ക്, ഉത്തരം കിട്ടും. എവിടെയോ എന്തോ ശ്രദ്ധിക്കാനുണ്ട്. നീ ഏറെ പ്രാർഥിക്കാറുണ്ടല്ലോ, ദൈവതിരുമുമ്പിൽ ഇരുന്ന് ശ്രവിക്ക്. എല്ലാം നന്നായ് അറിയുന്ന നിനക്ക് വീണ്ടും തെറ്റിപ്പോകുന്നെങ്കിൽ …. രണ്ടാഴ്ച ഒന്ന് മാറിനിന്നു നോക്കിയാലോ? നിനക്കെന്തു തോന്നുന്നു?’
‘അച്ചാ പ്ലീസ്… എന്നെ മാറ്റല്ലേ’ അതുവരെ നിശബ്ദനായിരുന്ന മിക്ക് പറഞ്ഞു. എത്രകാലമായി ഞാൻ… ഇതുവരെ ഇങ്ങനെ സംഭവിച്ചില്ലല്ലോ. എന്റെ തെറ്റല്ലെന്ന് അച്ചനും അറിയാലോ.. അച്ചൻ എന്നോട് ഒരിക്കലും അങ്ങനെ പറയാൻ പാടില്ലായിരുന്നു..’ മിക്കിന്റെ സ്വരമുയർന്നു, കോപച്ചുവ കലർന്നു, അവൻ വാദിച്ചുതുടങ്ങി. മിക്കിൽനിന്ന് അതു പ്രതീക്ഷിച്ചില്ല അച്ചൻ. ‘സോറി, ഞാൻ തീർത്തുപറഞ്ഞതല്ല, നിന്റെ ഇഷ്ടംപോലെ. ഇപ്പോൾ വീട്ടിൽ പോയി ശാന്തമായി വിശ്രമിക്ക്.’ അച്ചൻ സമാശ്വസിപ്പിച്ച് മുറിയിലേക്ക് പോയി.

ഉള്ളിൽ ആർത്തുയരുന്ന സുനാമിത്തിരകളുമായാണ് മിക്ക് വീട്ടിലേക്ക് മടങ്ങിയത്. പാട്ടുതെറ്റിയതിന്റെ അപമാനത്തിനു പിന്നാലെ അച്ചന്റെ വാക്കുകളും അവനെ ഉലച്ചു. അച്ചൻ വലിയ വാത്സല്യത്തോടെയാണ് സംസാരിച്ചതെങ്കിലും മിക്കിന് അതു ഉൾക്കൊള്ളാനായില്ല. വിഷമം, ദേഷ്യം, വാശി.. എന്തെല്ലാമോ വികാരങ്ങൾ…

ദൈവാലയത്തിലെ ഗായകൻ മാത്രമല്ല മിക്ക് നിരവധി വേദികളിൽ ദൈവവചനം പങ്കുവയ്ക്കുന്നുമുണ്ട്. നല്ല പ്രാർത്ഥനാജീവിതം, ആഴമുള്ള ആത്മീയത, സകലർക്കും സ്വീകാര്യൻ. മിക്കിന്റെ പ്രാർത്ഥനയിലൂടെ രോഗികൾ സുഖമായിട്ടുണ്ട്. പരിശുദ്ധാത്മാവിന്റെ വരങ്ങൾ ഉള്ളതിനാൽ അനേകർക്ക് ആന്തരിക ആത്മീയ സൗഖ്യത്തിനും മിക്കിനെ ദൈവം ഉപയോഗിച്ചു.

എല്ലാവരും പറയും മിക്ക് എത്ര നല്ലവനാ! പുണ്യപ്പെട്ട ജീവിതമാ അവന്റേത്.. നമ്മുടെയിടയിൽ ഒരു കൊച്ചുവിശുദ്ധനുണ്ടുട്ടോ…
വിശുദ്ധിയിൽ ജീവിക്കാൻ തീവ്രമായി ആഗ്രഹിക്കുകയും അദ്ധ്വാനിക്കുകയും ചെയ്യുന്നു അവൻ. ദൈവത്തെ ഏറ്റവുമധികം സ്‌നേഹിക്കുന്നയാൾ താനായിരിക്കണമെന്ന വാശിയും മിക്കിനുണ്ട്, ഇപ്പോൾ അങ്ങനെയല്ലെങ്കിലും.

ഇപ്രകാരം പുണ്യപാതയിൽ നീങ്ങിയിരുന്ന മിക്ക് ഈ സംഭവത്തിനുശേഷം ഫോൺ ആദ്യം ഓഫ് ചെയ്തു. വീട്ടിലെത്തി, ആരോടും മിണ്ടാതെ മുറിയിൽ കയറി വാതിലടച്ച് ഒറ്റക്കിടപ്പ്. പ്രാർത്ഥിക്കാൻ തോന്നുന്നില്ല, എല്ലാവരോടും ഒരുതരം ദേഷ്യം, പിറുപിറുത്തത് ഉള്ളിലായതിനാൽ ആരും കേട്ടില്ല. വികാരിയച്ചനെ കാണാനും മിണ്ടാനും ഇഷ്ടമില്ലാഞ്ഞ് കുർബാനയ്ക്ക് പോയത് അടുത്ത ഇടവകയിൽ. ഒടുവിൽ വികാരിയച്ചൻ വീട്ടിൽ വരേണ്ടിവന്നു, ‘കുഞ്ഞാടി’നെ തിരികെ കൊണ്ടുവരാൻ.

എന്തൊക്കെയാണ് ലക്ഷണങ്ങൾ?
വിശുദ്ധ ഫ്രാൻസിസ് ബ്രദർ ലിയോയോട്: ”പുണ്യപൂർണതയുടെ അടയാളങ്ങൾ എന്താണ്? കുരുടർക്കും ബധിരർക്കും ഊമർക്കും തളർവാതരോഗികൾക്കും മുടന്തർക്കും പിശാചുബാധിതർക്കും സൗഖ്യം, മരിച്ചവരെ ഉയിർപ്പിക്കൽ, എല്ലാ ഭാഷകളിലും വിജ്ഞാനശാഖകളിലും ദൈവവചനത്തിലും പ്രാഗത്ഭ്യം, വെളിപാടുകൾ, പ്രവചനവരം, മറ്റുള്ളവരുടെ മനസ് വായിക്കാൻ കഴിവ്, നക്ഷത്രങ്ങൾ, ഔഷധസസ്യങ്ങൾ, ധാതുക്കൾ, വൃക്ഷങ്ങൾ, ജലം, മത്സ്യങ്ങൾ, പക്ഷിമൃഗാദികൾ, മനുഷ്യവംശം എന്നിവയിൽ വിജ്ഞാനം, പ്രസംഗശൈലിയും വചനപ്രഘോഷണവുംവഴി അവിശ്വാസികളെ ദൈവത്തിലേക്കാനയിക്കൽ, എല്ലാറ്റിനുപുരി നന്മയുടെയും വിശുദ്ധിയുടെയും ഉത്തമമാതൃകകളാവുക എന്നതാണോ? അല്ലേ അല്ല,
പിന്നെയോ? ഈശോ മിശിഹാ തന്റെ പ്രിയപ്പെട്ടവർക്ക് നൽകുന്ന ഏറ്റവും വലിയ ദാനമാണ് സ്വയം നിയന്ത്രിക്കാനും അവിടുത്തോടുള്ള സ്‌നേഹത്തെപ്രതി എല്ലാ കുരിശുകളും ക്ഷമയോടെ സഹിക്കാനുമുള്ള കഴിവ്. ഇതാണ് പുണ്യപൂർണത.”

”എല്ലാവരോടും സമാധാനത്തിൽ വർത്തിച്ച് വിശുദ്ധിക്കുവേണ്ടി പരിശ്രമിക്കുവിൻ. വിശുദ്ധികൂടാതെ ആർക്കും കർത്താവിനെ ദർശിക്കാൻ സാധിക്കുകയില്ല. ദൈവകൃപ ആർക്കും നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കുവിൻ. വിദ്വേഷത്തിന്റെ വേരു വളർന്ന് ഉപദ്രവം ചെയ്യാതിരിക്കാൻ സൂക്ഷിക്കുവിൻ. വിദ്വേഷംമൂലം പലരും അശുദ്ധരായിത്തീരുന്നു” (ഹെബ്രായർ 12:14,15).

മോഷണക്കഥ
മിക്കിനെക്കുറിച്ചെന്നപോലെ എല്ലാരും പുണ്യവതിയെന്നു പറഞ്ഞ അവളുടെ മുറിയിൽനിന്നും കിട്ടി ഒരു മോഷണവസ്തു; ഊട്ടുമുറിയിൽനിന്നും നഷ്ടപ്പെട്ട നേന്ത്രപ്പഴം. മേലധികാരി സമൂഹമധ്യേ നിർത്തി ചോദിച്ചു, ‘എന്തിനു നീ മോഷ്ടിച്ചു? അതുകൊണ്ടല്ലേ എല്ലാവർക്കും തികയാതിരുന്നത്? ഇത്ര കൊതിയാണേൽ ചോദിച്ചാൽ തരുമായിരുന്നല്ലോ?’ പുണ്യവതിയെന്നറിയപ്പെട്ടിരുന്നവൾക്ക് ഇതിൽപരം നാണക്കേടെന്ത്? മിണ്ടിയില്ലവൾ. കുറ്റം ഏറ്റെടുത്ത് മേലധികാരിയുടെ കാൽക്കൽവീണ് പരസ്യമായി മാപ്പിരന്നു.

മേലധികാരി ശാന്തമായി അവളെ പിടിച്ചെഴുന്നേല്പിച്ച്, പൊതുവായി പറഞ്ഞു: ‘ഞാൻതന്നെയാണ് ഈ നേന്ത്രപ്പഴം അൽഫോൻസയുടെ മുറിയിൽ വച്ചത്, ഈ സഹോദരിയിലെ വിശുദ്ധി പരീക്ഷിക്കാൻ. ജയിച്ചിരിക്കുന്നു ഇവൾ, തെറ്റായ ആരോപണം നിഷേധിക്കാതെ. വിളിച്ചുപറയാമായിരുന്നു അവൾക്ക് താനെടുത്തില്ലെന്ന്. പക്ഷേ, ഇവൾ തെറ്റ് ഏറ്റെടുത്തു പരസ്യമായി മാപ്പുപറയുകയും ചെയ്തിരിക്കുന്നു.’ അൽഫോൻസാ, വിശുദ്ധ അൽഫോൻസാ ആയിത്തീർന്നതിലെ ഒരു രഹസ്യമിതാണ്.

”ദൈവസ്വഭാവത്തിൽ നിങ്ങൾ പങ്കുകാരാകുന്നതിന്, ….നിങ്ങളുടെ വിശ്വാസത്തെ സുകൃതംകൊണ്ടും, സുകൃതത്തെ ജ്ഞാനംകൊണ്ടും, ജ്ഞാനത്തെ ആത്മസംയമനംകൊണ്ടും, ആത്മസംയമനത്തെ ക്ഷമകൊണ്ടും, ക്ഷമയെ ഭക്തികൊണ്ടും, ഭക്തിയെ സഹോദരസ്‌നേഹംകൊണ്ടും, സഹോദരസ്‌നേഹത്തെ ഉപവികൊണ്ടും സമ്പൂർണമാക്കാൻ നന്നായി ഉത്സാഹിക്കുവിൻ” (2പത്രോസ് 1:4-7).

ദൈവസ്‌നേഹാനുഭവത്തിൽ കുറേനാൾ ആയിരിക്കുമ്പോൾ, ഏറെനേരം പ്രാർത്ഥിക്കുന്നെങ്കിൽ, ദൈവം തന്റെ കൃപചൊരിഞ്ഞ് ഒരുപാട് ഉപയോഗിക്കുമ്പോൾ, മറ്റുള്ളവർക്ക് അനുഗ്രഹമാകാൻ കഴിഞ്ഞാൽ ഒക്കെ ചിലപ്പോൾ തോന്നാം പുണ്യത്തിലും വിശുദ്ധിയിലും വളരെ പുരോഗമിച്ചെന്ന്. എന്നാൽ പ്രതികൂലങ്ങളിൽ എന്നിലെ ‘എന്റെ’ പ്രതികരണമല്ലേ എന്റെ വിശുദ്ധിയുടെ അളവുകോൽ? മൂന്നാം സ്വർഗംവരെ ഉയർത്തപ്പെട്ട പൗലോസ്ശ്ലീഹാ പറയുന്നു: ”ഇത് എനിക്കു കിട്ടിക്കഴിഞ്ഞെന്നോ, ഞാൻ പരിപൂർണനായെന്നോ അർഥമില്ല. ഇതു സ്വന്തമാക്കാൻവേണ്ടി ഞാൻ തീവ്രമായി പരിശ്രമിക്കുകയാണ്” ഫിലിപ്പി 3:12.
ഒരിടത്തും എത്തിയിട്ടില്ലെന്ന തിരിച്ചറിവോടെ, പൗലോസ്ശ്ലീഹായെപ്പോലെ നമുക്കും തീവ്രമായി അദ്ധ്വാനിക്കണ്ടേ? ദൈവസ്‌നേഹത്തെപ്രതി എല്ലാം ഹൃദയത്തിൽ സംഗ്രഹിച്ച്, ദൈവഹിതത്തെ സദാ സന്തോഷത്തോടെ സ്വീകരിച്ച പരിശുദ്ധ അമ്മയ്ക്ക് നമ്മെ മനസിലാകും. അമ്മയുടെ മാധ്യസ്ഥം പ്രാർത്ഥിക്കാം.
”ദൈവമേ, എന്നെ പരിശോധിച്ച് എന്റെ ഹൃദയത്തെ അറിയണമേ! എന്നെ പരീക്ഷിച്ച് എന്റെ വിചാരങ്ങൾ മനസിലാക്കണമേ! വിനാശത്തിന്റെ മാർഗത്തിലാണോ ഞാൻ ചരിക്കുന്നതെന്നു നോക്കണമേ! ശാശ്വതമാർഗത്തിലൂടെ എന്നെ നയിക്കണമേ!” സങ്കീർത്തനങ്ങൾ 139:23,24

ആൻസിമോൾ ജോസഫ്

 

1 Comment

  1. Elsa says:

    Inspiring article!!!!!!!!!!!!

Leave a Reply

Your email address will not be published. Required fields are marked *