സന്യാസാർത്ഥിനിയായിരിക്കുന്ന കാലത്ത്, ഒരിക്കൽ കുട്ടികളുടെ അടുക്കളയിൽ ജോലി ചെയ്യാൻ മദർ ഡിറക്ട്രസ് എന്നെ നിയോഗിച്ചു. വലിയ പാത്രങ്ങൾ കൈകാര്യം ചെയ്യാൻ എനിക്ക് വിഷമമായിരുന്നു. ഉരുളക്കിഴങ്ങ് വേവിച്ചുകഴിഞ്ഞ് വെള്ളം ഊറ്റിക്കളയുന്നത് എന്നെ സംബന്ധിച്ച് വളരെ പ്രയാസം പിടിച്ച ജോലിയായിരുന്നു. മിക്കവാറും വെള്ളത്തോടൊപ്പം പകുതി ഉരുളക്കിഴങ്ങ് ഒഴുകിപ്പോകും. മദർ ഡിറക്ട്രസിനോട് ഇക്കാര്യം പറഞ്ഞപ്പോൾ സാവധാനം ശരിയായിക്കൊള്ളുമെന്നാണ് പറഞ്ഞത്. എന്നാൽ ദിവസങ്ങൾ കഴിയുന്തോറും ഈ ജോലി കൂടുതൽ ബുദ്ധിമുട്ടായി മാറി. അതിനാൽ ഉരുളക്കിഴങ്ങ് ഊറ്റേണ്ട സമയമാവുമ്പോൾ ഞാൻ മാറി നിൽക്കും. ഇക്കാര്യം മറ്റുള്ളവർ ശ്രദ്ധിച്ചു. അവർക്ക് അത് വിസ്മയമായി. ഒഴിവാക്കുന്നതല്ല, സാധിക്കാത്തതാണെന്ന് അവർക്ക് മനസിലായില്ല. ഉച്ചനേരത്തുള്ള ആത്മശോധനയുടെ സമയത്ത് എന്റെ ഈ ബലഹീനതയെപ്പറ്റി ഞാൻ ദൈവത്തോട് പരാതി പറഞ്ഞു. അപ്പോൾ എന്റെ ആത്മാവിൽ ഇങ്ങനെ കേട്ടു: ഇന്നു മുതൽ നീ ഇത് എളുപ്പം ചെയ്യും. ഞാൻ നിന്നെ ബലപ്പെടുത്തും.
അന്നു സന്ധ്യയ്ക്ക് ഉരുളക്കിഴങ്ങിന്റെ വെള്ളം ഊറ്റേണ്ട സമയമായപ്പോൾ, കർത്താവിന്റെ വാക്കിൽ വിശ്വസിച്ചുകൊണ്ട് ഞാൻ ഓടിച്ചെന്ന് എളുപ്പത്തിൽ പാത്രമെടുത്ത് വെള്ളം ഊറ്റിക്കളഞ്ഞു. എന്നാൽ ആവി കളയാൻ പാത്രത്തിന്റെ മൂടി നീക്കിയപ്പോൾ അതിനുള്ളിൽ വളരെ ഭംഗിയുള്ള ചുവന്ന പനിനീർപ്പൂക്കളുടെ കെട്ടുകൾ! അത്തരം പനിനീർപ്പൂക്കൾ ഞാൻ അതിനു മുൻപ് കണ്ടിട്ടില്ല. ഇതിന്റെ അർത്ഥം എനിക്ക് മനസിലായില്ല. അപ്പോൾ കേട്ടത് ഇങ്ങനെയാണ്: നിന്റെ കഠിനാധ്വാനം ഏറ്റം ഭംഗിയുള്ള പൂച്ചെണ്ടുകളായി ഞാൻ മാറ്റുന്നു. അതിന്റെ പരിമളം എന്റെ സിംഹാസനംവരെ ഉയരുന്നു. അന്നു മുതൽ എനിക്ക് ആ ജോലി ലഭിക്കുമ്പോൾമാത്രമല്ല, മറ്റു സന്യാസിനികൾക്കു പകരമായി ജോലി ചെയ്യുമ്പോഴും, ഉരുളക്കിഴങ്ങ് ഞാൻതന്നെ ഊറ്റാൻ ശ്രമിച്ചിരുന്നു. അതുകൂടാതെ മറ്റു കഠിനാധ്വാനമുള്ള ജോലികൾചെയ്യാനും മുൻകൈയെടുത്ത് ഞാൻ സഹായിച്ചുപോന്നു. അത് ദൈവത്തെ എത്രമാത്രം സന്തോഷിപ്പിക്കുന്നുവെന്ന് എനിക്ക് ബോധ്യമായി.
അവലംബം: ഡയറി, വിശുദ്ധ ഫൗസ്റ്റീന