പിഞ്ചുമനസ്സിൽ വിത്തുപോലെ…

യേശു അനന്യനായ വ്യക്തിയാണ്. യേശുവിനെപ്പോലെ ഒരു വ്യക്തി അതിന് മുമ്പ് ജനിച്ചിട്ടില്ല, ഇനി ജനിക്കുവാനും പോകുന്നില്ല. കാരണം അവിടുന്ന് മനുഷ്യാവതാരം ചെയ്ത ദൈവപുത്രൻ തന്നെയാണ്. ജീവിക്കുന്ന ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ് യേശു. മനുഷ്യമനസുകളെ ഇത്രത്തോളം സ്വാധീനിച്ച മറ്റൊരു വ്യക്തിയില്ല.

നിരീശ്വരവാദികൾപോലും യേശുവിനാൽ ആകർഷിക്കപ്പെടുന്നു. റഷ്യൻ കമ്യൂണിസ്റ്റ് നേതാവും നിരീശ്വരവാദിയുമായിരുന്ന ജോസഫ് സ്റ്റാലിൻപോലും യേശുവിൽ വിശ്വസിച്ചിരുന്നു. ഇക്കാര്യം വെളിപ്പെടുത്തപ്പെട്ടിരിക്കുന്നത് സ്റ്റാലിന്റെ മകളെക്കുറിച്ച് റോസ്‌മേരി സള്ളിവൻ എഴുതിയ ടമേഹശി’ െഉമൗഴവലേൃ എന്ന ഗ്രന്ഥത്തിലാണ്.

സ്റ്റാലിൻ തന്റെ മകൾ സ്വെറ്റ്‌ലാനയെ വളർത്തിയത് നിരീശ്വരവാദത്തിലാണ്. ദൈവം ഒരു ശുദ്ധ നുണ ആണെന്നാണ് അവൾ കേട്ടുവളർന്നത്. എന്നാൽ ഒരിക്കൽ ഞെട്ടിപ്പിക്കുന്ന ഒരു അനുഭവമുണ്ടായി സ്വെറ്റ്‌ലാനയ്ക്ക്. ഒമ്പതുവയസുള്ള അവൾ തന്റെ പിതാവിന്റെ ലൈബ്രറിയിൽ പുസ്തകങ്ങൾ തിരയുകയായിരുന്നു. ഒരു ഷെൽഫിൽ മറ്റ് പുസ്തകങ്ങളുടെ ഇടയിൽ അവളൊരു പുസ്തകം കണ്ടെത്തി. അവൾക്ക് കണ്ണുകളെ വിശ്വസിക്കാനായില്ല. കാരണം അതിന്റെ ശീർഷകം ‘ദി ലൈഫ് ഓഫ് ക്രൈസ്റ്റ്’ എന്നായിരുന്നു. അവൾ ആ പുസ്തകം വലിച്ചെടുത്ത് അപ്പന്റെ അടുത്തേക്ക് ഓടി. പുസ്തകം ചൂണ്ടിക്കാണിച്ചുകൊണ്ട് അവൾ പറഞ്ഞു: ‘അപ്പാ, ഇതൊരു ശുദ്ധ നുണയാണ്.’ അപ്പൻ എന്ത് ചെയ്‌തെന്നോ? മകളെ സ്‌നേഹപൂർവം മടിയിലിരുത്തി ഇപ്രകാരം പറഞ്ഞു: ‘മകളേ, ക്രിസ്തു ഒരു യഥാർത്ഥ മനുഷ്യനാണ്.’ എന്നിട്ട് യേശുവിനെക്കുറിച്ച് തനിക്ക് അറിയുന്നതെല്ലാം അദ്ദേഹം മകൾക്ക് പറഞ്ഞുകൊടുത്തു.

സത്യം വിത്തായപ്പോൾ…
സ്വെറ്റ്‌ലാന ആ വാക്കുകൾ അത്ര കാര്യമായി അപ്പോൾ എടുത്തില്ല. പക്ഷേ, പിതാവിന്റെ വാക്കുകൾ അവളുടെ മനസിൽ ഒരു വിത്തുപോലെ കിടന്നു. മാതാപിതാക്കൾ മക്കൾക്ക് കുഞ്ഞുന്നാളിൽ നല്കുന്ന നല്ല വാക്കുകൾ ഒരിക്കലും വൃഥാവിലാവുകയില്ല. അവർക്ക് ആവശ്യമുള്ള സമയത്ത് ദൈവത്തിന്റെ പരിശുദ്ധാത്മാവ് അത് അവരെ ഓർമിപ്പിക്കും. വിശുദ്ധ ഗ്രന്ഥം ഇപ്രകാരം പറയുന്നു: ”ഞാൻ അമ്മയ്ക്ക് ഏകസന്താനമായി ഇളംപ്രായത്തിൽ പിതാവിനോടൊപ്പം കഴിയവേ, അവൻ എന്നെ ഇപ്രകാരം പഠിപ്പിച്ചു: നിന്റെ ഹൃദയം എന്റെ വാക്കുകൾ മുറുകെ പിടിക്കട്ടെ. എന്റെ കല്പനകൾ പാലിച്ചാൽ നീ ജീവിക്കും” (സുഭാഷിതങ്ങൾ 4:4).

സ്റ്റാലിൻ വിതച്ച വിശ്വാസത്തിന്റെ വിത്തുകൾ അദ്ദേഹത്തിന്റെ മരണശേഷവും മകളുടെ മനസിൽ കിടന്നു. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ സോവ്യറ്റ് റഷ്യയിൽ വീണ്ടുമൊരു ആത്മീയ നവോത്ഥാനം ഉണ്ടായി. ദൈവത്തിൽ ശരണപ്പെടുകയും വിശ്വസിക്കുകയും ചെയ്യുന്നവരുടെ എണ്ണം വർധിച്ചുവരുവാൻ തുടങ്ങി. പ്രസിദ്ധ സാഹിത്യകാരന്മാരായ അലക്‌സാണ്ടർ സോൾഷെനിറ്റ്‌സെൻ, ആൻഡ്രേയ് സിന്യാവിസ്‌ക്കി എന്നിവർ അവരിൽ ചിലർ മാത്രം. ഇതിൽ ആൻഡ്രേയ് സിന്യാവ്‌സിക്കി സ്വെറ്റ്‌ലാനയുടെ അടുത്ത സുഹൃത്തായിരുന്നു. അദ്ദേഹത്തിന്റെ സ്വാധീനത്തിൽ സ്വെറ്റ്‌ലാനയുടെ മനസിലുണ്ടായിരുന്ന വിത്തുകൾ വളർന്നു വരുവാൻ തുടങ്ങി. അങ്ങനെ 1962-ൽ സ്വെറ്റ്‌ലാന ക്രിസ്ത്യാനിയായി മാമോദീസ സ്വീകരിച്ചു.

എന്നാൽ സ്വെറ്റ്‌ലാനയുടെ സത്യാന്വേഷണം തുടർന്നുകൊണ്ടിരുന്നു. ആയിരത്തി തൊള്ളായിരത്തി എൺപതുകളിൽ അവർ ബ്രിട്ടനിലേക്ക് കുടിയേറി. അവിടെ കേംബ്രിഡ്ജിൽവച്ച് 1982-ൽ വിശുദ്ധ ലൂസിയുടെ തിരുനാൾദിനം അവർ കത്തോലിക്കാ സഭയിൽ അംഗമായി ചേർന്നു. ഒരു ഇറ്റാലിയൻ കത്തോലിക്കാ വൈദികനുമായുള്ള കത്തിടപാടുകൾ ഇതിന് സ്വെറ്റ്‌ലാനയെ സ്വാധീനിച്ചിരുന്നു.

കത്തോലിക്കാ സഭയിൽ ചേർന്നു കഴിഞ്ഞപ്പോഴാണ് സഭയുടെ അമൂല്യത സ്വെറ്റ്‌ലാന തിരിച്ചറിഞ്ഞത്. തന്നെ രൂപാന്തരപ്പെടുത്തിയ രണ്ട് കൂദാശകളെക്കുറിച്ച് അവർ പറയുന്നുണ്ട്: അവ വിശുദ്ധ കുർബാനയും വിശുദ്ധ കുമ്പസാരവുമാണ്. എല്ലാ ദിവസവും വിശുദ്ധ കുർബാനയിൽ സംബന്ധിച്ചിരുന്നു എന്ന് അവർ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

എന്താണ് എല്ലാ ദിവസവും വിശുദ്ധ കുർബാനയിൽ സംബന്ധിക്കുന്ന ഒരു വ്യക്തിയുടെ ജീവിതത്തിലുണ്ടാകുന്ന മാറ്റം? അവർ തന്നെ മറുപടി പറയുന്നു: മുമ്പ് എനിക്ക് ക്ഷമിക്കുവാനും ശത്രുക്കളെ സ്‌നേഹിക്കുവാനും വളരെ പ്രയാസമായിരുന്നു. എന്നാൽ ഇപ്പോൾ ഞാൻ ദിവസവും സ്വീകരിക്കുന്ന ക്രിസ്തു എനിക്ക് അതിന് ശക്തി നല്കുന്നു. മുമ്പ് എനിക്ക് എന്റെ പാപങ്ങളെക്കുറിച്ച് ആഴമായ അനുതാപമില്ലായിരുന്നു. എന്നാൽ കൂടെക്കൂടെ കുമ്പസാരത്തിന് അണയുമ്പോൾ, എനിക്ക് ആഴമായ പശ്ചാത്താപം എന്റെ ദൈവം നല്കുന്നു.

ധന്യത പുല്കാൻ
പാപങ്ങൾ മോചിക്കുവാൻ ദൈവപുത്രനായ യേശു ഈ ഭൂമിയിൽ അധികാരപ്പെടുത്തിയ ബഹുമാനപ്പെട്ട വൈദികരോട് പാപങ്ങൾ ഏറ്റുപറയുവാൻ അവസരം ലഭിക്കുന്നതാണ് ഒരു കത്തോലിക്കാ വിശ്വാസിയുടെ ഏറ്റവും വലിയ ധന്യത. പാപങ്ങൾ മോചിക്കപ്പെടുന്ന വിശുദ്ധ കുമ്പസാരത്തിലൂടെ വിശുദ്ധിയിൽ ജീവിക്കുവാനുള്ള കൃപ ലഭിക്കുന്നു. എന്നു മാത്രമല്ല, പാപങ്ങൾ മോചിക്കപ്പെട്ടിരിക്കുന്നു എന്ന വാക്കുകൾ കേൾക്കുമ്പോൾ മനസിൽ വലിയൊരു സമാധാനം ലഭിക്കുകയും ചെയ്യുന്നു.

നിരീശ്വരവാദിയായി വളർന്ന് വിശ്വാസിയായി മരിച്ച സ്വെറ്റ്‌ലാന മറ്റൊരു പ്രശ്‌നവും നമ്മുടെ മുമ്പിൽ ഉയർത്തുന്നുണ്ട്. അനുദിന ദിവ്യബലിയിൽ സംബന്ധിക്കുകവഴി ശത്രുക്കളോട് നിരുപാധികം ക്ഷമിക്കുവാനുള്ള കൃപ അവർക്ക് ലഭിച്ചു എന്നാണല്ലോ അവർ സാക്ഷ്യപ്പെടുത്തുന്നത്. മറ്റൊരു വാക്കിൽ പറഞ്ഞാൽ മനസിൽ വെറുപ്പ് വച്ചുകൊണ്ട് അവർ വിശുദ്ധ കുർബാനയ്ക്ക് അണയുകയോ യേശുവിനെ സ്വീകരിക്കുകയോ ചെയ്തിരുന്നില്ല. ക്ഷമ കൊടുക്കാതെ വിശുദ്ധ കുർബാനയിൽ സത്യമായും സന്നിഹിതനായിരിക്കുന്ന സ്‌നേഹത്തിന്റെ പൂർണതയായ യേശുവിനെ സ്വീകരിക്കുന്നതിൽ യാതൊരു മനഃസാക്ഷിക്കുത്തും അനുഭവപ്പെടാത്ത നമ്മെ സ്വെറ്റ്‌ലാന ലജ്ജിപ്പിക്കുന്നില്ലേ? വാക്കുകൊണ്ടു മാത്രമല്ല, കർമംകൊണ്ടും കൂടിയാണ് ഒരുവൻ ക്രിസ്ത്യാനി ആകേണ്ടതെന്നും പ്രായോഗികജീവിതത്തോട് നീതി പുലർത്താത്ത ആത്മീയത യഥാർത്ഥ ആത്മീയത അല്ലെന്നും അവർ നമ്മെ നിരന്തരം, മരണശേഷവും, ഓർമപ്പെടുത്തിക്കൊണ്ടിരിക്കുന്നു.

എന്നാൽ ഇത് സ്വെറ്റ്‌ലാനയുടെ ഒരു കഴിവായി നാം കാണേണ്ടതില്ല. അവൾ ആരെ പൂർണമനസോടെ അന്വേഷിച്ചുവോ ആ യേശു നല്കിയ ഒരു വരമാണ്. യേശു മാറ്റമില്ലാത്തവനാണ് – വാക്കിലും പ്രവൃത്തിയിലും. അവിടുത്തെപ്പോലെ മറ്റൊരു ദൈവമില്ല. യഥാർത്ഥത്തിൽ അറിയപ്പെടേണ്ടതും സ്‌നേഹിക്കപ്പെടേണ്ടതുമായ നാമമാണ് യേശുനാമം. ആ പരമ ശക്തിക്കുമുമ്പിൽ നമ്മുടെ മുട്ടുകൾ മടക്കാം. വിളിച്ചാൽ നിശ്ചയമായും വിളി കേൾക്കുന്ന അവിടുത്തെ മുമ്പിൽ നമ്മുടെ പ്രാർത്ഥനകളെ ഉയർത്താം:

യേശുവേ, സ്വർഗത്തിലും ഭൂമിയിലുള്ള എല്ലാ അധികാരവും എനിക്ക് നല്കപ്പെട്ടിരിക്കുന്നുവെന്ന് അവിടുന്ന് പറഞ്ഞിട്ടുണ്ടല്ലോ. അങ്ങ് സർവശക്തനാണെന്നും അങ്ങയെപ്പോലെ മറ്റൊരു ദൈവമില്ലെന്നും ഞാൻ ഇപ്പോൾ ഏറ്റുപറയുന്നു. എന്റെ മനസിനെ മാറ്റുവാനും ജീവിതത്തെ രൂപാന്തരപ്പെടുത്തുവാനും അങ്ങേക്ക് മാത്രമേ സാധിക്കുകയുള്ളൂ എന്ന് ഞാൻ അറിയുന്നു. ദുർഭഗനായ എന്നെ രക്ഷിക്കുവാൻ തിരുമനസാകണമേ. അങ്ങ് എന്നെ രക്ഷിച്ചാൽ ഞാനും എന്റെ കുടുംബവും രക്ഷിക്കപ്പെടും. എന്റെമേൽ കരുണ തോന്നി എന്നെ അങ്ങയുടെ സ്വന്തമായി സ്വീകരിച്ചാലും. പരിശുദ്ധ അമ്മേ, ദൈവത്തിന്റെ അമ്മേ, വിശുദ്ധ യൗസേപ്പിതാവേ നിങ്ങൾ യേശുവിനെ ദൈവമായി സ്വീകരിച്ച് ജീവിച്ചതുപോലെ എനിക്കും കൃപ ലഭിക്കുവാൻ ഈ നിമിഷം എനിക്കായി പ്രാർത്ഥിക്കണമേ – ആമ്മേൻ.

കെ.ജെ. മാത്യു

Leave a Reply

Your email address will not be published. Required fields are marked *