പ്രശസ്തനായ ഇംഗ്ലീഷ് കവിയായിരുന്നു വില്യം ബ്ലേയ്ക്ക്. ഒരു പ്രഭാതത്തിൽ കടൽത്തീരത്ത് സൂര്യോദയം ദർശിച്ചുകൊണ്ടിരുന്ന അദ്ദേഹം അതിന്റെ മനോഹാരിതയിൽ അത്ഭുതപരതന്ത്രനായി. ആകാശം പ്രകാശമാനമായിക്കൊണ്ടിരിക്കുന്നു. സൂര്യൻ കടലിനു മുകളിൽ ജ്വലിക്കുന്ന, സ്വർണ വർണമുള്ള ഒരു ഡിസ്‌ക്കുപോലെ പ്രത്യക്ഷമായി. അതിന്റെ കിരണങ്ങൾ ഓളങ്ങളിൽ തട്ടി സ്വർഗീയമായ ഒരു അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അടുത്തു നില്ക്കുന്ന ഒരു മനുഷ്യനെ പേരുചൊല്ലി വിളിച്ചുകൊണ്ട് വില്യം ബ്ലേയ്ക്ക് ഇങ്ങനെ പറഞ്ഞു: ”ദാ നോക്കിക്കേ, ആ കാണുന്നതെന്താണെന്ന്?”
അയാൾ ഉദയസൂര്യനെ നോക്കിക്കൊണ്ട് പറഞ്ഞു: ”ശരിക്കും ഒരു സ്വർണനാണയമാണെന്നേ തോന്നുകയുള്ളൂ. ആകട്ടെ, താങ്കൾക്ക് അത് കണ്ടിട്ട് എന്താ തോന്നുന്നത്?” അതിന് മറുപടിയായി വില്യം ബ്ലേയ്ക്ക് പറഞ്ഞതിങ്ങനെയാണ്.
”ഞാനങ്ങോട്ട് നോക്കുമ്പോൾ കാണുന്നത് ദൈവത്തിന്റെ മഹത്വമാണ്. ആകാശവും ഭൂമിയും അത്യുന്നതന്റെ മഹത്വം പ്രഘോഷിക്കുന്നു. പരിശുദ്ധൻ… പരിശുദ്ധൻ… എന്ന് മാലാഖമാർ പ്രകീർത്തിക്കുന്നതിന്റെ മുഴക്കം എന്റെ ഹൃദയത്തിൽ അല തല്ലുന്നുണ്ട്. ഹായ്… എത്ര മനോഹരം!
ആകാശം ദൈവത്തിന്റെ മഹത്വം പ്രകീർത്തിക്കുന്നു (സങ്കീർത്തനങ്ങൾ 19:1). ഹൃദയത്തിന്റെ തികവിൽനിന്ന് അധരങ്ങൾ സംസാരിക്കുന്നു (ലൂക്കാ 6:45).
ഒരാൾ ഉദയസൂര്യനിൽ സ്വർണനാണയവും അപരൻ ദൈവത്തിന്റെ മഹത്വവും ദർശിക്കുന്നു. എന്താണീ വ്യത്യാസത്തിന് കാരണം. ഹൃദയത്തിന്റെ വ്യത്യാസമാണത്. നാം യഥാർത്ഥമായും ദൈവത്തെ തേടുന്നവരാകുമ്പോൾ എല്ലാറ്റിലൂടെയും ദൈവത്തിന്റെ ദർശനം സ്വീകരിക്കാൻ സാധ്യമാകും. ജഡിക താല്പര്യങ്ങൾ നിറഞ്ഞ ഹൃദയത്തിന് ജഡികമായതുമാത്രമേ കാണാൻ കഴിയൂ. അന്വേഷിക്കുന്നതാണ് നാം പലപ്പോഴും കണ്ടെത്തുന്നത്. ചിലർ എവിടെ ചെന്നാലും കാണുന്നത് പ്രശ്‌നങ്ങളാണ്. കണ്ടുമുട്ടുന്നവരെല്ലാം ശത്രുക്കളും. സന്തോഷം കണ്ടെത്താനും സമാധാനം അനുഭവിക്കുവാനും നമുക്ക് സാധ്യമാകാതെ വരുന്നത് അവ നമ്മുടെ ജീവിതത്തിന് ലഭ്യമല്ലാത്തതുകൊണ്ടല്ല. അവയെ സ്വന്തമാക്കാൻ രോഗഗ്രസ്തമായ നമ്മുടെ ഹൃദയത്തിന് കഴിവില്ലാത്തതുകൊണ്ടാണ്. അതുകൊണ്ടാണ് കർത്താവ് പറയുന്നത് ഒരു പുതിയ ഹൃദയം നേടുവിൻ എന്ന്. എസെക്കിയേൽ പ്രവാചകനിലൂടെ അവിടുന്ന് അരുളിചെയ്യുന്നു: ”ഒരു പുതിയ ഹൃദയം നിങ്ങൾക്ക് ഞാൻ നല്കും; ഒരു പുതുചൈതന്യം നിങ്ങളിൽ ഞാൻ നിക്ഷേപിക്കും” (എസെക്കിയേൽ 36:26).
ക്രിസ്തുവിൽ ആയിരിക്കുന്ന ഏതൊരുവനും പുതിയ സൃഷ്ടിയാണെന്ന് തിരുവചനം പഠിപ്പിക്കുന്നു. പക്ഷേ പുതിയ ജീവിതത്തിൽ പഴയ ഹൃദയം സൂക്ഷിക്കുന്നതിനാൽ പഴയ കാഴ്ചപ്പാടുകളിൽനിന്നും വിടുതൽ കിട്ടുന്നില്ല. ക്രിസ്തു നല്കുന്ന പുതിയ ഹൃദയത്തിന്റെ കാഴ്ചപ്പാടിലൂടെ ജീവിതത്തെ സമീപിക്കുമ്പോൾ അവിടെ നന്മയും സന്തോഷവും ദൈവമഹത്വവും പ്രത്യക്ഷമാകും. അതിനാൽ നമുക്ക് പ്രാർത്ഥിക്കാം.
കർത്താവേ, പാപം ഗ്രസിച്ച പഴയ ഹൃദയത്തെ ഉപേക്ഷിക്കാനും അങ്ങ് നല്കുന്ന പുതിയ ഹൃദയത്തെ സ്വന്തമാക്കുവാനും എന്റെ വിശ്വാസത്തെ വർധിപ്പിക്കണമേ. ദൈവിക കാഴ്ചപ്പാടുള്ള ഒരു പുതിയ ഹൃദയം എനിക്ക് നല്കിയാലും. എവിടെയും എപ്പോഴും അങ്ങയുടെ മഹത്വം ദർശിക്കുവാൻ അങ്ങനെ എനിക്ക് സാധിക്കുകയും ചെയ്യട്ടെ – ആമ്മേൻ.
ബെന്നി പുന്നത്തറ
ചീഫ് എഡിറ്റർ