വീടുപണി ആരംഭിക്കുന്ന സമയത്താണ് റോസ്‌മോളുടെ അപ്പ ഒരു പഞ്ചസാരപ്പഴത്തൈ കൊണ്ടുവന്ന് പറമ്പിൽ നട്ടത്. ചെടിക്ക് വെള്ളമൊഴിക്കുവാനും വളമിടാനും അപ്പയുടെ കൂടെ റോസ്‌മോളും എപ്പോഴും ഉണ്ടാകും.
ഒരു ദിവസം റോസ്‌മോൾ ചോദിച്ചു: ”അപ്പേ, എന്തിനാ ഈ ചെടി നമ്മൾ വളർത്തുന്നത്?” റോസ്‌മോളെ ചേർത്ത് നിർത്തി അപ്പ പറഞ്ഞു: ”മോളേ, ഒരിക്കൽ ഈ ചെടി വളർന്ന് ഒരു മരമാകും. തണലും പഴങ്ങളും നല്കും. മരത്തണലിൽ റോസ്‌മോൾക്ക് കൂട്ടുകാർക്കൊപ്പം കളിക്കാം… പഴങ്ങൾ തിന്നുകയും ചെയ്യാം…” ഹായ്! ഹായ്! റോസ്‌മോൾ സന്തോഷംകൊണ്ട് തുള്ളിച്ചാടി.
അങ്ങനെയിരിക്കെ ഒരുനാൾ ഒരു പോത്തുകിടാവ് വന്ന് പഞ്ചസാരച്ചെടി തിന്നു. സങ്കടത്തിലായ റോസ്‌മോളെ അപ്പ ആശ്വസിപ്പിച്ചു. ”പോട്ടെ, സാരമില്ല… പോത്ത് നാമ്പ് മാത്രമേ തിന്നിട്ടുള്ളൂ. നമുക്ക് ചെടി മൂടിപ്പൊതിഞ്ഞ് വയ്ക്കാം.” അപ്പയും മോളുംകൂടി ചെടി നല്ലവണ്ണം പൊതിഞ്ഞുകെട്ടി.
കുറച്ചു ദിവസങ്ങൾക്കുശേഷം രാവിലെ ചെടിക്ക് വെള്ളമൊഴിക്കുമ്പോൾ റോസ്‌മോൾ അപ്പയെ ഉച്ചത്തിൽ വിളിച്ചു. ”എന്താ മോളേ?” അപ്പയും അമ്മയും ഓടിയെത്തി. ദേ… നോക്കിക്കേ… റോസ്‌മോൾ ചൂണ്ടിക്കാണിച്ച ഭാഗത്ത് ചെടിക്ക് പുതിയ ഇലകൾ വന്നിരിക്കുന്നു. പക്ഷേ അതെല്ലാം നിറം മങ്ങി മുരടിച്ചുപോയിരുന്നു. സൂര്യപ്രകാശം ലഭിക്കാതെയാണ് ഇങ്ങനെ സംഭവിച്ചത് എന്ന് അപ്പ പറഞ്ഞു. ചെടി പൊതിഞ്ഞു വച്ചിരുന്ന പ്ലാസ്റ്റിക്ക് കവർ എടുത്തുമാറ്റി. സൂര്യപ്രകാശം നന്നായി കിട്ടത്തക്കവിധം മരക്കമ്പുകൾ വെട്ടിയെടുത്ത് ഭംഗിയായി വേലികെട്ടി. ഒരു കാര്യം കൂടി അപ്പ റോസ്‌മോളെ ഓർമപ്പെടുത്തി. ”ചെടിയിൽ പുഴുക്കളോ മറ്റ് കീടങ്ങളോ വന്നാൽ എടുത്തുകളയണം. അല്ലെങ്കിൽ അവ ഇലകൾ തിന്ന് നശിപ്പിക്കും.” ”അത് ഞാനേറ്റു” റോസ്‌മോൾ പറഞ്ഞു.
വർഷങ്ങൾ കടന്നുപോയി. ആറാം ക്ലാസിലാണ് റോസ്‌മോൾ ഇപ്പോൾ പഠിക്കുന്നത്. പഞ്ചസാരച്ചെടി വളർന്ന് വലിയ മരമായി. നിറയെ പൂവും കായും… മുറ്റത്തും വഴിയിലുമെല്ലാം നല്ല തണവ്. മരത്തണലിൽ കുട്ടികൾ കളിക്കാൻ വന്നുതുടങ്ങി. റോസ്‌മോൾ പഴങ്ങൾ പെറുക്കിയെടുത്ത് എല്ലാവർക്കും വീതിച്ചു. ഹായ്! എന്തു സ്വാദ്….. എന്തു നല്ല മധുരം… എല്ലാവരും പറഞ്ഞു.
താമസിയാതെ അണ്ണാറക്കണ്ണനും കുയിലും തത്തമ്മയും പഴം തിന്നുവാൻ എത്തി. ചിത്രശലഭങ്ങളും വണ്ടുകളും പാറിപ്പറന്നു. റോസ്‌മോൾ സന്തോഷത്താൽ മതിമറന്ന് അപ്പയോട് ചോദിച്ചു: ”അപ്പേ, ഒരു സംശയം, ഇതുകൊണ്ടാണോ മിനിമിസ് ക്ലാസിൽ ‘മരം ഒരു വരം’ എന്നു പഠിപ്പിക്കുന്നത്?”
”അതെ മോളേ, റോസ്‌മോളും ഈ മരത്തെപ്പോലെ ഒരു അനുഗ്രഹമാകണം. മരം സ്വയം വെയിലേറ്റ് മറ്റുള്ളവർക്ക് തണൽ നല്കുന്നതുപോലെ സകലർക്കും അഭയവും ആശ്വാസവും നല്കുന്ന നല്ല കുട്ടിയായി റോസ്‌മോൾ വളരണം.” അപ്പ റോസ്‌മോളെ കെട്ടിപ്പിടിച്ച് ഇരുകവിളിലും മുത്തം നല്കി.
”ശരി അപ്പേ, അതിന് ഞാൻ എന്താണ് ചെയ്യേണ്ടത്?” റോസ്‌മോൾ ചോദിച്ചു. മോളേ, പഞ്ചസാരച്ചെടി വേലിക്കെട്ടിനുള്ളിൽ വളർന്നുവന്നതുപോലെ അനുസരണത്തിലും അച്ചടക്കത്തിലും കുഞ്ഞ് വളരണം. സൂര്യനിൽനിന്നും പ്രകാശം സ്വീകരിച്ച് ചെടി വളർന്ന് മരം ആയതുപോലെ റോസ്‌മോൾ ദൈവത്തോട് പ്രാർത്ഥിച്ച് ശക്തി സ്വീകരിക്കണം. തിന്മകളാകുന്ന പുഴുക്കളും കീടങ്ങളും ബാധിച്ച് മോളുടെ സ്വഭാവവും പ്രവൃത്തികളും മോശമാകാതെ ശ്രദ്ധിക്കണം. ഏതെങ്കിലും തെറ്റിലകപ്പെട്ടാൽ ഉടൻ തിരുത്തണം.”
എല്ലാം ശ്രദ്ധയോടെ കേട്ടിരുന്ന റോസ്‌മോൾ സാവധാനം സന്തോഷത്തോടെ തലയാട്ടി.
ജോസ്‌മോൻ