അഞ്ചാം പിറന്നാൾദിനത്തിൽ ഗ്രേസ് എന്ന പെൺകുട്ടിക്ക് വ്യത്യസ്തമായൊരു ആഗ്രഹം. മറ്റുള്ളവരുടെ പുഞ്ചിരി കാണാൻ എന്തെങ്കിലും ചെയ്യണം. അമ്മയോടൊപ്പം പോയി അവൾ നീളൻ തണ്ടുള്ള റോസാപ്പൂക്കൾ പതിനെട്ടെണ്ണെം വാങ്ങി. ഒരു പുഞ്ചിരി സമ്മാനിക്കണമെന്ന് തനിക്ക് തോന്നിയവർക്കെല്ലാം പുഞ്ചിരിക്കൊപ്പം ഓരോ റോസാപ്പൂക്കളും നല്കി. പ്രതീക്ഷിച്ചതിനെക്കാൾ വലിയ പ്രതികരണമാണ് ലഭിച്ചത്. വളരെ മോശമെന്നു തോന്നിയ ദിവസം അവൾ നിമിത്തം സന്തോഷകരമായെന്ന് ഏഴുപേർ പറഞ്ഞു. മൂന്നുപേർ ഒരു കരച്ചിലോടെ അവളെ ആലിംഗനം ചെയ്തു. അതിലൊരു സ്ത്രീ പത്തു മിനിറ്റോളമാണ് അവളെ കെട്ടിപ്പിടിച്ചു കരഞ്ഞത്. അവൾക്ക് മക്കളെ ‘മിസ് ചെയ്യുന്ന’ ദിവസങ്ങളായിരുന്നുവത്രേ അത്.
ഒരു പാവപ്പെട്ട വൃദ്ധ പല്ലില്ലാത്ത മോണ കാട്ടിയുള്ള നല്ലൊരു ചിരി തിരികെ നല്കി. ഇന്നത്തെ കുട്ടികളിൽ അവർക്ക് നഷ്ടപ്പെട്ടിരുന്ന വിശ്വാസം വീണ്ടുകിട്ടിയെന്നും അവർ പറഞ്ഞു. അവളുടെ അമ്മ അവർക്ക് പത്ത് ഡോളർ നല്കിയപ്പോൾ തന്റെ കുടുംബത്തിന്റെ അത്താഴത്തിനുള്ള ഇറച്ചി വാങ്ങാൻ അത് ഉപകരിക്കുമെന്ന സന്തോഷം അവർ പങ്കുവച്ചു. 2013-ൽ അമേരിക്കയിൽ നടന്ന ഈ കുഞ്ഞുകാര്യം വിടർത്തിയ പുഞ്ചിരികളും സന്തോഷവും എത്ര വലുതായിരുന്നു!