എന്റെ മുല്ലയും പൂക്കുന്നു

ബൈബിൾ ക്വിസ് ‘ബിബ്ലിയ’യ് ക്കുള്ള ഒരുക്കമായി പറഞ്ഞിരുന്ന ബൈബിൾ ഭാഗം ഒരു പ്രാവശ്യം മുഴുവൻ വായിച്ചു. ആത്മവിശ്വാസത്തോടെ ക്വിസിൽ പങ്കെടുത്തു. റിസൽട്ട് വന്നപ്പോൾ എന്തൊക്കെയോ അറിയാമെന്നു ഭാവിച്ചിരുന്ന എന്റെ ‘ഞാൻ’ എന്ന ഭാവത്തിന്റെ ഒരു ഇതൾകൂടി അടർന്നു വീഴുകയായിരുന്നു.
അടുത്തവർഷം വീണ്ടും ബിബ്ലിയായിൽ പങ്കെടുത്തു. ആദ്യമൊക്കെ ഒരു വാശി മാത്രമായിരുന്നു എന്റെ ബൈബിൾ പഠനം. എന്നാൽ ആ ബൈബിൾ പഠനത്തിലൂടെ എന്നെ മറ്റൊരു വഴിയിലേക്ക് ദൈവം നയിക്കുകയായിരുന്നു. പല ആവർത്തി ബൈബിൾ വായിക്കുവാൻ ദൈവം അനുഗ്രഹിച്ചു. പരിശുദ്ധാത്മാവിലൂടെ പലതും വെളിപ്പെടുത്തി തരുന്നതായി തോന്നിത്തുടങ്ങി. ബൈബിൾ ക്വിസിൽ സമ്മാനം ലഭിക്കുക എന്നതിലുപരി, ബൈബിൾ വായനയോടുള്ള തീക്ഷ്ണമായ ആഗ്രഹം എന്നിലുണ്ടായി. വായിക്കുംതോറും വീണ്ടും വീണ്ടും വായിക്കുവാനുള്ള ഒരു ആവേശം.

കുടുംബജീവിതത്തിന്റെ ഓരോ ദിവസവും സങ്കടങ്ങളിലും സന്തോഷങ്ങളിലും ബൈബിൾ വായനയിലൂടെ ദൈവത്തോടുള്ള എന്റെ നിസാര ചോദ്യങ്ങൾക്കുപോലും ഉത്തരം കണ്ടെത്തുകയായിരുന്നു. ‘വിശുദ്ധി’ എന്താണെന്ന് പരിശുദ്ധാത്മാവ് മനസിലാക്കിത്തരുന്നതുപോലെ. അതുവഴി പല സന്ദർഭങ്ങളിലും വചനം പറഞ്ഞ് പ്രാർത്ഥിക്കുവാനും മറ്റുള്ളവരോട് വചനം പറയുവാനും പരിശുദ്ധാത്മാവ് എന്നെ സഹായിച്ചുകൊണ്ടിരുന്നു.
ആഗ്രഹങ്ങൾ സഫലമാകാതെ വന്ന നിമിഷങ്ങളിൽ അത് നിരാശയിലേക്ക് വഴിമാറിപ്പോകാതിരിക്കുവാൻ ആദ്യമായി വെളിവാക്കപ്പെട്ടു കിട്ടിയ വചനം റോമാ 9:16 ആയിരുന്നു: ”മനുഷ്യന്റെ ആഗ്രഹമോ പ്രയത്‌നമോ അല്ല, ദൈവത്തിന്റെ ദയയാണ് എല്ലാറ്റിന്റെയും അടിസ്ഥാനം.” ഈ വചനഭാഗം പല പ്രാവശ്യം മനസിൽ പറഞ്ഞ് പ്രാർത്ഥിക്കുവാൻ തുടങ്ങി. അതുപോലെതന്നെ ഏശയ്യാ 55:8 ”എന്റെ ചിന്തകൾ നിങ്ങളുടേതുപോലെയല്ല; നിങ്ങളുടെ വഴികൾ എന്റേതുപോലെയുമല്ല. ആകാശം ഭൂമിയെക്കാൾ ഉയർന്നു നില്ക്കുന്നു. അതുപോലെ എന്റെ വഴികളും ചിന്തകളും നിങ്ങളുടേതിനെക്കാൾ ഉന്നതമത്രേ.”

നിറയുന്ന പ്രത്യാശ
ലോകത്തിന്റെ പാപപങ്കിലമായ ജീവിതം കണ്ട്, പലപ്പോഴും പകച്ചു നിന്നപ്പോൾ എന്തേ ഇവർ ഇങ്ങനെയെന്ന് ദൈവത്തോട് ചോദിക്കുവാൻ തോന്നിയ നിമിഷങ്ങൾ. ലോകത്തിനുവേണ്ടി സന്തോഷത്തോടുകൂടി പ്രാർത്ഥിക്കുവാൻ പരിശുദ്ധാത്മാവ് റോമാ 5:20-ലൂടെ കാണിച്ചുതന്നു. ”പാപം വർധിച്ചിടത്ത് കൃപ അതിലേറെ വർധിച്ചു.” ഈ വചനത്തിലൂടെ ലോകം മുഴുവന്റെയും കൃപയ്ക്കായി സന്തോഷത്തോടെ പ്രാർത്ഥിക്കുവാൻ പരിശുദ്ധാത്മാവ് എന്നെ പ്രേരിപ്പിച്ചു.
മക്കളെ പഠിപ്പിക്കുന്ന സന്ദർഭങ്ങളിൽ ഒന്നും ശ്രദ്ധിക്കുവാൻ പറ്റാത്ത അവരുടെ അവസ്ഥ, പല ആവർത്തി പഠിപ്പിച്ചിട്ടും ഓർത്തിരിക്കുവാൻ കഴിയാത്ത അവസ്ഥ. പരിശുദ്ധാത്മാവിനോട് സഹായിക്കണേയെന്ന് ആത്മാർത്ഥമായി അവർക്കുവേണ്ടി പ്രാർത്ഥിക്കും. എങ്കിലും ദേഷ്യം എന്നെ വേട്ടയാടുന്ന നിമിഷങ്ങൾ. ഏശയ്യാ 54:13 ”കർത്താവ് നിന്റെ പുത്രരെ പഠിപ്പിക്കും. അവർ ശ്രേയസാർജിക്കും” എന്ന് പല ആവർത്തി വലിയ വിശ്വാസത്തോടെ മനസിൽ പറഞ്ഞ് മനസിനെ ശാന്തമാക്കും.

വീട്ടിലെ പ്രകാശം
വീട്ടമ്മയായ എന്നെ അതിഥി സൽക്കാരത്തിന്റെ മഹത്വം ഹെബ്രായർ 13:1-2-ലൂടെ അവിടുന്ന് പഠിപ്പിച്ചു. ”സഹോദരസ്‌നേഹം നിലനിൽക്കട്ടെ. ആതിഥ്യമര്യാദ മറക്കരുത്. അതുവഴി ദൈവദൂതന്മാരെ അറിയാതെ സത്കരിച്ചവരുണ്ട്.” അതിഥി സത്ക്കാരത്തിലൂടെ നമ്മൾപോലും അറിയാതെ മാലാഖമാരെ സത്കരിക്കുവാൻ സാധിക്കുക എത്രയോ ശ്രേഷ്ഠമായ കാര്യമെന്നു മനസിലാക്കിത്തന്ന പരിശുദ്ധാത്മാവിന് നന്ദി. വീണ്ടും ജ്ഞാനം 16:21-ലൂടെ പാകം ചെയ്യുന്ന ആഹാരം ഭക്ഷിക്കുന്നവന്റെ രുചിക്കൊത്ത് രൂപാന്തരപ്പെടാൻ പ്രാർത്ഥിക്കും.

നാം ജീവിതത്തിന്റെ ഏത് അവസ്ഥയിലാണോ ആ അവസ്ഥയുടെ മാഹാത്മ്യം ”നിങ്ങളും കല്പിക്കപ്പെട്ടവയെല്ലാം ചെയ്തതിനുശേഷം ഞങ്ങൾ പ്രയോജനമില്ലാത്ത ദാസന്മാരാണ്. കടമ നിർവഹിച്ചതേയുള്ളൂ എന്നു പറയുവിൻ.” ലൂക്കാ 17:10-ലൂടെ ദൈവം എനിക്ക് വെളിപ്പെടുത്തി തരുകയായിരുന്നു.
ജീവിതപങ്കാളിയുടെ ജോലിസ്ഥലത്തെ പ്രശ്‌നങ്ങളിൽ ”ദൈവത്തെ സ്‌നേഹിക്കുന്നവർക്ക്, അവിടുത്തെ പദ്ധതിയനുസരിച്ച് വിളിക്കപ്പെട്ടവർക്ക്, അവിടുന്ന് സകലവും നന്മയ്ക്കായി പരിണമിപ്പിക്കുന്നു” (റോമാ 8:28). ഞങ്ങളുടെ ബലഹീനതകൾ തിരിച്ചറിയുവാൻ വിശ്വാസത്തിൽ ആഴപ്പെടുവാൻ ആത്മാവ് കാണിച്ചുതരുന്ന വചനഭാഗങ്ങൾ.

വചനം നിറഞ്ഞ ഈ കാലഘട്ടത്തിൽ ഞാൻ തിരിച്ചറിഞ്ഞ മറ്റൊരു രഹസ്യമായിരുന്നു ഈശോയുടെ തിരുഹൃദയത്തോടുള്ള സ്‌നേഹം! ചെറുപ്പത്തിൽ അമ്മച്ചി പറഞ്ഞുതന്നിരുന്ന സുകൃതജപങ്ങളിൽ ഒന്നായിരുന്നു ‘ഈശോയുടെ മാധുര്യമുള്ള തിരുഹൃദയമേ, എന്റെ ഹൃദയം അങ്ങേ ഹൃദയംപോലെയാക്കണമേ’ എന്നുള്ള ജപം. ചെറുപ്പം മുതൽ ജീവിതത്തിൽ പല പ്രാവശ്യം ഈ സുകൃതജപം ചൊല്ലാറുണ്ടെങ്കിലും അതിനെക്കുറിച്ച് ഒരിക്കലും ചിന്തിച്ചിട്ടില്ലായിരുന്നു. ഒരു ദിവസം എപ്പോഴോ ഈ സുകൃതജപം ചൊല്ലുന്ന നിമിഷം പെട്ടെന്ന് ‘എന്റെ ഹൃദയം അങ്ങേ ഹൃദയംപോലെയാക്കണമേ’ എന്നുള്ള ഭാഗം എന്നെ വല്ലാതെ വേദനിപ്പിച്ചു. ചിന്തയിലും വാക്കിലും പ്രവൃത്തിയിലും പാപം ചെയ്തുകൂട്ടുന്ന, പാപം മാത്രം സ്വന്തമായിട്ടുള്ള എന്റെ ഹൃദയം ഈശോയുടെ ഹൃദയംപോലെയാക്കണമെങ്കിൽ… ഒരു നിമിഷം ഞാൻ പൊട്ടിക്കരഞ്ഞുപോയി. ആ തിരിച്ചറിവ് വന്നതുമുതൽ ആ സുകൃതജപം ചൊല്ലുവാൻ പറ്റാത്തതുപോലെ.

മധുരമീ ഹൃദയം
പക്ഷേ, ആ ജപത്തോടൊപ്പം പതുക്കെ പതുക്കെ ചില പ്രാർത്ഥനകളും ചേർത്തുതുടങ്ങി. മനസിന്റെ സങ്കടങ്ങളിൽ ഈശോയുടെ മാധുര്യമുള്ള തിരുഹൃദയമേ അങ്ങ് എന്റെ സന്തോഷമാകണമേയെന്ന് പല ആവർത്തി പ്രാർത്ഥിക്കുമ്പോൾ മനസിന്റെ സങ്കടങ്ങൾ മാറിപ്പോകുന്നു. മറ്റുള്ളവരോട് വെറുപ്പും വിദ്വേഷവും തോന്നുന്ന സാഹചര്യങ്ങളിൽ, എന്റെ ഈശോയുടെ മാധുര്യമുള്ള തിരുഹൃദയമേ അങ്ങ് എന്റെ സ്‌നേഹമാകണമേയെന്ന് പ്രാർത്ഥിക്കുമ്പോൾ വിദ്വേഷവും വെറുപ്പും മാറി അവരെ സ്‌നേഹിക്കുവാനും അവരെ അനുഗ്രഹിക്കണമേയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുവാനും സാധിക്കുന്നു. എന്നെത്തന്നെയും മറ്റുള്ളവരെയും എന്തൊക്കെയോ ഭയം വേട്ടയാടുന്നുവെന്ന് തോന്നിക്കുന്ന വേളകളിൽ, ഈശോയുടെ മാധുര്യമുള്ള തിരുഹൃദയമേ അങ്ങ് ധൈര്യമായി വരണമേയെന്ന് പ്രാർത്ഥിച്ചു തുടങ്ങുമ്പോൾത്തന്നെ മനസിന്റെ ഭയം മാറി, എന്തോ ഒരു ശക്തി അനുഭവപ്പെട്ട് തുടങ്ങുന്ന അവസ്ഥ.

ദൈവവുമായി ഗാഢബന്ധത്തിലാകുമ്പോൾ പ്രകൃതിയും ശത്രുക്കൾപോലും നമ്മോട് ഇണങ്ങിക്കഴിയുമെന്ന് വചനം സാക്ഷ്യപ്പെടുത്തുന്നു. ആ സത്യം ഫ്‌ളാറ്റിൽ താമസിക്കുന്ന എന്റെ മുരടിച്ചുനിന്ന കറിവേപ്പും മുല്ലയും വെളിപ്പെടുത്തിത്തരുന്നു. കറിവേപ്പ് നന്നായി തളിർത്തു വളരുന്നു. മുല്ല പൂ ചൂടുന്നു, പരിമളം പരത്തുന്നു. പ്രപഞ്ചത്തിലെ ഓരോ ചലനത്തിലും സർവശക്തനായ ദൈവത്തിന്റെ കരവും പദ്ധതിയും ദർശിക്കുവാൻ സാധിക്കട്ടെയെന്ന് പ്രാർത്ഥിക്കാം. നമ്മുടെ ജീവിതമുല്ലകളെ പൂവണിയിക്കുന്ന വചനമഴയെ സ്വീകരിക്കാം, ഹൃദയപൂർവം.

സുനി ഷാമിറ്റ്

 

Leave a Reply

Your email address will not be published. Required fields are marked *