ആകർഷണവിഷയം

പോർസ്യൂങ്കലായിലെ ഒരു സുന്ദരസായാഹ്നം. ഫ്രാൻസിസ് അസ്സീസ്സി ഏകാന്തധ്യാനം കഴിഞ്ഞ് അവിടത്തെ വനാന്തർഭാഗത്തുനിന്ന് താമസസ്ഥലത്തേക്ക് മടങ്ങുകയാണ്. ശിഷ്യനായ ബ്രദർ മസ്സേയോയാണ് ഒപ്പമുള്ളത്. സകലരും ഫ്രാൻസിസിലെ പുണ്യപരിമളം തിരിച്ചറിഞ്ഞ് അദ്ദേഹത്തെ പിൻചെന്നുകൊണ്ടിരുന്ന സമയം. അന്ന് ബ്രദർ മസ്സേയോക്ക് ചോദിക്കാനുണ്ടായിരുന്ന അല്പം കുസൃതി കലർന്ന ചോദ്യവും അതുതന്നെ. ”പിതാവേ, എല്ലാവരും അങ്ങേക്ക് പിന്നാലെയാണല്ലോ. എന്താണ് അതിനു കാരണം?”

മസ്സേയോ തന്റെ ചോദ്യം വ്യക്തമാക്കി. എല്ലാവർക്കും അങ്ങയോട് വല്ലാത്ത ആകർഷണം. അങ്ങയെ കാണണം, അങ്ങയുടെ വാക്കുകൾ കേൾക്കണം. അങ്ങയുടെ ജീവിതശൈലി അനുകരിക്കണം. അങ്ങയുടെ സൗന്ദര്യമാണോ ആകർഷണവിഷയമെന്നു ചോദിച്ചാൽ അതല്ല കാരണം. അങ്ങ് ധനവാനുമല്ല. സമ്പന്നവ്യാപാരിയാണ് പിതാവെങ്കിലും അദ്ദേഹം അങ്ങയെ തള്ളിപ്പറയുകയും ചെയ്തിരിക്കുന്നു. എന്നാലും ജനം മുഴുവൻ അങ്ങയുടെ പിന്നാലെ വരുന്നത് എന്തുകൊണ്ടാണ്?”

മസ്സേയോയുടെ ചോദ്യം ഫ്രാൻസിസിന് വളരെ ഇഷ്ടപ്പെട്ടു. മുട്ടുകുത്തി ദൈവത്തിന് നന്ദിയും സ്തുതിയും അർപ്പിച്ചിട്ട് വിടർന്ന മുഖത്തോടെ അദ്ദേഹം പറഞ്ഞു. ”എന്നെക്കാളും വലിയ പാപിയെ കണ്ടെത്താൻ ദൈവത്തിനു കഴിഞ്ഞില്ല. അവിടുത്തെ പദ്ധതിക്കനുസരിച്ച് നിറവേറേണ്ട പല കാര്യങ്ങളും ചെയ്യുവാൻ ഉപകരണമായി ഈ അയോഗ്യദാസനെ തിരഞ്ഞെടുത്തു. എളിയവരിലൂടെ വലിയ കാര്യങ്ങൾ ചെയ്യുന്നവനാണ് അവിടുന്ന്. ഉന്നതരെ പഠിപ്പിക്കാൻ, നിന്ദ്യരെന്ന് കരുതപ്പെടുന്നവരെ ദൈവം ഉയർത്തുന്നു. ദൈവത്തിൽനിന്നാണ് പുണ്യപൂർണത ലഭിക്കുന്നത്, സൃഷ്ടികളിൽനിന്നല്ല എന്നു മനസിലാക്കണം.

അഹങ്കരിക്കാതിരിക്കാൻ ഇതാവശ്യമാണ്. അഭിമാനിക്കുന്നവൻ കർത്താവിൽ അഭിമാനിക്കട്ടെ. കാരണം ബഹുമാനവും മഹത്വവും അവിടുത്തേതു മാത്രമാണ്”

 

Leave a Reply

Your email address will not be published. Required fields are marked *