മികച്ച ഗോൾ നേടിയ ക്യാപ്റ്റൻ

വാഴ്ത്തപ്പെട്ട ദാരിയോ അക്കോസ്റ്റാ സൂറിറ്റാ

തോരാതെ മഴപെയ്ത അന്ന് വൈകിട്ട് ആറ് മണി കഴിഞ്ഞപ്പോൾ ഏതാനും പട്ടാളക്കാർ സൈനിക വേഷത്തിൽ കത്തീഡ്രൽ ദൈവാലയത്തിലെത്തി. ‘തെജേദാ’ നിയമം പ്രാബല്യത്തിൽ വന്ന 1931 ജൂലൈ 25 ആയിരുന്നു അത്. വേരാക്രൂസിലുള്ള സ്വർഗ്ഗാരോപിതമാതാവിന്റെ നാമത്തിലുള്ള കത്തീഡ്രലിൽ ഒരു കുഞ്ഞിന് മാമ്മോദീസാ നൽകിയ ശേഷം കത്തീഡ്രലിന്റെ പ്രധാന ഭാഗത്തേക്ക് വരുകയായിരുന്ന ഫാ. ദാരിയോയ്ക്ക് നേരെ അവർ തുടർച്ചയായി വെടിയുതിർത്തു. മതബോധനം അഭ്യസിക്കുന്നതിനായി ദൈവാലയത്തിലെത്തിയിരുന്ന കുട്ടികളുടെ മുമ്പിലേക്ക് ആ വൈദികൻ വീണു.

1908 ഡിസംബർ പതിനാലിന് മെക്‌സിക്കോയിലാണ് ദാരിയോ അക്കോസ്റ്റാ സൂറിറ്റായുടെ ജനനം. ലിയോപോൾഡ് അക്കോസ്റ്റായുടെയും ദൊമിംഗാ സൂറിറ്റായുടെയും അഞ്ചാമത്തെ മകനായി ജനിച്ച ദാരിയോയ്ക്ക് മൂന്ന് ജ്യേഷ്ഠൻമാരും ഒരു സഹോദരിയുമാണുണ്ടായിരുന്നത്. ദാരിയോയുടെ ചെറുപ്പത്തിൽത്തന്നെ പിതാവ് മരണടഞ്ഞു. പിതാവിന്റെ മരണത്തെ തുടർന്ന് കഠിനമായ ദാരിദ്ര്യത്തിലായ കുടുംബത്തെ സംരക്ഷിക്കുവാൻ ദാരിയോ വിവിധ ജോലികൾ ചെയ്യുവാൻ ആരംഭിച്ചു.

നന്നേ ചെറുപ്പത്തിൽ തന്നെ പുരോഹിതനാകുവാനാണ് തന്റെ ദൈവവിളിയെന്ന് ദാരിയോ തിരിച്ചറിഞ്ഞിരുന്നു. ബിഷപ് റാഫേൽ ഗുയിസാർ വാലൻസിയ സെമിനാരിയിൽ ചേരാൻ താൽപ്പര്യമുള്ള വിദ്യാർത്ഥികളെ തേടി വേരാക്രൂസിലെത്തിയപ്പോൾ ദാരിയോ തന്റെ ആഗ്രഹം വെളിപ്പെടുത്തി. എന്നാൽ അമ്മയുടെയും കുടുംബത്തിന്റെയും കാര്യങ്ങൾ നോക്കി നടത്തിയിരുന്ന ദാരിയോയുടെ അപേക്ഷ ബിഷപ് വാലൻസിയ സ്വീകരിച്ചില്ല. ഈ വിവരം അറിഞ്ഞ അമ്മ ദൊമിംഗാ സൂറിറ്റ ക്‌സാലാപയിലെത്തി ബിഷപ്പിനെ കാണുകയും മകനെ സെമിനാരിയിൽ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. അങ്ങനെ ദാരിയോയുടെ സെമിനാരി പ്രവേശനത്തിന് വഴിതെളിഞ്ഞു.

മികച്ച ശാരീരികക്ഷമത കൈമുതലായി ഉണ്ടായിരുന്ന ദാരിയോ ഫുട്‌ബോളിൽ ശോഭിച്ചു. പ്രതിരോധനിരയിൽ കളിച്ചിരുന്ന ദാരിയോ അധികം താമസിയാതെ സെമിനാരി ഫുട്‌ബോൾ ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടു. ദാരിയോ പുലർത്തിയിരുന്ന കാരുണ്യവും കുലീന സ്വഭാവവും ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. 1931 ഏപ്രിൽ 25-ന് ബിഷപ് വാലൻസിയ ദാരിയോയെ വൈദികനായി അഭിഷേകം ചെയ്തു. കുട്ടികളുടെ മതബോധനത്തിനും കുമ്പസാരിപ്പിക്കുന്നതിനുമാണ് ദാരിയോ കൂടുതൽ സമയവും ചെലവഴിച്ചത്. വേരാക്രൂസിലുള്ള കത്തീഡ്രൽ ദൈവാലയത്തിലായിരുന്നു ആദ്യസേവനം.
മതവിരുദ്ധ വികാരം മെക്‌സിക്കോയിലെങ്ങും അലയടിച്ച കാലഘട്ടം. വൈദികരുടെ ജീവന് തന്നെ ഭീഷണിയുണ്ടെന്ന് മനസിലാക്കിയ അധികാരികൾ വൈദികർക്ക് ഒളിവിൽ താമസിക്കാനോ ഭവനത്തിലേക്ക് മടങ്ങാനോ ഉള്ള അനുവാദം നൽകി. എന്നാൽ തങ്ങളുടെ പൗരോഹിത്യ ശുശ്രൂഷ തുടരുന്നതിന്റെ ഫലമായുണ്ടാകുന്ന ഏത് പീഡനവും നേരിടാൻ സന്നദ്ധരാണെന്ന മറുപടിയാണ് വൈദികർ നൽകിയത്.

വേരാക്രൂസ് ഗവർണറായിരുന്നു അഡാൽബേർട്ടൊ തെജേദാ ഒലിവാറസിന്റെ നേതൃത്വത്തിൽ ‘തെജേദാ’ എന്ന പേരിലുള്ള കുപ്രസിദ്ധ നിയമം വേരാക്രൂസിൽ കൊണ്ടുവന്നു. സഭാസ്ഥാപനങ്ങളുടെയും പുരോഹിതരുടെയും മേൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന നിയമമായിരുന്നു അത്. വൈദികരുടെ സംഖ്യ കുറയ്ക്കുകയാണെന്നും എല്ലാ വൈദികരും ഈ നിയമം പാലിക്കാൻ ബാധ്യസ്ഥരാണെന്നും വ്യക്തമാക്കുന്ന കത്തുകൾ ഗവൺമെന്റ് വൈദികർക്ക് അയച്ചു. കൂട്ടത്തിൽ 759-ാം നമ്പർ കത്ത് ദാരിയോക്കും ലഭിച്ചു. ഗവൺമെന്റ് നിയമങ്ങളെക്കാളുപരിയായി ദൈവത്തോട് വിശ്വസ്തത പുലർത്താൻ ദാരിയോ ഉൾപ്പെടെടയുള്ള വൈദികർ സംയുക്തമായി തീരുമാനമെടുത്തു.

അതിന്റെ ഫലമായിരുന്നു രക്തസാക്ഷിത്വത്തിനുള്ള അവസരം. ഈശോ എന്ന ശബ്ദമാണ് അവസാനമായി ആ ചുണ്ടുകളിൽ നിന്ന് പുറത്തു വന്നത്. ജീവിച്ചിരുന്ന വർഷങ്ങളോ സേവനകാലഘട്ടത്തിന്റെ ദൈർഘ്യമോ വിശുദ്ധിയുടെ പാതയിൽ ഒരു പ്രതിബന്ധമല്ലെന്ന് 23 വർഷക്കാലം മാത്രം ഭൂമിയിൽ ജീവിച്ച് മൂന്ന് മാസക്കാലം മാത്രം വൈദികനായി സേവനം ചെയ്ത ദാരിയോ അക്കോസ്റ്റാ സൂറിറ്റായുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. 2005-ൽ ആ യുവവൈദികൻ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ടു.

രഞ്ജിത് ലോറൻസ്

 

Leave a Reply

Your email address will not be published. Required fields are marked *