പാറമടയിൽ കർത്താവ്, ക്ഷണിച്ചതാര്?

പട്ടാളക്കാരനായി തിരഞ്ഞെടുക്കപ്പെട്ട് ഉത്തരേന്ത്യയിൽ പരിശീലനത്തിലായിരുന്ന സമയം. ഞാനുൾപ്പെടെയുള്ള ബാച്ച് മഴ പെയ്ത് ചളി നിറഞ്ഞ് കിടക്കുന്ന റോഡിന്റെ നിർമ്മാണത്തിനായി നിയോഗിക്കപ്പെട്ടു. അതിനായി ഞങ്ങൾ ക്യാംപ് ചെയ്തത് ഒരു പാറമടയ്ക്കടുത്താണ്. ഒഴിവുവേള കിട്ടിയ നേരത്ത് ഒരു വലിയ പാറയുടെ മറവിലിരുന്ന് യൂണിഫോമിന്റെ പോക്കറ്റിലുണ്ടായിരുന്ന ജപമാലയെടുത്ത് പ്രാർത്ഥിക്കാനാരംഭിച്ചു. പെട്ടെന്ന് എന്റെ ശ്രദ്ധ ഉയരത്തിലുള്ള പാറ പൊട്ടിക്കുന്ന തൊഴിലാളിയിലേക്ക് പോയി. ഉയർന്നുനില്ക്കുന്ന ആ പാറയുടെ തുമ്പിൽനിന്നാണ് അയാൾ പണിയെടുക്കുന്നത്. കാലൊന്നു തെന്നിയാൽ… ഓർക്കാൻ കൂടി വയ്യ.

ആ നിമിഷം ഒരു കാഴ്ച എന്റെ മനസ്സിൽ തെളിയുന്നതുപോലെ… ആ പാറയുടെ മുകളിൽ നില്ക്കുന്നത് എന്റെ ചേട്ടനാണ്… താഴെ കല്ലുകൾ ചുമക്കുന്നത് എന്റെ അമ്മയും സഹോദരിമാരുമാണ്, അച്ഛനാണ്… ഇങ്ങനെയൊരു ചിന്ത മനസ്സിൽ നിറഞ്ഞതോടെ അവർക്കുവേണ്ടി ജപമാല ചൊല്ലാൻ തുടങ്ങി. അവർക്ക് അപകടമൊന്നുമുണ്ടാകാതെ സംരക്ഷിക്കണേ, ഉപജീവനത്തിനുള്ള വക നല്കണേ, ജോലി ചെയ്യാനുള്ള ആരോഗ്യം നല്കണേ എന്നൊക്കെയായിരുന്നു നിയോഗങ്ങൾ.
സമയം കടന്നുപോയി. രാത്രി ഭക്ഷണം കഴിച്ച് ഞങ്ങൾ കൂടാരങ്ങളിൽ കിടന്നുറങ്ങി. എപ്പോഴോ വലിയൊരു ശബ്ദം കേട്ടിരുന്നു. എന്നാൽ അതെന്താണെന്നു മനസ്സിലായില്ല. പിറ്റേന്ന് പതിവുപോലെ പല്ലു തേയ്ക്കാനായി പാറമടയുടെ അരികിൽ നില്ക്കവേ കൂട്ടുകാരെല്ലാം താഴേക്ക് കൗതുകത്തോടെ നോക്കുന്നതു കണ്ടു. ഞാനും ചെന്നു നോക്കി.

അപ്പോൾ കണ്ടത് താഴെ നിറയെ ആരോ നുറുക്കിയിട്ടതുപോലെ കിടക്കുന്ന കല്ലുകളാണ്. രാത്രി ‘സ്ലൈഡിംഗ്’ പോലെ എന്തോ ഉണ്ടായി. ഒരു മാസത്തോളം അവർ പണിയെടുത്താൽ ലഭിക്കുന്ന കല്ലുകളാണ് ഒരൊറ്റ രാത്രി കൊണ്ട് അതിലൂടെ കർത്താവ് അവർക്ക് നല്കിയത്. ആ കാഴ്ച കണ്ടുകൊണ്ടിരിക്കവേ ജപമാലസ്‌നേഹത്താൽ എന്റെ ഹൃദയം നിറയുകയായിരുന്നു.

ഉണ്ണി ഫ്രാൻസിസ്

 

Leave a Reply

Your email address will not be published. Required fields are marked *