പാപിയെ സ്‌നേഹിച്ച പെൺകുട്ടി

ഫാത്തിമായിൽ മാതാവിന്റെ ദർശനം ലഭിച്ച ജസീന്തയെയോ ഫ്രാൻസിസ്‌കോയെയോ ലൂസിയയെയോ കാണുമ്പോഴെല്ലാം അധിക്ഷേപിച്ചിരുന്ന ഒരു സ്ത്രീ അവരുടെ അയൽപക്കത്തുണ്ടായിരുന്നു. ഒരു ദിവസം അവർ ഒരു സത്രത്തിൽനിന്ന് ഇറങ്ങി വരുമ്പോൾ ഈ കുട്ടികളെ കണ്ടു. ജസീന്ത രോഗം നിമിത്തം സ്വാഭാവികമായ അവസ്ഥയിലല്ലാതിരുന്നതിനാൽ അവരെ പരിഹസിച്ച് സംസാരിച്ചു. പരിഹാസം തീർന്നയുടനെ ജസീന്ത ലൂസിയയോട് പറഞ്ഞു:
”നമുക്ക് ഈശോയുടെ പക്കൽ ഈ സ്ത്രീയുടെ മാനസാന്തരത്തിനായി ത്യാഗങ്ങളർപ്പിച്ച് യാചിക്കാം. അവൾ എത്ര പാപകരമായ കാര്യങ്ങളാണ് പറയുന്നത്. കുമ്പസാരിക്കാതെ മരിച്ചാൽ അവൾ നരകത്തിൽ പോവില്ലേ?”

കുറച്ചു ദിവസങ്ങൾക്കുശേഷം അവർ ഈ സ്ത്രീയുടെ വീടു കടന്ന് പോകുകയായിരുന്നു. ഓടുമ്പോൾ ജസീന്ത പെട്ടെന്ന് നിന്നു, തിരിഞ്ഞുനോക്കി പറഞ്ഞു:
”നാളെ നമ്മൾ പരിശുദ്ധ അമ്മയെ കാണില്ലേ?”

”ഉവ്വ് കാണും.”

”ഇനി ഇന്നു നമുക്കു കളിക്കേണ്ട. ഇത് പാപികളുടെ മാനസാന്തരത്തിനായി സമർപ്പിക്കാം.”

ആരെങ്കിലും കാണുന്നുണ്ടോ എന്നൊന്നും ആലോചിക്കാതെ ജസീന്ത കൈകൾ സ്വർഗത്തിലേക്കുയർത്തി അവളുടെ യാചനകളർപ്പിച്ചു. ആ സമയത്ത് ആ സ്ത്രീ അവളെ ജനലിലൂടെ ഉറ്റു നോക്കി. പിന്നീടവൾ ലൂസിയയുടെ അമ്മയോടു പറഞ്ഞു. ജസീന്തയുടെ മുഖഭാവം കണ്ടിട്ട്, കുട്ടികൾക്ക് ദർശനം ലഭിക്കുന്നെന്ന് അവൾക്ക് ബോധ്യപ്പെട്ടുവെന്ന്. ഇനി ഒരിക്കലും അവരെ അധിക്ഷേപിക്കില്ലെന്നും അവരുടെ പ്രാർത്ഥനവഴി അവളുടെ പാപങ്ങൾ പൊറുക്കാൻ യാചിക്കുമെന്നും അവൾ കൂട്ടിച്ചേർത്തു.

 

Leave a Reply

Your email address will not be published. Required fields are marked *