വേണം, നമുക്ക് സ്വാതന്ത്ര്യം!

ഒരു വർഷത്തോളം ഞാൻ ബോട്‌സ്വാനയിലെ ഒരു കലാലയത്തിൽ അധ്യാപികയായി ജോലി നോക്കിയിരുന്നു. അവിടെവച്ചാണ് കുറച്ചെങ്കിലും ഇവിടെയുള്ളവരുടെ ജീവിതം അടുത്തറിയുവാൻ സാധിച്ചത്. അതിൽ മറക്കാനാവാത്ത ഒരു ചെറിയ അധ്യായമാണ് എന്റെ വിദ്യാർത്ഥിയായിരുന്ന മെൽവിൻ. ബി.എസ്‌സി കമ്പ്യൂട്ടർ സയൻസ് ക്ലാസ് ആയിരുന്നു എന്റെ അങ്കത്തട്ട്.

ഞാൻ ഇവിടെ ഒരു വിദേശി ആയതിനാലും വലിപ്പത്തിൽ ഭൂരിഭാഗം വിദ്യാർത്ഥികളും എന്റെ ഇരട്ടിയോളം ഉണ്ടായിരുന്നതിനാലും പഠനത്തിൽ താല്പര്യമുള്ളവർ വളരെ ചുരുക്കമായതിനാലും അധ്യാപനം അത്ര എളുപ്പമായിരുന്നില്ല. അപരിചിതമായ രീതികളും ഇവിടുത്തെ പ്രാദേശിക ഭാഷയായ ‘സെട്‌സ്വാന’യും എനിക്കും കുട്ടികൾക്കുമിടയിൽ വൻമതിൽ തീർത്തു. എങ്കിലും സാവധാനം ഈ മഞ്ഞുമലകളൊക്കെ മറികടന്ന് അവരുമായി സൗഹൃദം സ്ഥാപിക്കുവാൻ എനിക്ക് സാധിച്ചു. അങ്ങനെ ‘തട്ടീം മുട്ടീം’ ക്രമസമാധാനം നിലനിർത്തിപ്പോകുന്നതിനിടയിലാണ് ഈ കൊച്ചുകുറിപ്പിന് ആസ്പദമായ വഴക്ക് എന്റെ ക്ലാസിൽ അരങ്ങേറുന്നത്.
ഉച്ചതിരിഞ്ഞുള്ള ആദ്യപിരിയഡ്. ചെറിയ മയക്കത്തിലായിരുന്ന കുട്ടികളെ ഒന്നുണർത്താൻ ഒരു സർപ്രൈസ് ടെസ്റ്റ് ഇടണം എന്ന പദ്ധതിയുമായി ക്ലാസിലേക്ക് കടന്നുചെല്ലുന്ന ഞാൻ കാണുന്നത്, ഒരു കുട്ടിയുടെ ഷർട്ട് വലിച്ചുകീറി ഉച്ചത്തിൽ എന്തോ ആക്രോശിച്ചുകൊണ്ട് അവന്റെ തലയിൽ ലാപ്‌ടോപ്പുകൊണ്ട് അടിക്കാൻ ഓങ്ങിനിൽക്കുന്ന മെൽവിനെയാണ്. ബാക്കിയുള്ള കുട്ടികൾ ‘സെട്‌സ്വാന’യിൽ എന്തൊക്കെയോ പറയുകയും രണ്ടുപേരെയും പിടിച്ചുമാറ്റാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. സത്യത്തിൽ ഞാനൊന്നു കിടുങ്ങി. എങ്കിലും ഒന്നും പുറമേ കാണിക്കാതെ വേഗത്തിൽ അങ്ങോട്ടുചെന്ന് മെൽവിന്റെ കൈയ്ക്കുപിടിച്ച് വഴക്കു നിർത്താൻ ആവശ്യപ്പെട്ടു.

അനുസരിക്കുമെന്ന് യാതൊരു പ്രതീക്ഷയുമില്ലായിരുന്നെന്നു മാത്രമല്ല, ലാപ്‌ടോപ്പ് എന്റെ തല തകർക്കുമോ എന്ന ഭയവും ഉണ്ടായിരുന്നു. എന്നെ ഞെട്ടിച്ചുകൊണ്ട് അവന്റെമേലുള്ള പിടിവിട്ട് നിശബ്ദനായി സ്വസ്ഥാനത്തേക്ക് മടങ്ങി. തെല്ലൊരാശ്വാസത്തോടെ എന്താണ് സംഭവിച്ചതെന്ന് തിരക്കിയെങ്കിലും ആരും പറയാൻ തയാറായില്ല. പൊതുവേ ശാന്തസ്വഭാവക്കാരനാണ് മെൽവിൻ. സാമാന്യം നന്നായി പഠിക്കുകയും ചെയ്യും. അതിനാൽ അധ്യാപകരുടെ ഇടയിൽ അവനെക്കുറിച്ച് തരക്കേടില്ലാത്ത മതിപ്പാണ്.

ഇങ്ങനെയൊരു ഭാവഭേദം അവനിൽ കാണുന്നത് ആദ്യം. മറ്റു കുട്ടികൾക്ക് ക്ലാസ്‌വർക്ക് കൊടുത്തിട്ട് മെൽവിനെയുംകൊണ്ട് സ്റ്റാഫ് റൂമിലേക്ക് തിരിച്ചു. സമാധാനപരമായി ചോദിച്ചെങ്കിലും ഒന്നും ഉരിയാടാതെ കുനിഞ്ഞ ശിരസുമായി അവൻ ഇരുന്നു. ഡിപ്പാർട്ട്‌മെന്റ് മേധാവിയുടെ അടുത്ത് റിപ്പോർട്ട് ചെയ്യുമെന്നും അടുത്ത മാസത്തെ അലവൻസ് റദ്ദാക്കാൻ ശുപാർശ ചെയ്യുമെന്നൊക്കെയുള്ള എന്റെ ഭീഷണിയിൽ അവസാനം അവൻ മനസു തുറന്നു.

മരിച്ചുപോയ തന്റെ അമ്മയെക്കുറിച്ച് മോശമായി പറഞ്ഞതിനാലാണ് അങ്ങനെയൊക്കെ സംഭവിച്ചതെന്നും ഇനിയും ആരെങ്കിലുമൊക്കെ അങ്ങനെ പറഞ്ഞാൽ അവരെ കൊല്ലാൻ തനിക്ക് ഭയമില്ലെന്നും വെറുപ്പു നിറഞ്ഞ കണ്ണുകളോടെ അവൻ പറഞ്ഞു. മെൽവിന്റെ അമ്മയ്ക്ക് അവളുടെ രണ്ടാനച്ഛനുമായുള്ള അവിഹിതബന്ധത്തിൽ നാമ്പെടുത്ത കുരുന്നു ജീവനാണവൻ. അമ്മയുടെ വികലമായ ജീവിതശൈലിയുടെ വിഴുപ്പുഭാണ്ഡം ഓർമവച്ചനാൾ മുതൽ തോളിലേറ്റുകയാണ് ആ പാവം. അമ്മയുടെ മരണത്തോടെ അവൻ അനാഥനുമായി.

മനസിലേറ്റ ആഴമുള്ള മുറിവുകൾ ഈ ലോകത്തെ അവന്റെ ശത്രുവാക്കി. എന്തിനേറെ തന്റെ ദുഃഖങ്ങൾ പങ്കുവയ്ക്കാൻ നല്ലൊരു സുഹൃത്തുപോലുമില്ല. ഇത്രയും കാലം കാത്തുവച്ച സുന്ദരമായ ഒരു മുഖംമൂടി തന്റെ അധ്യാപികയുടെ മുൻപിൽ എടുത്തുമാറ്റിയതിന്റെ വേദന ആ കണ്ണുകളിൽ കാണാമായിരുന്നു. അറിയാവുന്ന രീതിയിൽ അവനെ ശാന്തനാക്കാൻ ശ്രമിക്കുകയും കുട്ടികൾക്ക് കൗൺസലിങ്ങ് കൊടുക്കുന്ന തദ്ദേശവാസിയായ ഒരു ലോക്കൽ ടീച്ചറിന്റെ അടുത്ത് അവനെ പറഞ്ഞേല്പ്പിക്കുകയും ചെയ്തു.

തെറ്റുപറ്റുന്നതെങ്ങനെ?
ആഫ്രിക്കയെക്കുറിച്ച് ആകെയുള്ള അറിവ്, മിഷൻ പ്രവർത്തനങ്ങൾക്കായി ആഫ്രിക്കൻ വനാന്തരങ്ങളിലേക്ക് മടക്കമില്ലാത്ത യാത്ര തിരിച്ച മിഷനറിമാരെ പ്രകീർത്തിച്ച് വികാരിയച്ചൻ ദൈവാലയത്തിൽ പറഞ്ഞുകേട്ട പ്രസംഗമാണ്. എന്നാൽ പിന്നീട് ആഫ്രിക്കയിൽ എത്തിയപ്പോൾ അവൾ എനിക്ക് പോറ്റമ്മയായി. വജ്രങ്ങൾ മാറിലൊളിപ്പിച്ച മണ്ണും വനസമ്പത്തും വൈവിധ്യമാർന്ന ജീവജാലങ്ങളും നിഗൂഢതയും ശാന്തതയുമൊക്കെക്കൊണ്ട് സമ്പന്നമാണ് ആഫ്രിക്ക.
ഭാവിയെക്കുറിച്ചുള്ള ആകുലതകൾ തെല്ലും ഇല്ലാതെ അന്നത്തെ അപ്പ ത്തിനുവേണ്ടി മാത്രം അധ്വാനിക്കുന്ന ഒരു ജനത. ഇന്നലെകളുടെ ദുഃഖങ്ങൾ നിമിഷങ്ങൾക്കുള്ളിൽ മറവിയുടെ ചെപ്പിൽ ഒളിപ്പിച്ചുകൊണ്ട്, ഇന്നിന്റെ സന്തോഷങ്ങളിൽ നിറഞ്ഞു ചിരിക്കുന്ന അവരുടെ മാജിക് അത്ഭുതത്തോടെ നോക്കിനിന്നിട്ടുണ്ട്. സംഗീതവും നൃത്തവും ഇവർക്ക് ജീവിതചര്യയാണ്. ആരാധനാലയങ്ങളിലും ആഘോഷവേളകളിലും എന്തിനേറെ വെറുതെ ഒരു നടത്തത്തിന് ഇറങ്ങുമ്പോൾപോലും സംഗീതം ആസ്വദിച്ച് നൃത്തച്ചുവടുകളോടെയാണ് അവർ നീങ്ങുന്നത്. തിരക്കുകൾ അവർക്കിന്നും അജ്ഞാതമാണ്. ”ദെയർ ഈസ് നോ ഹറി ഇൻ ബോട്‌സ്വാന” എന്നൊരു ചൊല്ലുതന്നെയുണ്ടിവിടെ. നഗരങ്ങൾ ഇവിടുത്തെ ജനതയ്ക്ക് ധനസമ്പാദനത്തിനുള്ള ഉപാധികൾ നിറഞ്ഞ ഒരിടം മാത്രമാണ്. അവരുടെ ഹൃദയവും ജീവിതവും എന്നും അവർ ജനിച്ചു വളർന്ന ഗ്രാമത്തിന്റെ വിശ്വാസങ്ങൾക്കും സംസ്‌കാരത്തിനും അനുസൃതമായി ഒഴുകിക്കൊണ്ടിരിക്കും.

എന്നാൽ സുതാര്യമായ മനസുകൾക്കപ്പുറം കെട്ടുറപ്പില്ലാത്ത കുടുംബബന്ധങ്ങളുടെയും കുറ്റകൃത്യങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും ഒരു ഇരുൾമറ ഇവിടെയുണ്ട്. തലമുറകൾക്കുമുമ്പ് ഇവർ നാട്ടാചാരങ്ങൾ അനുസരിച്ച് മാതാപിതാക്കളുടെ ആശീർവാദത്തോടെ കുടുംബങ്ങൾ പടുത്തുയർത്തിയിരുന്നു. എന്നാൽ പിന്നീട് സ്വതന്ത്രമായി പങ്കാളികളെ തിരഞ്ഞെടുക്കുകയും വിവാഹമെന്ന ചടങ്ങ് ഇല്ലാതെതന്നെ കുഞ്ഞുങ്ങൾക്ക് ജന്മം കൊടുക്കുകയും ചെയ്യുന്നത് സർവസാധാരണമായി. മിക്ക ബന്ധങ്ങൾക്കും ഈയാംപാറ്റകളുടെ ആയുസ് മാത്രമേ ഉണ്ടാകാറുള്ളൂ എന്നത് വേദനാജനകമായ സത്യമാണ്. വളരെ ചെറിയ പ്രായത്തിൽത്തന്നെ പെൺകുട്ടികൾ അമ്മമാരാകുന്ന കാഴ്ച ഇവിടെ അപൂർവമല്ല. അതിൽ അവർക്ക് കുറ്റബോധവുമില്ല. തലസ്ഥാന നഗരിയായ ഗാബറോണിൽ താമസമാക്കിയതിനാൽ ഗ്രാമങ്ങളിലെ ജീവിതങ്ങൾ എനിക്കിപ്പോഴും കേട്ടറിവ് മാത്രമാണ്.

സ്വാതന്ത്ര്യമെന്ന പേരിൽ, വിവാഹമോ കുടുംബമോ വേണ്ടെന്ന് വാദിക്കുന്ന ചില ‘ന്യൂ ജനറേഷൻ ചിന്തകരെ’ കാണുമ്പോൾ എന്തുകൊണ്ടോ വേദനയും ജാള്യവും നിറഞ്ഞ മെൽവിന്റെ ആ മുഖം കൺമുൻപിൽ തെളിയും. ഹെബ്രായർ 13:4 ഓർമ്മപ്പെടുത്തുന്നതിങ്ങനെയാണ്, ”എല്ലാവരുടെയിടയിലും വിവാഹം മാന്യമായി കരുതപ്പെടട്ടെ; മണവറ മലിനമാകാതിരിക്കട്ടെ. കാരണം അസൻമാർഗ്ഗികളെയും വ്യഭിചാരികളെയും ദൈവം വിധിക്കും.” ഈ ഭൂമിയിൽ ഒരു തെറ്റും ആവർത്തിക്കപ്പെടാതിരിക്കട്ടെ എന്ന് പ്രാർത്ഥിച്ചുപോകുന്നു.

സ്മിത വിമൽ

 

Leave a Reply

Your email address will not be published. Required fields are marked *