ഒടുവിൽ ആ ക്ഷണം സ്വീകരിച്ചപ്പോൾ…

വർഷങ്ങൾക്കുമുമ്പ് സൗദി അറേബ്യയിൽ ജോലിക്കായി ചെന്നെത്തിയ എന്നെ ഏറെ വിഷമിപ്പിച്ച ഒരു കാര്യം, അവിടെ ക്രൈസ്തവ ആരാധനാലയങ്ങളും കൂദാശകളും മറ്റ് പ്രാർത്ഥനകളും ഇല്ലെന്നുള്ളതായിരുന്നു. ഞായറാഴ്ചപോലും വിശുദ്ധ കുർബാന അർപ്പിക്കാനാവാത്ത സാഹചര്യം വന്നുചേർന്നു. അങ്ങനെയിരിക്കേയാണ് പരിചയമുള്ള ഒരു കത്തോലിക്കാ സഹോദരൻ, ഒരു പ്രാർത്ഥനാഗ്രൂപ്പിനെപ്പറ്റി പറഞ്ഞതും അതിലേക്ക് എന്നെ ക്ഷണിച്ചതും. ആ സഹോദരൻ ഇക്കാര്യം എന്നോട് പറഞ്ഞപ്പോൾ മറ്റൊന്നും ആലോചിക്കാതെ ചാടിക്കയറി ‘വരില്ല’ എന്ന മറുപടി ഞാൻ നല്കി.

വളരെ രഹസ്യമായി നടത്തപ്പെടുന്ന പ്രാർത്ഥനാഗ്രൂപ്പിൽ പോകാനുള്ള ഭയം അല്ലായിരുന്നു അത്തരത്തിലുള്ള മറുപടി നല്കാൻ കാരണം. പകരം ‘പ്രാർത്ഥനാഗ്രൂപ്പ്’ എന്ന പദംതന്നെ, എന്തോ അനാവശ്യമായ ഒന്നായിട്ടാണ് പണ്ടുമുതലേ എന്റെ മനസിൽ പതിഞ്ഞിരുന്നത്. ഒരു പണിയുമില്ലാതെ കുറെ ആൾക്കാർ വെറുതെ ‘ഷോ’ കാണിക്കാനായി ഒരുമിച്ചുകൂടുന്ന ഒന്നാണെന്നും ഇത്തരം ഗ്രൂപ്പുകൾ സഭയ്ക്കും അതിന്റെ മാന്യതയ്ക്കും ചേരാത്തതാണെന്നുമുള്ള ഒരു മിഥ്യാധാരണയും എന്റെയുള്ളിൽ വേരുപാകിയിരുന്നു.

എന്നാൽ സൗദിയിൽ വച്ചുണ്ടായ കയ്‌പേറിയ ജീവിതാനുഭവങ്ങളിലൂടെ ഞാൻ ദൈവത്തോട് ഏറെ അടുത്തു. മറ്റാർക്കും സഹായിക്കാനാവാത്തവിധം ഭീകരമായ പ്രശ്‌നങ്ങളുടെ മുൻപിൽ പകച്ചുനിന്നപ്പോൾ, എങ്ങനെയും ദൈവത്തിൽ പൂർണമായി ആശ്രയിക്കണം, കൂടുതൽ നന്നായി പ്രാർത്ഥനാജീവിതം തുടങ്ങണം എന്നൊക്കെ ഞാൻ മനസിൽ തീരുമാനിച്ചു. ആ സുഹൃത്ത് സൂചിപ്പിച്ച പ്രാർത്ഥനാകൂട്ടായ്മയിൽ ഒന്നുപോയാലോ എന്ന ആത്മാവിന്റെ സ്വരം എന്നിൽ അലയടിച്ചു. അങ്ങനെ വലിയ ലജ്ജയോടും ഏറെ മുൻവിധികളുമായി ആ ഗ്രൂപ്പിലെത്തിച്ചേർന്നു.

വൈകിയെന്നു തോന്നി…
ആ രാജ്യത്തിന്റെ അധികാരികൾ അറിയാതിരിക്കത്തക്കവിധം വളരെ രഹസ്യസ്വഭാവത്തിൽ നടത്തുന്ന ഒരു പ്രാർത്ഥനാകൂട്ടായ്മ. അംഗങ്ങൾ എല്ലാം കൈകോർത്തുപിടിച്ച് ഒരു മനമായി ദൈവത്തെ സ്തുതിക്കുന്നു, ആരാധിക്കുന്നു, നന്ദി പറയുന്നു. സഭയുടെ യാമപ്രാർത്ഥനകൾ ചൊല്ലുന്നു. വിശുദ്ധ ഗ്രന്ഥം വായിച്ച് പരസ്പരം പങ്കുവയ്ക്കുന്നു. തങ്ങളുടേതായ ചില ജീവിതപ്രശ്‌നങ്ങൾ ചിലർ ഗ്രൂപ്പിൽ പറയുന്നു, എല്ലാവരും ആ നിയോഗങ്ങൾക്കായി പ്രാർത്ഥിക്കുന്നു. അവസാനം എല്ലാവരും ഒരുമിച്ച് ദൈവത്തെ സ്തുതിച്ച് പ്രാർത്ഥിച്ചപ്പോൾ ഏറെ പേർ പൊട്ടിക്കരയുന്നത് ഞാൻ കണ്ടു.

ഞാനും എന്റെ പ്രശ്‌നങ്ങൾ ദൈവതിരുമുമ്പിൽ വച്ച് ഏറെ കരഞ്ഞു. ആ കൂട്ടായ്മക്കുശേഷം ഇത്തരം കൂട്ടായ്മകളെപ്പറ്റി എന്റെ മനസിൽ ആലേഖനം ചെയ്യപ്പെട്ട എല്ലാ മുൻവിധികളും മായിച്ചുകളഞ്ഞു. ഒപ്പം, ആ ഗ്രൂപ്പിൽ പോയതുവഴിയായി ഈ ഗ്രൂപ്പ് നടത്തപ്പെടുന്നതിനെക്കാളും രഹസ്യസ്വഭാവത്തിൽ നടത്തപ്പെടുന്ന വിശുദ്ധ കുർബാന ആചരണത്തെപ്പറ്റി ഗ്രൂപ്പംഗങ്ങൾ എനിക്ക് അറിവ് തന്നു. അങ്ങനെ ആ കൂട്ടായ്മയിലൂടെ കൗദാശികജീവിതവും ആ മരുഭൂജീവിതത്തിൽ ദൈവം ഒരുക്കിത്തന്നു.

ഇതു വായിക്കുമ്പോൾ, നമുക്കേവർക്കും ഒന്നു ചിന്തിക്കാം; നമ്മുടെ ആത്മീയ ജീവിതത്തിൽ കുടുംബകൂട്ടായ്മകൾക്കും പ്രാർത്ഥനാ കൂട്ടായ്മകൾക്കും പ്രാധാന്യം കൊടുക്കാറുണ്ടോ നാം? അതോ, ഇതൊക്കെ പ്രാർത്ഥിച്ച് തലയ്ക്ക് അല്പം ഇളക്കമുള്ളവർക്ക് മാത്രമുള്ളതാണെന്ന് വിചാരിക്കുന്നവരാണോ നാം? വിശുദ്ധ കുർബാനയ്ക്കും മറ്റു കൂദാശകൾക്കുമപ്പുറം മറ്റൊന്നിന്റെയും ആവശ്യമില്ലെന്ന് കരുതുന്നവരാണോ നാം? അല്പം വെട്ടിത്തിരുത്തലുകൾ മനസിൽ നടത്താൻ തയാറെങ്കിൽ നമുക്ക് മുൻപോട്ടു ചിന്തിക്കാം, എല്ലാ മുൻവിധികളും മാറ്റിവച്ച്.

അതെ, കൂദാശകൾ പ്രത്യേകിച്ച് വിശുദ്ധ കുർബാനയാണ് നമ്മുടെ ആത്മീയ ജീവിതത്തിന്റെ അടിസ്ഥാനവും പരമകാഷ്ഠയും. എന്നാൽ ഈ കൂദാശകളിലൂടെയൊക്കെ അനുസ്യൂതം നമ്മിലേക്ക് ഒഴുകിവരുന്ന പരിശുദ്ധാത്മാവിനെ നാം വേണ്ടവിധത്തിൽ ഉജ്വലിപ്പിക്കാറുണ്ടോ ഉപയോഗിക്കാറുണ്ടോ? ഇല്ലെന്നു പറയുന്നതായിരിക്കും എളുപ്പം. ഈ ആത്മാവിനെയും ആത്മാവിന്റെ വരദാനഫലങ്ങളെയും നമ്മുടെ ഉള്ളിൽ കുഴിച്ചുമൂടി, ഇതിന്റെ ദാതാവായ യജമാനന്റെ കോപത്തിന് കാരണക്കാരാവുകയല്ലേ നാം. (താലന്തുകളുടെ ഉപമ നമുക്കോർക്കാം). ഈ പ്രാർത്ഥനാകൂട്ടായ്മകളുടെ അനിവാര്യതയെപ്പറ്റി, അല്പം.
ആദിമ ക്രിസ്ത്യാനികളുടെ ഇടയിൽപോലും കൂട്ടായ്മ പ്രാർത്ഥനകൾ ഉണ്ടായിരുന്നതായി അപ്പസ്‌തോല പ്രവർത്തനങ്ങൾ 4:24-ൽ നാം കാണുന്നു. ”അവർ ഏകമനസോടെ ഉച്ചത്തിൽ ദൈവത്തോട് അപേക്ഷിച്ചു” എന്ന് നാം വായിക്കുന്നു. ആദിമ സഭയുടെ വലിയൊരു ശക്തിയായിരുന്നു ഇത്തരം കൂട്ടായ്മകൾ. തിരുസഭതന്നെ ജനിച്ചത് ഇത്തരമൊരു കൂട്ടായ്മയിൽ നിന്നാണെന്ന് നമുക്കറിയാമല്ലോ. പരിശുദ്ധ മാതാവും ശിഷ്യന്മാരും സെഹിയോൻ മാളികയിൽ പ്രാർത്ഥനാകൂട്ടായ്മയിലായിരുന്നപ്പോഴാണ് പരിശുദ്ധാത്മാവ് ഇറങ്ങി വന്നതും തിരുസഭ ജനിച്ചതും.

വീണ്ടും 2:42-ൽ കാണുന്നു – ”അവർ അപ്പസ്‌തോലന്മാരുടെ പ്രബോധനം, കൂട്ടായ്മ, അപ്പം മുറിക്കൽ, പ്രാർത്ഥന എന്നിവയിൽ സദാ താല്പര്യപൂർവം പങ്കുചേർന്നു.” ഇന്നത്തെ ദിവ്യബലിക്ക് തുല്യമായി കരുതപ്പെടാവുന്ന ‘അപ്പം മുറിക്കൽ ശുശ്രൂഷ’ നടത്തുന്നതിനോടൊപ്പം കൂട്ടായ്മകൾക്കായും അവർ സമയം കണ്ടെത്തിയിരുന്നതായി ഈ വചനം സാക്ഷ്യം നല്കുന്നു. ദൈവാലയത്തിൽ ഒന്നിച്ചുകൂടുകയും ഭവനംതോറും അപ്പം മുറിക്കുകയും ദൈവത്തെ സ്തുതിക്കുയും ചെയ്തതായും 2:46-47-ൽ വായിക്കുന്നു.

വ്യക്തിപരമായി അനുഗ്രഹം
ഒരു ചെറിയ കൂട്ടായ്മയിൽ 20-30 പേർ ഒരുമിച്ചു കൂടുമ്പോൾ, അവർ ഓരോരുത്തരുടെയും ആത്മീയ-ഭൗതിക അവസ്ഥകളും പ്രശ്‌നങ്ങളും കൂടുതൽ ഫോക്കസ് ചെയ്യപ്പെടുന്നു. കൂട്ടായ പ്രാർത്ഥനയിലൂടെ കൂടുതൽ ദൈവാനുഗ്രഹം ഒഴുകുന്നു.

ഇന്ന് വലിയൊരു ശതമാനം വിശ്വാസികൾ പ്രവാസികളായി വ്യത്യസ്ത ദേശങ്ങളിൽ പാർക്കുന്നു. ഈയവസരത്തിൽ പ്രാർത്ഥനയിലും തിരുസഭാ ജീവിതത്തിലും ഒത്തുപോകുവാൻ, പ്രാർത്ഥനാകൂട്ടായ്മകൾ ഏറെ സഹായിക്കുന്നു. ഒപ്പം രക്തബന്ധത്തിന് തുല്യമായ ആത്മീയബന്ധം പ്രവാസി ജീവിതത്തിൽ വലിയൊരു ആശ്വാസവും ആനന്ദവും നല്കുന്നു.

പ്രത്യേക വരങ്ങൾ
കൂദാശകളിലൂടെയെല്ലാം ലഭിക്കുന്ന പരിശുദ്ധാത്മാവിനെ ഇത്തരം കൂട്ടായ്മകളിലൂടെ നാം ഉണർത്തുകയാണ്, ആളിക്കത്തിക്കുകയാണ്. ജീവിതവ്യഗ്രതകൾക്കിടയിൽ, വ്യക്തിപരമായ പ്രാർത്ഥന നടക്കാതെ വരുമ്പോൾ കൂട്ടായ്മ പ്രാർത്ഥനകൾ പരിശുദ്ധാത്മാവിനെ നമ്മിൽ ശക്തിപ്പെടുത്തുന്നു. അതുവഴി ആഴമേറിയ പരിശുദ്ധാത്മബന്ധം നമ്മിൽ ജനിക്കും. മാത്രവുമല്ല പരിശുദ്ധാത്മാവിന്റെ വരങ്ങളും നമുക്ക് ലഭ്യമാകുന്നു.

കത്തോലിക്കാ സഭയുടെ യുവജന മതബോധന ഗ്രന്ഥമായ യുകാറ്റ് 128-ാം പഠനത്തിൽ ഇതിനനുബന്ധമായി വായിക്കുന്നു: ”വിശ്വാസികളുടെ ഹൃദയങ്ങളിൽ പരിശുദ്ധാത്മാവ് സന്നിഹിതമായിരിക്കുന്നു. അവരെ നയിക്കുകയും ലളിതദാനങ്ങളും അതുപോലെ അസാധാരണ ദാനങ്ങളുമാകുന്ന സിദ്ധികൾ അവരുടെമേൽ വർഷിക്കുകയും ചെയ്യുന്നു. പരിശുദ്ധാത്മാവുമായുള്ള ബന്ധത്തിലേക്ക് പ്രവേശിക്കുന്ന ആർക്കും ഇന്നും യഥാർത്ഥ അത്ഭുതങ്ങൾ അനുഭവിക്കാനാകും.” ഇന്നേറെ അത്ഭുതങ്ങളും രോഗസൗഖ്യങ്ങളും പ്രാർത്ഥനാകൂട്ടായ്മകളിൽ സംഭവിക്കുന്നു എന്നത് നാം അംഗീകരിക്കേണ്ട വിഷയമാണ്.

ഏറെ വ്യക്തികൾ തങ്ങളുടെ പാപശീലങ്ങളും തെറ്റായ കൂട്ടുകെട്ടുകളും പാപസമയങ്ങളും ഉപേക്ഷിച്ച്, കൂട്ടായ്മയിലേക്കെത്തുന്നു. ആത്മീയമായി പക്വതയുള്ളവരിൽനിന്ന് ഉപദേശവും കരുതലും ലഭിക്കുന്നതിലൂടെ ഒരു പുതിയ ആത്മീയ ജീവിതശൈലി വ്യക്തികളിൽ സംജാതമാകുന്നു. യഥാർത്ഥ മാനസാന്തരം സംഭവിക്കുന്നു. പുതിയ സൃഷ്ടികളാകുന്നു. ഇങ്ങനെ അനേകം ഗുണങ്ങൾ പ്രാർത്ഥനാ കൂട്ടായ്മകളിലൂടെ നമുക്ക് ലഭിക്കുന്നു. അതിനാൽ ഈ കൂട്ടായ്മകൾ ഉചിതമായി നമുക്ക് ഉപയോഗിക്കാം.

പരിശുദ്ധാത്മാവേ, ഞങ്ങളെ പൂർണമായി ഏറ്റെടുക്കണമേ. ആത്മീയമായി വളരാനുള്ള തുറവിയും സാഹചര്യങ്ങളും ഞങ്ങൾക്ക് നല്കണമേ. നല്ല നല്ല കൂട്ടായ്മകൾ ഞങ്ങളുടെ ദേശത്തും ഇടവകകളിലും തന്ന് ഞങ്ങളെ വളർത്തണമേ- ആമ്മേൻ.

രഞ്ജു എസ്. വർഗീസ്

Leave a Reply

Your email address will not be published. Required fields are marked *