എന്നും ഓർക്കുന്ന സ്വാദ്

ലോകപ്രശസ്ത വചനപ്രഘോഷകനാണ് ബില്ലി ഗ്രഹാം. അനുദിന ധ്യാനത്തിന് സഹായിക്കുന്ന നല്ലൊരു പുസ്തകം അദ്ദേഹം രചിച്ചിട്ടുണ്ട്. ‘ഹോപ്പ് ഫോർ ഈച്ച് ഡേ’ എന്നതാണ് അതിന്റെ പേര്. നമ്മുടെ ജീവിതയാത്രയിൽ പ്രത്യാശ നിലനിർത്തുവാനും വിശ്വാസത്തിന്റെ കരുത്ത് ആർജിക്കുവാനും ഈ ഗ്രന്ഥം സഹായിക്കും. ഈ പുസ്തകം പുതിയ പല ഉൾക്കാഴ്ചകളും നല്കുന്നുണ്ട്.

ഈ പുസ്തകത്തിൽ അദ്ദേഹം ഒരു സംഭവം വിവരിക്കുന്നു. രണ്ടാം ലോകമഹായുദ്ധം നടക്കുന്ന കാലം. ക്യാപ്റ്റൻ റിക്കൻ ബേക്കറും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും പസഫിക് സമുദ്രത്തിലൂടെ യാത്ര ചെയ്യുകയാണ്. അപ്രതീക്ഷിതമായി കപ്പലിന്റെ ഇന്ധനം തീർന്നുപോയി. അവർ നടുക്കടലിൽ കുടുങ്ങിപ്പോയി.

കപ്പലിൽനിന്ന് സന്ദേശങ്ങൾ ലോകമെമ്പാടും പോയി. അവരുടെ ബന്ധുക്കളും മിത്രങ്ങളും നാട്ടുകാരും അവർക്കുവേണ്ടി കണ്ണീരോടെ പ്രാർത്ഥന ആരംഭിച്ചു. ദിവസങ്ങൾ കടന്നുപോയി. കപ്പലിൽ സ്റ്റോക്കുണ്ടായിരുന്ന ഭക്ഷണസാധനങ്ങളെല്ലാം തീർന്നു. ഒരു തരി ബ്രഡ് പോലും എടുക്കാനില്ല. പുറമേനിന്ന് സഹായമൊന്നും എത്താറായില്ല. പട്ടിണി കിടന്ന് മരിക്കുമെന്ന ആശങ്ക അവരെ പിടികൂടി.

പ്രാർത്ഥനയുടെ ദിവസങ്ങൾ
ക്യാപ്റ്റൻ റിക്കൻ ബേക്കർ ഒരു യഥാർത്ഥ നേതാവിന്റെ റോളിലേക്ക് ഉയർന്നു. വലിയ പ്രതിസന്ധിയുണ്ടാകുമ്പോഴും പ്രത്യാശയും ആത്മധൈര്യവും കൈവിടാത്തവനാണല്ലോ ശരിയായിട്ടുള്ള ലീഡർ. സഹപ്രവർത്തകരുടെ മനസിടിഞ്ഞപ്പോഴും അദ്ദേഹത്തിന്റെ മനസ് തളർന്നില്ല, അത് ബലമുള്ളതായിത്തന്നെ നിന്നു. കാരണം അദ്ദേഹം പ്രത്യാശ വച്ചത് ബലവാനായ സർവശക്തനിലാണ്. ‘ദൈവം നിശ്ചയമായും നമുക്ക് സഹായവുമായി കടന്നുവരും, അവിടുന്ന് നമ്മെ ഒരിക്കലും ഉപേക്ഷിക്കുകയില്ല’ തുടങ്ങിയ പ്രത്യാശാനിർഭരമായ വാക്കുകളിലൂടെ അദ്ദേഹം അവരുടെ വിശ്വാസം ഉണർത്തി. അവർ എല്ലാവരും ഒരുമിച്ച് തീക്ഷ്ണമായി പ്രാർത്ഥിക്കുവാൻ ആരംഭിച്ചു.

അനിവാര്യമായ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഓരോ മനുഷ്യനും ചെയ്യേണ്ടത് ഇത് മാത്രമാണ്. സങ്കീർത്തകൻ ഇപ്രകാരം എഴുതുന്നു: ”കർത്താവിൽ പ്രത്യാശയർപ്പിക്കുവിൻ, ദുർബലരാകാതെ ധൈര്യമവലംബിക്കുവിൻ; കർത്താവിനുവേണ്ടി കാത്തിരിക്കുവിൻ” (സങ്കീർത്തനങ്ങൾ 27:14). കാത്തിരിക്കുവാൻ തയാറാകുന്നവനേ കർത്താവിന്റെ ഇടപെടൽ കാണുവാനുള്ള ഭാഗ്യം ലഭിക്കുകയുള്ളൂ. അക്ഷമ നാശത്തിലേക്കും അവിവേക പ്രവൃത്തികളിലേക്കും നയിക്കും. എപ്പോഴും കൊടുങ്കാറ്റ് അടിക്കുകയില്ല. അത് നിശ്ചയമായും കടന്നുപോകും. പിന്നെ ശാന്തതയുണ്ടാകും എന്ന് ഉറച്ച് വിശ്വസിക്കുക.

അങ്ങനെ അവർ ദൈവത്തിനായി കാത്തിരുന്നപ്പോൾ അവരുടെ ജീവിതത്തിൽ ഒരു അത്ഭുതം സംഭവിക്കുകയാണ്. വിശുദ്ധ ഗ്രന്ഥത്തിൽ വിവരിക്കുന്ന തരത്തിലുള്ള ഒരു അത്ഭുതമാണ് ഇവിടെ നടക്കുന്നത്. കഠിനമായ വരൾച്ചയുടെ കാലത്ത് ദൈവത്തിന്റെ കല്പന അനുസരിച്ച് ഏലിയാ പ്രവാചകൻ കെറീത്ത് അരുവിക്കരികെ ചെന്ന് താമസമാക്കി. കുടിക്കുവാൻ അരുവിയിലെ വെള്ളമുണ്ട്. പക്ഷേ ഭക്ഷിക്കുവാൻ ഒന്നുമില്ല. ദൈവത്തിന്റെ മനുഷ്യനോടുള്ള കരുതൽ വെളിവാക്കുന്ന മനോഹരമായ ഒരു വാക്യം നമ്മൾ അവിടെ കാണുന്നു: ”ഭക്ഷണം തരുന്നതിന് കാക്കകളോട് ഞാൻ കല്പിച്ചിട്ടുണ്ട്.”

പഴയനിയമഭാഗത്ത് രാജാക്കന്മാരുടെ പുസ്തകത്തിലാണ് ഇത് രേഖപ്പെടുത്തിയിരിക്കുന്നത്. ദൈവം വാഗ്ദാനം നല്കിയാൽ അത് നിറവേറ്റുകതന്നെ ചെയ്യും. തുടർന്ന് നാം ഇപ്രകാരം വായിക്കുന്നു: ”കാക്കകൾ കാലത്തും വൈകിട്ടും അവന് അപ്പവും മാംസവും കൊണ്ടുവന്ന് കൊടുത്തു” (1 രാജാക്കന്മാർ 17:6). പ്രഭാതഭക്ഷണവും അത്താഴവും തികച്ചും സൗജന്യം! അത് എപ്പോഴും റെഡിയാണുതാനും. എത്ര സുന്ദരമായ ദൈവപരിപാലന. ദൈവത്തിൽ ആശ്രയിക്കുന്നവന് ഒന്നിനും കുറവുണ്ടാകുകയില്ല എന്നത് എത്രയോ വാസ്തവം! നമ്മൾ ഓർക്കും ഇത് ബൈബിളിൽ വിവരിച്ചിരിക്കുന്ന ഒരു കഥയാണെന്ന്. ഇങ്ങനെയൊക്കെ സംഭവിക്കുമോ? നമ്മിലെ സംശയവാദി തലപൊക്കി ചോദിക്കും. പക്ഷേ വിശ്വസിക്കുന്നവന്റെ ജീവിതത്തിൽ അത് സംഭവിക്കുകതന്നെ ചെയ്യും.

അത്ഭുതം
കപ്പലിൽ നടന്ന അത്ഭുതമിതാണ്. ഒരു ദിവസം എവിടെനിന്നോ എന്നറിയില്ല ഒരു കടൽപ്പക്ഷി പറന്നുവന്നു. അത് നേരെ ക്യാപ്റ്റന്റെ തലയിൽ വന്നിരുന്നു. അദ്ദേഹം കൈ ഉയർത്തി. സാധാരണഗതിയിൽ അപ്പോൾ പക്ഷി ജീവൻ രക്ഷിക്കുവാൻ പറന്നുപോകുവാൻ ശ്രമിക്കേണ്ടതാണ്. അത്ഭുതമെന്ന് പറയേണ്ടൂ, അത് പറന്നുപോകാതെ അദ്ദേഹത്തിന്റെ തലയിൽത്തന്നെ ഇരിക്കുകയാണ്.

ക്യാപ്റ്റൻ കൈ നീട്ടി അതിനെ പിടിച്ചു. വിശന്ന് വലഞ്ഞിരിക്കുകയാണ് അവർ. എന്ത് കിട്ടിയാലും കഴിക്കും. അവർ ഉടൻ അതിനെ കൊന്ന് ആർത്തിയോടെ ഭക്ഷിച്ചു. അവസാനത്തെ എല്ലുവരെ കളയാതെ സ്വാദോടെ തിന്നു. അങ്ങനെ അവർ അവരുടെ ജീവൻ നിലനിർത്തി. ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവരെ അന്വേഷിച്ച് നടന്ന രക്ഷാപ്രവർത്തകർ അവരെ കണ്ടെത്തുകയും സുരക്ഷിതരായി കരയിലെത്തിക്കുകയും ചെയ്തു.

വർഷങ്ങൾക്കുശേഷം ബില്ലിഗ്രഹാം തന്നെ ഈ ക്യാപ്റ്റനെ നേരിട്ട് കണ്ടു. അന്നുണ്ടായത് വിവരിക്കാൻ പറഞ്ഞു. വിവരണത്തിനുശേഷം ക്യാപ്റ്റൻ ഇപ്രകാരം പറഞ്ഞു: ‘എനിക്ക് ഇതിന് ഒരു വിശദീകരണമേയുള്ളൂ. ദൈവം തന്റെ മാലാഖമാരിൽ ഒരാളെ അയച്ച് ഞങ്ങളെ രക്ഷിക്കുകയായിരുന്നു.’

മാലാഖമാരെ ഓർക്കണം
ക്യാപ്റ്റന്റെ വാക്കുകൾ വളരെ പ്രധാനപ്പെട്ട ഒരു ഉൾക്കാഴ്ച നമുക്ക് നല്കുന്നുണ്ട്. അത് ദൈവം മനുഷ്യന്റെ സംരക്ഷണത്തിനായും അവരുടെ സഹായത്തിനായും നിയോഗിച്ചിരിക്കുന്ന ദൂതന്മാരെക്കുറിച്ചാണ്. എന്തുകൊണ്ടാണ് ദൈവം ഇപ്രകാരം മാലാഖമാരെ നിയമിച്ചിരിക്കുന്നത്? സൃഷ്ടികളുടെ മകുടമാണ് മനുഷ്യൻ. ‘ക്രൗൺ ഓഫ് ക്രിയേഷൻ’ എന്നാണല്ലോ പറയുന്നത്. അതിനാൽ ദൈവം മനുഷ്യനെ വളരെയധികം വിലമതിക്കുന്നു.

ദൈവം പലപ്പോഴും മനുഷ്യന്റെ ജീവിതത്തിൽ ഇടപെടുന്നത് മാലാഖമാർ വഴിയാണ്. വിശുദ്ധ ഗ്രന്ഥത്തിൽ ഇതിന് അനേക ഉദാഹരണങ്ങളുണ്ട്. കൂടാതെ ഓരോ മനുഷ്യനെയും പ്രത്യേകം സംരക്ഷിക്കുവാൻ ദൈവപിതാവ് ഒരു കാവൽമാലാഖയെ നല്കിയിട്ടുണ്ട് എന്ന് തിരുസഭ നമ്മെ പഠിപ്പിക്കുന്നു. അതിനാൽ എല്ലാ ദിവസവും പ്രഭാതത്തിൽ ഉണർന്നെഴുന്നേല്ക്കുമ്പോൾ ‘എന്റെ കാവൽമാലാഖയേ, എന്നെ സഹായിക്കണേ’ എന്ന് നമുക്ക് പ്രാർത്ഥിക്കാം. രാത്രിയിൽ കിടക്കുവാൻ പോകുമ്പോഴും ഇപ്രകാരം പ്രാർത്ഥിക്കുന്നത് നല്ലതാണ്. പരീക്ഷണങ്ങളും പ്രലോഭനങ്ങളും പ്രതിസന്ധികളും ഉണ്ടാകുമ്പോൾ കൂടുതൽ തീക്ഷ്ണമായിത്തന്നെ കാവൽമാലാഖയുടെ സഹായം തേടാം.

ഗത്‌സെമനിയിൽ കഠിനമായ വേദനയിൽ മുഴുകി പ്രാർത്ഥിച്ച ദൈവപുത്രനെ ശക്തിപ്പെടുത്തുവാൻ മാലാഖയെ അയച്ച പിതാവ് നിങ്ങളുടെ വേദനയിൽ നിങ്ങളെ അവഗണിക്കുമോ? വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിൽ നാം ഇപ്രകാരമാണ് വായിക്കുന്നത്: ”അപ്പോൾ അവനെ ശക്തിപ്പെടുത്താൻ സ്വർഗത്തിൽനിന്ന് ഒരു ദൂതൻ പ്രത്യക്ഷപ്പെട്ടു.” ഇത് യേശുവിന് മാത്രം ലഭിച്ച ഒരു പ്രിവിലേജ് ആയി നാം കാണരുത്. കാരണം പിതാവ് നമ്മെ സ്‌നേഹിക്കുന്നത് യേശുവിനെ സ്‌നേഹിച്ചതുപോലെതന്നെയാണ്. യേശുവിന്റെ വിടവാങ്ങൽ പ്രാർത്ഥന ശ്രദ്ധിക്കുക. അതിൽ ഇപ്രകാരം ഒരു വാക്യം നാം കാണുന്നു: ”അങ്ങ് എന്നെ സ്‌നേഹിച്ചതുപോലെ അവരെയും സ്‌നേഹിച്ചുവെന്നും ലോകം അറിയട്ടെ” (യോഹന്നാൻ 17:23). എത്ര അഗാധമാണ് ദൈവത്തിന്റെ സ്‌നേഹം!

ക്യാപ്റ്റൻ റിക്കൻ ബേക്കറിന്റെ മറ്റൊരു പ്രസ്താവനയും നമ്മുടെ സവിശേഷശ്രദ്ധ ആകർഷിക്കുന്നുണ്ട്. കടലിൽ അകപ്പെട്ടുപോയ തങ്ങളുടെ ജീവിതങ്ങളെ രക്ഷിച്ച ദൈവത്തെ പിന്നീട് അദ്ദേഹം ഒരിക്കലും മറന്നില്ല. അദ്ദേഹം ക്രിസ്തുവിനായി തന്റെ ജീവിതത്തെ അടിയറവ് വച്ചു. അതിനാലാണല്ലോ ആവേശത്തോടെ വർഷങ്ങൾക്കുശേഷവും ഈ സംഭവം താൻ കണ്ടെത്തിയ ബില്ലിഗ്രഹാമിനോട് വിവരിച്ച് അദ്ദേഹം അതിൽ പ്രകടമായ ദൈവസ്‌നേഹത്തെ വെളിപ്പെടുത്തിയത്.
ചൂണ്ടുപലകകൾ ആകുന്നില്ലേ?

നമ്മുടെ ഒരു കുഴപ്പം നമ്മുടെ ജീവിതത്തിലുണ്ടാകുന്ന അത്ഭുതങ്ങൾ ചൂണ്ടുപലകകൾ ആകുന്നില്ല എന്നതാണ്. പലപ്പോഴും ദൈവത്തിലേക്ക് നാം ശാശ്വതമായി തിരിയുന്നില്ല. വീണ്ടും പഴയ ജീവിതരീതിയിലേക്ക് എളുപ്പം മടങ്ങുന്നു. പിന്നെയും അത്ഭുതത്തിനായി കാത്തിരിക്കുന്നു. നമ്മുടെ വഴികളെ ക്രമപ്പെടുത്തുവാൻ ദൈവം ഓരോ അതിശയകരമായ ഇടപെടലിലൂടെയും ആവശ്യപ്പെടുന്നുണ്ട്. അത് ശ്രദ്ധിക്കാതിരിക്കുന്നത് ആത്മഹത്യാപരമാണെന്ന് ഓർക്കുക. അതിനാൽ ജീവിതത്തിന്റെ എല്ലാ നാളുകളിലും ദൈവത്തിന്റെ കരങ്ങൾ കാണുവാനുള്ള കൃപയ്ക്കായി പ്രത്യേകം പ്രാർത്ഥിക്കാം.

എന്നെ അത്യധികമായി സ്‌നേഹിക്കുന്ന എന്റെ പിതാവേ, ഞാൻ അങ്ങയെ ആരാധിക്കുന്നു. ഓ, മനസിലാക്കപ്പെടാത്ത സ്‌നേഹമേ, അങ്ങയുടെ സ്‌നേഹത്തിന്റെ ആഴങ്ങളിലേക്ക് ഓരോ ദിവസവും എന്നെ നയിക്കണമേയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. എന്നും എപ്പോഴും അങ്ങയുടെ കൂടെ ആയിരിക്കുവാൻ എന്നെ അനുഗ്രഹിച്ചാലും. ലോകം വച്ചുനീട്ടുന്ന മായാമോഹങ്ങളിൽനിന്ന് എന്റെ മനസിനെ കാത്തുകൊള്ളണമേ. എന്നെന്നും ഞാൻ അങ്ങയുടേത് മാത്രമായിരിക്കട്ടെ. പരിശുദ്ധ അമ്മേ, വിശുദ്ധ യൗസേപ്പിതാവേ, എന്നെ കരുതുന്ന പിതാവിന്റെ കരങ്ങൾ എപ്പോഴും എനിക്ക് വെളിപ്പെടുവാൻ പ്രാർത്ഥിക്കണമേ – ആമ്മേൻ. ന്മ

കെ.ജെ. മാത്യു

Leave a Reply

Your email address will not be published. Required fields are marked *