മെഡ്ജുഗോറെയിലെ ഒരു സന്ധ്യാസമയം. പരിശുദ്ധ മാതാവിന്റെ ദർശനം സ്വീകരിക്കുന്നവർ പ്രാർത്ഥിച്ചു കാത്തിരിക്കുകയായിരുന്നു. കൂട്ടത്തിൽ ധാരാളം ഗ്രാമവാസികളും തീർത്ഥാടകരും. പെട്ടെന്ന് പരിശുദ്ധ അമ്മയുടെ ദർശനം ലഭിച്ചു. അന്ന് അമ്മ അവരോടു പറഞ്ഞു. അവിടെയുള്ള എല്ലാവർക്കും തന്നെ തൊടാനുള്ള അനുഗ്രഹം നൽകാമെന്നും എന്നാൽ അവർക്ക് തന്നെ കാണാനാവില്ലെന്നും.
ദർശനം സ്വീകരിക്കുന്നവരുടെ സഹായത്തോടെ ജനങ്ങൾ മാതാവിന്റെ ശിരസിലും വസ്ത്രത്തിലും കരങ്ങളിലുമൊക്കെ തൊടാൻ തുടങ്ങി. അവർക്ക് ഒന്നും കാണാനാവില്ലെങ്കിലും സ്പർശനാനുഭവം ലഭിച്ചിരുന്നു. മാതാവിനെ കാണുന്നത് ദർശനം സ്വീകരിക്കുന്നവർ മാത്രമായിരുന്നു. പെട്ടെന്നാണ് അവർ ഒരു കാര്യം തിരിച്ചറിഞ്ഞത്. മാതാവിന്റെ പരിശുദ്ധമായ വസ്ത്രത്തിൽ നിറയെ കറയും അഴുക്കും. അവർ ചോദിച്ചു ‘അമ്മേ, ഇതെന്താണ് ഇങ്ങനെ വസ്ത്രം മുഴുവൻ അഴുക്കായത്?’ മറിയം മറുപടി നൽകി. ‘മക്കളേ എന്നെ തൊടുന്ന ഓരോരുത്തരുടെയും പാപത്തിന്റെ കറയാണ് ഇവയെല്ലാം.’ അവർ ജനങ്ങളോട് ഇക്കാര്യം പങ്കുവച്ചു. തുടർന്ന് ആരും പരിശുദ്ധ മാതാവിനെ സ്പർശിക്കാൻ വരരുതെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.
ഇക്കാര്യം കേട്ടപ്പോൾ അവിടെ കൂടിയിരുന്നവരെല്ലാം പശ്ചാത്തപിച്ചു. മാതാവ് അന്ന് അവരോടു കുമ്പസാരത്തെക്കുറിച്ചാണ് സംസാരിച്ചത്. മാസത്തിൽ ഒരു പ്രാവശ്യമെങ്കിലും കുമ്പസാരം ആവശ്യമില്ലാത്ത ആരുംതന്നെ ഈ ലോകത്തിലില്ലെന്നും പാപക്കറകളെ കഴുകിക്കളയാൻ തന്റെ പുത്രന്റെ സന്നിധിയിൽ അണയണമെന്നും പഠിപ്പിച്ചു. പിറ്റേന്ന് കുമ്പസാരിക്കാൻ വന്ന ജനങ്ങളെക്കൊണ്ട് ദൈവാലയം നിറഞ്ഞു കവിഞ്ഞു. (മെഡ്ജുഗോറെ ഇന്ന് ലോകത്തിന്റെ കുമ്പസാരക്കൂടെന്നും അറിയപ്പെടുന്നു).
മെഡ്ജുഗോറെയിൽ നിന്നെത്തിയ സിസ്റ്റർ ഇമ്മാനുവൽ പങ്കുവച്ച ഒരനുഭവമാണിത്. അവരുടെ വാക്കുകൾ മനസിനെ മഥിച്ച ആ സന്ധ്യയിൽ വിശുദ്ധ കുർബാന സ്വീകരിക്കാൻ നിരയിൽ നിൽക്കുമ്പോൾ അറിയാതെ ചിന്തിച്ചുപോയി, ഞാനവനെ അനുദിനം സ്പർശിക്കുമ്പോൾ, എന്തുമാത്രം അഴുക്കായിരിക്കും അവന്റെ ഉടലിൽ പതിയുന്നത്?
ശശി ഇമ്മാനുവൽ
1 Comment
Your thoughts are right. Everyday HE is bearing my sins.