അവൻ കുരിശിൽ കണ്ടത് തന്റെ പാപങ്ങൾ മോചിക്കാൻ കഴിവുള്ള ക്രിസ്തുവിനെയാണ്. ഉറച്ച ബോധ്യത്തോടെ അവൻ തന്റെ പാപങ്ങൾ വിളിച്ചു പറഞ്ഞു. അതിനൊപ്പം ഒരപേക്ഷയും, ”യേശുവേ, നീ നിന്റെ രാജ്യത്തു പ്രവേശിക്കുമ്പോൾ എന്നെയും ഓർക്കണമേ!” (ലൂക്കാ 23:32-43) ആ ഒറ്റ അപേക്ഷകൊണ്ട് അവൻ സ്വന്തമാക്കിയ പറുദീസ നമുക്കും നേടിയെടുക്കാം. ആ നിലവിളിയുടെ മുന്നൊരുക്കങ്ങളെക്കുറിച്ചൊരു ധ്യാനം അതിന് സഹായിക്കും.
ഞാനുൾപ്പെടെയുള്ള വൈദികരുടെ ഒരു സമൂഹത്തോട് ചോദിക്കപ്പെട്ട ചോദ്യമായിരുന്നു അത്: ”നിങ്ങൾക്ക് ബലിപീഠമാണോ കുമ്പസാരക്കൂടാണോ കൂടുതൽ ഇഷ്ടം?” നമ്മളെല്ലാം ഈ ചോദ്യം സ്വയം ചോദിക്കണം.
പലർക്കും താല്പര്യം ബലിപീഠമായിരിക്കും. എന്നാൽ ബലിപീഠത്തിലേക്കും വിശുദ്ധ കുർബാനയിലേക്കും ഒരുവനെ നയിക്കുന്ന കുമ്പസാരമാണ് കൂടുതൽ ഇഷ്ടപ്പെടേണ്ടതെന്ന് ചോദ്യകർത്താവ് ഓർമപ്പെടുത്തി. ഞായറാഴ്ച മുടക്കമില്ലാതെ കുർബാനയ്ക്ക് പോകുന്ന വിശ്വാസികൾ ഏറെയുണ്ടെങ്കിലും ശരിയായി ആത്മപരിശോധന നടത്തി പതിവ് ഇടവേളകളിൽ കുമ്പസാരിക്കുന്നവർ എത്ര പേരുണ്ട് എന്നത് വിചിന്തനീയമാണ്. നന്നായി കുമ്പസാരിക്കുന്ന വൈദികന് നന്നായി കുമ്പസാരിപ്പിക്കാനും സാധിക്കും.
കുമ്പസാരക്കൂട്ടിലേക്ക് പോകുന്നതിനുമുമ്പ് താൻ കുമ്പസാരിപ്പിക്കാൻ പോകുന്ന വ്യക്തികൾക്കുവേണ്ടി പ്രാർത്ഥിക്കുന്ന വൈദികരുണ്ട്. അവരുടെയടുത്തുള്ള കുമ്പസാരം പശ്ചാത്തപിക്കുന്ന പാപിക്ക് അനുഭവമാകുമെന്നുറപ്പാണ്. മണിക്കൂറുകളോളം കുമ്പസാരിപ്പിച്ചിരുന്ന വിശുദ്ധ ജോൺ മരിയ വിയാനി പതിവായി കുമ്പസാരിച്ചിരുന്നു. പാദ്രെ പിയോ എന്ന വിശുദ്ധനും മദർ തെരേസയുമെല്ലാം ഇങ്ങനെ പതിവായി കുമ്പസാരിച്ചിരുന്നവരാണ്. എന്നാൽ പതിവായി കുമ്പസാരിക്കുന്നവരിൽ കുറെ പേർ ഒരുക്കവും യഥാർത്ഥ അനുതാപവുമില്ലാതെയാണ് കുമ്പസാരക്കൂടിനെ സമീപിക്കുന്നത് എന്നതും ചിന്തിക്കേണ്ട കാര്യംതന്നെ.
ഗോവണിപോലെ…
കുമ്പസാരമെന്ന കൂദാശ യാക്കോബിന്റെ ഗോവണിപോലെയാണ് (ഉല്പത്തി 28:12-13). അത് ഒരുവനെ സ്വർഗമാകുന്ന ബലിപീഠത്തിലേക്ക് അഥവാ വിശുദ്ധ കുർബാനയിലേക്ക് ആനയിക്കുന്ന പശ്ചാത്താപത്തിന്റെയും പാപമോചനത്തിന്റെയും ചവിട്ടുപടികളുള്ള ഗോവണിയാണ്. ദൈവം മനുഷ്യനെ സ്‌നേഹിക്കുന്നു എന്നതിന്റെ ഓർമപ്പെടുത്തൽ കൂടിയാണ് കുമ്പസാരം. കുമ്പസാരത്തിന്റെ മാഹാത്മ്യം സൂചിപ്പിക്കുന്ന മഹത്തായ ഉദാഹരണമാണ് ധൂർത്തപുത്രന്റെ ഉപമ (ലൂക്കാ 15:11-32).
പിതൃസമക്ഷം എത്തുന്നതിനുമുമ്പ് അനുതപിച്ചവനാണ് ധൂർത്തപുത്രൻ. കുമ്പസാരക്കൂടണയുന്നതിനുമുമ്പ് യഥാർത്ഥമായ അനുതാപം ഉണ്ടാകണം എന്ന് ഇത് ഓർമപ്പെടുത്തുന്നു. കുമ്പസാരിച്ചതിനുശേഷം പാപങ്ങൾ മോചിച്ചുകൊണ്ട് സീറോ മലബാർ റീത്തിൽ വൈദികൻ ചൊല്ലുന്ന പ്രാർത്ഥന ആരംഭിക്കുന്നത് ‘അനുതപിക്കുന്ന പാപികളെ വിശുദ്ധീകരിക്കുന്ന കർത്താവ്’ എന്ന ഓർമപ്പെടുത്തലോടെയാണ്. അനുതപിക്കുന്ന പാപിക്ക് മാത്രമേ കുമ്പസാരമെന്ന കൂദാശയിലൂടെ വിശുദ്ധീകരണം ലഭ്യമാകൂ എന്ന സൂചന ഇത് നല്കുന്നുണ്ട്.
പതിവായി കുമ്പസാരിക്കുന്നവരിൽ യഥാർത്ഥമായ അനുതാപമില്ലാത്തത് ഒരുക്കക്കുറവു കാരണമാണ്. പതിവായി കുമ്പസാരിക്കുന്ന ഒരു സുഹൃത്ത് തന്റെ കുമ്പസാരത്തിന്റെ ഒരുക്കത്തെക്കുറിച്ച് പറഞ്ഞത് ശ്രദ്ധേയമാണ്: പാപങ്ങൾ ഓരോന്നും ഓർത്തെടുത്ത് ഓരോ പാപങ്ങളെയും സമർപ്പിച്ച് ഓരോ നന്മ നിറഞ്ഞ മറിയമേ ചൊല്ലി പ്രാർത്ഥിച്ചതിനുശേഷമാണ് കുമ്പസാരിക്കാൻ പോകുക. കുമ്പസാരം അതിനാൽത്തന്നെ വലിയ അനുഭവമാകുന്നുവെന്നതാണ് അയാളുടെ ഭാഷ്യം. ഇങ്ങനെയുള്ളവർക്ക് കുമ്പസാരം ആന്തരികസൗഖ്യത്തിന്റെ കൂദാശയാകും. പാപങ്ങൾ അനുതാപത്തോടെ ഏറ്റുപറയുന്നവനെ ക്രിസ്തു അവന്റെ തിരുരക്തത്താൽ കഴുകി ശുദ്ധീകരിക്കും (1 യോഹന്നാൻ 1:7). അങ്ങനെയുള്ളവരെക്കുറിച്ച് സ്വർഗത്തിൽ കൂടുതൽ സന്തോഷമുണ്ടാകുമെന്നും വചനം പറയുന്നു.
അപരന്റെ ആവശ്യങ്ങളിലേക്ക് കൺതുറക്കാൻ കാഴ്ച നല്കുന്ന കൂദാശയാണ് കുമ്പസാരം. അതിന് ഏറ്റവും വലിയ തെളിവാണ് സുവിശേഷത്തിൽ കാണുന്ന നിർദയനായ ഭൃത്യന്റെ ഉപമ (മത്തായി 18:21-35). പതിനായിരം താലന്ത് (342720 കി. ഗ്രാം) കടപ്പെട്ടിരുന്ന ഒരുവന്റെ നിലവിളി കേട്ട് അത് മുഴുവനും അവന്റെ യജമാനൻ ഇളച്ചു നല്കുന്നു. എന്നാൽ ഇളവു ലഭിച്ച ഈ വ്യക്തി തനിക്ക് നൂറ് ദനാറ (570 ഗ്രാം) മാത്രം നല്കാനുള്ള തന്റെ സേവകനെ കഴുത്തു ഞെരിച്ച് കാരാഗൃഹത്തിലടയ്ക്കുന്നു. ഇത് വലിയ അനീതിയാണെന്ന് ക്രിസ്തു ചൂണ്ടിക്കാണിക്കുന്നു. കുമ്പസാരത്തിലൂടെ ക്രിസ്തു എന്നോട് പൊറുക്കുമ്പോൾ എന്നോട് ചെയ്ത അപരാധങ്ങൾക്ക് അപരന് മാപ്പു കൊടുക്കാൻ എനിക്കും സാധിക്കണമെന്ന സന്ദേശം ഇതിൽ ഒളിഞ്ഞു കിടപ്പുണ്ട്. യഥാർത്ഥമായ മാനസാന്തരം ഒരുവനെ സ്വന്തം കുറവുകളിലേക്കും അപരന്റെ നന്മകളിലേക്കും നയിക്കുന്ന കാഴ്ചകൂടിയാണ്.
അങ്ങനെയൊരു വെട്ടം ലഭിച്ചവനാണ് ക്രിസ്തുവിന്റെ കുരിശിന്റെ വലതുവശത്തു കിടന്ന ദീസ്മാസ് എന്ന നല്ല കള്ളൻ. അവന്റെ അനുതാപം ക്രിസ്തുവിന്റെ കുരിശിലെ ബലിയുടെ യോഗ്യതയും പാപങ്ങൾക്കു മോചനവും അവന് നേടിക്കൊടുത്തു. സത്യത്തിൽ കുമ്പസാരക്കൂടും കുരിശിന്റെ പ്രതീകമാണ്. കുരിശിന്റെ ഇടതുവശത്തു കിടന്നിരുന്ന കള്ളന് കുരിശിലെ ക്രിസ്തുവിൽ രക്ഷകനെ ദർശിക്കാനായില്ല. അവൻ കണ്ടത് കുറ്റങ്ങളും കുറവുകളുമുള്ള ക്രിസ്തുവിനെയാണ്. അങ്ങനെയുള്ള ചിന്തകളുള്ളവർ ഇന്നും നമുക്കിടയിലുണ്ട്.
ഈ വൈദികന്റെയടുത്ത് എങ്ങനെയാണ് ഞാൻ കുമ്പസാരിക്കുക? അയാൾക്ക് എന്ത് യോഗ്യതയാണുള്ളത്? എന്നുള്ള ചിന്തകളെല്ലാം അഹത്തിൽനിന്നും അനുതാപമില്ലായ്മയിൽനിന്നും വരുന്നവയാണ്. ബോധ്യങ്ങളുടെ വെളിച്ചത്തിൽ ഒരു കാര്യം കുറിക്കട്ടെ. എനിക്ക് കുമ്പസാരിക്കാൻ താല്പര്യം എന്നെ അറിയുന്ന വൈദികന്റെയടുത്താണ്. ഞങ്ങളുടെ സമൂഹത്തിലുള്ള വൈദികർ കുമ്പസാരിക്കാൻ പോകുന്നതും അയൽ ആശ്രമത്തിൽ ഞങ്ങളെ അറിയുന്ന വൈദികന്റെയടുത്താണ്. ഈയടുത്ത് അറിഞ്ഞ ഒരു കാര്യം: ഒരു ആശ്രമത്തിലെ വൈദികൻ ആ ആശ്രമത്തിലെ തന്നെ സഹവൈദികരോടാണത്രേ കുമ്പസാരിക്കുന്നത്. കുരിശിന്റെ വലതുവശത്ത് കിടന്നവന്റെ ഉൾക്കാഴ്ച ലഭിച്ചവനാണ് അദ്ദേഹം എന്ന് പറയാതെ വയ്യ.
‘വൈദികനെ തെരഞ്ഞെടുക്കാം’
കാര്യങ്ങൾ ഇങ്ങനെയാകുമ്പോൾ ഒരു കാര്യംകൂടെ ചോദിക്കേണ്ടതുണ്ട്: എന്തുകൊണ്ടാണ് അറിയാവുന്ന വൈദികന്റെയടുത്ത്, പ്രത്യേകിച്ച് സ്വന്തം വികാരിയച്ചന്റെയടുത്ത് കുമ്പസാരിക്കാൻ പലർക്കും മടി? പ്രധാനമായും രണ്ടുകാരണങ്ങൾ ഉണ്ടെന്നാണ് തോന്നുന്നത്. വൈദികൻ എന്നെക്കുറിച്ച് എന്ത് വിചാരിക്കും എന്ന ചിന്തയും കുമ്പസാരത്തിനുശേഷം എങ്ങനെ ഈ വൈദികന്റെ മുഖത്തുനോക്കും എന്ന ഉത്ക്കണ്ഠയും. ആധ്യാത്മികതയിൽ വളരുന്ന വ്യക്തികൾ ഈ രണ്ടു പ്രതിസന്ധികളെയും മറി കടക്കേണ്ടതുണ്ട്. അതിനാൽ ആദ്യമേ ഒരു കാര്യം: ഒരു വൈദികനും കുമ്പസാരക്കൂട്ടിൽ ശ്രവിച്ച കാര്യങ്ങൾ മനസിൽ വച്ചിരിക്കാനോ അതിനനുസൃതമായി പെരുമാറാനോ സാധിക്കുകയില്ല എന്നതാണ് സത്യം. അതാണ് ആ കൂദാശയുടെ മഹത്വം. കുമ്പസാരിപ്പിക്കുന്ന വൈദികൻ നമ്മെ അറിയുന്നതുകൊണ്ട് ഗുണങ്ങളുമുണ്ട്. ഒരു വ്യക്തിയുടെയും കുടുംബത്തിന്റെയും ശാരീരിക രോഗങ്ങളുടെ ചരിത്രം അറിയാവുന്ന കുടുംബഡോക്ടറുടെ അടുക്കൽ പോകുന്നതുപോലെയാണത്.
അങ്ങനെയുള്ള ഡോക്ടറിന് ഫലപ്രദമായ മരുന്ന് പെട്ടെന്നുതന്നെ കുറിക്കാൻ കഴിയും. അല്ലാത്ത ഡോക്ടറാണെങ്കിൽ രോഗിയുടെ പൂർവകാല അസുഖങ്ങളെല്ലാം ചോദിച്ചറിഞ്ഞ് കൂടുതൽ ടെസ്റ്റുകൾ ചെയ്യിപ്പിച്ചതിനുശേഷം മാത്രമേ മരുന്ന് കുറിക്കൂ. അങ്ങനെയെങ്കിൽ എന്നെ അറിയാവുന്ന വൈദികന് എനിക്ക് നല്ല ഉപദേശം നല്കാൻ കഴിയുകയില്ലേ? അതുകൊണ്ടാണ് പല സന്യാസ ഭവനങ്ങളിലും കുമ്പസാരക്കാരനായി പ്രത്യേകം വൈദികരെ നിയമിക്കുന്നതും.
നേരിട്ടുള്ള പാപമോചനം എപ്പോൾ?
അപ്പസ്‌തോലന്മാർക്ക് ക്രിസ്തു കൊടുത്ത അധികാരമാണ് പാപങ്ങൾ മോചിക്കാനുള്ള അധികാരം. വചനം അത് വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്: ”നിങ്ങൾ ആരുടെ പാപങ്ങൾ ക്ഷമിക്കുന്നുവോ അവ അവരോട് ക്ഷമിക്കപ്പെട്ടിരിക്കും. നിങ്ങൾ ആരുടെ പാപങ്ങൾ ബന്ധിക്കുന്നുവോ അവ ബന്ധിക്കപ്പെട്ടിരിക്കും” (യോഹന്നാൻ 20:23), അപ്പസ്‌തോല കാലം മുതൽ ഇടതടവില്ലാതെ കൈവയ്പു ശുശ്രൂഷയിലൂടെ കൈമാറ്റം ചെയ്യപ്പെട്ട് വന്നതാണ് ക്രിസ്തുവിന്റെ പൗരോഹിത്യം.
അത് സ്വീകരിച്ച വൈദികൻ അധികാരത്തോടും അഭിഷേകത്തോടുംകൂടിയാണ് പാപങ്ങൾ മോചിക്കുന്നത്. അവരോട് പാപങ്ങൾ ഏറ്റുപറഞ്ഞ് ഒരുവൻ കുമ്പസാരിക്കുന്നത് ക്രിസ്തുവിനോടുതന്നെയാണ്. നമ്മൾ ഒരു മരുന്ന് വാങ്ങിക്കുന്നത് നേരിട്ട് ആ മരുന്ന് ഉണ്ടാക്കുന്ന കമ്പനിയിൽ പോയിട്ടല്ലല്ലോ? അതിന് നിശ്ചയിക്കപ്പെട്ട മരുന്നുശാലകളിൽ നിന്നല്ലേ? ഒരുവന് നേരിട്ടുള്ള പാപമോചനം ലഭിക്കുന്നത് മരണശേഷം മാത്രമാണ്. എന്തെന്നാൽ അപ്പോൾ അവന് മാനുഷികമധ്യവർത്തികൾ ഉണ്ടാകില്ല.
അവസാനമായി ഒന്നുകൂടെ പറയട്ടെ: ഒരു തവണ കുമ്പസാരിച്ച പാപം അത് ആവർത്തിക്കാതിരുന്നാൽ വീണ്ടും കുമ്പസാരിക്കേണ്ട ആവശ്യമില്ല. ആ പാപത്തിന്റെ പാപബോധത്തിനുവേണ്ടിയും കുമ്പസാരത്തിലൂടെ അന്ന് ലഭിച്ച കൃപയുടെ വർധനവിനുവേണ്ടിയും പ്രാർത്ഥിച്ചാൽ മതിയാകും. ഇനിമുതൽ കുമ്പസാരിക്കാൻ പോകുമ്പോൾ കുമ്പസാരമെന്ന കൂദാശ സ്ഥാപിച്ചവൻ കുരിശിന്റെ മറുവശത്തുണ്ടെന്ന് കുമ്പസാരക്കൂടുകൾ നമ്മെ ഓർമപ്പെടുത്തട്ടെ.
ഫാ. ജെൻസൺ ലാസലെറ്റ്