മുറിയിൽ താൻ മാത്രമേയുള്ളൂ എന്ന് സോയി ഉറപ്പുവരുത്തി. കാരണം ഒരു പ്രത്യേക കാര്യം ചെയ്യാനാണ് അവൾ അവിടെ വന്നിരിക്കുന്നത്. അവൾ മുറിയിലെ അലമാരയുടെ മുകളിലേക്കു കൈയെത്തിച്ചു നോക്കി. പക്ഷേ സാധിക്കുന്നില്ല. അതിനാൽ പതുക്കെ ഒരു കസേര അലമാരയോടു ചേർത്തിട്ടു. അതിൽ കയറിനിന്ന് പരിശുദ്ധ മാതാവിന്റെ ഒരു രൂപം കൈയെത്തിപ്പിടിച്ചു. സന്തോഷംകൊണ്ട് മറ്റൊന്നും അവൾ ഓർത്തില്ല, ആ കസേരയിൽനിന്ന് താഴെയിറങ്ങാൻ പോലും.
തന്റെ അമ്മയുടെ വേർപാടിൽ തളർന്നിരിക്കുന്ന അവസ്ഥയിൽ ദൈവമാതാവിന്റെ തിരുസ്വരൂപം കൈയിലെടുത്തപ്പോൾ ആ കുഞ്ഞു ഹൃദയം എല്ലാം മറന്ന് ആനന്ദിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. തന്റെ ഇരുകൈകളാലും ആ രൂപം നെഞ്ചോടുചേർത്തുകൊണ്ട് അവൾ പറഞ്ഞു: ”പ്രിയപ്പെട്ട ദൈവമാതാവേ, ഇപ്പോൾ മുതൽ അങ്ങാണ് എന്റെ അമ്മ!” ആരും അവിടെയില്ല എന്ന് സോയി അന്ന് കരുതിയെങ്കിലും സ്വർഗ്ഗം ആ നിമിഷങ്ങൾക്ക് സാക്ഷിയായി ഒരു വീട്ടുജോലിക്കാരിയെ കരുതിവച്ചിരുന്നു.
പിന്നീട് സോയി എന്നു വിളിപ്പേരുള്ള കാതറിൻ വിശുദ്ധ കാതറിൻ ലബോറെയായിത്തീർന്നു. അതിൽ ദൈവമാതാവിന്റെ പങ്ക് എത്ര വലുതാണെന്ന് വ്യക്തമാക്കാൻ അന്നത്തെ വീട്ടുജോലിക്കാരിയുടെ സാക്ഷ്യം കാരണമായിത്തീർന്നു. പിൽക്കാലത്ത് പരിശുദ്ധ ദൈവമാതാവ് ലോകം മുഴുവനുംവേണ്ടിയുള്ള തന്റെ അത്ഭുത കാശുരൂപം ഭരമേല്പിച്ചത് വിശുദ്ധ കാതറിൻ ലബോറെയെയാണ്.