ദൈവം നിശബ്ദനാകുമ്പോൾ എന്തു ചെയ്യണം?

1919-ൽ എൽസി ക്രിസ്‌ലർ സീഗർ രൂപംകൊടുത്ത ഒരു കാർട്ടൂൺ കഥാപാത്രമാണ് ‘പോപെയ്.’ നിരവധി പുസ്തകങ്ങളും കാർട്ടൂൺ സിനിമകളുംവഴി പ്രശസ്തമായിത്തീർന്ന പോപെയ്‌നെ ലോകത്തിലെ ഏറ്റവും മികച്ച കാർട്ടൂൺ കഥാപാത്രങ്ങളിലൊന്നായി 2002-ൽ തിരഞ്ഞെടുത്തു. ഒറ്റക്കണ്ണനായ ഒരു നാവികനാണ് പോപെയ്. ദുർബലനും കൃശഗാത്രനുമായ അദ്ദേഹം നിസഹായനായി എതിരാളികളുടെ അടിയും തൊഴിയുമേറ്റ് തളരും. ഒന്നും ചെയ്യാൻ ശക്തിയില്ലാത്ത അദ്ദേഹം പെട്ടെന്ന് പോക്കറ്റിൽനിന്നും ഒരു പായ്ക്കറ്റ് സ്പിനാജ് (ഒരുതരം ചീര) എടുത്ത് തിന്നും. പെട്ടെന്ന് പോപെയ്‌യുടെ മസിലുകൾ കരുത്തുറ്റതാകും. ശരീരത്തിന് പുതുജീവൻ വയ്ക്കും. അതുവരെയും നിസഹായതയിൽ പ്രതികരിക്കാൻ കഴിയാതെ നിന്ന പോപെയ് ശക്തരായ എതിരാളികളെ തിരിച്ചടിച്ച് പരാജയപ്പെടുത്തും. എല്ലാ കാർട്ടൂൺ കഥകളിലെയും രസകരമായ രംഗം ഇതാണ്. നിസഹായതയിൽ തളർന്നുവീഴുന്ന പോപെയ് ചീരയെടുത്ത് തിന്നുന്നതോടെ ഉണർന്ന് ശക്തനായി എതിരാളികളെ കീഴ്‌പ്പെടുത്തുന്നു.

യഥാർത്ഥ ജീവിതത്തിലും നിസഹായതയിൽ തളർന്നു വീഴുന്ന ധാരാളം സാഹചര്യങ്ങൾ ഉണ്ടാകാം. അപ്പോൾ ശക്തി വീണ്ടെടുക്കാൻ പറ്റിയ എന്തെങ്കിലും മാർഗങ്ങളുണ്ടോ? ദൈവംപോലും നിശബ്ദത പാലിക്കുകയും പ്രാർത്ഥനയ്ക്ക് ഉത്തരം തരാതിരിക്കുകയും ചെയ്യുന്നതായി തോന്നിപ്പോകുന്ന നിമിഷങ്ങളിൽ എന്നിലെ വിശ്വാസത്തിൽ ബലം പ്രാപിക്കാൻ കഴിയും. സങ്കീർത്തനം 77:11-ൽ ദാവീദ് തന്റെ തളർച്ചയിൽ ചെയ്‌തൊരു കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. ”ഞാൻ കർത്താവിന്റെ പ്രവൃത്തികൾ ഓർമിക്കും; പണ്ട് അങ്ങ് ചെയ്ത അത്ഭുതങ്ങൾ ഞാൻ അനുസ്മരിക്കും.”

ഓർമകൾക്ക് നമ്മുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്താൻ കഴിയും. നാം എന്താണോ മനസിൽ ഓർമിക്കുന്നത് അതിനനുസരിച്ച് നമ്മുടെ ജീവിതം വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. വിലാപങ്ങൾ 3:19-22-ൽ പറയുന്നതിങ്ങനെയാണ്: ”എന്റെ കഷ്ടതയുടെയും അലച്ചിലിന്റെയും ഓർമ കയ്‌പേറിയ വിഷമാണ്. അതിനെപ്പറ്റി നിരന്തരം ചിന്തിച്ച് എന്റെ മനം തകരുന്നു. എന്നാൽ ഞാൻ ഒരു കാര്യം ഓർമിക്കുന്നു. അത് എനിക്ക് പ്രത്യാശ പകരുന്നു. കർത്താവിന്റെ സ്‌നേഹം ഒരിക്കലും അസ്തമിക്കുന്നില്ല.”

കഷ്ടതയെക്കുറിച്ച് നിരന്തരം ഓർമിക്കുമ്പോൾ അതു മനസിനെ തകർക്കുന്നു. ദൈവത്തിന്റെ സ്‌നേഹത്തെക്കുറിച്ച് ഓർമിക്കുമ്പോൾ അത് പ്രത്യാശയും തരുന്നു. എപ്പോഴും കഷ്ടപ്പാടുകൾ, പരാജയങ്ങൾ എന്നിവയെക്കുറിച്ച് ഓർത്തുകൊണ്ടിരുന്നാൽ അത് നമ്മെ തകർക്കും. സാഹചര്യങ്ങൾ പ്രതികൂലമാകുമ്പോൾ അവയെ എപ്പോഴും ഓർത്തിരുന്നാൽ ഭീതി വർധിക്കും, ശക്തി ക്ഷയിക്കും. മറ്റുള്ളവർ ചെയ്ത ദ്രോഹം ഓർത്തുകൊണ്ടിരുന്നാൽ ഉള്ളിൽ വെറുപ്പ് നിറയും. നമ്മളെ നിരാശരും ദുർബലരും ആക്കുന്ന ഓർമകളെ തള്ളിക്കളയാൻ നാം പഠിക്കണം. പകരം കർത്താവിന്റെ സ്‌നേഹത്തെക്കുറിച്ചും കഴിഞ്ഞ കാലങ്ങളിലെ പ്രതിസന്ധികളെ തരണം ചെയ്യാൻ ലഭിച്ച കൃപകളെയും നാം ഓർക്കണം. മറ്റുള്ളവരുടെ ജീവിതത്തിലും സഭയിലെ വിശുദ്ധാത്മാക്കളുടെ ജീവിതത്തിലും ദൈവം ഇടപെട്ട സംഭവങ്ങൾ ധ്യാനവിഷയമാകണം. ബൈബിളിലെ അത്ഭുതങ്ങളെക്കുറിച്ചും നാം ഓർമിക്കണം. ആ ദൈവം തന്നെയാണ് ഇപ്പോൾ നമ്മുടെയും ദൈവം. അവൻ എന്റെ കൂടെയുണ്ട്. കഴിഞ്ഞ കാലങ്ങളിൽ തന്റെ ജനത്തെ കരങ്ങളിൽ താങ്ങിയ കർത്താവ് എന്നെയും കരുതും. ഞാൻ ഭയപ്പെടേണ്ടതില്ല. ഇങ്ങനെ ചിന്തിക്കുമ്പോൾ തളർച്ചയിൽനിന്നും ഉയിർത്തെഴുന്നേൽക്കാൻ നമുക്ക് സാധിക്കും. ”കഴിഞ്ഞ കാലങ്ങൾ ഞാൻ ഓർക്കുന്നു. അവിടുന്ന് ചെയ്ത എല്ലാ കാര്യങ്ങളെയുംപറ്റി ഞാൻ ധ്യാനിക്കുന്നു. അവിടുത്തെ ശക്തമായ പ്രവൃത്തികളെക്കുറിച്ച് ഞാൻ ചിന്തിക്കുന്നു. ഞാൻ അങ്ങയുടെ നേർക്ക് കരങ്ങൾ വിരിക്കുന്നു” (സങ്കീർത്തനങ്ങൾ 143:5-6).

പ്രാർത്ഥന
ദൈവമേ… തളർന്നുപോകുമ്പോഴും നിസഹായതയിൽ വലയുമ്പോഴും അങ്ങയുടെ കരുണയെയും അത്ഭുതപ്രവൃത്തികളെയും ഓർമിക്കാൻ എന്നെ പഠിപ്പിച്ചാലും – ആമ്മേൻ.

ബെന്നി പുന്നത്തറ
ചീഫ് എഡിറ്റർ

1 Comment

  1. sojo chacko says:

    may god bless you

Leave a Reply

Your email address will not be published. Required fields are marked *