അമ്മൂമ്മയും അപ്പനും അമ്മയും കുട്ടികളായ അപ്പുവും അമ്മുവും അനുവും അടങ്ങുന്നതായിരുന്നു ആ കുടുംബം. ഇടയ്ക്കിടെ കുട്ടിക്കുറുമ്പുകൾ കാട്ടി വഴക്കിടുമെങ്കിലും മക്കൾ മൂവർക്കും പരസ്പര സ്‌നേഹവും നല്ല ബഹുമാനവുമായിരുന്നു. ഇളയമകളായ അനുവിന് അവളുടെ ചേട്ടനോടും ചേച്ചിയോടും വലിയ ഇഷ്ടമായിരുന്നു. കാരണം അവളുടെ സങ്കടങ്ങളിൽ അവർ അവളെ ആശ്വസിപ്പിക്കുകയും സന്തോഷങ്ങളിൽ അവളോടൊത്ത് സന്തോഷിക്കുകയും ചെയ്യുന്നു. പ്രായം മറന്ന് അവളുടെ കൂടെ കളിക്കുന്നതും അവളുടെ സഹോദരങ്ങളാണ്. പള്ളിയിലേക്കും സ്‌കൂളിലേക്കും സൈക്കിളിലിരുത്തി കൊണ്ടുപോയിരുന്ന ചേട്ടനും എന്നും ഈശോയുടെയും തിരുക്കുടുംബത്തിന്റെയും വിശുദ്ധരുടെയും കഥകൾ പറഞ്ഞുകൊടുത്തിരുന്ന ചേച്ചിയും അവൾക്കെന്നും പ്രിയങ്കരരായിരുന്നു.
രാത്രി കിടക്കുന്നതിനുമുമ്പ് മാനത്ത് മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളെ നോക്കുക മൂവരുടെയും പതിവ് പ്രവൃത്തികളിലൊന്നായിരുന്നു. മാനത്ത് ഓരോ നക്ഷത്രങ്ങളെ കാണുമ്പോഴും അനു തന്റെ ചേട്ടനോടും ചേച്ചിയോടും ആകാംക്ഷയോടെ ചോദിക്കും: ”എന്തിനാണവ മിന്നിത്തിളങ്ങുന്നത്?” ഓരോരോ ഒഴിവുകഴിവുകൾ പറഞ്ഞ് ചേട്ടനും ചേച്ചിയും അവളുടെ ചോദ്യത്തിന് മുമ്പിൽനിന്ന് ഒഴിഞ്ഞുമാറും. ഒരു ദിവസം പതിവുപോലെ മാനത്തേക്ക് നോക്കിയപ്പോൾ ഒരു നക്ഷത്രം വളരെ പ്രശോഭിച്ചു നില്ക്കുന്നത് കണ്ട് ആ കുഞ്ഞനുജത്തി ചേച്ചിയെ അരികിൽ വിളിച്ച് ചോദിച്ചു: ”ചേച്ചീ, എന്തേ മാനത്ത് നില്ക്കുന്ന ആ നക്ഷത്രം മാത്രം ഇത്ര പ്രശോഭിച്ചു നില്ക്കുന്നത്?” അവളുടെ ചോദ്യത്തിനുമുൻപിൽ ഒന്നു പതറിയെങ്കിലും ചേച്ചി നിമിഷങ്ങൾക്കകം ഉത്തരം കണ്ടെത്തി. പക്ഷേ, ശാസ്ത്രലോകം മുന്നോട്ടുവയ്ക്കുന്ന കണ്ടുപിടുത്തങ്ങൾ പറഞ്ഞ് ആ കുഞ്ഞുമനസിനെ കുഴപ്പിക്കാതെ ഒരു നിമിഷം പ്രാർത്ഥിച്ചശേഷം ചേച്ചി പറഞ്ഞു: ”മോളേ, ഈ നക്ഷത്രങ്ങളെല്ലാം സ്വർഗവീട്ടിലെ ഓരോ ജാലകങ്ങളാണ്.” കഥ കേൾക്കാനുള്ള ആകാംക്ഷയോടെ അനു ചോദിച്ചു. സ്വർഗവീട്ടിൽ ജാലകങ്ങൾ ഉണ്ടോ ചേച്ചി? ഉണ്ടല്ലോ. ചിലത് വലുത്, ചിലത് ചെറുത്. ചേച്ചി തുടർന്നു. മോളേ, ജനലാണോ വാതിലാണോ വലുത്? വാതിലല്ലേ… ആ മിന്നിത്തിളങ്ങുന്ന വലിയ നക്ഷത്രം സ്വർഗത്തിലെ ഒരു വലിയ കവാടമാണ്. അനു വീണ്ടും ചോദിച്ചു: ചേച്ചി അപ്പോൾ പല വലുപ്പത്തിലുള്ള നക്ഷത്രങ്ങളുണ്ടല്ലോ. അത് എന്താ? ചേച്ചി തുടർന്നു, മോളേ നമ്മുടെ വീടിന് പല വാതിലുകളില്ലേ. അതുപോലെ സ്വർഗവീട്ടിലുമുണ്ട് ചെറുതും വലുതുമായ ഒത്തിരി കവാടങ്ങൾ. സ്വർഗവീട്ടിലെ ദിവ്യപ്രകാശമാണ് നക്ഷത്രജാലകങ്ങളിലൂടെ ഭൂമിയിലേക്ക് ഒഴുകി വരുന്നത്.
ഓരോ കവാടത്തിലൂടെയും ഈശോയും പരിശുദ്ധ അമ്മയും മാലാഖമാരും നമ്മെ നോക്കിക്കൊണ്ടിരിക്കുകയാണ്. നമ്മൾ ഉറങ്ങുന്നതും നടക്കുന്നതുമെല്ലാം അവരുടെ സംരക്ഷണത്തിൻ കീഴിലാണ്. കുഞ്ഞനുജത്തി അത്ഭുതത്തോടെ ചോദിച്ചു: ”ചേച്ചീ അപ്പോൾ ഈശോ ആ വാതിലിലൂടെ നമ്മെ നോക്കിക്കൊണ്ടിരിക്കുകയായിരിക്കും അല്ലേ?” മാനത്ത് മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളെ നോക്കി അവൾ കൈവീശി. ഉണ്ണീശോയെ ഒരു ദിവസം എന്നെയും ആ കവാടത്തിലൂടെ സ്വർഗത്തിലേക്ക് നീ കൂട്ടിക്കൊണ്ടുപോകണേ. പിന്നെയും ഒരു വട്ടംകൂടി ആ നക്ഷത്രത്തെ നോക്കിക്കൊണ്ട് അവൾ പോയി കിടന്നുറങ്ങി.
അമൂല്യ സാവൂൾ