ഈ പ്രവൃത്തികൾക്ക് അവരെ ഞാൻ ശിക്ഷിക്കേതല്ലേ? (ജറെമിയ 5:9)

ജറെമിയായുടെ പുസ്തകം അഞ്ചാം അധ്യായം ഒന്നുമുതലുള്ള വചനങ്ങളിൽ ഇസ്രായേൽ ചെയ്ത നിരവധി പാപങ്ങൾ കർത്താവ് എണ്ണിയെണ്ണി പറയുന്നു. നീതി പ്രവർത്തിക്കുകയും സത്യം അന്വേഷിക്കുകയും ചെയ്യുന്ന ആരുമില്ല. അവർ വിഗ്രഹാരാധന നടത്തി. ഈ പ്രവൃത്തികൾക്ക് അവരെ ഞാൻ ശിക്ഷിക്കേണ്ടതല്ലേ എന്ന് ചോദിച്ച ദൈവം അവരെ ശിക്ഷിക്കുന്നത് നാം കാണുകയാണ്. വരൾച്ച, യുദ്ധങ്ങൾ, അടിമത്തം തുടങ്ങിയവയെല്ലാം അവർ അനുഭവിക്കേണ്ടിവന്നു.
ദൈവം ചോദിച്ച ചോദ്യം എന്നും പ്രസക്തിയുള്ളതാണ്: ഈ പ്രവൃത്തികൾക്ക് അവരെ ഞാൻ ശിക്ഷിക്കേണ്ടതല്ലേ? ഇവിടെ ദൈവം താൻ ചെയ്യാൻ പോകുന്ന പ്രവൃത്തി, നല്കാൻ പോകുന്ന ശിക്ഷ, ന്യായമല്ലേ എന്ന് മനുഷ്യരോട്, നമ്മോട് അഭിപ്രായം ചോദിക്കുന്നതുപോലെ നമുക്ക് തോന്നും. നമ്മുടെ ചില തീരുമാനങ്ങൾ നടപ്പാക്കുന്നതിനുമുമ്പ്, നമ്മളും ചിലപ്പോൾ ചിലരോട് ഇങ്ങനെ അഭിപ്രായം ചോദിക്കും. അവരും നമ്മുടെ തീരുമാനത്തെ ശരിവച്ചാൽ, നമ്മുടെ തീരുമാനം ശരിയെന്ന് നമുക്ക് ഉറപ്പായി. ഇതുപോലെ, രണ്ടുവശങ്ങളും നിരത്തി, കാര്യകാരണസഹിതം താൻ ചെയ്യാൻ പോകുന്ന പ്രവൃത്തി, നല്കാൻ പോകുന്ന ശിക്ഷ, ന്യായമല്ലേ എന്ന് ദൈവം നമ്മോട് അഭിപ്രായം ചോദിക്കുകയാണ്. നമ്മളും സമ്മതിച്ചുപോകും. ഇത്രമാത്രം ദൈവം സ്‌നേഹിച്ചിട്ടും സംരക്ഷിച്ചിട്ടും തിരുത്തിയിട്ടും ക്ഷമിച്ചിട്ടും അവർക്ക് മാറ്റം ഉണ്ടാകുന്നില്ലെങ്കിൽ, തീർച്ചയായും അവരെ ശിക്ഷിക്കണം എന്ന് പറഞ്ഞുപോകും. എന്നുവച്ചാൽ ദൈവത്തിന്റെ തീരുമാനങ്ങൾ കുറ്റമറ്റവയും നീതിയുക്തവുമാണ്.

ദൈവത്തിന്റെ ഈ ചോദ്യം പഴയ നിയമത്തിലെ യഹൂദർക്ക് വേണ്ടിമാത്രം ദൈവം ചോദിച്ച ചോദ്യമല്ല. തെറ്റു ചെയ്യുന്ന സകലർക്കുമെതിരായി ദൈവം ചോദിച്ച ചോദ്യമാണ്. അതിനാൽ ഇത് പലരെയും അസ്വസ്ഥതപ്പെടുത്തേണ്ട ഒരു ചോദ്യമാണ്. നിരന്തരമായി തെറ്റിന്റെ വഴിയേ സഞ്ചരിക്കുകയും മാനസാന്തരപ്പെടാതിരിക്കുകയും ചെയ്യുന്ന സകലർക്കും ഞാൻ ശിക്ഷ നല്കും; അത് ശരിയല്ലേ എന്ന് ദൈവം നമ്മോട് അഭിപ്രായം ചോദിക്കുന്നു. മനസുകൊണ്ട്, ദൈവമേ, അത് ശരിയാണ് എന്ന് നമ്മൾ അഭിപ്രായം പറയുന്നു. ഒരുപക്ഷേ, അങ്ങനെ ദൈവം ശിക്ഷിക്കുന്നവരുടെ കൂട്ടത്തിൽ ഞാനും ഉണ്ടാകാം. അതിനാൽ മാനസാന്തരപ്പെടാനുള്ള ഒരു ആഹ്വാനംകൂടിയാണ് ഈ ചോദ്യം.

ഫാ. ജോസഫ് വയലിൽ CMI

Leave a Reply

Your email address will not be published. Required fields are marked *