നാസികൾ മാതൃകയാക്കിയ കത്തോലിക്കൻ വാഴ്ത്തപ്പെട്ട ജേക്കബ് ഗാപ്

ആ പ്രഭാതത്തിൽ തന്റെ അധികാരികൾക്ക് എഴുതിയ കത്തിൽ ഫാ. ജേക്കബ് ഗാപ് ഇപ്രകാരം കുറിച്ചു-‘ ‘ഇന്ന് വിധി നടപ്പാക്കുന്ന ദിവസമാണ്. ഏഴു മണിക്ക് ഞാൻ നമ്മുടെ പ്രിയപ്പെട്ട രക്ഷകന്റെ പക്കലേക്ക് പോകും. എന്നെക്കുറിച്ച് വിലപിക്കരുത്. ഞാൻ തികഞ്ഞ സന്തോഷത്തിലാണ്. ക്ലേശകരമായ ഒരു കാലഘട്ടത്തിന് ശേഷം ഏറ്റവും മനോഹരമായ ദിവസത്തിലേക്ക് ഞാൻ എത്തിയിരിക്കുന്നു. ദുഃഖിക്കരുത്. സ്വർഗം മാത്രം നിലനിൽക്കുന്നു. മറ്റെല്ലാം കടന്നുപോകും. ഒരിക്കൽ വീണ്ടും നമ്മൾ കണ്ടുമുട്ടും.”

1897 ജൂലൈ 26-നാണ് മാർട്ടിൻ ഗാപ്പിന്റെയും അന്തോണിയ വാക്കിന്റെയും ഏഴാമത്തെ കുഞ്ഞായ ജേക്കബ് ഗാപ്പിന്റെ ജനനം. ഓസ്ട്രിയയിലെ വാറ്റൻസിൽ ജനിച്ച ജേക്കബ് ഗാപ് 1915-ൽ സൈന്യത്തിൽ ചേർന്നു. 1918ൽ നടന്ന യുദ്ധത്തിൽ ജേക്കബിനെ യുദ്ധതടവുകാരനായി പിടിച്ചുകൊണ്ടുപോവുകയും 1919 മോചിതനാക്കുകയും ചെയ്തു. പിന്നീട് മരിയനിസ്റ്റ് സൊസൈറ്റിയിൽ ചേർന്ന ഗാപ് 1930 ഏപ്രിൽ അഞ്ചാം തിയതി വൈദികനായി അഭിഷിക്തനായി.
1938 വരെയുള്ള കാലഘട്ടത്തിൽ വിവിധ സ്‌കൂളുകളിൽ അധ്യാപകനായും ചാപ്ലൈനായും അദ്ദേഹം സേവനം ചെയ്തു. ഇക്കാലയളവിൽ വളർന്നുകൊണ്ടിരുന്ന നാസിസത്തെക്കുറിച്ച് പഠിക്കുകയും കത്തോലിക്ക സഭയുടെ പഠനങ്ങളുമായി നാസിസത്തിന്റെ ആശയങ്ങൾ ചേർന്നു പോകുന്നതല്ലെന്ന് മനസിലാക്കുകയും ചെയ്തു. നാസിസത്തിനെതിരെ പയസ് പതിനൊന്നാമൻ മാർപാപ്പ എഴുതിയ ചാക്രിക ലേഖനം അദ്ദേഹത്തെ ഏറെ സ്വാധീനിച്ചു.

കടമ ഓർമ്മിപ്പിച്ചപ്പോൾ
1938-ൽ നാസി സൈന്യം ഓസ്ട്രിയ കീഴടക്കി. അദ്ദേഹം പഠിപ്പിച്ചുകൊണ്ടിരുന്ന സ്‌കൂളിലും ഹിറ്റ്‌ലറിന്റെ ചിത്രങ്ങൾ ക്ലാസുകളിൽ പ്രദർശിപ്പിക്കേണ്ടതായി വന്നു. സ്വസ്തിക ബാഡ്ജ് ധരിക്കണമെന്നും ഹെയിൽ ഹിറ്റ്‌ലർ എന്ന് പറഞ്ഞുകൊണ്ട് ജനങ്ങളെ അഭിസംബോധന ചെയ്യണമെന്നും സ്‌കൂൾ അധികൃതർ ആവശ്യപ്പെട്ടപ്പോൾ പ്രവാചകമായ ധീരതയോടെ അദ്ദേഹം വിസമ്മതിച്ചു. നാസിസം ക്രൈസ്തവ വിരുദ്ധമാണെന്നുള്ളത് കുട്ടികളെ പഠിപ്പിക്കേണ്ടത് തന്റെ കടമയാണെന്ന് അദ്ദേഹം കരുതി.

യഹൂദരും കമ്മ്യൂണിസ്റ്റുകാരും ഫ്രഞ്ചുകാരുമെല്ലാം മനുഷ്യരാണെന്നും അതുകൊണ്ട് അവരെ സ്‌നേഹിക്കുക എന്നുള്ളത് ക്രൈസ്തവരുടെ കടമയാണെന്നും അദ്ദേഹം കുട്ടികളെ പഠിപ്പിച്ചു. അഡോൾഫ് ഹിറ്റ്‌ലറല്ല ദൈവമെന്ന അദ്ദേഹത്തിന്റെ വാക്കുകൾ ക്ലാസ് മുറികളിൽ മുഴങ്ങിയതോടെ അദ്ദേഹത്തെ സ്‌കൂളിൽ നിന്ന് പിരിച്ചുവിട്ടു. ഫാ. ജേക്കബിന്റെ ജീവൻ അപകടത്തിലാണെന്ന് മനസിലാക്കിയ സഭാധികാരികൾ അദ്ദേഹത്തെ ആദ്യം ഫ്രാൻസിലേക്കും പിന്നീട് സ്‌പെയിനിലേക്കും അയച്ചു.

1942-ൽ ബ്രിട്ടനിലേക്ക് വിസ ലഭിക്കുമോ എന്നറിയാനായി അദ്ദേഹം വാലെൻസിയയിലെ ബ്രിട്ടീഷ് കൗൺസിലേറ്റ് സന്ദർശിച്ചു. വിസ ലഭിച്ചില്ലെങ്കിലും അവിടെ നിന്ന് ലഭിച്ച ദിനപത്രങ്ങളിൽ നിന്ന് ജർമ്മനിയിൽ നടക്കുന്ന പീഡനങ്ങളെക്കുറിച്ചും അവിടുത്തെ ജയിൽ ക്യാമ്പിലെ നിജസ്ഥിതിയെക്കുറിച്ചുമുള്ള അറിവ് ഫാ. ഗാപ്പിന് ലഭിച്ചു. ഈ സമയമൊക്കെയും ജർമൻ രഹസ്യ പോലീസായ ഗെസ്താപ്പോ ഫാ. ഗാപ്പിനെ പിന്തുടരുന്നുണ്ടായിരുന്നു. ക്രിസ്തുമതത്തെക്കുറിച്ച് അറിയാൻ ആഗ്രഹമുള്ള രണ്ട് യഹൂദരുടെ വേഷത്തിൽ ഗെസ്താപ്പോ ഉദ്യോഗസ്ഥർ അദ്ദേഹത്തെ സമീപിച്ചു.

ആത്മീയ കാര്യങ്ങളിൽ സഹായം തേടി തന്നെ സമീപിക്കുന്നവർ നാസി ഏജന്റുമാരാകുവാനുള്ള സാധ്യത ഉണ്ടെന്ന് ഫാ. ഗാപ്പിനറിയാമായിരുന്നു. എങ്കിലും ക്രിസ്തുവിന്റെ പുരോഹിതൻ എല്ലാ സാഹചര്യങ്ങളിലും സത്യത്തിന് വേണ്ടി നിലകൊള്ളണം എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അതുകൊണ്ടുതന്നെ അവരുടെ സംശയങ്ങൾ ദൂരീകരിക്കുകയും അവരോട് ആത്മാർത്ഥമായി ഇടപെടുകയും ചെയ്തു. നാസികളോട് അനുഭാവം പുലർത്തിയിരുന്ന ഫ്രാൻസിലേക്ക് അവരുടെ പ്രേരണയാൽ എത്തിയ ഫാ. ഗാപ്പിനെ ഭരണകൂടം അറസ്റ്റ് ചെയ്ത് ബർലിന് കൈമാറി.

പ്രചോദിപ്പിച്ച തീക്ഷ്ണത
നാസികളുടെ ചോദ്യം ചെയ്യലിൽ തന്റെ നിലപാടുകൾ വ്യക്തമായി അവതരിപ്പിക്കുവാൻ ഫാ. ഗാപ്പിന് കഴിഞ്ഞു. ഫാ. ഗാപ്പ് കത്തോലിക്ക വിശ്വാസത്തോട് പുലർത്തുന്ന തീക്ഷ്ണത നാസികൾ തങ്ങളുടെ ആശയസംഹിതയോട് പുലർത്തിയിരുന്നെങ്കിൽ ജർമനി അനായാസം യുദ്ധം ജയിക്കുമായിരുന്നു എന്നാണ് വിചാരണ വേളയിൽ ഗെസ്താപ്പോ തലവനായിരുന്ന ഹെൻറിക്ക് ഹിംളർ ജഡ്ജിയോട് പറഞ്ഞത്. ബ്രിട്ടീഷ് കൗൺസിലേറ്റ് സന്ദർശിച്ചതിന്റെ വെളിച്ചത്തിൽ അദ്ദേഹത്തെ വിചാരണ ചെയ്ത കോടതി ഹിറ്റ്‌ലറിന്റെ ഭരണകൂടത്തിനെതിരെ സംസാരിച്ചതിന് അദ്ദേഹത്തെ മരണശിക്ഷക്ക് വിധിച്ചു. 1943 ജൂലൈ രണ്ടിനായിരുന്നു വധശിക്ഷ നടപ്പാക്കിയത്.

തന്റെ നിലപാടുകളെ സാധൂകരിച്ചുകൊണ്ട് ഫാ. ഗാപ്പ് പറഞ്ഞ വാക്കുകൾ ഈ കാലഘട്ടത്തിൽ ഏറെ പ്രസക്തമാണ്-”നിശബ്ദമായി നാസി ആശയങ്ങളോടുള്ള വിയോജിപ്പ് എനിക്ക് പ്രകടിപ്പിക്കാമായിരുന്നു. എന്നാൽ ഒരു കത്തോലിക്ക പുരോഹിതനെന്ന നിലയിൽ തെറ്റിനെതിരെ ശബ്ദമുയർത്തേണ്ടതും സത്യം പ്രഘോഷിക്കേണ്ടതും എന്റെ കടമയാണെന്ന് ഞാൻ എന്നോടുതന്നെ പറഞ്ഞു.” 1996-ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ ഫാ. ജേക്കബ് ഗാപ്പിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.

രഞ്ജിത് ലോറൻസ്

 

Leave a Reply

Your email address will not be published. Required fields are marked *