കളകൾ എങ്ങനെ ഒഴിവാക്കാം?കളകൾ എങ്ങനെ ഒഴിവാക്കാം?

”ദൈവം അരുളിച്ചെയ്തു: ഭൂമി എല്ലാത്തരം ഹരിതസസ്യങ്ങളും ധാന്യച്ചെടികളും വിത്തുൾക്കൊള്ളുന്ന ഫലങ്ങൾ കായ്ക്കുന്ന വൃക്ഷങ്ങളും മുളപ്പിക്കട്ടെ. അങ്ങനെ സംഭവിച്ചു. ഭൂമി എല്ലാത്തരം ഹരിതസസ്യങ്ങളും ധാന്യച്ചെടികളും വിത്തുള്ള ഫലങ്ങളോടുകൂടിയ വൃക്ഷങ്ങളും മുളപ്പിച്ചു. അവ നല്ലതെന്നു ദൈവം കണ്ടു” ഉൽപത്തി 1:11-12ൽ നാം ഇങ്ങനെ വായിക്കുന്നു. എന്നാൽ മത്തായി 13:30-ൽ കാണുന്നു: ”കൊയ്ത്തുകാലത്ത് ഞാൻ കൊയ്ത്തുകാരോട് പറയും, ആദ്യമേ കളകൾ ശേഖരിച്ച്, തീയിൽ ചുട്ടുകളയുവാൻ അവ കെട്ടുകളാക്കി വയ്ക്കുവിൻ”

ദൈവം നല്ലതെന്നു കണ്ട സസ്യങ്ങളിൽ പിന്നെ എങ്ങനെയാണ് കളകളെന്നും വിളകളെന്നും വേർതിരിവ് വന്നത്? ദൈവത്തിന്റെ എല്ലാ സൃഷ്ടികളും പ്രാധാന്യം അർഹിക്കുന്നവയാണ്. ദൈവത്തിന്റെ സൃഷ്ടികൾക്കെല്ലാം വ്യക്തമായ ലക്ഷ്യങ്ങളും ഉദ്ദേശ്യങ്ങളും ഉണ്ട്. ചില സസ്യങ്ങൾ മനുഷ്യനും സസ്യഭുക്കുകൾക്കും ആഹാരമായി മാറുമ്പോൾ മറ്റു ചിലവ അന്തരീക്ഷത്തിലെ വിഷവാതകങ്ങളെ ആഗിരണം ചെയ്ത് ശുദ്ധീകരിച്ച് മനുഷ്യനും മറ്റ് ജീവജാലങ്ങൾക്കും ഉപയോഗപ്രദമായി മാറ്റുന്നു. അപ്പോൾ ബൈബിളിൽ പ്രതിപാദിക്കുന്ന കളകൾ എന്താണ്? ഒരു ചെറിയ ഉദാഹരണത്തിലൂടെ നമുക്കിത് മനസിലാക്കാം.

ഒരു നെൽവയലിനെ ഉദാഹരണമായി എടുക്കാം. നെൽവയലിൽ നെല്ല് കൃഷി ചെയ്യുന്നു. നെൽവയലിൽ ഒരു മാവിൻ തൈയോ പ്ലാവിൻ തൈയോ വളർന്നു വന്നാൽ കൃഷിക്കാരൻ അതൊരു ഫലവൃക്ഷമാകേണ്ടതല്ലേ എന്നു കരുതി അവിടെ വളരാൻ അനുവദിക്കുമോ? തീർച്ചയായും ഇല്ല. നെൽവയലിൽ നെല്ലാണ് വളരേണ്ടത്. അതിനാൽ കൃഷിക്കാരൻ നെല്ല് അല്ലാത്ത എല്ലാ ചെടികളെയും കളകളായി കണക്കാക്കുന്നു. അപ്പോൾ കള എന്നത് പ്രത്യേക ഉദ്ദേശ്യത്തോടെ കൃഷി ചെയ്യുമ്പോൾ വിള അല്ലാത്ത എല്ലാം കളകളാണ്.

ചുരുക്കത്തിൽ, ആയിരിക്കേണ്ട സ്ഥലത്തായിരുന്നാൽ അത് വിള. അല്ലാത്തത് കള. നമ്മുടെ വ്യക്തിജീവിതത്തിലും ആധ്യാത്മികജീവിതത്തിലും നാം ദൈവം ആഗ്രഹിക്കുന്ന അവസ്ഥയിലാണോ എന്ന് ആത്മശോധന ചെയ്യേണ്ടത് ആവശ്യമാണ്. ക്രിസ്തുവിന്റെ സ്‌നേഹം പകർന്നു കൊടുക്കുവാൻ വിളിക്കപ്പെട്ട കുടുംബസ്ഥൻ അതിൽനിന്ന് വ്യതിചലിച്ച് മറ്റു ബന്ധങ്ങളിലും പ്രവർത്തനങ്ങളിലും ഏർപ്പെടുമ്പോൾ ആ കുടുംബസ്ഥൻ കളയായി മാറി. കുഞ്ഞുങ്ങളെ ദൈവഭക്തിയിലും സ്‌നേഹത്തിലും വളർത്തേണ്ട വീട്ടമ്മ ഫെയ്‌സ്ബുക്കിലെ സുഹൃത്തുക്കളോടൊപ്പം ജീവിതം ആഘോഷിക്കുമ്പോൾ ആ വീട്ടമ്മ കളയായി മാറി. വചനം പങ്കുവയ്‌ക്കേണ്ടവർ ബാറിൽ മദ്യപിച്ചിരിക്കുമ്പോൾ അവർ കളയായി മാറുന്നു.

”ചെടികൾ വളർന്ന് കതിരായപ്പോൾ കളകളും പ്രത്യക്ഷപ്പെട്ടു. വേലക്കാർ ചെന്ന് വീട്ടുടമസ്ഥനോട് ചോദിച്ചു: യജമാനനേ, നീ വയലിൽ നല്ല വിത്തല്ലേ വിതച്ചത്? പിന്നെ കളകളുണ്ടായത് എവിടെനിന്ന്? അവൻ പറഞ്ഞു: ശത്രുവാണ് ഇത് ചെയ്തത്” (മത്തായി 13:27-28). ശത്രു നമ്മെ കളകളാക്കാതിരിക്കാൻ ജാഗ്രതയോടെ പ്രാർത്ഥിക്കാം.

 സരിത ജോസഫ്

Leave a Reply

Your email address will not be published. Required fields are marked *