വിനീതനായൊരു വിപ്ലവകാരി

യേശു തന്റെ ചുറ്റും കൂടിയിരുന്ന ആർത്തഹൃദയരും ക്ലേശിതരും അധ്വാനഭാരത്താൽ വലഞ്ഞവരുമായ ജനതതിയോട് ഇപ്രകാരം പറഞ്ഞു: ”ഞാൻ ശാന്തശീലനും വിനീത ഹൃദയനുമാകയാൽ എന്റെ നുകം വഹിക്കുകയും എന്നിൽനിന്ന് പഠിക്കുകയും ചെയ്യുവിൻ” (മത്തായി 11:29). യേശുവിന്റെ ജീവിതത്തിലേക്ക് കണ്ണോടിച്ചാൽ യേശു തന്റെ സ്വന്തം വ്യക്തിത്വത്തെക്കുറിച്ച് നടത്തിയ ഈ പ്രസ്താവന തികച്ചും ശരിയാണെന്ന് തിരിച്ചറിയാൻ കഴിയും. തന്റെ അടുത്തേക്ക് കടന്നുവന്ന എല്ലാവരും തന്നെ വിനീതനും ശാന്തശീലനുമായ യേശുവിന്റെ മാധുര്യം നന്നായിത്തന്നെ രുചിച്ചറിഞ്ഞു.

യേശുവിന്റെ പീഡാനുഭവവേളയിൽ പടയാളികൾ അവിടുത്തെ മുഖത്തു തുപ്പി. അവന്റെ കണ്ണുകൾ മൂടിക്കെട്ടിയിട്ട് മുഖത്ത് അടിച്ചിട്ട് ഇപ്രകാരം ചോദിച്ചു: നിന്നെ അടിച്ചവൻ ആരാണെന്ന് പ്രവചിക്കുക. പക്ഷേ യേശു ഒരക്ഷരംപോലും ഉരിയാടിയില്ല. എല്ലാം നിശബ്ദമായി സഹിച്ചു. അടിച്ചവൻ ആരെന്ന് യേശുവിന് അറിഞ്ഞുകൂടാത്തതുകൊണ്ടല്ല യേശു നിശബ്ദത ഭജിച്ചത്. പിന്നെയോ എല്ലാ നിന്ദനങ്ങളും ഹൃദയശാന്തതയോടെ, വിനയത്തോടെ സ്വീകരിച്ചതുകൊണ്ടാണ്. യൂദന്മാർ യേശുവിനെ ചമ്മട്ടികൊണ്ടടിച്ചു. അവന്റെ ശരീരം ചിതറിച്ചു. നിന്ദിക്കാനായി ചുമന്ന വസ്ത്രം ധരിപ്പിച്ചു. തലയിൽ വലിയ അപമാനത്തിന്റെ പ്രതീകമായ മുൾമുടി ചാർത്തി.

കൈയിൽ പരിസാഹസൂചകമായ വടി കൊടുത്തുകൊണ്ട് അവന്റെ മുമ്പിൽ മുട്ടുകുത്തി ഇപ്രകാരം വിളിച്ചു പറഞ്ഞു. യഹൂദന്മാരുടെ രാജാവേ നിനക്ക് സ്വസ്തി. വിനീതഹൃദയനായ യേശു ഹൃദയശാന്തതയോടെ എല്ലാം മൗനമായി സഹിച്ചു. താൻ രാജാവാണെന്നും ദൈവപുത്രനാണെന്നും വെളിപ്പെടുത്തുവാനും തെളിയിക്കുവാനും കഴിയാഞ്ഞിട്ടല്ല യേശു അപ്രകാരം മൗനം ഭജിച്ചത്. മനുഷ്യരക്ഷയ്ക്കുവേണ്ടി നിന്ദിക്കപ്പെടുകയും അപമാനിക്കപ്പെടുകയും പരിത്യജിക്കപ്പെടുകയും ചെയ്യണമെന്ന പിതാവിന്റെ തിരുഹിതത്തിനു മുമ്പിൽ സ്വയം സമർപ്പിച്ചതുകൊണ്ടാണ്.

വിനീതഹൃദയനായ യേശുവിന്റെ പീഡാനുഭവവേളകളിലെ സമർപ്പണത്തെക്കുറിച്ച് മാത്രമല്ല അവിടുത്തെ മുഴുവൻ ജീവിതത്തെയും ചൂണ്ടിക്കാട്ടിക്കൊണ്ട് ഏശയ്യാ പ്രവാചകൻ പ്രവചനമായി പറഞ്ഞ വാക്കുകൾ എത്ര സത്യമാണ്! ”ദൈവമായ കർത്താവ് എന്റെ കാതുകൾ തുറന്നു. ഞാൻ എതിർക്കുകയോ പിന്മാറുകയോ ചെയ്തില്ല. അടിച്ചവർക്ക് പുറവും താടിമീശ പറിച്ചവർക്ക് കവിളുകളും ഞാൻ കാണിച്ചുകൊടുത്തു. നിന്ദയിൽനിന്നും തുപ്പലിൽനിന്നും ഞാൻ മുഖം തിരിച്ചില്ല. ദൈവമായ കർത്താവ് എന്നെ സഹായിക്കുന്നതിനാൽ ഞാൻ പതറുകയില്ല. ഞാൻ എന്റെ മുഖം ശിലാതുല്യമാക്കി” (ഏശയ്യാ 50:5-7).

ഏശയ്യാ വീണ്ടും ഇപ്രകാരം എഴുതിയിരിക്കുന്നു: ”അവൻ നിന്ദിക്കപ്പെട്ടു. നാം അവനെ ബഹുമാനിച്ചതുമില്ല. നമ്മുടെ വേദനകളാണ് യഥാർത്ഥത്തിൽ അവൻ വഹിച്ചത്. നമ്മുടെ ദുഃഖങ്ങളാണ് അവൻ ചുമന്നത്. എന്നാൽ ദൈവം അവനെ പ്രഹരിക്കുകയും ശിക്ഷിക്കുകയും ദണ്ഡിപ്പിക്കുകയും ചെയ്‌തെന്ന് നാം കരുതി” (ഏശയ്യാ 53:4). വിനീതഹൃദയനായ അവൻ മരണത്തോളം അതേ കുരിശുമരണത്തോളം തന്നെത്തന്നെ താഴ്ത്തുവാൻ തിരുമനസായി എന്ന് വിശുദ്ധ പൗലോസ് ശ്ലീഹാ ഫിലിപ്പിയാക്കാർക്ക് എഴുതിയ ലേഖനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. ”ദൈവത്തിന്റെ രൂപത്തിലായിരുന്നെങ്കിലും അവൻ ദൈവവുമായുള്ള സമാനത നിലനിറുത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല. തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തിൽ ആയിത്തീർന്ന് ആകൃതിയിൽ മനുഷ്യനെപ്പോലെ കാണപ്പെട്ടു. മരണംവരെ – അതെ കുരിശുമരണംവരെ അനുസരണമുള്ളവനായി തന്നെത്തന്നെ താഴ്ത്തി” (ഫിലിപ്പി 2:6-8).
അതെ, മരണത്തോളം അതും കുരിശുമരണത്തോളം മനുഷ്യരക്ഷയ്ക്കായി തന്നെത്തന്നെ താഴ്ത്തിയ ക്രിസ്തു മറ്റാർക്കും എത്തിനോക്കാൻപോലും കഴിയാത്ത വിധത്തിൽ വിനയത്തിന്റെയും താഴ്മയുടെയും അഗാധങ്ങളെ പുൽകിയവനായിരുന്നു. ആ വിനയത്തിന്റെ മാതൃക പിൻചെല്ലാനുള്ള കൃപയ്ക്കായി നമുക്ക് പരിശുദ്ധാത്മാവിനോട് പ്രാർത്ഥിക്കാം.

എന്നിട്ടുമെന്തേ ഇങ്ങനെ?
വിനീതരിൽ വിനീതനായ ക്രിസ്തു പാപികളുടെ രക്ഷയ്ക്കായി, മരണത്തോളം അതെ കുരിശുമരണത്തോളം തന്നെത്തന്നെ താഴ്ത്തി എളിമപ്പെട്ടവനെങ്കിലും ക്രിസ്തുവിന്റെ ഈ താഴ്മയുടെയും എളിമപ്പെടലിന്റെയും സ്വഭാവത്തിന് നിരക്കാത്തതെന്ന് തോന്നിപ്പോകുന്ന ആരെയും കൂസാത്ത പ്രതികരണങ്ങൾ ചിലപ്പോഴെങ്കിലും ചിലരോടെങ്കിലും അവിടുന്ന് കാണിച്ചിട്ടുണ്ട്. വിനീതനായ യേശുക്രിസ്തു ഒരു വിപ്ലവകാരിയുംകൂടി ആയിരുന്നുവെന്ന് നാം മനസിലാക്കേണ്ടിയിരിക്കുന്നു.

പക്ഷേ ആ വിപ്ലവം വെട്ടും കുത്തും കൊലപാതകവും നിറഞ്ഞ ഒരു സായുധ വിപ്ലമായിരുന്നില്ല. തികച്ചും രക്തരഹിത വിപ്ലവമായിരുന്നുവെന്നുവേണം പറയാൻ. എന്നാൽ ഒരു വ്യത്യാസം മാത്രം – മറ്റു വിപ്ലവകാരികൾ തങ്ങളുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ നിറവേറ്റുന്നതിനുവേണ്ടി വിപ്ലവമുണ്ടാക്കി മറ്റുള്ളവരുടെ രക്തം പ്രത്യേകിച്ചും ശത്രുക്കളുടെ രക്തം ചിന്തുന്നു. ഇവിടെയാകട്ടെ യേശുക്രിസ്തു മനുഷ്യരക്ഷയെന്ന വലിയ ലക്ഷ്യസാധ്യത്തിനുവേണ്ടി സ്വന്തം രക്തം വിലയായി കൊടുത്തുകൊണ്ട് തന്നിൽ വിശ്വസിക്കുന്നവരെ, തന്റെ ശത്രുക്കളെപ്പോലെ പൂർണമായ രക്ഷയിലേക്കും വിമോചനത്തിലേക്കും വഴിനടത്തുന്നു.

ഹേറോദേസിലെ കുറുക്കൻ
ഹേറോദേസ് രാജാവ് യേശുവിനെ കൊല്ലുവാൻ ശ്രമിക്കുന്നുവെന്ന വിവരം ചില ഫരിസേയർ വന്ന് യേശുവിനോട് പറഞ്ഞു. ”ഇവിടെനിന്നു പോവുക. ഹേറോദേസ് നിന്നെ കൊല്ലാൻ ഒരുങ്ങുന്നു” (ലൂക്കാ 13:31). ഇതുകേട്ട് യേശു അശേഷം ചഞ്ചലപ്പെടാതെ അവരോട് മറുപടി പറഞ്ഞു: ”നിങ്ങൾ പോയി ആ കുറുക്കനോട് പറയുവിൻ. ഞാൻ ഇന്നും നാളെയും പിശാചുക്കളെ പുറത്താക്കുകയും രോഗശാന്തി നല്കുകയും ചെയ്യും. മൂന്നാം ദിവസം എന്റെ ദൗത്യം ഞാൻ പൂർത്തിയാക്കിയിരിക്കും” (ലൂക്കാ 13:32).

ഒരു രാജ്യത്തിന്റെ രാജാവിനെ, ഒരു ദേശത്തിന്റെ ഭരണാധികാരിയെ ആണ് യേശു കുറുക്കനെന്ന് പരസ്യമായി വിളിച്ചത്. അതിനു തക്ക ധീരത യേശുവിലുണ്ടായിരുന്നു. ഇവിടെ യേശു ശാന്തശീലനോ വിനീതഹൃദയനോ ആയി പ്രതികരിക്കുന്നില്ല. തല പോകുന്ന കാര്യമാണെന്നറിഞ്ഞിട്ടും യേശു അവിടെ ശക്തനും ധീരനുമായി പ്രതികരിക്കുന്നു. ഹേറോദേസ് തന്റെ സഹോദരന്റെ ഭാര്യയായ ഹേറോദിയായെ നിയമവിരുദ്ധമായിത്തന്നെ സ്വന്തമാക്കി ഭാര്യയാക്കിയതിനെ തിരുത്തിയതാണ് യേശുവിന്റെ മുന്നോടിയായി അവിടുത്തേക്ക് വഴിയൊരുക്കുവാനായി വന്ന സ്‌നാപകയോഹന്നാന്റെ ശിരസ് ഹേറോദേസ് രാജാവ് വിഛേദിക്കുവാനുള്ള കാരണം. ഇതു മാത്രമല്ല അവന്റെ എല്ലാ പ്രവൃത്തികളും തിന്മ നിറഞ്ഞതായിരുന്നു.

ആ തിന്മയ്‌ക്കെതിരെ പ്രതികരിക്കാതെ ശാന്തശീലനോ വിനീതഹൃദയനോ ആയിരിക്കുവാൻ യേശു തയാറാകുന്നില്ല. ഈ രംഗത്തുള്ള യേശുവിന്റെ പ്രതികരണം കണ്ടാൽ യേശു ഒരു ധിക്കാരിയായ വിപ്ലവകാരിയായിപ്പോലും മനസിലാക്കപ്പെടാമെന്നുള്ളത് സത്യാണ്. പക്ഷേ ഇന്നത്തെ നമ്മുടെ ക്രിസ്ത്യാനികൾക്കും ക്രിസ്തീയ നേതാക്കൾക്കും ഈ പ്രതികരണശക്തി ഇല്ലെന്നുതന്നെ വേണം പറയാൻ. അവർ പലതും യേശുവിന്റെ ശാന്തശീലത്തിന്റെ പരിവേഷത്തിൽ ഒതുക്കുന്നു. നന്മയെ സ്‌നേഹിക്കുവാനും അംഗീകരിക്കുവാനും നമ്മെ പഠിപ്പിച്ചവൻ തന്നെയല്ലേ തിന്മയെ ദ്വേഷിക്കുവാനും നമ്മെ പഠിപ്പിച്ചത്. നമുക്ക് അവന്റെ മാതൃക പിൻചെല്ലാം.

ദൈവാലയ കച്ചവടക്കാരെ ആട്ടിപ്പുറത്താക്കുന്ന യേശു
ജറുസലേം ദൈവാലയത്തിനുള്ളിൽ കച്ചവടവും കള്ളക്കച്ചവടവും നടത്തി ദൈവാലയത്തെ കവർച്ചക്കാരുടെ ഗുഹയാക്കിത്തീർക്കുന്നവരെ ദൈവാലയത്തിൽനിന്നും പ്രഹരിച്ച് പുറത്താക്കുന്ന യേശുവിൽ കാണുന്നത് ശാന്തശീലന്റെയോ വിനീതഹൃദയന്റെയോ മുഖമല്ല. മറിച്ച് ധീരനായ ഒരു അധികാരിയുടെ വിപ്ലവകരമായ മുഖമാണ്. തിരുവചനങ്ങളിലൂടെ കടന്നുപോകുമ്പോൾ ഇതു നമുക്ക് വ്യക്തമാകും.

”യഹൂദരുടെ പെസഹാ അടുത്തിരുന്നതിനാൽ യേശു ജറുസലേമിലേക്ക് പോയി. കാള, ആട്, പ്രാവ് എന്നിവ വില്ക്കുന്നവരെയും നാണയം മാറ്റാനി രിക്കുന്നവരെയും ദൈവാലയത്തിൽ അവൻ കണ്ടു. അവൻ കയറുകൊണ്ട് ഒരു ചമ്മട്ടിയുണ്ടാക്കി അവരെയെല്ലാം ആടുകളോടും കാളകളോടുംകൂടെ ദൈവാലയത്തിൽനിന്നും പുറത്താക്കി. നാണയമാറ്റക്കാരുടെ നാണയങ്ങൾ ചിതറിക്കുകയും മേശകൾ തട്ടിമറിക്കുകയും ചെയ്തു. പ്രാവുകളെ വില്ക്കുന്നവരോട് അവൻ കല്പിച്ചു, ഇവയെ ഇവിടെനിന്ന് എടുത്തുകൊണ്ടുപോകുവിൻ. എന്റെ പിതാവിന്റെ ആലയം നിങ്ങൾ കച്ചവടസ്ഥലമാക്കരുത്. അവിടുത്തെ ആലയത്തെക്കുറിച്ചുള്ള തീക്ഷ്ണത എന്നെ വിഴുങ്ങിക്കളയും എന്ന് എഴുതപ്പെട്ടിരിക്കുന്നത് അപ്പോൾ അവന്റെ ശിഷ്യന്മാർ അനുസ്മരിച്ചു” (യോഹന്നാൻ 2:13-17).
ഇനിയും ചിന്തിക്കുക. കയറുകൊണ്ട് ചമ്മട്ടിയുണ്ടാക്കി പ്രാർത്ഥനയുടെ ആലയമായിരിക്കേണ്ട ദൈവാലയത്തിൽനിന്നും കച്ചവടക്കാരെയും നാണയമാറ്റക്കാരെയും അടിച്ചു പുറത്താക്കുന്ന യേശുവിൽ കാണുന്നത് ഒരു വിനീതഹൃദയന്റെ ശാന്തത നിറഞ്ഞ മുഖമല്ല. അജഗണത്തിന്റെ തിന്മയ്‌ക്കെതിരെ കർക്കശഭാവത്തോടെ പ്രതികരിക്കുന്ന ഒരു നല്ല ഭരണാധികാരിയുടെയും നല്ല ഇടയന്റെയും നല്ല പ്രവാചകന്റെയും സമൂഹ പരിഷ്‌കർത്താവിന്റെയും ധീരമായ മുഖവും ചലനങ്ങളുമാണ്.

പ്രിയപ്പെട്ടവരേ, നമ്മുടെ സഭയ്ക്കുള്ളിലും സമൂഹങ്ങളിലും കുടുംബങ്ങളിലും നിലകൊള്ളുന്ന തിന്മകൾക്കെതിരെ കാർക്കശ്യം പുലർത്തേണ്ടിടത്ത് അതു ചെയ്യാൻ നമുക്കിന്നു കഴിയുന്നുണ്ടോ? ആർക്കും കേറി കച്ചവടം നടത്താൻ കഴിയുന്ന കവർച്ചക്കാരുടെ ഗുഹയായി നമ്മുടെ ഭവനാന്തർഭാഗങ്ങളും സമൂഹാന്തർഭാഗങ്ങളും സഭാന്തർഭാഗങ്ങളും ആയിത്തീരുന്നത് നിർവികാരതയോടെ നോക്കിക്കണ്ട് പിൻവാങ്ങുവാനാണോ നമ്മുടെയൊക്കെ ദൈവവിളി?
ടി.വിയുടെയും ഇന്റർനെറ്റിന്റെയും മൊബൈൽ തരംഗങ്ങളുടെയും ഇതിനു തുല്യമായ മറ്റു കാര്യങ്ങളുടെയും അധികരിച്ചതും ലവലില്ലാത്തതും പലപ്പോഴും മാലിന്യം നിറഞ്ഞതുമായ ഉപയോഗം നിമിത്തം നമ്മുടെയൊക്കെ ഭവനാന്തർഭാഗങ്ങളും ദൈവാലയതുല്യമായി സൂക്ഷിക്കേണ്ട പരസ്പര ബന്ധങ്ങളും മലീമസമാകുന്നത് നോക്കിക്കണ്ട് നിർവികാരതയോടെ പിൻവാങ്ങുവാനാണോ ദൈവം നമ്മെ തിരഞ്ഞെടുത്ത് അഭിഷേകം ചെയ്തിരിക്കുന്നത്. തിന്മകൾക്കെതിരെ കാർക്കശ്യം പുലർത്തേണ്ടിടത്ത് അതു ചെയ്യാനുള്ള തന്റേടം നമുക്കുണ്ടാകണം. യേശുവിന്റെ ശാന്തശീലത്തിന്റെയും വിനീതഹൃദയത്തിന്റെയും പേരുപറഞ്ഞ് പ്രതികരണശേഷിയില്ലാത്ത ശക്തിഹീനരായ ക്രിസ്ത്യാനികളായി നാം അധഃപതിക്കരുത്.

‘ഞാൻ ശാന്തശീലനും വിനീതഹൃദയനുമാകയാൽ എന്റെ നുകം വഹിക്കുകയും എന്നിൽനിന്ന് പഠിക്കുകയും ചെയ്യുവിൻ’ എന്നതുകൊണ്ട് യേശു ഉദ്ദേശിക്കുന്നത് മുൻപറഞ്ഞ രീതിയിലുള്ള ഒരു നിഷ്‌ക്രിയത്വമല്ല. തിരുത്തേണ്ടിടത്ത് തിരുത്താനും ശാസിക്കേണ്ടിടത്ത് ശാസിക്കാനും ശിക്ഷണം നല്‌കേണ്ടിടത്ത് ശിക്ഷണം നല്കാനും കുടുംബനാഥന്മാർ മാത്രമല്ല നേതൃസ്ഥാനത്തിരിക്കുന്ന ഓരോരുത്തരും തയാറായെങ്കിൽ മാത്രമേ ദൈവാലയതുല്യമായി സൂക്ഷിക്കേണ്ട നമ്മുടെയൊക്കെ ജീവിതങ്ങൾ പവിത്രമായി കാത്തുസൂക്ഷിക്കപ്പെടുകയുള്ളൂ. പ്രതികരണശേഷിയില്ലാത്ത കാര്യസ്ഥന്മാരും ക്രിസ്ത്യാനികളുമായി നാം അധഃപതിക്കരുത് എന്ന സത്യം നമ്മൾ സൗകര്യപൂർവം മറന്നുപോകുന്നു.

തിരുത്തപ്പെടേണ്ട ജീവിതമാർഗങ്ങൾക്കുനേരെ
തിരിച്ചറിവ് എന്ന മഹാ അറിവ് നമുക്കൊക്കെ അനിവാര്യമായ സംഗതിയാണ്. നമ്മൾ എന്തൊക്കെയോ ആണ് എന്നോ നമ്മൾ എന്തൊക്കെയോ ആയിക്കഴിഞ്ഞിരിക്കുന്നു എന്നോ നമ്മൾ എല്ലാറ്റിന്റെയും ഉപരിയാണെന്നോ ഒക്കെയുള്ള ഹൃദയഭാവം നമ്മളെക്കുറിച്ചുള്ള യഥാർത്ഥ തിരിച്ചറിവിൽ എത്തിപ്പെടുന്നതിൽനിന്നും നമ്മെ തടസപ്പെടുത്തും. ഈ തിരിച്ചറിവില്ലായ്മ നിത്യരക്ഷ എന്ന മഹാരക്ഷ നമുക്ക് നഷ്ടമാക്കിത്തീർക്കും. ”ഒരുവൻ ഒന്നുമല്ലാതിരിക്കെ എന്തോ ആണെന്ന് ഭാവിക്കുന്നുവെങ്കിൽ അവൻ തന്നെത്തന്നെ വഞ്ചിക്കുന്നു” (ഗലാത്തിയ 6:3).

ഈ തിരിച്ചറിവില്ലാതെ സ്വയം ശ്രേഷ്ഠരെന്ന് കരുതി നടക്കുന്നവരെ കർത്താവായ യേശു കഠിനമായ ഭാഷയിൽ ശാസിക്കുകയും വിമർശിക്കുകയും ചെയ്യുന്നത് സുവിശേഷങ്ങളിൽ നമുക്ക് വായിക്കുവാൻ കഴിയും. അവിടുന്നു പറയുന്നു. ”കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങൾക്ക് ദുരിതം! നിങ്ങൾ മനുഷ്യരുടെ മുമ്പിൽ സ്വർഗരാജ്യം അടച്ചുകളയുന്നു. നിങ്ങൾ അതിൽ പ്രവേശിക്കുന്നില്ല. പ്രവേശിക്കാൻ വരുന്നവരെ അനുവദിക്കുന്നുമില്ല” (മത്തായി 23:13-14). വീണ്ടും അവിടുന്ന് പറയുന്നു ”കപടനാട്യക്കാരായ നിയമജ്ഞരേ ഫരിസേയരേ നിങ്ങൾക്ക് ദുരിതം. നിങ്ങൾ തുളസി, ചതകുപ്പ, ജീരകം എന്നിവയ്ക്ക് ദശാംശം കൊടുക്കുകയും നിയമത്തിലെ ഗൗരവമേറിയ കാര്യങ്ങളായ നീതി, കാരുണ്യം, വിശ്വസ്തത എന്നിവ അവഗണിക്കുകയും ചെയ്യുന്നു. ഇവയാണ് നിങ്ങൾ ചെയ്യേണ്ടിയിരുന്നത്- മറ്റുള്ളവ അവഗണിക്കാതെതന്നെ” (മത്തായി 23:23).

ഈശോ യഹൂദമതത്തിലെ കപടനാട്യക്കാരായ നേതാക്കളോട് ഈ വാക്കുകൾ പറയുമ്പോൾ വിനീതഹൃദയനായ ഒരുവിന്റെ യാതൊരു ഭാവങ്ങളും അവിടുന്ന് കാണിക്കുന്നില്ല. യേശു അവരെ കർശനമായിത്തന്നെ ശാസിക്കുകയും വിമർശിക്കുകയും ചെയ്യുന്നു. ഈശോ തന്റെ അടുത്തേക്ക് കടന്നുവന്ന ഏതെങ്കിലും കഠിനപാപിയോടോ പാപിനിയോടോ കയർക്കുന്നതായി കാണുന്നില്ല. അതീവ കാരുണ്യം രക്ഷയ്ക്കായി തന്റെ അടുത്തു കടന്നുവന്ന ഓരോ പാപിയോടും അവിടുന്ന് കാണിച്ചു. എന്നാൽ തങ്ങൾ നീതിമാന്മാരാണെന്ന മിഥ്യാധാരണയിൽ തങ്ങളിൽത്തന്നെ ആശ്രയിക്കുകയും മറ്റുള്ളവരെ വിമർശിക്കുകയും ചെയ്യുന്നവരെ അവിടുന്ന് വെറുതെ വിടുന്നില്ല. അവിടുന്നവരെ ശാസിക്കുകയും ചെയ്യുന്നു.

യേശുവിലെ പ്രവാചകൻ ശാന്തശീലനും വിനീതഹൃദയനും മാത്രമായിരുന്നില്ല. യഹൂദസമുദായത്തിന്റെ ഉന്നതതലങ്ങളിൽ ഉള്ളവരെപ്പോലും തിരിച്ചറിവിലേക്കും തിരിച്ചു നടത്തലിലേക്കും നയിക്കുന്ന വിധത്തിൽ അവരെ ശാസിക്കുന്ന ശക്തനും കരുത്തനുമായ മാർഗദർശികൂടെയായിരുന്നു. നമുക്കാരെയും ശാസിക്കാനും വിമർശിക്കുവാനും വിളിയില്ലെങ്കിൽപ്പോലും സമൂഹത്തിന്റെ ഉന്നതതലങ്ങളിൽ കുടികൊള്ളുന്ന തിന്മയുടെ ദുരാത്മാക്കളെ തിരിച്ചറിയുന്നതിനും അവരിൽനിന്നും അകന്നു നില്ക്കുന്നതിനും അവർക്കുവേണ്ടി പ്രാർത്ഥിക്കുന്നതിനും മറ്റുള്ളവരെ അവരുടെ കെണിയിൽനിന്ന് രക്ഷിക്കുന്നതിനും നമുക്ക് കടമയുണ്ട്. അതൊരു ക്രിസ്ത്യാനിയുടെ ഉത്തരവാദിത്വവുമാണ്.

യേശു യഹൂദജനത്തിലെ സാധാരണ മനുഷ്യരോടും തന്റെ ശിഷ്യന്മാരോടും ഇപ്രകാരം പറയുന്നു: ”നിയമജ്ഞരും ഫരിസേയരും മോശയുടെ സിംഹാസനത്തിൽ ഇരിക്കുന്നു. അതിനാൽ, അവർ നിങ്ങളോടു പറയുന്നതെല്ലാം അനുസരിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുവിൻ. എന്നാൽ അവരുടെ പ്രവൃത്തികൾ നിങ്ങൾ അനുകരിക്കരുത്. അവർ പറയുന്നു, പ്രവർത്തിക്കുന്നില്ല. അവർ ഭാരമുള്ള ചുമടുകൾ മനുഷ്യരുടെ ചുമലിൽ വച്ചുകൊടുക്കുന്നു. സഹായിക്കാൻ ചെറുവിരൽ അനക്കാൻപോലും തയാറാകുന്നുമില്ല. മറ്റുള്ളവർ കാണുന്നതിനുവേണ്ടിയാണ് അവർ തങ്ങളുടെ പ്രവൃത്തികളെല്ലാം ചെയ്യുന്നത്” (മത്തായി 23:2-5).
എത്ര ധൈര്യത്തോടുകൂടിയാണ് യേശു ഇവിടെ സാധാരണ ജനങ്ങളെ നിയമജ്ഞരുടെയും ഫരിസേയരുടെയും കപടനാട്യത്തിൽനിന്നും രക്ഷിക്കുന്നത്. ഇനിയും വിലയിരുത്തുക, യേശു വെറുമൊരു വിനീതഹൃദയനും വെറുമൊരു ശാന്തശീലനും മാത്രമായിരുന്നുവോ? അല്ല, അവിടുന്ന് ഒരു കരുത്തനായ ധീരനായ മുഖനോട്ടമില്ലാത്ത പ്രവാചകൻകൂടി ആയിരുന്നു.

ധീരനായ സൗഖ്യശുശ്രൂഷകൻ
”യേശു വീണ്ടും സിനഗോഗിൽ പ്രവേശിച്ചു. കൈ ശോഷിച്ച ഒരാൾ അവിടെ ഉണ്ടായിരുന്നു. യേശുവിൽ കുറ്റമാരോപിക്കുന്നതിനുവേണ്ടി സാബത്തിൽ അവൻ രോഗശാന്തി നല്കുമോയെന്ന് അറിയാൻ അവർ ഉറ്റുനോക്കിക്കൊണ്ടിരുന്നു. കൈ ശോഷിച്ചവനോട് അവൻ പറഞ്ഞു. എഴുന്നേറ്റ് നടുവിലേക്ക് വരൂ. അനന്തരം അവൻ അവരോടു ചോദിച്ചു: സാബത്തിൽ നന്മ ചെയ്യുന്നതോ തിന്മ ചെയ്യുന്നതോ, ജീവൻ രക്ഷിക്കുന്നതോ നശിപ്പിക്കുന്നതോ, ഏതാണ് നിയമാനുസൃതം? അവർ നിശബ്ദരായിരുന്നു. അവരുടെ ഹൃദയകാഠിന്യത്തിൽ ദുഃഖിച്ച് അവരെ ക്രോധത്തോടെ നോക്കിക്കൊണ്ട് യേശു അവനോട് പറഞ്ഞു. ‘കൈ നീട്ടുക.’ അവൻ കൈ നീട്ടി. അതു സുഖപ്പെട്ടു. ഫരിസേയർ ഉടനെ പുറത്തിറങ്ങി യേശുവിനെ നശിപ്പിക്കുവാൻവേണ്ടി ഹേറോദേസ് പക്ഷക്കാരുമായി ആലോചന നടത്തി” (മർക്കോസ് 3:1-6).

ഈ വചനങ്ങളിൽനിന്നും ഒരു കാര്യം വ്യക്തമാണ്. യേശു വെറുമൊരു പാവവും വെറുമൊരു ശാന്തശീലനും മാത്രമായിരുന്നില്ല. കോപിക്കേണ്ടിടത്ത് കോപിക്കാനും ക്രോധത്തോടെ സംസാരിക്കേണ്ടിടത്ത് ക്രോധത്തോടെ സംസാരിക്കുവാനുമെല്ലാം അറിയാവുന്ന ശക്തനായ പ്രവാചകനും വിപ്ലവാത്മകമായ നിലപാടുകൾ ഉള്ളവനും എല്ലാമായിരുന്നു. പക്ഷേ യേശുവിന്റെ അനുഗാമികളും ഇന്നത്തെ ക്രിസ്ത്യാനികളുമായ നമ്മളോ?

നമ്മുടെ സുരക്ഷിതത്വത്തിന് വിഘാതമാകും എന്ന് തോന്നുന്ന യാതൊന്നിനോടും നാം മിക്കപ്പോഴും പ്രതികരിക്കുകയില്ല. നിരാശ്രയരുടെ ആവശ്യങ്ങൾക്കായി നിലകൊള്ളുകയുമില്ല. നാം യേശുവിനെ അനുകരിക്കുകയും അനുഗമിക്കുകയും ചെയ്യുന്നവരോ? യഥാർത്ഥത്തിൽ നമ്മൾ യേശുവിനെ അനുഗമിച്ചാൽ നമുക്ക് കിട്ടുന്നത് പ്രാണഹാനിക്ക് തുല്യമായ അനുഭവങ്ങളായിരിക്കാം. പക്ഷേ പതറരുത്. യേശു ധീരതയോടെ ചെയ്ത ആ സൗഖ്യശുശ്രൂഷയുടെ തിരിച്ചടി എന്തായിരുന്നു?
”ഫരിസേയർ ഉടനെ പുറത്തിറങ്ങി യേശുവിനെ നശിപ്പിക്കുന്നതിനായി ഹേറോദേസ് പക്ഷക്കാരുമായി ആലോചന നടത്തി” (മർക്കോസ് 3:6) എന്നാണ് തിരുവചനത്തിൽ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. സത്യത്തിനും നീതിക്കും കാരുണ്യത്തിനും വിശ്വസ്തതയ്ക്കും വേണ്ടി നിലകൊണ്ടാൽ ഇതുപോലുള്ള ദുരനുഭവങ്ങളായിരിക്കും തിരിച്ചടിയായി നമുക്ക് നേരിടേണ്ടിവരിക. പക്ഷേ പതറരുത്. യേശുവിനെ കൊല്ലാൻ അവർ ഗൂഢാലോചന നടത്തിയെങ്കിലും യേശുവിനെ തൊടാൻ അവർക്ക് കഴിഞ്ഞില്ല. ലോകത്തിന്റെ രക്ഷയ്ക്കായി യേശു മരിക്കണമെന്ന് പിതാവ് നിശ്ചയിച്ചുറപ്പിച്ച സമയത്തല്ലാതെ യേശുവിന്റെ സ്പർശിക്കാൻ യേശുവിന്റെ ശത്രുക്കൾക്ക് ആർക്കും കഴിഞ്ഞില്ല. പിതാവായ ദൈവം അനുവദിക്കാതെ നമുക്കാർക്കും ഒന്നും സംഭവിക്കുകയില്ല. യേശുവിന്റെ ധീരത നാമും നമ്മുടെ ജീവിതത്തിൽ പകർത്തേണ്ടിയിരിക്കുന്നു.

പീഡാസഹനവേളയിൽപ്പോലും
പീഡാസഹനവേളകളിൽപ്പോലും യേശു മുഖത്തു നോക്കി കാര്യം പറയുന്നവനും ധീരതയുള്ളവനും എല്ലാമായിരുന്നുവെന്ന് തിരുവചനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. യേശുവിന്റെ വിചാരണയുടെ വേളയിൽ പ്രധാന പുരോഹിതൻ യേശുവിന്റെ പ്രബോധനത്തെക്കുറിച്ച് ചോദിക്കുമ്പോൾ യേശു പറയുന്ന ഉത്തരം ഇതാണ്: ”ഞാൻ പരസ്യമായിട്ടാണ് ലോകത്തോട് സംസാരിച്ചത്. എല്ലാ യഹൂദരും ഒരുമിച്ചുകൂടുന്ന സിനഗോഗിലും ദൈവാലയത്തിലുമാണ് എപ്പോഴും ഞാൻ പഠിപ്പിച്ചിട്ടുള്ളത്. രഹസ്യമായി ഞാൻ ഒന്നും സംസാരിച്ചിട്ടില്ല. എന്നോടു ചോദിക്കുന്നതെന്തിന്? ഞാൻ പറഞ്ഞതെന്താണെന്ന് അതു കേട്ടവരോടു ചോദിക്കുക. ഞാൻ എന്താണ് പറഞ്ഞതെന്ന് അവർക്കറിയാം” (യോഹന്നാൻ 18:20-21).

പ്രധാന പുരോഹിതനോട് മുഖത്തുനോക്കി ധീരതയോടെ ഉള്ള സത്യം തുറന്നു പറയുന്നതു കേട്ടപ്പോൾ അടുത്തുനിന്നിരുന്ന സേവകന്മാരിൽ ഒരുവൻ യേശുവിനെ അടിച്ചുകൊണ്ട് ചോദിച്ചു ”ഇങ്ങനെയാണോ പ്രധാന പുരോഹിതനോട് മറുപടി പറയുന്നത്?” യേശുവിന്റെ പ്രതികരണവും പ്രത്യുത്തരവും ആദ്യത്തേതിനെക്കാൾ കൂടുതൽ ധീരമായിരുന്നു. ”ഞാൻ പറഞ്ഞത് തെറ്റാണെങ്കിൽ അതു തെളിയിക്കുക. ശരിയാണ് പറഞ്ഞതെങ്കിൽ എന്തിന് നീ എന്നെ അടിക്കുന്നു?” (യോഹന്നാൻ 18:23). തന്റെ പീഡാസഹനത്തിനൊരുക്കമായ വിചാരണ വേളയിൽപ്പോലും പ്രധാന പുരോഹിതനോടും അവന്റെ സേവകനോടും അശേഷം ചഞ്ചലിപ്പില്ലാതെ മുഖത്തുനോക്കി കാര്യം പറയുന്ന യേശു വെറുമൊരു വിനീതനും ശാന്തശീലനും മാത്രമായിരുന്നോ? അല്ലേ അല്ല.

ശാന്തശീലവും വിനീതഹൃദയവും യേശുവിന്റെ വ്യക്തിത്വത്തിന്റെ ഒരു പ്രധാന വശം മാത്രം. അതു നാം സ്വായത്തമാക്കേണ്ടതുതന്നെ. അതിനെക്കാളും നമ്മൾ പഠിക്കേണ്ട ഒത്തിരിയൊത്തിരി കാര്യങ്ങൾ യേശുവിന്റെ വ്യക്തിത്വത്തിൽ നിറഞ്ഞുനില്ക്കുന്നുണ്ട്. അതിലുൾപ്പെടുന്നവയാണ് യേശുവിന്റെ ധീരതയും വിപ്ലവാത്മകതയും പ്രവാചകദൗത്യവും എല്ലാം. ക്രിസ്തുവിനെ പിൻചെല്ലുന്നവർ ഇവകൂടി സ്വന്തജീവിതത്തിൽ പകർത്തേണ്ടതാണ് എന്നതാണ് എന്റെ എളിയ അഭിപ്രായം. ശാന്തതയോടെയും വിനയഭാവത്തോടെയും അല്ലാതെ അനീതിയോടും അക്രമത്തോടും അസത്യത്തോടും എല്ലാം രോഷത്തോടെ പ്രതികരിച്ചിട്ടുള്ളവരും പ്രതികരിക്കുന്നവരും മഹാപാപികളും ക്രിസ്തുവിരുദ്ധരുമാണെന്ന തെറ്റിദ്ധാരണയും പ്രചരണങ്ങളും നമ്മൾ ഉപേക്ഷിക്കണം.
എതിർക്കേണ്ടിടത്ത് എതിർക്കാനും തിരുത്തേണ്ടിടത്ത് തിരുത്താനും ശാസിക്കേണ്ടിടത്ത് ശാസിക്കുവാനും മുഖത്തുനോക്കി സത്യം തുറന്നു പറയേണ്ടിടത്ത് അതു പറയാനുമെല്ലാം ക്രിസ്തുവിനെ അനുഗമിക്കുന്ന, ക്രിസ്തുശിഷ്യരായ നമ്മൾ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. യേശുവിന്റെ ശാന്തശീലവും വിനീതഹൃദയവും ഏറ്റവും അനിവാര്യമായി നമ്മുടെ ജീവിതത്തിൽ പകർത്തേണ്ട സത്യങ്ങൾതന്നെ. പക്ഷേ തികഞ്ഞ നിഷ്‌ക്രിയത്വത്തിലേക്കും

പ്രതികരണശേഷിയില്ലായ്മയിലേക്കും അതു നമ്മെ നയിക്കാതിരിക്കട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
നമ്മുടെ സുരക്ഷിതത്വത്തിന് കോട്ടം തട്ടും എന്നതിനാലാണ് നാം പലപ്പോഴും പലതിനോടും പ്രതികരിക്കാത്തത്. വേണ്ടത് വേണ്ടതുപോലെ വേണ്ട സമയത്ത് ചെയ്യുവാനുള്ള വിവേകവും പ്രതികരണശേഷിയും ഉള്ള ഉത്തമ ക്രിസ്ത്യാനികളായി നമുക്ക് രൂപാന്തരം പ്രാപിക്കാം. അങ്ങനെ ”സ്‌നേഹത്തിൽ സത്യം പറഞ്ഞുകൊണ്ട് ശിരസായ ക്രിസ്തുവിലേക്ക് എല്ലാ വിധത്തിലും” (എഫേസോസ് 4:15) നമുക്ക് അനുദിനം വളരാം. അതിനുള്ള കൃപ സമൃദ്ധമായി കിട്ടാൻ പരിശുദ്ധാത്മാവായ ദൈവത്തോട് പ്രാർത്ഥിക്കാം. യേശു മഹത്വപ്പെടട്ടെ, ജയ് യേശു.

സ്റ്റെല്ല ബെന്നി

Leave a Reply

Your email address will not be published. Required fields are marked *