മരണകവാടം കടന്ന് യാത്രയായവരെ സ്വർഗ്ഗഭാഗ്യം സ്വന്തമാക്കുന്നതിന് സഹായിക്കുക ജീവിച്ചിരിക്കുന്നവർക്ക് ചെയ്യാവുന്ന ഒരു പുണ്യപ്രവൃത്തിയാണ്. അവരുടെ പാപങ്ങൾക്കനുസൃതമായ കാലികശിക്ഷ കുറയ്ക്കാനായി നമ്മുടെ പ്രാർത്ഥനകളിലൂടെ സഹായം നല്കുക. അതുവഴി അവർ ശുദ്ധീകരണാവസ്ഥയിൽനിന്ന് സ്വർഗ്ഗഭാഗ്യത്തിലേക്ക് പ്രവേശിക്കുന്നുവെന്ന് തിരുസഭ നമ്മെ പ്രത്യേകം ഓർമ്മിപ്പിക്കുന്ന മാസമാണ് നവംബർ. മരിച്ച വിശ്വാസികൾക്കായി ദണ്ഡവിമോചനം നേടിയെടുക്കാൻ ഈ മാസത്തിൽ ചെയ്യാവുന്ന ചില സവിശേഷ ഭക്തകൃത്യങ്ങളുണ്ട്.
* നവംബർ ഒന്നു മുതൽ എട്ടുവരെയുള്ള തുടർച്ചയായ ദിവസങ്ങളിൽ സെമിത്തേരി സന്ദർശിച്ച് മരിച്ചവർക്കായി പ്രാർത്ഥിക്കുക.
* നവംബർ രണ്ടിന് ഒരു ദൈവാലയമോ പൊതു ഓറട്ടറിയോ സന്ദർശിച്ച് ഒരു സ്വർഗസ്ഥനായ പിതാവേ, വിശ്വാസപ്രമാണം എന്നിവ ചൊല്ലുക.
വ്യവസ്ഥകൾ:
ഭക്തകൃത്യം ചെയ്യുന്നതിന് എട്ടു ദിവസം മുൻപോ ശേഷമോ കുമ്പസാരിക്കണം, പ്രസാദവരാവസ്ഥയിലായിരിക്കുന്നതിനാണിത്.
ഭക്തകൃത്യം അനുഷ്ഠിക്കുന്ന ദിവസം വിശുദ്ധ കുർബാന സ്വീകരിക്കണം.
അതേ ദിവസംതന്നെ പരിശുദ്ധ പിതാവിന്റെ നിയോഗാർത്ഥം ഒരു സ്വർഗസ്ഥനായ പിതാവേ, ഒരു നന്മ നിറഞ്ഞ മറിയമേ, ആവശ്യാനുസരണം അധികപ്രാർത്ഥനകൾ എന്നിവ ചൊല്ലണം.
പല ഭക്തകൃത്യങ്ങൾ അനുഷ്ഠിക്കുന്നതിനു ഒരു വിശുദ്ധ കുമ്പസാരം മതിയാകും. പക്ഷേ വിശുദ്ധ കുർബാനസ്വീകരണവും പരിശുദ്ധ പിതാവിന്റെ നിയോഗാർത്ഥമുള്ള പ്രാർത്ഥനയും ഓരോ ഭക്തകൃത്യത്തോടുമൊപ്പം നടത്തണം.