ആഹാരം കഴിക്കുമ്പോൾ…

ഞങ്ങളുടെ വീട്ടിൽ കുട്ടികൾ തീരെ ചെറുതായിരുന്നപ്പോൾ അവർക്ക് വിശക്കുകയോ ദാഹിക്കുകയോ ചെയ്യുന്നത് പ്രകടിപ്പിക്കാൻ പഠിക്കുന്ന സമയം വളരെ ബുദ്ധിമുട്ടായിരുന്നു. ആ മാസങ്ങളിൽ അല്പം വിശപ്പോ ദാഹമോ തോന്നിയാലുടനെ എന്തോ വലിയ അപകടത്തിൽപ്പെട്ടതുപോലെ അവർ ശബ്ദമുണ്ടാക്കും. ”വിശക്കുന്നു” ”ജ്യൂസ്” എന്നൊക്കെ പറയും. അവർക്ക് അവരുടെ വിശപ്പും ദാഹവുമെല്ലാം ഉടനെ മാറ്റണം. എന്നാൽ വിജയിയാകാൻ ആഗ്രഹിക്കുന്ന ക്രൈസ്തവന് എന്തും എപ്പോഴും എങ്ങനെയും ഭക്ഷിക്കാൻ സാധിക്കുകയില്ല.

ഭക്ഷണക്കൊതിയുണ്ടോ?
മഹാനായ ഗ്രിഗറി ഭക്ഷണാസക്തിയെ ‘നമുക്കുള്ളിൽത്തന്നെയുള്ള ശത്രു’ എന്നാണ് വിശേഷിപ്പിക്കുന്നത്. മറ്റ് ആത്മീയ പോരാട്ടങ്ങളെല്ലാം വിജയകരമായി നയിക്കണമെങ്കിൽ ആദ്യം ഇതിനെ കീഴടക്കണം. വിശുദ്ധനായ ഗ്രിഗറി വിശദമാക്കുന്നതുപോലെ ”ഉദരം നിയന്ത്രണാധീനമല്ലെങ്കിൽ എല്ലാ പുണ്യങ്ങളും ശൂന്യമാണ്.”

രസകരമായ ഒരു കാര്യമുണ്ട്, ചിലർ തങ്ങൾക്ക് അമിതശരീരഭാരമൊന്നുമില്ലാത്തതിനാൽ ഭക്ഷണാസക്തിയില്ലെന്ന് കരുതുന്നു. എന്നാൽ മെലിഞ്ഞിരിക്കുന്നവർ പലപ്പോഴും വണ്ണമുള്ളവരെക്കാൾ ഭക്ഷണാസക്തിയുള്ളവരായിരിക്കും. അമിതമായി ഭക്ഷണം കഴിക്കുന്നതുമാത്രമല്ല; പല രീതിയിലും നാം ഭക്ഷണാസക്തിക്ക് അടിപ്പെടാം. ഈ കെണിയിൽനിന്ന് രക്ഷപ്പെടാൻ വിശുദ്ധ തോമസ് അക്വിനാസ് പറയുന്നത് എത്രമാത്രം കഴിക്കുന്നു എന്ന് ശ്രദ്ധിച്ചാൽ പോരാ, അതോടൊപ്പം എന്ത്, എങ്ങനെ, എപ്പോഴൊക്കെ കഴിക്കുന്നു എന്നതും പരിഗണിക്കണം എന്നാണ്.

രണ്ട് പ്രധാനചോദ്യങ്ങൾ നാം നമ്മോടുതന്നെ ചോദിക്കണം. ഒന്ന്, ഞാൻ അത്യാഗ്രഹത്തോടെയാണോ ആഹാരം കഴിക്കുന്നത്? അതായത് കൂട്ടമായി ഭക്ഷണം കഴിക്കുമ്പോൾ മറ്റുള്ളവർക്ക് മതിയാകാത്തവിധം എന്റെ ഓഹരിയെക്കാൾ കൂടുതൽ. പ്രഭാഷകൻ 31:14 നമ്മെ ഓർമ്മപ്പെടുത്തുന്നതുപോലെ ”കാണുന്നതിനൊക്കെ കൈനീട്ടരുത്; ഭക്ഷണമേശയിൽ അയൽക്കാരനെ ഉന്തിമാറ്റരുത്.”

രണ്ട്, എനിക്കാവശ്യമുള്ളതിനെക്കാൾ കൂടുതൽ ഞാൻ കഴിക്കുന്നുണ്ടോ? വിശപ്പ് മാറ്റുന്നതും ആവശ്യമായ പോഷണം നേടുന്നതും ഒരിക്കലും തെറ്റല്ല. എന്നാൽ വയർ നിറഞ്ഞുകവിയുന്നതിനുമുൻപ് എനിക്ക് എളുപ്പത്തിൽ ഭക്ഷണമേശയിൽനിന്ന് എഴുന്നേൽക്കാനാവുമോ? മാത്രവുമല്ല, ഇടയ്ക്കിടെ വയർ പരമാവധി നിറയ്ക്കുന്നത് ആഹാരത്തോടുള്ള അമിതമായ അടുപ്പത്തെയാണ് കാണിക്കുന്നത്.

എന്നാൽ ഇതിനെതിരായ പുണ്യമാണ് മിതത്വം. സുഖങ്ങളില്ലാതാകുമ്പോഴും വിശപ്പുകൾ തൃപ്തിപ്പെടാതെ വരുമ്പോഴും നമുക്ക് ദുഃഖവും നിരാശതയും അനുഭവപ്പെടും. അത് ലഘൂകരിക്കാനായി സുഖത്തിനുവേണ്ടിയുള്ള, വിശേഷിച്ചും ഭക്ഷണപാനീയങ്ങളോടും ലൈംഗികതയോടും ബന്ധപ്പെട്ട സുഖത്തിനായുള്ള, കൊതി കുറയ്ക്കാൻ മിതത്വം സഹായിക്കുന്നു. മിതത്വമില്ലെങ്കിൽ എളുപ്പം വിരസത അനുഭവപ്പെടും, ദേഷ്യം വരും, മറ്റുള്ളവരോട് വേഗം ഈർഷ്യ തോന്നും. കാരണം, സുഖത്തിനായുള്ള നമ്മുടെ ആഗ്രഹം നിറവേറുന്നില്ല.

ഇതൊന്നും കൂടാതെ, ചെയ്തുകൊണ്ടിരിക്കുന്ന നല്ല കാര്യങ്ങളിൽ ശ്രദ്ധ പതിപ്പിക്കാനാകാതെ വരികയും ചെയ്യും. ഉദാഹരണത്തിന് ജോലിസ്ഥലത്ത് ഒരു കേക്ക് സൂക്ഷിച്ചിട്ടുണ്ടെങ്കിൽ അത് കഴിക്കുന്നതിനെക്കുറിച്ചുള്ള ചിന്തകൾ മനസ്സിൽ നിറയുന്നതിനാൽ ജോലിയിൽ ശ്രദ്ധിക്കാൻ സാധിക്കുകയില്ല. മിതത്വത്തിന്റെ അഭാവം നമ്മെ കൂടുതൽ സ്വാർത്ഥരാക്കുകയും ചെയ്യും. അതായത്, എന്റെ വയർ നിറയ്ക്കുന്നതിനെക്കുറിച്ചും ദാഹം ശമിപ്പിക്കുന്നതിനെക്കുറിച്ചുംമാത്രം ചിന്തിക്കാനേ കഴിയൂ, മറ്റുള്ളവരുടെ ആവശ്യങ്ങൾ പരിഗണിക്കാൻ സാധിക്കുകയില്ല.

എന്ത് കഴിക്കുന്നു?
വിലകൂടിയ, ആകർഷകമായ ആഹാരംമാത്രമേ ഞാൻ കഴിക്കുകയുള്ളോ? തിരഞ്ഞെടുക്കപ്പെട്ടതുമാത്രം കഴിക്കുന്നയാളാണോ? പ്രത്യേകതരം ഭക്ഷണം അല്ലെങ്കിൽ പ്രത്യേകം തയാറാക്കിയ ഭക്ഷണംമാത്രം കഴിക്കുക എന്ന ശീലമുണ്ടോ? എന്റെ ഇഷ്ടത്തിനനുസരിച്ചല്ലാത്ത ആഹാരം മുന്നിൽ വിളമ്പിയാൽ സന്തോഷപൂർവം സ്വീകരിക്കാനും അത് തയാറാക്കിയവരോട് നന്ദി കാണിക്കാനും കഴിയുമോ? അതോ വീട്ടിലായാലും റെസ്റ്റോറന്റിലായാലും ഭക്ഷണത്തെക്കുറിച്ച് പരാതിയാണോ? പുറമേ അതൃപ്തി പ്രകടിപ്പിച്ചില്ലെങ്കിലും ഇത് എനിക്കിഷ്ടപ്പെടുന്ന ഭക്ഷണമൊന്നുമല്ല എന്നൊരു അസ്വസ്ഥത ഉള്ളിലുയർന്നുകൊണ്ടിരിക്കുമോ?

മേൽപ്പറഞ്ഞ ഏതെങ്കിലും ചോദ്യങ്ങൾക്ക് ‘ഉവ്വ്’ എന്നാണ് ഉത്തരമെങ്കിൽ അത് ചിലതരം ഭക്ഷണങ്ങളോടുള്ള അമിതമായ അടുപ്പത്തിന്റെ, അതുവഴി ഭക്ഷണാസക്തിയുടെ, ലക്ഷണമായിരിക്കാം.

എന്നാൽ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്, ചിലർക്ക് പ്രത്യേക ആഹാരാവശ്യങ്ങളുണ്ടായിരിക്കാം. ഉദാഹരണമായി, ഹൃദയത്തിന് തകരാറുള്ള ഒരാൾക്ക് ഉയർന്ന കൊളസ്‌ട്രോൾ നിലയുള്ള ഭക്ഷണം കഴിക്കാൻ പാടില്ല. മാംസഭക്ഷണം അലർജി ഉണ്ടാക്കുന്നവരുണ്ട്. അത്തരം കാര്യങ്ങൾ ആതിഥേയരെ അറിയിക്കേണ്ടതാണ്. എന്നാൽ എന്റെ വ്യക്തിപരമായ താത്പര്യങ്ങൾ പരിഗണിക്കുമ്പോൾ, ആഹാരം നല്കുന്നവരുടെ ബഹുമാനാർത്ഥം മറ്റുള്ളവർക്ക് മുൻഗണന കൊടുക്കാനും സ്വയം അവഗണിക്കാനും തയാറാണോ?

തിരഞ്ഞെടുത്തുമാത്രം കഴിക്കുന്ന നമ്മുടെ മനോഭാവം കാണുമ്പോൾ മറ്റുള്ളവർക്ക് എന്താണ് അനുഭവപ്പെടുന്നതെന്ന് ചിന്തിക്കുക. മാതാപിതാക്കളോ ജീവിതപങ്കാളിയോ ആതിഥേയരോ നമുക്കുവേണ്ടി ആഹാരം തയാറാക്കുമ്പോൾ നമ്മുടെ ‘നിർബന്ധങ്ങൾ’ നിമിത്തം അവർക്ക് അസ്വസ്ഥത ഉണ്ടായേക്കും, സമ്മർദ്ദവുമുണ്ടാകാം. നമ്മുടെ നിലവാരത്തിനനുസരിച്ച് നല്ല ഭക്ഷണം തരാനാകാതെ വന്നാൽ അതിൽ വിഷമം തോന്നാനും സാധ്യതയുണ്ട്.

എങ്ങനെ കഴിക്കുന്നു?
ഞാൻ വേഗത്തിലാണോ ആഹാരം കഴിക്കുന്നത്? നമ്മുടെ വിശപ്പിനെ തൃപ്തിപ്പെടുത്താനും ശരീരത്തെ പോഷിപ്പിക്കാനുമുള്ള അവസരംമാത്രമല്ല ഭക്ഷണം കഴിക്കൽ. ജീവിതത്തിലെ പങ്കുവയ്പും സംസാരവുമെല്ലാം നടക്കേണ്ട സമയമാണത്. അതിവേഗം ഭക്ഷണം കഴിക്കുന്നവരുടെ ഭക്ഷണവേളകൾ അവരുടെ സ്വന്തം വിശപ്പിനെ തൃപ്തിപ്പെടുത്താനല്ലാതെ ബന്ധങ്ങൾ സ്ഥാപിക്കാനോ മെച്ചപ്പെടുത്താനോ ഉപകരിക്കുകയില്ല.

ഇതൊന്നും കൂടാതെ, അതിവേഗം സ്വന്തം ഭക്ഷണംമാത്രം ശ്രദ്ധിച്ച് കഴിക്കുന്നയാൾക്ക് അത് സ്വയം ആസ്വദിക്കാൻപോലും കഴിയുകയില്ല. എല്ലായ്‌പോഴും അതിവേഗം ഭക്ഷണം കഴിക്കുന്നയാൾക്ക് അതിലൂടെ ദൈവം നല്കുന്ന സന്തോഷം അനുഭവിക്കാൻ സാധിക്കുകയില്ല.

എപ്പോൾ കഴിക്കുന്നു?
വിശക്കുന്നു എന്ന തോന്നലുണ്ടാകുന്നയുടനെ എല്ലായ്‌പോഴും ഞാൻ ഭക്ഷണം കഴിക്കാറുണ്ടോ? ആരംഭത്തിൽ പരാമർശിച്ച കുഞ്ഞുങ്ങളെക്കുറിച്ചോർക്കുക. നമ്മുടെ വിശപ്പുകളെ ഹാനികരമായി വിട്ടാൽ അവയും നമുക്കുള്ളിൽ നിലവിളിക്കുന്ന ഒരു കുഞ്ഞിനു സമാനമാകും. ”എനിക്ക് ചോക്കലേറ്റ് വേണം”, ”കെ.എഫ്.സി വേണം” എന്നൊക്കെ കരയുന്ന ഒരു കുഞ്ഞിനെപ്പോലെ… അപ്പോൾ അച്ചടക്കം പരിശീലിച്ചിട്ടില്ലാത്ത കുഞ്ഞിനെപ്പോലെ നമ്മുടെ വിശപ്പുകൾ നമ്മെ നിയന്ത്രിക്കാൻ തുടങ്ങും.

ചെറിയൊരു വിശപ്പുപോലും വളരെ വേദനാജനകമാകുന്നതുകൊണ്ട് ദിവസം മുഴുവൻ ലഘുഭക്ഷണമെന്തെങ്കിലും കഴിച്ചുകൊണ്ടിരിക്കേണ്ടിവരും. അതല്ലെങ്കിൽ ഒപ്പം ആഹാരം കഴിക്കുന്നവർ എത്തുന്നതിനു മുൻപ് നാം കഴിക്കും. ഇതിനെല്ലാം പുറമേ തുടർച്ചയായ ജോലിക്കിടയ്ക്ക് പെട്ടെന്ന് 10 മിനിറ്റ് ഇടവേളയെടുക്കണമെന്നു തോന്നും, നാം ചിന്തിക്കാത്ത കാര്യങ്ങൾക്കായി പണം ചെലവഴിച്ചുപോകും- ഇതെല്ലാം ഇടവിടാതെ നമ്മെ വേട്ടയാടുന്ന വിശപ്പിന്റെ സ്വരത്തെ തൃപ്തിപ്പെടുത്താനായിരിക്കുമെന്നതാണ് സത്യം.

പരിഹാരമുണ്ട്!
വിശപ്പുകളുടെ അടിമത്തത്തിൽനിന്ന് മോചിതരാകാൻ നമുക്ക് ആവശ്യമുള്ള പുണ്യമാണ് ഉപവാസം. വിശുദ്ധ തോമസ് അക്വിനാസ് പറയുന്നത് മാംസത്തിന്റെ ആസക്തികൾക്ക് ഉപവാസം കടിഞ്ഞാണിടുന്നു എന്നാണ്. കൃത്യമായ സമയങ്ങളിൽ ഭക്ഷണപാനീയങ്ങൾ ഒഴിവാക്കുന്നതിലൂടെ വിശപ്പിനോടും ദാഹത്തിനോടും ‘വേണ്ട’ എന്നു പറയാൻ നാം മനസ്സിനെ ശീലിപ്പിക്കുകയാണ്. അതിന്റെ ഫലമായി വിശപ്പുകൾ നമ്മെ നിയന്ത്രിക്കുന്നതും അവ ഉടനടി തൃപ്തിപ്പെട്ടില്ലെങ്കിൽ അസ്വസ്ഥതയുണ്ടാകുന്നതും കുറയുകയും മനസ് ശക്തിപ്പെടുകയും ചെയ്യുന്നു.

വെള്ളിയാഴ്ച മാംസം വർജ്ജിക്കുക, നോമ്പുകാലത്ത് മധുരപലഹാരങ്ങൾ ഒഴിവാക്കുക തുടങ്ങിയ ശീലങ്ങളിലൂടെ ചെറിയ ചില വിശപ്പുകൾക്ക് കീഴടങ്ങുന്നത് മനഃപൂർവം നിരസിക്കുമ്പോൾ നമുക്ക് വലിയ തോതിൽ ആത്മനിയന്ത്രണം ശീലിക്കാൻ സാധിക്കും. അതുകൊണ്ടാണ് തിരുസഭ ചില പ്രത്യേക കാലങ്ങൾ നോമ്പിനും പ്രായശ്ചിത്തത്തിനുമായും വെള്ളിയാഴ്ച മാംസവർജ്ജനത്തിനായുമൊക്കെ ക്രമീകരിച്ചിരിക്കുന്നത്. അതുവഴി നമുക്ക് ആത്മനിയന്ത്രണം പരിശീലിക്കാനും മിതത്വമെന്ന പുണ്യത്തിൽ വളരാനും പതിവായി അവസരങ്ങൾ ലഭിക്കുകയാണ്. അതെല്ലാം ഫലപ്രദമായി ഉപയോഗിക്കാം.

ക്രൈസ്തവജീവിതത്തെ ഒരു ഓട്ടമത്സരത്തോട് താരതമ്യപ്പെടുത്തിക്കൊണ്ട് വിശുദ്ധ പൗലോസ് വിജയരഹസ്യങ്ങൾ വെളിപ്പെടുത്തുന്നത് ശ്രദ്ധിക്കേണ്ടതാണ്. ”മത്സരക്കളത്തിൽ എല്ലാ ഓട്ടക്കാരും ഓടുന്നെങ്കിലും സമ്മാനാർഹനാകുന്നത് ഒരുവൻമാത്രമാണെന്ന് നിങ്ങൾക്കറിഞ്ഞുകൂടേ? ആകയാൽ, സമ്മാനം ലഭിക്കേണ്ടതിനായി നിങ്ങൾ ഓടുവിൻ. കായികാഭ്യാസികൾ എല്ലാക്കാര്യത്തിലും ആത്മനിയന്ത്രണം പാലിക്കുന്നു” (1 കോറിന്തോസ് 9:24 -25).

എഡ്വേർഡ് പി.

Leave a Reply

Your email address will not be published. Required fields are marked *