ആ തോളത്തും സ്‌നേഹമായിരുന്നു…

രോഗികളെ ശുശ്രൂഷിക്കാതിരിക്കാൻ സാധിക്കുമായിരുന്നില്ല ആ സന്യാസിക്ക്. പക്ഷേ, അനാരോഗ്യം കാരണം ആ ശുശ്രൂഷയ്ക്ക് പറഞ്ഞയയ്ക്കാൻ അധികാരികൾ തയാറായില്ല. എന്നാൽ ആദ്ദേഹം പറഞ്ഞു, ”ഞാൻ മരിക്കുമെന്നോർത്താണ് എന്നെ പോകാൻ അനുവദിക്കാത്തതെങ്കിൽ മരണം എനിക്ക് നിസാരവും ക്രിസ്തുവെനിക്ക് നേട്ടവുമാണ്. അതുകൊണ്ട് ദയവായി എന്നെ പോകാൻ അനുവദിക്കണേ.”

ആ ആത്മാർത്ഥതയ്ക്കും സേവനസന്നദ്ധതയ്ക്കും മുമ്പിൽ അധികാരികൾക്ക് മുട്ടുമടക്കാനേ കഴിയുമായിരുന്നുള്ളൂ. ആ സന്യാസി പിന്നിട്ടത് ശുശ്രൂഷയോടൊപ്പം ദാരിദ്ര്യവ്രതത്തിൽ അടിയുറച്ച നാളുകൾ; ഒപ്പം ഭിക്ഷാടനവും. ആ യാത്രയ്ക്കിടയിലാണ് അയാൾ ഒരു കാഴ്ച കാണുന്നത്: തെരുവീഥിയിൽ അവശനായി കിടക്കുന്ന ഒരു മനുഷ്യൻ. സഹായത്തിന് വിളിക്കാൻ അടുത്തെങ്ങും ആരുമില്ല. അയാളെ വഴിവക്കിലുപേക്ഷിച്ച് പോകാനും വയ്യ. പിന്നെ മറ്റൊന്നുമാലോചിച്ചില്ല; ആ യുവസന്യാസി അയാളെ കോരിയെടുത്ത് ചുമലിലിട്ടു. ആരോഗ്യമില്ലാത്ത തന്റെ തോളിൽ മറ്റൊരാളെ ചുമക്കാൻ സാധിക്കുകയില്ല.

ഒരു രോഗിയെയും ചുമന്നുവരുന്ന ആ സന്യാസിയെ കണ്ട ആശ്രമവാസികൾക്ക് അമ്പരപ്പ്. അവരിൽ ചിലർ ഓടിച്ചെന്ന് രോഗിയെ ഏറ്റുവാങ്ങി. അപ്പോഴേക്കും ആ യുവസന്യാസി കുഴഞ്ഞു വീണിരുന്നു. സ്‌നേഹത്തിന്റെ തോളിൽ രോഗിയെ ചുമന്ന ആ സന്യാസി ഇന്നറിയപ്പെടുന്നത് വിശുദ്ധ അലോഷ്യസ് ഗോൺസാഗയെന്നാണ്.

 

Leave a Reply

Your email address will not be published. Required fields are marked *