ഒരു ചങ്ങാതിക്കൂട്ടം

”ഉള്ളതു പറ…. യഥാർത്ഥത്തിൽ നീ എന്നെ സ്‌നേഹിക്കുന്നുണ്ടോ?” ആ ചോദ്യം അവൾക്കത്ര ദഹിച്ചില്ല. തന്റെ ആത്മാർത്ഥ സ്‌നേഹത്തെപ്പോലും സംശയമാണെങ്കിൽ പിന്നെ? ഹൃദയം പറിച്ചെടുത്തു നീട്ടിക്കൊടുത്താലും പറയും, ഓ… ഇതു വെറും കമ്പ്യൂട്ടർ വർക്കല്ലേ? ഇതാർക്കാ പറ്റാത്തെ? നാളെയാകട്ടെ ഇതിനേക്കാൾ സൂപ്പർ ഞാൻ കൊണ്ടത്തരാം, എന്താ? – എന്നു പറയുന്ന കാലമാ.

”ആ ചോദ്യം എന്നോടു വേണ്ടായിരുന്നു…ട്ടോ..” ഉള്ളിൽ പിറുപിറുത്ത് അവൾ തിരിച്ചടിച്ചു.
”അതെന്താ?”

”എന്റെ ഹൃദയം ഞാൻ നിനക്കു തന്നതാണല്ലോ. ഞാൻ മുഴുവനും നിന്റേതാണെന്നും നിനക്കറിയാം. എന്നിട്ടും…” അവൾ വിതുമ്പിപ്പോയി.
അവൻ ശാന്തനായി ചെറുപുഞ്ചിരിയോടെ തുടർന്നു: ”അതെനിക്കറിയാം. നന്നായറിയാം. എന്നാലും നീ അത് എന്നോടൊന്നു പറയണമെന്ന് എനിക്കൊരാഗ്രഹം. ‘ഞാൻ നിന്നെ സ്‌നേഹിക്കുന്നു, ഞാൻ നിന്റേതാണ്’ എന്ന് നിന്റെ നാവിൽ നിന്ന് ഒന്നു കേൾക്കാൻ ഒരു കൊതി.”
നാളുകൾ കഴിഞ്ഞു. ഒരു ദിനം അവൾ ചോദിച്ചു: ”ശരിക്കും, എന്നെപ്പോലൊരാളെ നിനക്ക് സ്‌നേഹിക്കാൻ പറ്റ്വോ?”
”ഓ.. നീ എന്നോടത് ചോദിക്കരുതായിരുന്നു, ചോദിക്കാനേ പാടില്ലായിരുന്നു…” മുറിവേറ്റ മനസോടെ അവൻ പറഞ്ഞു.
”അതെന്താ? ഞാൻ നിനക്കൊട്ടും മാച്ചല്ലല്ലോ? അതുകൊണ്ടാ ചോദിച്ചേ? വിഷമമായെങ്കിൽ സോറി ട്ടോ…” അവൾക്കും സങ്കടമായി.

”ഞാൻ നിന്നെ എത്രയധികം സ്‌നേഹിക്കുന്നുവെന്ന് നിനക്ക് നന്നായറിയാം. നീ എന്റേതാണ്. എന്റെ ഹൃദയം ഞാൻ നിനക്കു തന്നുകഴിഞ്ഞല്ലോ. എന്നിട്ടും നീ അങ്ങനെ ചോദിച്ചാ വിഷമിക്കാതെ പിന്നെ, സന്തോഷിക്കാൻ പറ്റ്വോ?”

സോറീട്ടോ… നീ എന്നെ നിന്നെക്കാൾ സ്‌നേഹിക്കുന്നുണ്ടെന്ന് എനിക്കറിയാം. എന്നാലും നീ അത് എന്നോടു പറയണമെന്ന് എനിക്കൊരാഗ്രഹം. അത്രയേയുള്ളൂ.”
ഒരു എട്ടുവയസുകാരിയും ഈശോയും തമ്മിലുള്ള കുഞ്ഞുവർത്തമാനം. ഇതെക്കുറിച്ചറിഞ്ഞ അവളുടെ കുമ്പസാരക്കാരൻ ഫാ.മത്തേവൂസ് ക്രൗളിക്ക് സംശയം. ഇത് ഭാവനയോ, യാഥാർത്ഥ്യമോ? പരീക്ഷിച്ചുകളയാം.

അച്ചൻ ആ ബാലികയോടു പറഞ്ഞു: ”കുഞ്ഞേ, പാപജീവിതത്തിന് കുപ്രസിദ്ധനായ ഒരു വ്യക്തിയുണ്ട് (പേര് വെളിപ്പെടുത്തിയില്ല). അയാളെ മാനസാന്തരപ്പെടുത്തണമെന്ന് നീ ഈശോയോട് പറയണം. നിങ്ങൾ വലിയ കൂട്ടാണല്ലോ.”

”അക്കാര്യം ഈശോ ഏറ്റച്ചാ.” അടുത്ത തവണ കുമ്പസാരത്തിനെത്തിയപ്പോൾ അവൾ പറഞ്ഞു. ”അങ്ങു ഉദ്ദേശിച്ചയാൾ ആരെന്ന് എനിക്കറിയില്ലെങ്കിലും ഈശോയ്ക്ക് അറിയാമെന്നും എന്റെ അടുത്ത കുമ്പസാരം കഴിഞ്ഞാലുടൻ അയാൾ അച്ചന്റെ അടുക്കൽ കുമ്പസാരിക്കാനെത്തുമെന്നും എന്നാൽ അയാൾക്കുവേണ്ടി ഞാൻ ദിവ്യകാരുണ്യം സ്വീകരിച്ച് ഈശോയെ അധികം സ്‌നേഹിക്കുകയും ത്യാഗമനുഷ്ഠിക്കുകയും വേണം എന്നും അവിടുന്നു പറഞ്ഞു. അതുകൊണ്ട് അങ്ങ് എത്രയും പെട്ടെന്ന് എന്നെ കുമ്പസാരിപ്പിച്ചാലും.”

അവൾ കുമ്പസാരക്കൂട്ടിൽ നിന്നും എഴുന്നേറ്റപ്പോൾ, അതാ… അയാൾ വരുന്നു. പരസ്യപാപിയെന്ന് അറിയപ്പെട്ടിരുന്ന ആ മനുഷ്യൻ അച്ചനെ സമീപിച്ചു: ”അച്ചാ, എന്തു സംഭവിച്ചുവെന്നറിയില്ല. ഞാൻ രാവിലെ എഴുന്നേറ്റപ്പോൾ എന്നിലെന്തൊക്കെയോ മാറ്റംപോലെ. അങ്ങ് എന്റെ കുമ്പസാരം ഒന്നു കേൾക്കണമേ.” പരീക്ഷണം വിജയിച്ചു; എട്ടു വയസുകാരിയും ഈശോയുമായുള്ള സൗഹൃദം അച്ചന് ബോധ്യമായി. ഈശോയുടെ വലിയ കൂട്ടുകാരിയായിരുന്നതിനാൽ അവൾ ആവശ്യപ്പെട്ടത് അപ്പോൾത്തന്നെ അവിടുന്ന് അവൾക്കു കൊടുത്തു.

”കർത്താവിന്റെ സൗഹൃദം അവിടുത്തെ ഭയപ്പെടുന്നവർക്കുള്ളതാണ്; അവിടുന്ന് തന്റെ ഉടമ്പടി അവരെ അറിയിക്കും” (സങ്കീർത്തനം 25:14) എന്ന തിരുവചനം ഈ എട്ടുവയസുകാരിയിൽ അന്വർത്ഥമാക്കുകയാണ് അവിടുന്ന്.

”നമ്മുടെ ആത്മാവ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ദൈവവുമായി ആഴമായ സൗഹൃദത്തിലായിരിക്കുന്നതിനുവേണ്ടിയാണ്” എന്ന് ജൊവാന്നസ് ടോളർ എന്ന ഡോമിനിക്കൻ മിസ്റ്റിക്കും ”ഏതൊരു ക്രിസ്ത്യാനിയുടെയും വിളി, ദൈവത്തിൽനിന്നും ഒരിക്കലും വിഛേദിക്കാത്ത, നിത്യം നിലനില്ക്കുന്ന കൂട്ടുകെട്ടിലായിരിക്കാൻവേണ്ടിയാണ്. അത് ഉന്നതമായ വിളിയാണെങ്കിലും ഏതു സാധാരണക്കാർക്കും എളുപ്പത്തിൽ നേടിയെടുക്കാവുന്നതാണ്” എന്ന് വിശുദ്ധ ജോസ് മരിയ എസ്‌ക്രീവയും ഓർമപ്പെടുത്തുന്നു.

‘കർത്താവേ, …അങ്ങ് സ്‌നേഹിക്കുന്നവൻ..'(യോഹന്നാൻ 11:3) എന്ന് ലാസറിനെ തിരുവചനം വിശേഷിപ്പിക്കുന്നതുപോലെ വിളിക്കപ്പെടേണ്ടവരാണ് നാം. മറ്റുള്ളവർ നമ്മെ നോക്കി ‘ദൈവത്തിന്റെ ഉറ്റമിത്രം’ എന്ന് വിശേഷിപ്പിക്കുന്നത് കേൾക്കാൻ അവിടുത്തേക്ക് എന്തിഷ്ടമായിരിക്കും? അത്രമാത്രം നാം അവിടുത്തോട് അടുത്ത ബന്ധം പുലർത്തിയിരുന്നെങ്കിലെന്ന് അവിടുന്ന് എത്ര ആഗ്രഹിക്കുന്നുണ്ടാകും? നമ്മോടു കൂട്ടുകൂടാനും കൂടെ നടക്കാനും സംസാരിക്കാനും കൊതിച്ച്, -കുഞ്ഞേ, നീ എവിടെയാണ്?-(ഉല്പത്തി 3:9) എന്നുചോദിച്ച് നമ്മെ തേടിയെത്തുന്നില്ലേ? വിശുദ്ധ മർഗരീത്തയോട് അവിടുന്നു പറയുന്നു: ”എന്റെ ഹൃദയത്തിലല്ലാതെ നിന്നെ മറ്റൊരിടത്തും കണ്ടെത്താനിടവരാതിരിക്കട്ടെ.”

ദൈവത്തിന് എന്തിന് മനുഷ്യന്റെ കൂട്ട്? അവിടുന്ന് അത്രമാത്രം അവനെ സ്‌നേഹിക്കുന്നു; അവിടുത്തെക്കാൾ അധികമായി എന്നതുമാത്രമല്ലേ അതിനുത്തരം? ”സ്‌നേഹിതർക്കുവേണ്ടി ജീവൻ അർപ്പിക്കുന്നതിനെക്കാൾ വലിയ സ്‌നേഹമില്ല” (യോഹന്നാൻ 15:13) എന്നു പറഞ്ഞ്, തന്നെത്തന്നെ മുഴുവൻ- ജീവൻപോലും-തന്ന് സ്‌നേഹിച്ചു. സ്‌നേഹിക്കുന്നവന്റെകൂടെ എന്നും എപ്പോഴും ആയിരിക്കാനും കൂട്ടുകൂടി നടക്കാനും അതിയായ ആഗ്രഹം നിറഞ്ഞപ്പോൾ, ഒരു കുഞ്ഞപ്പമായങ്ങ് ചുരുങ്ങി. എന്നിട്ട് ഉള്ളിൽക്കയറി ഒളിച്ചിരുന്നാണ് പിന്നത്തെ സ്‌നേഹിക്കൽ.

അതുകൊണ്ട് എനിക്കെന്തുകാര്യം?
ആദിമാതാപിതാക്കളെപ്പോലെ, പരമാനന്ദവും നിത്യസൗഭാഗ്യവുമായ ദൈവത്തോടൊപ്പം നിത്യം ആനന്ദിച്ചാറാടാം. ദൈവത്തിന്റെ മുഴുവൻ സ്‌നേഹവും സമ്പത്തും അനുഭവിച്ച്, സകല സൃഷ്ടികളുടെയും അധിപരാകാം.

അബ്രാഹത്തെപ്പോലെ, ദൈവത്തോടു കൂട്ടുകൂടി സംസാരിച്ച് നടക്കാം. നാം നില്ക്കുന്നിടത്ത് അവിടുന്ന് നില്ക്കും. തന്റെ തീരുമാനങ്ങളും ആലോചനകളും നമ്മെ അറിയിക്കും. നാം പറഞ്ഞാൽ അവിടുന്ന് അവ മാറ്റാനും റെഡി (ഉല്പത്തി 18:16-33). അവിടുന്ന് നമ്മെ അത്രയധികം സ്‌നേഹിക്കുന്നതിനാൽ നാം എന്തു പറഞ്ഞാലും അതുപോലെ പ്രവർത്തിക്കാതിരിക്കാൻ അവിടുത്തേക്ക് കഴിയില്ലെന്ന് അബ്രാഹം സാക്ഷി.

ദൈവം തന്റെ സുഹൃത്തുക്കളോട് സംസാരിക്കുന്നതെങ്ങനെയെന്ന് നോക്കൂ: ”പ്രിയ കുഞ്ഞേ, നീ എന്നെ എത്രയധികം സ്‌നേഹിക്കുന്നു! എന്റെ അടുത്തേക്കു വരിക. എന്നോടു ചേർന്നിരുന്ന്, നിനക്ക് ഇഷ്ടമുള്ളതെല്ലാം ചോദിച്ചുകൊള്ളുക. കാരണം നീ എന്റെ ഹൃദയം കവർന്നിരിക്കുന്നു. ഭയക്കാതെ നിനക്ക് എന്തും ചോദിക്കാം. മാത്രമല്ല, നിന്റെ ഉറ്റ സുഹൃത്തായ എന്റെ ഹൃദയത്തോട് നിനക്ക് കല്പിക്കുകപോലും ചെയ്യാം. നീ എന്റേതാണ്; അതുപോലെ ഞാൻ നിന്റേതുമാണ്. അതു നിനക്ക് കാണിച്ചുതരണമെന്ന് എനിക്കാഗ്രഹമുണ്ട്. അതിനാൽ നിനക്ക് ഇഷ്ടമുള്ളതെന്തും ചോദിക്കുക, പ്ലീസ്.” നാം നമ്മുടെ സുഹൃത്തുക്കളോടു സംസാരിക്കുന്നതുപോലെ എത്ര സരളവും ഹൃദ്യവുമായ വാക്കുകൾ!

”നിങ്ങൾ എന്നിൽ വസിക്കുകയും എന്റെ വാക്കുകൾ നിങ്ങളിൽ
നിലനില്ക്കുകയും ചെയ്യുന്നെങ്കിൽ ഇഷ്ടമുള്ളത് ചോദിച്ചുകൊള്ളുക; നിങ്ങൾക്കു ലഭിക്കും” (യോഹന്നാൻ 15:7).
സ്‌നേഹിതനെപ്പോലെ മോശയോട് മുഖാമുഖം സംസാരിച്ച ദൈവം അവന്റെ ബെസ്റ്റ് ഫ്രണ്ടല്ലാതെയാര്? (പുറപ്പാട് 33:11). നാല്പതു രാവും പകലും ഉറങ്ങാതെ, വിശ്രമിക്കാതെ, മടുപ്പില്ലാതെ ഒരാളോടുതന്നെ സംസാരിച്ചുകൊണ്ടിരിക്കണമെങ്കിൽ അവർ തമ്മിൽ എന്തു കൂട്ടായിരിക്കും!
ജോബിന്റെ ചങ്ങാതിയായ ദൈവം തന്റെ സുഹൃത്തിനെപ്രതി അസഹിഷ്ണുവാകുന്നു, അവനുവേണ്ടി മറ്റുള്ളവരോട് വാദിക്കുന്നു, അവനെ എതിർക്കുകയും അവഹേളിക്കുകയും ചെയ്യുന്നവരെ അവന്റെ മുമ്പിൽ ‘മുട്ടുകുത്തി’ച്ചിട്ടേ അവിടുന്ന് തൃപ്തനാകുന്നുള്ളൂ.

ലാസറിന്റെ ചങ്ങാതിയുമായി ചങ്ങാത്തംകൂടിയാൽ അവിടുന്ന് നമ്മെ എത്രയധികം സ്‌നേഹിക്കുന്നുവെന്ന് സമൂഹത്തിൽ വെളിപ്പെടുത്തി നമ്മെ മഹത്വപ്പെടുത്തും. എല്ലാം നശിച്ചില്ലാതായാലും മരിച്ചഴുകിയാലും പണിതുയർത്തുകയും വീണ്ടും ജീവൻ നല്കുകയും ചെയ്യും.
ശിഷ്യരെപ്പോലെ മിത്രമായാൽ എപ്പോഴും കൂടെ നടന്നും ഒപ്പം ഭക്ഷിച്ചും ഒരുമിച്ചുറങ്ങിയും ഒന്നിനും കുറവില്ലാത്ത ദൈവരാജ്യ അനുഭവം ഭൂമിയിൽ സ്വന്തമാക്കാം. ”ദൈവരാജ്യമെന്നാൽ… നീതിയും സമാധാനവും പരിശുദ്ധാത്മാവിലുള്ള സന്തോഷവുമാണ”ല്ലോ (റോമാ 14:17).

ജോണിനെപ്പോലെ ചേർന്നുനിന്നാൽ, യേശു സ്‌നേഹിക്കുന്നവനെന്ന് ഗമയോടെ പറഞ്ഞുനടക്കാം, ദൈവസ്‌നേഹത്തിൽ നിറഞ്ഞുകവിഞ്ഞൊഴുകാം, ദൈവരാജ്യരഹസ്യങ്ങൾ വെളിപ്പെട്ടു കിട്ടുകയും ചെയ്യും. ”…നിങ്ങൾ എന്റെ സ്‌നേഹിതരാണ്. … എന്റെ പിതാവിൽനിന്നു കേട്ടതെല്ലാം നിങ്ങളെ ഞാൻ അറിയിച്ചു” (യോഹന്നാൻ 15:14,15). വിശുദ്ധ ബൊനവഞ്ചർ, ദൈവത്തിൽ രാജാവിനെയും പിതാവിനെയും സഹോദരനെയും സുഹൃത്തിനെയും അനുഭവിച്ചു.
വിശുദ്ധ അമ്മത്രേസ്യ പറയുന്നു: ”പ്രാർത്ഥനയെന്നാൽ ദൈവവുമായുള്ള സ്‌നേഹസംഭാഷണമാണ്.” ആ സ്‌നേഹസംഭാഷണത്തിലൂടെ അവിടുത്തോട് കൂട്ടുകൂടാൻ കുറുക്കുവഴിയുമായെത്തുന്നു വിശുദ്ധ കൊച്ചുത്രേസ്യ: ”നമ്മുടെ സ്ഥാനം എത്ര ഉന്നതമാണെങ്കിലും പ്രായം കൂടുതലോ കുറവോ ആയിരുന്നാലും ദൈവത്തിനുമുമ്പിൽ നിഷ്‌കളങ്കരായ കുഞ്ഞുങ്ങളാകാൻ നമുക്കു സാധിക്കും.” അങ്ങനെ ‘കുഞ്ഞാ’യാൽ ദൈവവുമായി ചങ്ങാത്തംകൂടാൻ ഏറെ എളുപ്പമാണ്. ആദ്യം കണ്ട എട്ടുവയസുകാരിയെപ്പോലെ ദൈവത്തെ സ്‌നേഹംകൊണ്ട് നിസഹായനാക്കാൻ അപ്പോൾ കഴിയും.

പരിശുദ്ധ അമ്മയെപ്പോലെ ദൈവത്തോടു കൂട്ടുകൂടിയാലോ? പരിശുദ്ധ ത്രിത്വത്തിന് അവളെ പിരിയാൻ കഴിയാഞ്ഞ് സ്വർഗത്തിലേക്ക് എടുത്തോണ്ടുപോയപോലെ നമ്മെയും കൊണ്ടുപോകും. നമുക്കും ദൈവത്തിന്റെ ചങ്ങാതിയാവണ്ടേ?

ആൻസിമോൾ ജോസഫ്‌

Leave a Reply

Your email address will not be published. Required fields are marked *