ആശ്ചര്യപ്പെടുത്തിയ ധീരൻ

ക്രിസ്തുവിശ്വാസം സ്വീകരിച്ചതിന് ശിക്ഷയായി വെള്ളെരുക്കിൻപൂമാല ധരിപ്പിച്ചും ചെണ്ടകൊട്ടിയും പരിഹാസ്യമായി അദ്ദേഹത്തെ നടത്തി കൊണ്ടുപോവുകയായിരുന്നു കൊലക്കളത്തിലേക്ക്. എന്നാൽ അദ്ദേഹമാകട്ടെ നമ്മുടെ പാപപരിഹാരത്തിനായി കുരിശിൽ തൂങ്ങി മരിച്ച യേശുവിനെ ധ്യാനിച്ച് ക്ഷമയോടും സന്തോഷത്തോടുംകൂടി ക്ഷീണഭാവം അശേഷം പുറത്തു കാണിക്കാതെ നടന്നു. അതുകണ്ട ഭടൻമാർക്ക് ആശ്ചര്യം. ”നിന്നെ വിവാഹം കഴിപ്പിക്കുന്നതിനോ വലിയ സ്ഥാനമാനങ്ങൾ തന്ന് സന്തോഷിപ്പിക്കുന്നതിനോ കൂട്ടിക്കൊണ്ടുപോകുന്നു എന്നാണോ വിചാരം. അല്പസമയത്തിനകം നിന്റെ ജീവൻ പണയം വയ്‌ക്കേണ്ടതായി വരും” അവർ ഓർമ്മിപ്പിച്ചു.

”ഞാൻ പോകുന്നത് എവിടേക്കാണെന്ന് എനിക്ക് നല്ലവണ്ണമറിയാം. എനിക്ക് മോക്ഷവിരുന്നും ഉദ്യോഗബഹുമാനവും വിവാഹവും ഇതുതന്നെയാണ്. ഇങ്ങനെയുള്ള അവസ്ഥയിലല്ലാതെ മനുഷ്യന്റെ സന്തോഷത്തിനും ധൈര്യത്തിനും വലിയ വിലയുണ്ടാകുകയില്ല.” ധീരശാന്തവും അർത്ഥഗുപ്തവുമായ ആ മറുപടി കേട്ട് ഭടന്മാർ കുപിതരാവുകയാണുണ്ടായത്. അപ്പോഴതാ രാജകല്പനയുമായി ഒരു ഭടൻ ഓടിവരുന്നു: ”നീലകണ്ഠനെ ഇപ്പോൾ ശിരഛേദം ചെയ്തു കൊല്ലേണ്ട, തടവിൽ പാർപ്പിച്ചാൽ മതി.”

കല്പനപ്രകാരം ഭടന്മാർ കാരാഗൃഹത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുമ്പോൾ ‘ഹാ! എന്റെ കർത്താവേ! ഞാൻ ഇന്ന് ഈ ഭാഗ്യം അനുഭവിക്കുന്നതിന് യോഗ്യനല്ലെന്ന് വിചാരിച്ചിട്ടാണോ എന്നെ വീണ്ടും നിർഭാഗ്യാവസ്ഥയിൽ പ്രവേശിപ്പിക്കുന്നത്’ എന്നുച്ചരിച്ച് സങ്കടപ്പെടുകയായിരുന്നു ആ മനുഷ്യൻ.

”ഇവന് ഇതെന്തു ഭ്രാന്താണ്? കൊലക്കളത്തിലേക്ക് പ്രസന്നവദനനായി നടന്നുപോയി. രക്ഷപ്പെട്ടപ്പോൾ നടക്കാൻ മടിച്ച് സങ്കടത്തോടുകൂടി അർത്ഥമില്ലാതെ പുലമ്പിക്കൊണ്ട് നിൽക്കുന്നു.” ഭടൻമാർ ആശ്ചര്യത്തോടെ പരസ്പരം പറഞ്ഞു.

ഭടൻമാരെ ആശ്ചര്യപ്പെടുത്തിയ ആ ധീരൻ മറ്റാരുമായിരുന്നില്ല, രക്തസാക്ഷിയായിത്തീർന്ന വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള! ന്മ

 

Leave a Reply

Your email address will not be published. Required fields are marked *