”ഞാൻ മാതൃകാജീവിതം നയിക്കുന്ന നല്ലൊരു മനുഷ്യനാണെന്നാണ് ചിന്തിച്ചിരുന്നത്. ഞാൻ ആർക്കും ഒരു ഉപദ്രവവും ചെയ്തിരുന്നില്ല. ഭക്തകൃത്യങ്ങളൊക്കെ മുടങ്ങാതെ അനുഷ്ഠിക്കുന്ന വ്യക്തിയാണ് ഞാൻ. എന്നാൽ ഇപ്പോൾ ഞാൻ തിരിച്ചറിയുന്നു: ഞാൻ എന്റെ വിശ്വാസമനുസരിച്ചുള്ള ഒരു യഥാർത്ഥ ജീവിതം നയിക്കുവാൻ പരാജയപ്പെട്ടു എന്ന്. എന്റെ ഉള്ളിൽ ഞാൻപോലും തിരിച്ചറിയാതെ മറഞ്ഞു കിടന്നിരുന്ന അഹങ്കാരം എന്റെ കണ്ണുകളെ അന്ധമാക്കിയിരുന്നു.”
വിമാനത്താവളത്തിൽ ക്യൂ നില്ക്കാതെ, കാത്തുനില്ക്കാതെ ലോകത്തെവിടെയും ഇഷ്ടംപോലെ പറന്നെത്തുവാൻ സ്വന്തമായി ഒരു നിര വിമാനങ്ങളും ഹെലികോപ്റ്ററുകളും സ്വന്തമായുണ്ടായിരുന്ന ഒരു വ്യക്തിയുടെ വാക്കുകളാണിത്. നാമൊക്കെ ഒരു കാറുകൊണ്ട് തൃപ്തിയടയുന്നവരാണ്. കുറച്ചുകൂടെ സാമ്പത്തികസ്ഥിതിയുള്ളവർ രണ്ടോ മൂന്നോ കാറുകൾ വാങ്ങിയെന്നിരിക്കും. എന്നാൽ ഇദ്ദേഹത്തിന് സ്വന്തമായി ഇരുന്നൂറ്റി നാല്പത്തിനാല് ആഡംബര കാറുകളുണ്ടായിരുന്നു. വൻകരയിലെ തന്റെ സ്ഥലംകൊണ്ട് തൃപ്തിവരാതെ കൂടുതൽ ഉല്ലാസത്തിനായി ഈ ശതകോടീശ്വരൻ സ്വന്തമായി ഒരു ദ്വീപിന്റെ ഭൂരിഭാഗവും വാങ്ങിയിരുന്നു.
എന്നാൽ ഇവയെല്ലാം നീർപ്പോളപോലെ ക്ഷണികമാണെന്ന് അദ്ദേഹം ഒരു ദിവസം തിരിച്ചറിഞ്ഞു. താൻ കുന്നുകൂട്ടിയ ധനത്തിന് യഥാർത്ഥ ആനന്ദം നല്കുവാൻ സാധിക്കുകയില്ലെന്ന സത്യത്തിലേക്ക് അന്നാണ് അദ്ദേഹത്തിന്റെ മനസ് ഉയർന്നത്.
അദ്ദേഹത്തിന്റെ പേര് ടോം മൊണാഗൻ. നിങ്ങൾ അദ്ദേഹത്തിന്റെ പേര് ഒരുപക്ഷേ കേട്ടിട്ടുണ്ടാവുകയില്ല. പക്ഷേ അദ്ദേഹത്തിന്റെ സ്ഥാപനത്തിന്റെ പേര് നിങ്ങൾക്ക് അറിവുണ്ടാകും: ഡോമിനോസ് പീറ്റ്‌സ. ലോകത്തിലെ ഏറ്റവും പ്രമുഖ റസ്റ്റോറന്റ് ശൃംഖലകളിൽ ഒന്നാണത്. സമ്പത്തിന്റെ മടിത്തട്ടിൽ മയങ്ങിയിരുന്ന ടോം മൊണാഗനെ പിടിച്ചുകുലുക്കിയത് ഒരു പുസ്തകമാണ്.
തിരിച്ചറിവ്
നല്ല പുസ്തകങ്ങൾ നല്ല കൂട്ടുകാരാകയാൽ ഈ ലോകത്തിൽ നന്മയിൽ വളരുവാൻ അവയോടുള്ള ചങ്ങാത്തം അനിവാര്യമത്രേ. അദ്ദേഹത്തെ സ്വാധീനിച്ച പുസ്തകം പ്രശസ്ത ബ്രിട്ടീഷ് എഴുത്തുകാരനായ സി.എസ്. ലൂയീസ് എഴുതിയ ‘ങലൃല ഇവൃശേെശമിശ്യേ’ എന്ന പുസ്തകമാണ്. ആ നല്ല ആത്മീയഗ്രന്ഥം അദ്ദേഹത്തെ ശക്തമായ ഒരു ആത്മശോധനയ്ക്ക് പ്രേരിപ്പിച്ചു. തന്റെ ഉള്ളിൽ ചാരം മൂടിക്കിടന്നിരുന്ന അഹങ്കാരത്തിന്റെ വിവിധ ഭാവങ്ങൾ അദ്ദേഹം കണ്ടെത്തി. താൻ മറ്റുള്ളവരെക്കാൾ ഭേദപ്പെട്ട നല്ലൊരു മനുഷ്യനാണെന്നാണ് ഇതുവരെ അദ്ദേഹം വിചാരിച്ചിരുന്നത്.
എന്നാൽ താൻ വലിയ അഹങ്കാരിയാണെന്നും ആഡംബരത്തോടുള്ള തന്റെ പ്രേമം അഹംഭാവത്തിന്റെ ബാഹ്യാവിഷ്‌കാരമാണെന്നും ഇപ്പോൾ അദ്ദേഹം തിരിച്ചറിഞ്ഞു. നമ്മളൊക്കെ പലപ്പോഴും ഇങ്ങനെതന്നെയാണ് ചിന്തിക്കുന്നത്. ‘എനിക്ക് വലിയ കുഴപ്പമില്ല’ എന്ന് ചിന്തിക്കുന്നത് എന്തോ കാര്യമായ കുഴപ്പമുണ്ട് എന്ന് അറിയുവാൻ പറ്റാത്ത ഒരു ദുരവസ്ഥയിലാണ്. അഹങ്കാരം മുറ്റിനില്ക്കുന്ന ഒരു വ്യക്തിക്ക് തന്റെ പാപാവസ്ഥ തിരിച്ചറിയുവാൻ കഴിയുകയില്ല. ഒരു സ്വയം ന്യായീകരണത്തിന്റെ ആവരണത്തിൽ അയാൾ എപ്പോഴും അഭയം തേടും. എന്നാൽ ടോം മൊണാഗന് ആ കടുത്ത ആവരണം ഭേദിച്ച് പുറത്തുവരാൻ ദൈവം കൃപ നല്കി.
ഇനി അല്പം ഫ്‌ളാഷ് ബാക്ക്
അദ്ദേഹം ഇത്ര സമ്പന്നനായി ഉയർന്നതിന്റെ പിന്നിൽ കഠിനാധ്വാനത്തിന്റെ, അതിലുപരി ദൈവാനുഗ്രഹത്തിന്റെ ഒരു കഥയുണ്ട്. തകർന്ന് പോകേണ്ട ഒരു ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. കാരണം അദ്ദേഹത്തിന് നാല് വയസുള്ളപ്പോൾ പിതാവ് മരിച്ചു, അദ്ദേഹത്തെയും ഇളയ സഹോദരനെയും ദരിദ്രയായ അമ്മയുടെ കരങ്ങളിൽ ഏല്പിച്ചുകൊണ്ട്. രണ്ട് കുഞ്ഞുങ്ങളെ വളർത്തുവാനുള്ള മാർഗമില്ലാത്തതുകൊണ്ട് ആ അമ്മ അവരെ ഒരു അനാഥാലയത്തിൽ ഏല്പിച്ചു.
ദൈവത്തിന്റെ വഴികൾ നിഗൂഢങ്ങളാണ്. അവ മനുഷ്യബുദ്ധിക്ക് അതീതവുമാണ്. എന്തുകൊണ്ട് ഈ കുഞ്ഞുങ്ങൾ അനാഥരാകുവാനും അവർ അനാഥാലയത്തിൽ എത്തുവാനും ദൈവം അനുവദിച്ചു എന്ന ചോദ്യം നമ്മുടെ മനസിൽ ഉയർന്നേക്കാം. മനുഷ്യന്റെ ജീവിതം മുഴുവൻ കാണുന്ന ദീർഘദൃഷ്ടിയുള്ളവനാണ് ദൈവം. അതിനാൽ അവിടുന്ന് എല്ലാം നന്മയ്ക്കായി മാറ്റുന്നുവെന്ന് വിശ്വസിച്ചാൽ ചോദ്യങ്ങൾ താനേ അടങ്ങും. ടോം മൊണാഗന്റെ ജീവിതത്തെക്കുറിച്ച് ദൈവത്തിന് ഒരു നിശ്ചിതപദ്ധതിയുണ്ടായിരുന്നു.
വർഷങ്ങൾക്കുശേഷം, അതായത് അദ്ദേഹത്തിന്റെ മനസാന്തരാനുഭവത്തിനുശേഷം തന്റെ സഭയെ പടുത്തുയർത്തുന്ന ഒരു വ്യക്തിയായി അദ്ദേഹം മാറണമെന്ന് ദൈവം ആഗ്രഹിച്ചിരുന്നു. അതിനാൽ കത്തോലിക്കാസഭയോടുള്ള സ്‌നേഹത്തിന്റെ വിത്തുകൾ അദ്ദേഹത്തിന്റെ മനസിൽ വിതയ്‌ക്കേണ്ടതായിട്ടുണ്ട്. അതിന് ദൈവം ഈ അനാഥാലയത്തിൽ അദ്ദേഹം വളർന്നുവന്ന കാലഘട്ടത്തെയാണ് ഉപയോഗിച്ചത്. അവിടെയുണ്ടായിരുന്ന സിസ്റ്റർ ബെരാർദ അദ്ദേഹത്തെ വളരെ സ്വാധീനിച്ചു.
വീട്ടിലെത്തുന്നു, എന്നിട്ടും…
ഇതിനകം അദ്ദേഹത്തിന്റെ അമ്മ ഒരു സ്വന്തം ജോലി കണ്ടുപിടിച്ചിരുന്നു. സാമ്പത്തികസ്ഥിതി മെച്ചപ്പെട്ടതിനാൽ അവർ രണ്ടുമക്കളെയും സ്വഭവനത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നു. മൊണാഗൻ ചെറിയ ജോലികൾ ചെയ്ത് പണം സമ്പാദിച്ച് അമ്മയുടെ വരുമാനം വർധിപ്പിച്ചിരുന്നു. എങ്കിലും ദുഃശാഠ്യക്കാരനായ അവനെ നിയന്ത്രിക്കുവാൻ അമ്മയ്ക്ക് സാധിച്ചിരുന്നില്ല. പലപ്പോഴും അവൻ അമ്മയുമായി കലഹിച്ചിരുന്നു.
ഈ ലേഖനം വായിക്കുന്ന നിങ്ങൾക്ക് ഇതുപോലെ ദുഃശാഠ്യക്കാരായ, അനുസരണയില്ലാത്ത, കലഹപ്രിയരായ മക്കളുണ്ടാകാം. അവരെയോർത്ത് നിങ്ങൾ വളരെ വേദനിക്കുന്നുണ്ടാകാം. നിങ്ങളുടെ ഉപദേശങ്ങൾക്ക് ഒരു വിലയും അവർ കല്പിക്കുന്നുണ്ടാവുകയില്ല. എന്നാൽ നിങ്ങൾ ഭാരപ്പെടേണ്ടതില്ല. കണ്ണീരോടെ ത്യാഗമെടുത്ത് അവർക്കുവേണ്ടി പ്രാർത്ഥിക്കുക. ദൈവത്തിന്റെ കരം ഒരുനാൾ അവരെ സ്പർശിക്കും. ടോം മൊണാഗനെ സ്പർശിച്ച്, ലോകത്തിന് അനുഗ്രഹമാക്കി മാറ്റിയ ദൈവം ഇതാ നിങ്ങളോടുകൂടെ.
ഒറ്റനോട്ടത്തിൽ പരാജയങ്ങൾ നിറഞ്ഞ ജീവിതമായിരുന്നു മൊണാഗന്റേത്. സ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം അദ്ദേഹം ഒരു വൈദികനാകണമെന്ന ആഗ്രഹത്തോടെ സെമിനാരിയിൽ ചേർന്നു. എന്നാൽ ഒരു വർഷത്തിനുള്ളിൽ അവിടെനിന്ന് പുറത്താക്കപ്പെട്ടു. തിരിച്ചുവന്ന അവൻ കൂടുതൽ പ്രശ്‌നക്കാരനായി. അതിനാൽ അമ്മ അവനെ ഒരു ദുർഗുണ പരിഹാര പാഠശാലയിലാക്കി. ഇതറിഞ്ഞ അവന്റെ അമ്മാവൻ അവനെ സ്വഭവനത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നു. അവനെ വീണ്ടും പഠിക്കുവാൻ അയച്ചു. എന്നാൽ നാല്പത്തിനാല് പേരുള്ള ക്ലാസിൽ അവന്റെ സ്ഥാനം അവസാനത്തേതായിരുന്നു. അതിനുശേഷം അവൻ മൂന്നുവർഷം ഒരു നാവികനായി ജോലി നോക്കി. അങ്ങനെ സമ്പാദിച്ച പണം ഒരു കമ്പനിയിൽ നിക്ഷേപിച്ചു. പക്ഷേ അതൊരു തട്ടിപ്പ് കമ്പനിയായിരുന്നു. അങ്ങനെ അതും നഷ്ടപ്പെട്ടു.
ജൈത്രയാത്രയുടെ തുടക്കം
ഇങ്ങനെ വഴിമുട്ടി നില്ക്കുമ്പോഴാണ് ദൈവം അവനായി ഒരു വഴി തുറന്നത്. ”തന്റെ ജനത്തിന്റെ അവമാനം ഭൂമിയിൽ എല്ലായിടത്തുംനിന്ന് അവിടുന്ന് നീക്കിക്കളയും” (ഏശയ്യാ 25:8). പരാജയങ്ങളുടെ നുകത്തിന്റെ കീഴിൽ അപമാനഭാരത്താൽ തല കുനിച്ചിരിക്കുന്നവന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന ഒരു ദൈവമുണ്ട്, അവിടുന്ന് ഒരു വാതിൽ തുറന്നാൽ അത് അടയ്ക്കുവാൻ ആർക്കും സാധിക്കുകയില്ല. 1960-ൽ അദ്ദേഹവും സഹോദരനും ചേർന്ന് വില്പനയ്ക്ക് വച്ചിരുന്ന ഒരു പീറ്റ്‌സ ഷോപ്പ് വാങ്ങി. അതിന് ഡോമിനോസ് പീറ്റ്‌സ എന്ന് പേരിട്ടു. അതൊരു ജൈത്രയാത്രയുടെ തുടക്കമായിരുന്നു. പിന്നെ മൊണാഗന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. സാവധാനം അദ്ദേഹത്തിന്റെ ബിസിനസ് വളർന്നു. അങ്ങനെ 1980 ആയപ്പോൾ ലോകത്തെ ഏഴാമത്തെ ഏറ്റവും വലിയ റസ്റ്റോറന്റ് ശൃംഖലയായി ഡോമിനോസ് മാറി. ഒപ്പം ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്മാരിൽ ഒരാളായി മൊണാഗനും ഉയർന്നു.
ദൈവം അദ്ദേഹത്തെ നേരത്തേ കണ്ടിരുന്നു. എന്നാൽ അദ്ദേഹം ദൈവത്തെ യഥാർത്ഥത്തിൽ കണ്ടെത്തുവാൻ വൈകി. എന്നാൽ അതിനുശേഷം താൻ കണ്ടെത്തിയ സത്യത്തിനുവേണ്ടി അദ്ദേഹം പൂർണമായി തന്റെ ജീവിതം സമർപ്പിച്ചു. 1998-ൽ ഡോമിനോസ് അദ്ദേഹം വിറ്റു. നേടിയ സമ്പത്ത് മുഴുവൻ സുവിശേഷപ്രചരണത്തിനായി വിനിയോഗിക്കുന്നു. ലെഗാറ്റസ് എന്ന ഒരു സംഘടന (അമ്പാസിഡർ എന്നാണ് ഈ ലാറ്റിൻ വാക്കിനർത്ഥം) അദ്ദേഹം ആരംഭിച്ചു. കത്തോലിക്കാ ബിസിനസുകാരെ ക്രിസ്തുവിന്റെ അമ്പാസിഡർമാരാക്കി മാറ്റുക എന്നതാണ് ഇതിന്റെ ലക്ഷ്യം. തികഞ്ഞ മരിയഭക്തനായ അദ്ദേഹം പരിശുദ്ധ അമ്മയുടെ നാമമഹത്വത്തിനായി കാതലിക് ആവേ മരിയ യൂണിവേഴ്‌സിറ്റി, ആവേ മരിയ സ്‌കൂൾ ഓഫ് ലോ, ആവേ മരിയ റേഡിയോ എന്നിവ ആരംഭിച്ചു. താൻ കണ്ടെത്തിയ വഴിയിലൂടെ പിന്തിരിഞ്ഞ് നോക്കാതെ അദ്ദേഹം നടക്കുന്നു.
ജീവിതത്തിൽ പരാജയങ്ങളുണ്ടാകാം. വഴിതെറ്റിപ്പോകുന്ന അവസ്ഥയുണ്ടാകാം. എന്നാൽ ഓർക്കുക, ദൈവം നിങ്ങൾക്കായ്, നിങ്ങളുടെ ജീവിതത്തിൽ ഒരു നിധി ഒളിപ്പിച്ച് വച്ചിട്ടുണ്ട്. നിങ്ങളുടെ നിയോഗം കണ്ടെത്തുക, ജീവിതം അർത്ഥപൂർണമാകും, തീർച്ച. അതിനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാം.
ഓ, സ്വർഗത്തിലെ പിതാവേ, അങ്ങയെ ഞാൻ ആരാധിക്കുന്നു. എന്നെ അവിടുന്ന് നേരത്തേ തന്നെ കണ്ടെത്തിയിട്ടുണ്ടല്ലോ. അങ്ങയെ ഞാനും കണ്ടെത്തുവാൻ കൃപ നല്കണമേ. അങ്ങേ, പ്രിയപുത്രനായ യേശുവഴി ജീവന്റെ സമൃദ്ധിയിലേക്ക് എന്നെ നയിച്ചാലും. എന്റെ ജീവിതം പ്രകാശം പരത്തുന്നതാക്കി മാറ്റണമേ. പരിശുദ്ധ അമ്മേ, വിശുദ്ധ യൗസേപ്പിതാവേ, കൃപ നിറഞ്ഞ ഒരു ജീവിതം നയിക്കുവാൻ എനിക്കായി പ്രാർത്ഥിക്കണമേ – ആമ്മേൻ.
കെ.ജെ. മാത്യു