ഞായറും തിങ്കളും ചേർന്നുനില്ക്കട്ടെ!

നന്നായി പ്രാർത്ഥിച്ച് അനേകർക്ക് പ്രത്യാശയുടെ വെളിച്ചം പകരുന്ന ഒരാളായിരുന്നു അയാൾ. അയാളുടെ പ്രഭാഷണങ്ങൾ ഏറെ ഉണർവും ഉന്മേഷവും നൽകുന്നതായിരുന്നു. മൂന്നുമണിക്കൂർ ആരാധിച്ചിട്ടേ അദ്ദഹം സ്റ്റേജിൽ കയറുമായിരുന്നുള്ളൂ. കുമ്പസാരത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ചിന്തകൾ യുവാക്കളെ കരയിപ്പിച്ചിരുന്നു. എന്നാൽ ഇക്കഴിഞ്ഞ ദിവസം ആളൊഴിഞ്ഞ ഒരു മുറിയിൽ അയാളെ ഞാൻ കണ്ടുമുട്ടി. കണ്ണിലെ തീ കെട്ടുപോയതുപോലെ. നെഞ്ചിലെ ചൂട് തണുത്തുറഞ്ഞതുപോലെ. കാര്യം ലളിതമായിരുന്നു. ജോലിത്തിരക്കായപ്പോൾ പ്രഭാതപ്രാർത്ഥന വേണ്ടെന്നുവച്ചു. വൈകുന്നേരമാകുമ്പോൾ ജോലിയുടെ ക്ഷീണവും. ബൈബിൾ വായിക്കാൻ ഒരു സുഖവും തോന്നുന്നില്ല.

പക്ഷേ, ആഴ്ചാവസാനം പ്രസംഗത്തിനുപോകും. കൗൺസലിങ്ങ് നൽകും. തന്നിലെ ആത്മീയമന്ദതയെ മറച്ചുപിടിച്ചും ശുശ്രൂഷകരിൽ തീ പടർത്താൻ ശ്രമിച്ചു. സകല എണ്ണയും തീർന്നപ്പോൾ കെട്ടുപോകാതിരിക്കാൻ വഴിയില്ലായിരുന്നു. വർഷങ്ങൾക്കുമുമ്പ് ഉപേക്ഷിച്ച തെറ്റുകളിലേക്ക് വീണ്ടും നിപതിച്ചു. ചെറിയ അവഗണനകൾ വലിയ വീഴ്ചയിലേക്ക് നീങ്ങുമെന്നയാൾ അറിഞ്ഞില്ല.

മനനം ചെയ്യാൻ…
ആത്മീയവളർച്ചയുടെ അളവുകോലെന്താണ്? ശബ്ദമോ ആരവമോ അഭിഷേകമോ ആജ്ഞയോ ഒന്നും ആകണമെന്നില്ല. ചെറിയതെന്നു കരുതപ്പെടുന്ന കാര്യങ്ങളും ഗൗരവമായി എടുക്കുന്നവർ. അവരാണ് ആത്മീയർ. ”ചെറിയ കാര്യങ്ങൾ അവഗണിക്കുന്നവൻ അൽപ്പാൽപ്പമായി നശിക്കും” (പ്രഭാഷകൻ 19:1). വലിയ വീഴ്ചകൾ നാം ശ്രദ്ധിച്ചേക്കും. അവ ഒഴിവാക്കാൻ ജാഗ്രതയും പുലർത്തിയേക്കാം. എന്നാൽ ചെറിയ വീഴ്ചകളോ?

ശരീരത്തിനിണങ്ങാത്ത ഒരു ഭക്ഷണം ഒരുനേരം കഴിച്ചാൽ ആദ്യമാദ്യം അപകടമൊന്നും ഉണ്ടായെന്നുവരില്ല. പക്ഷേ, അതു തുടർന്നാൽ മരണകരമായ രോഗത്തിന് വഴിമാറാം. ഇതുപോലെതന്നെയാണ് ആത്മീയ ലോകത്തും. മാരകപാപങ്ങളൊന്നും ചെയ്തിട്ടില്ലാത്ത വ്യക്തിയായിരുന്നു വിശുദ്ധയും വേദപാരംഗതയുമായ അമ്മത്രേസ്യ. എന്നിട്ടും നരകത്തിൽ അവർക്കായി ഒരിടം ഒരുക്കിവച്ചിരിക്കുന്നതായി അവളെ ദൈവം കാണിച്ചുകൊടുത്തു. ആത്മീയമന്ദതയിൽ കഴിഞ്ഞിരുന്ന അവൾ ആ ദർശനം കണ്ടതിൽപ്പിന്നെ ഒരിക്കലും വിശുദ്ധ ജീവിതത്തിൽനിന്നും പുറകോട്ടു പോയിട്ടില്ല.

ചെറിയ അവഗണനകൾ ആത്മീയജീവിതത്തിൽ നമ്മെ മന്ദോഷ്ണരാക്കും. മാരകപാപങ്ങളാകുന്ന വലിയ കല്ലുകൾ നാം ഉപേക്ഷിച്ചിരിക്കാം. എന്നാൽ പാപങ്ങളുടെ മണൽത്തരികൾ നമുക്കൊപ്പമുള്ളത് നാം അവഗണിക്കുന്നുണ്ടോ? ഓർക്കുക, വൻകല്ലുകൾകൊണ്ടു നാം മൂടപ്പെട്ടില്ലെങ്കിലും മണൽത്തരികൾ നമ്മെ മൂടിയേക്കാം. ആത്മീയമരണത്തിന് അതു കാരണമാകും.

അതുകൊണ്ടാണ് വിശുദ്ധ ഗ്രിഗറി പറയുന്നത്: ”വലിയ കുറ്റങ്ങൾ ചെയ്യാതിരിക്കുന്നതിന് വേണ്ടതിനെക്കാൾ അധികം ശ്രദ്ധ അൽപകുറ്റങ്ങൾ ഒഴിവാക്കാൻ ആവശ്യമാണ്. വലിയ പാപങ്ങളെ നാം സ്വാഭാവികമായി വെറുക്കുന്നു, ഭയക്കുന്നു. അൽപ പാപങ്ങളെയാകട്ടെ നാം നിസാരമായി പരിഗണിക്കുന്നു. ഞായറാഴ്ച കുർബാന ഒഴിവാക്കാതെ നോക്കിയേക്കാം. എന്നാൽ സ്വകാര്യപ്രാർത്ഥന നിസാരമായി ഒഴിവാക്കുന്നു. ഏറെനാൾ കഴിയുംമുമ്പേ അനുഷ്ഠാനവിശ്വാസിയായി നാം അധഃപതിക്കും. കുറെക്കൂടി കഴിയുമ്പോൾ അവിശ്വാസിയെക്കാൾ ജഡികരും.”

വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ ആത്മീയപിതാവായിരുന്നു വന്ദ്യനായ ഫാ. ലെയോപ്പോൾദ്. ലെയോപ്പോൾദച്ചൻ ചാവറയച്ചനെക്കാൾ പത്തുവയസ് ചെറുപ്പമായിരുന്നു. എങ്കിലും ആത്മീയപിതാവിന്റെ വാക്കുകൾ ഒന്നുപോലും ചാവറയച്ചൻ അവഗണിച്ചിട്ടില്ല. ഒരിക്കൽ അദ്ദേഹം ആത്മീയ ഉപദേശത്തിനായി ചെന്നപ്പോൾ ലെയോപ്പോൾദച്ചൻ പറഞ്ഞു: ആത്മീയമായി ഒരിക്കലും മന്ദത ഉണ്ടാകാതിരിക്കാൻ സൂക്ഷിക്കണം. കാരണം പിശാചിന് ഒരിക്കലും നാം അവസരം കൊടുക്കരുത് (എഫേസോസ് 4:27).

ആത്മീയമന്ദതയിൽ നിപതിച്ചാൽ ഒരുപക്ഷേ ഒരു തെറ്റും ബോധപൂർവം നാം ചെയ്യുന്നില്ലെങ്കിലും പിശാചിനുള്ള വാതിൽ നാം തുറന്നിടുന്നുണ്ടാകും. എന്തായാലും ചാവറയച്ചൻ ആത്മീയപിതാവിന്റെ വാക്കുകൾ ഗൗരവമായെടുത്തു. മരണസമയത്ത് അധികമാർക്കും പറയാൻ കഴിയാത്ത വാക്കുകൾ അദ്ദേഹത്തിനുരുവിടാൻ ദൈവം അവസരം കൊടുത്തു. ”മാമോദീസയിൽ ലഭിച്ച വരപ്രസാദം ഇന്നേവരെ ബോധപൂർവം ഞാൻ നശിപ്പിച്ചിട്ടില്ല.” ഈ വാക്കുകൾ കേട്ട ലെയോപ്പോൾദച്ചൻ നിലവിളിച്ചു, തന്നെയും ഒരു വിശുദ്ധനാക്കണേയെന്ന് പറഞ്ഞ്.

തീവ്രത നഷ്ടപ്പെടാതെ…
സ്വന്തം ദൗത്യവും വിളിയും മറക്കുമ്പോഴാണ് ആത്മീയജീവിതത്തിന്റെ തീവ്രത നഷ്ടമാകുന്നത്. ധ്യാനാവസരത്തിലെ ഒരു അനുഭവം മാത്രമല്ല ആത്മീയജീവിതം. അനുദിന വഴികളിൽ യേശുവിനെ എത്രമാത്രം ചേർത്തുപിടിച്ചു മുന്നേറുന്നു എന്നുള്ളതാണ് പ്രധാനം. ക്രിസ്തുവിജ്ഞാനീയത്തിൽ രണ്ടു ഭാഗമുണ്ട്: മഹോന്നതനായ ക്രിസ്തുവും അവതരിച്ച ക്രിസ്തുവും. ഒരു പ്രാർത്ഥനാവേളയിൽ ലഭിക്കുന്ന സ്‌നേഹാനുഭവം, ക്രിസ്തു ചേർത്തുപിടിക്കുന്ന അനുഭവം, ആദ്യപാദമേ ആയുള്ളൂ.
രണ്ടാം പാദം നാം ജീവിക്കേണ്ടതാണ്. അവതരിച്ച ക്രിസ്തു ജീവിതത്തിന്റെ ഇടവഴികളിലെ പ്രലോഭനങ്ങളെ അതിജീവിച്ചതുപോലെ. ആദ്യഭാഗം പള്ളിയിൽത്തീരും. രണ്ടാം ഭാഗം ജീവിതത്തിൽ വേണം. ഞായറാഴ്ചയും തിങ്കളാഴ്ചയും തമ്മിൽ അകലം കൂടുന്നു ഇന്നത്തെ ക്രിസ്ത്യാനിക്ക്. ആരാധനയും ജീവിതവും തമ്മിലുള്ള അകലം. ഈ അകലം കുറയണം.

സ്ഥിരം ഹോട്ടൽഭക്ഷണം കഴിക്കുന്നവന് വീട്ടിൽ അമ്മ വിളമ്പുന്ന ഭക്ഷണത്തിന്റെ രുചി കുറയും. സാവധാനം, അതു ഭക്ഷിക്കാൻ തോന്നാത്ത അവസ്ഥ വരും. ലഘുപാപത്തിന്റെ നിരന്തര കൂട്ടുകെട്ട് പുണ്യജീവിതത്തിന്റെ മാധുര്യം കെടുത്തും.

സ്വയം ന്യായീകരണത്തിന്റെ വഴി തേടുന്നതും ഈ അവസ്ഥയിലാണ്. തന്നെക്കാൾ വീണുകിടക്കുന്നവനെ നോക്കി സ്വയം ആശ്വസിക്കുന്നു. പത്തിൽ തോറ്റവൻ അഞ്ചിൽ തോറ്റവനെ നോക്കി സ്വയം ആശ്വസിക്കുന്നു. യൂദാസിനെ നോക്കി പത്രോസ് സ്വയം ന്യായീകരിച്ചെങ്കിലോ? ക്രിസ്തുമുഖം നോക്കി നാം എഴുന്നേൽക്കണം. ദൈവത്തിനുനേരെ ദിവസവും വാതിലടച്ചു കളയുന്നവനാണോ എന്നു പരിശോധിക്കണം.

ആത്മീയമന്ദതയിൽനിന്നും എഴുന്നേൽക്കണം. അല്ലെങ്കിൽ കഴിഞ്ഞ കാലങ്ങളിൽ സരളമായി അതിജീവിച്ച പരീക്ഷകളിൽ നിങ്ങൾ എളുപ്പം തോറ്റുപോയേക്കാം. കടൽ നീന്തിക്കടന്ന നിങ്ങൾ പുഴയിൽ മുങ്ങിച്ചാവാനിടയുണ്ട്.

ചൂടുള്ള ഭക്ഷണത്തിൽ ഈച്ചയോ കൊതുകോ മറ്റു കീടങ്ങളോ വന്നിരിക്കില്ല. ഭക്ഷണം നശിപ്പിക്കാനുമാവില്ല. തണുത്ത ഭക്ഷണത്തിലോ? ചൂടില്ലാത്തതിനെ തുപ്പിക്കളയാനേ കൊള്ളൂ (വെളിപാട് 3:15). ആത്മീയമായി കരുത്തുനേടുക. ചെറിയ കാര്യങ്ങളെപ്പോലും അർഹിക്കുന്ന ഗൗരവത്തിൽ എടുക്കുക. രോഗത്തെ പേടിച്ച് ഭക്ഷണം നിയന്ത്രിക്കുന്ന നാം നരകത്തെ പേടിച്ച് തിന്മ വർജിക്കാത്തതെന്തേ?

കർത്താവേ, ആത്മീയജീവിതവളർച്ചയുടെ രഹസ്യം ഞങ്ങൾക്ക് കാട്ടിത്തരണമേ. ഞങ്ങളുടെ ആത്മാവിനെ കളങ്കപ്പെടുത്തുന്ന, വിശുദ്ധിയുടെ വെള്ളവസ്ത്രത്തിൽ മങ്ങലേൽപ്പിക്കുന്ന ചെറിയ വീഴ്ചകളെ അവഗണിക്കാതിരിക്കാനും അങ്ങനെ തിന്മയ്‌ക്കെതിരെ ശക്തരായി നിലകൊള്ളാനും ഞങ്ങളെ പഠിപ്പിക്കണമേ.

റവ.ഡോ. റോയ് പാലാട്ടി സി.എം.ഐ

 

Leave a Reply

Your email address will not be published. Required fields are marked *