”അടുത്ത ആഴ്ച എനിക്ക് ഒരു പുതിയ ഉടുപ്പ് വേണം.” എട്ടു വയസുകാരിയുടേതാണ് ആവശ്യം. എന്തിനാണെന്ന അമ്മയുടെ ചോദ്യത്തിന് അവൾ ഉത്തരം കൊടുത്തു. ”സ്‌കൂളിൽനിന്ന് പാവപ്പെട്ടവർക്കുള്ള ക്രിസ്മസ് സമ്മാനമായി കൊടുക്കാനാ.”
അല്പം വിഷമത്തോടെ അവർ പറഞ്ഞു, ”മോളേ, മോൾക്കും ചേച്ചിക്കും പുത്തൻവസ്ത്രം വാങ്ങിത്തന്നതുതന്നെ പപ്പ ഏറെ കഷ്ടപ്പെട്ടിട്ടാണ്. അതുകൊണ്ട് ഇനിയൊരു പുത്തനുടുപ്പ് വാങ്ങാൻ പപ്പയുടെ കൈയിൽ പണമുണ്ടാവില്ല.” അമ്മയുടെ വാക്കുകൾ കേട്ട അവളുടെ മുഖം വാടി. എങ്കിലും എതിർത്തൊന്നും പറയാതെ മുറ്റത്തേക്കു പോയി.
കുറേനേരം കഴിഞ്ഞ് സാവധാനം അമ്മയ്ക്കടുത്തെത്തി. നിറഞ്ഞ ചിരിയോടെ അമ്മയുടെ മുഖത്തേക്കു നോക്കിക്കൊണ്ടവൾ ചോദിച്ചു: ”അമ്മേ എന്നാൽപ്പിന്നെ എന്റെ പുതിയ ഉടുപ്പ് കൊടുത്തോട്ടെ?”
ആ ചോദ്യത്തിന് സമ്മതം മൂളിയപ്പോൾ അമ്മയുടെ കണ്ണും മനസും ഒരുപോലെ നിറഞ്ഞിരുന്നു. കേടാവാത്ത പഴയ വസ്ത്രം നല്കാനാണ് പറഞ്ഞിട്ടുള്ളതെന്ന് മൂത്ത മകൾ പറയുകകൂടി ചെയ്തപ്പോൾ അവർക്ക് ഒരു കാര്യം ഉറപ്പായി, ഉള്ളിൽ ഉണ്ണീശോ പിറക്കുന്ന യഥാർത്ഥ ക്രിസ്മസാണ് കുഞ്ഞുമകളുടേതെന്ന്.