”ദൈവമേ, നീ ഉെങ്കിൽ…”

വാഴ്ത്തപ്പെട്ട ചാൾസ് ഡി ഫുക്കോ

കൈയിൽ കിട്ടുന്നതെന്തും വായിക്കുന്ന ബുദ്ധിമാനായ കുട്ടിയായിരുന്നു ചാൾസ്. കൗമാരപ്രായമെത്തിയപ്പോൾ തന്നെ അവന്റെ വിശ്വാസം നഷ്ടപ്പെട്ടിരുന്നു. ദൈവം ഉണ്ടോ എന്നു പോലും സംശയിക്കുന്ന ആജ്ഞേയവാദിയായി അദ്ദേഹം സൈനികസേവനത്തിന് പോയി. പിതാമഹനോടുള്ള സ്‌നേഹം കൂടുതൽ മോശമായ ജീവിതം നയിക്കുന്നതിൽ നിന്ന് ചാൾസിനെ പിന്തിരിപ്പിച്ചുവെന്നുമാത്രം. ഓഫീസറായിത്തീർന്ന സമയത്ത് പിതാമഹൻ മരിച്ചു. സ്വത്തെല്ലാം 20-കാരനായ ചാൾസിന്റേതായി. വർഷങ്ങളോളം ഭക്ഷണത്തിലും പാർട്ടികളിലും ആനന്ദം തേടി ചാൾസ് ജീവിച്ചു. അക്കാലത്ത് ‘തടിയൻ ഫുക്കോ’ എന്ന് പേരും വീണു. 1880 ഒക്‌ടോബറിൽ അൾജീരിയയിലേക്ക് അയക്കപ്പെട്ട ചാൾസ് ആ സ്ഥലം വളരെയധികം ഇഷ്ടപ്പെട്ടിരുന്നുവത്രേ. എന്നാൽ ഒരു യുവതി ഉൾപ്പെടുന്ന ബന്ധത്തിന്റെ കാര്യത്തിൽ അധികാരികളെ അനുസരിക്കാതിരുന്നതിനാൽ ജോലി പരുങ്ങലിലായി. പിന്നീട് 1882 ജനുവരിയിൽ ചാൾസ് സൈന്യത്തിൽനിന്ന് പിരിഞ്ഞുപോന്നു.

1858 സെപ്റ്റംബർ 15-ന് ഫ്രാൻസിലെ സ്ട്രാസ്ബർഗിലാണ് ചാൾസ് ഡി ഫുക്കോയുടെ ജനനം. ആറാമത്തെ വയസായപ്പോഴേക്കും മാതാപിതാക്കളെ നഷ്ടപ്പെട്ട ചാൾസിനെയും അദ്ദേഹത്തിന്റെ ഇളയ സഹോദരി മേരിയെയും പിതാമഹനാണ് തുടർന്ന് വളർത്തിയത്. സൈനികനായിരുന്ന അദ്ദേഹത്തിന്റെ പാത പിന്തുടർന്നാണ് ഫുക്കോയും സൈന്യത്തിൽ ചേർന്നത്.

സൈന്യത്തിൽനിന്ന് പിരിഞ്ഞതോടെ, യാത്രയിൽ തത്പരനായിരുന്ന ചാൾസ് അധികം അറിയപ്പെടാതിരുന്ന മൊറോക്കോയിലേക്ക് പോകാൻ ആഗ്രഹിച്ചു. 15 മാസത്തോളം ഒരുങ്ങി ആ യാത്ര നടത്തി. 11 മാസത്തോളം നീണ്ടുനിന്ന സാഹസികമായ ആ യാത്ര പൂർത്തിയാക്കി തിരിച്ചെത്തിയത് നഗ്നപാദനായ, ശോഷിച്ച, അഴുക്കു പുരണ്ട ചാൾസ് ആയിരുന്നു. യാത്രാക്കുറിപ്പും അദ്ദേഹം തയാറാക്കിയിരുന്നു. തുടർന്നുള്ള നാളുകളിൽ അദ്ദേഹം കുടുംബാംഗങ്ങളുടെ സ്‌നേഹപൂർവമായ വാത്സല്യത്തിന് കീഴിൽ ക്രിസ്തീയ വിശ്വാസത്തിലേക്ക് കൂടുതലായി അടുത്തു.

വിചിത്രമായ പ്രാർത്ഥന
28-ാമത്തെ വയസിൽ ചാൾസ് ദൈവാലയത്തിൽ പോകുന്ന ശീലം ആരംഭിച്ചു. അപ്പോഴും അദ്ദേഹം വിശ്വാസിയായിരുന്നില്ലെന്ന് എടുത്തുപറയണം. ”ദൈവമേ, നീ ഉണ്ടെങ്കിൽ, നിന്നെ അറിയാൻ എന്നെ അനുവദിക്കുക” എന്ന വിചിത്രമായ പ്രാർത്ഥനയോടെയാണ് ദൈവാലയത്തിൽ അദ്ദേഹം സമയം ചെലവഴിച്ചിരുന്നത്. ഫാ. ഹുവെലിൻ എന്ന വൈദികനുമായി സമ്പർക്കത്തിലായതോടെ ചാൾസ് പതിയെ കുമ്പസാരത്തിലേക്കും ദിവ്യബലിയിലേക്കും നയിക്കപ്പെട്ടു. അതോടെ ജീവിതം മാറിമറിയുകയായിരുന്നു. ”ദൈവത്തിന് വേണ്ടിയല്ലാതെ മറ്റൊന്നിനും വേണ്ടി ജീവിക്കാനാവില്ലെന്ന് ഞാൻ തിരിച്ചറിഞ്ഞു” എന്നാണ് അദ്ദേഹം തന്റെ ദൈവാനുഭവത്തെക്കുറിച്ച് പങ്കുവച്ചത്.

തന്റെ കുമ്പസാരക്കാരന്റെ നിർദ്ദേശപ്രകാരം മൂന്നു വർഷം കാത്തിരുന്നു. അതിനുശേഷം വിശുദ്ധ നാട്ടിലേക്ക് നടത്തിയ തീർത്ഥാടനത്തിലൂടെയാണ് ചാൾസ് ഡി ഫുക്കോ തന്റെ ദൈവവിളി തിരിച്ചറിഞ്ഞത്. 1890 മുതൽ ഏഴു വർഷത്തോളം ട്രാപ്പിസ്റ്റ് സന്യാസിയായി ജീവിച്ചു. കുടുംബത്തോടും സുഹൃത്തുക്കളോടും വളരെയധികം അടുപ്പം പുലർത്തിയിരുന്ന അദ്ദേഹം ആ അടുപ്പം കർത്താവിനായി ഉപേക്ഷിച്ചതുതന്നെ വലിയൊരു ത്യാഗമായിരുന്നു.

1897-ൽ ‘നസറേത്തിലെ പാവം തച്ചനെ’ കൂടുതൽ അടുത്തനുകരിക്കുന്ന ജീവിതം നയിക്കാനായി അദ്ദേഹം ആ സമൂഹത്തിൽനിന്ന് യാത്രയായി. വിശുദ്ധ നാട്ടിൽ ക്ലാരിസ്റ്റ് സന്യാസിനിമാരുടെ ജോലിക്കാരനായി എളിയ ജീവിതം നയിച്ച ഫുക്കോയെ വൈദിക ജീവിതാന്തസ്സ് തിരഞ്ഞെടുക്കാൻ തീവ്രമായി പ്രേരിപ്പിച്ചത് അവിടത്തെ സുപ്പീരിയറായിരുന്ന മദർ എലിസബത്താണ്. 1900-ൽ ചാൾസ് ഡി ഫുക്കോൾഡ് വൈദികനായി അഭിഷിക്തനായി. അധികം വൈകാതെ താപസജീവിതം നയിക്കുവാനായി അദ്ദേഹം അൾജീരിയയിലെ മരുഭൂമിയിലേക്ക് പോയി. ഈ കാലഘട്ടത്തിലാണ് യേശുവിന്റെ ചെറുസഹോദരനായ ചാൾസ് എന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന ഫുക്കോൾഡ് രണ്ട് സന്യാസസമൂഹങ്ങൾക്ക് വേണ്ടിയുള്ള ചട്ടങ്ങൾ എഴുതി ചിട്ടപ്പെടുത്തിയത്.

തുവാരഗിന്റെ കൂട്ടുകാരൻ
അൾജീരിയയുടെ അതിർത്തിയിലുള്ള ബേനി അബ്ബസിൽ താമസിച്ചുകൊണ്ട് താപസജീവിതം ആരംഭിച്ച ഫുക്കോ 1904 ആയപ്പോഴേക്കും ഏറ്റവും പാർശ്വവൽക്കരിക്കപ്പെട്ടവരെ ശുശ്രൂഷിക്കുക എന്ന ലക്ഷ്യത്തോടെ തെക്കൻ അൾജീരിയയിലെ തുവാരഗ് വംശജരുടെ ഇടയിലേക്ക് താമസം മാറ്റി. ജീവിതമാതൃക വഴി സുവിശേഷം പ്രഘോഷിക്കുന്ന ശൈലിയാണ് അദ്ദേഹം സ്വീകരിച്ചത്. ആ സമൂഹത്തിന്റെ ജീവിതചര്യയും വേദനകളും ഈ യൂറോപ്യൻ മിഷനറി തന്റേതുകൂടിയാക്കി മാറ്റി. അവരുടെ തലയിലെ പേൻവരെ എടുത്തുകൊടുക്കുന്നത്രയും അടുപ്പത്തോടെയാണ് അദ്ദേഹം അവിടെ ജീവിച്ചതെന്നാണ് ചരിത്രം സാക്ഷിക്കുന്നത്. പത്ത് വർഷം അവരുടെയിടയിൽ താമസിച്ചുകൊണ്ട് അവരുടെ ഭാഷ പഠിച്ച അദ്ദേഹം അവർക്കായി നിഘണ്ടുവും വ്യാകരണവും ചിട്ടപ്പെടുത്തി.
1916 ഡിസംബർ ഒന്നാം തിയതി ഒരു കൂട്ടം ആക്രമികളാൽ ഫാ. ചാൾസ് ഡി ഫുക്കോ കൊല്ലപ്പെട്ടു. അടിമത്വത്തിൽ നിന്ന് ഫാ. ഫുക്കോ മോചിപ്പിച്ച പോൾ എംബാരക്ക് ഈ കൊലപാതകത്തിന് ദൃക്‌സാക്ഷിയായി. അദ്ദേഹം രൂപം നൽകിയ അസോസിയേഷൻ ഓഫ് ബ്രദേർസ് ആൻഡ് സിസ്റ്റേഴ്‌സ് ഓഫ് സേക്രഡ് ഹാർട്ട് ഓഫ് ജീസസ് എന്ന കൂട്ടായ്മയിലൂടെ ചാൾസ് ഡി ഫുക്കോ എഴുതി ചിട്ടപ്പെടുത്തിയ സന്യാസജീവിതത്തെക്കുറിച്ചുള്ള നിയമങ്ങൾ ലോകമെങ്ങും പ്രചരിച്ചു. നിരവധി സന്യാസമൂഹങ്ങൾക്ക് പ്രചോദനമായി തീർന്ന ചാൾസ് ഡി ഫുക്കോയെ ബനഡിക്ട് പതിനാറാമൻ മാർപാപ്പ 2005 നവംബർ 13-ാം തിയതി വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.

രഞ്ജിത് ലോറൻസ്

Leave a Reply

Your email address will not be published. Required fields are marked *