അതൊരു നല്ല ക്രിസ്തുമസായിരുന്നു….

ചുറ്റുപാടുമുള്ളവരുമായി എന്തെങ്കിലുമൊക്കെ പങ്കുവയ്ക്കുന്നത് അമ്മയ്‌ക്കൊരു ശീലമായിരുന്നു. എന്നാൽ അപ്പന്റെ കച്ചവടസംരംഭം നഷ്ടത്തിലായതോടെ ഞങ്ങളുടെ സാമ്പത്തികസ്ഥിതി തീർത്തും മോശമായി. ഞങ്ങളുടെ വീട്ടിൽനിന്നുപോലും മാറേണ്ടി വന്നു. ഞങ്ങൾക്ക് താങ്ങാവുന്ന വാടകയിൽ ലഭിച്ചത് ഒരു ഒറ്റമുറിവീടായിരുന്നു. വീട്ടുടമസ്ഥയുടെ മുറി ഞങ്ങളുടേതിനോടു ചേർന്നായിരുന്നതിനാൽ ഞങ്ങളുടെ പ്രഭാതപ്രാർത്ഥനയുടെ ശബ്ദം അവർക്ക് അനിഷ്ടമായി. അതിനാൽ സ്വരം കുറച്ചാണ് പ്രാർത്ഥനകളും ഗീതങ്ങളും ചൊല്ലിയിരുന്നത്.

ആ വർഷത്തെ ക്രിസ്മസ് അടുത്തുവന്നപ്പോൾ പങ്കുവയ്ക്കാൻ ഞങ്ങളുടെ കയ്യിൽ കാര്യമായിട്ടൊന്നുമുണ്ടായിരുന്നില്ല. പക്ഷേ അപ്പൻ ഒരു ആശയം പറഞ്ഞു. ”വീട്ടുടമസ്ഥയ്ക്കായി നമുക്ക് കരോൾ ഗാനങ്ങൾ പാടാം.” വീട്ടുടമസ്ഥക്ക് പ്രഭാതപ്രാർത്ഥന അനിഷ്ടമായതിനാൽ എനിക്ക് ആദ്യം ആ ആശയം അത്ര സമ്മതമായില്ല. എങ്കിലും പിന്നെ മറ്റുള്ളവർക്കൊപ്പം കൂടി. അതിനായി ഞങ്ങൾ പരിശീലനം നടത്തി.

ക്രിസ്മസ് സന്ധ്യയിൽ വീട്ടുടമസ്ഥയുടെ വാതിലിനരികെ മുട്ടിവിളിച്ചു. അവർ വാതിൽ തുറന്നപ്പോൾ അവർക്കായി കരോൾ ഗാനങ്ങൾ പാടാനാണ് ഞങ്ങൾ ചെന്നിരിക്കുന്നതെന്ന് അപ്പൻ പറഞ്ഞു. അവർ എതിർത്തില്ല. ഞങ്ങൾ അകത്തു കടന്നു പാടാൻ തുടങ്ങി. മുറിയിലെല്ലാം സന്തോഷം നിറയുന്നതുപോലെ….
പരിശീലിച്ചതും അല്ലാത്തതുമായി ഓർമ്മയിൽ വന്ന ഗാനങ്ങളെല്ലാം ഞങ്ങൾ തകർത്തുപാടി. അവർക്ക് ആ ഗാനത്തിന്റെ വാക്കുകൾ പലതും മനസ്സിലായില്ലെങ്കിലും പുഞ്ചിരിക്കുന്നുണ്ടായിരുന്നു. പാടിക്കഴിഞ്ഞപ്പോൾ നാളുകളായി അവർ ഏകാന്തത അനുഭവിക്കുകയായിരുന്നെന്നും ഇപ്പോൾ സ്വന്തം കുടുംബത്തിനായി ആഗ്രഹം തോന്നുന്നുവെന്നും പറഞ്ഞു. ക്രിസ്മസ് പുതുവർഷ ആശംസകൾ നേർന്നുകൊണ്ട് ഞങ്ങൾ തിരികെപ്പോന്നു.

ക്രിസ്മസ് സമ്മാനം നല്കാൻ നമുക്ക് അധികം പണമൊന്നും വേണമെന്നില്ല, സ്‌നേഹമുണ്ടായാൽ മതിയെന്ന് ഞാൻ തിരിച്ചറിഞ്ഞു. ഒറ്റപ്പെടലനുഭവിച്ചിരുന്ന അയൽക്കാരിക്ക് നല്കിയ സ്‌നേഹസേവനം നിമിത്തം ഞങ്ങൾക്ക് അർത്ഥപൂർണമായ നല്ലൊരു ക്രിസ്മസ് ഉണ്ടായതായി എനിക്കു തോന്നി.
ചേസ്മിയർ ഒകോറോ

Leave a Reply

Your email address will not be published. Required fields are marked *